പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരാണ് തടഞ്ഞത്. ഇതേതുടര്‍ന്ന് വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി.
'ഞാന്‍ വന്നപ്പോള്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിരോധിക്കുന്നു. സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ മൂന്ന് പാര്‍ട്ടിക്കാര്‍ക്കും യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും' രാഹുല്‍ പറഞ്ഞു.
'അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ഒറ്റയ്ക്കാണ് ബൂത്തില്‍ കയറിയത്. ഞാന്‍ ചെന്നപ്പോള്‍ ബിജെപിയുടെ ബൂത്ത് ഏജന്റ് ആദ്യം തര്‍ക്കം ഉന്നയിച്ചു. തൊട്ടുപിന്നാലെ സിപിഎം ബൂത്ത് ഏജന്റും പ്രശ്നമുണ്ടാക്കി. ആദ്യം ബൂത്തില്‍ കയറരുത് എന്ന് പറഞ്ഞു. പിന്നെ ബൂത്തില്‍ കയറി വോട്ട് ചോദിച്ചോയെന്ന് കാമറ നോക്കുമ്പോള്‍ അറിയമല്ലോ, വോട്ടര്‍മാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും രഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.