Image

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീല്‍: ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

Published on 20 November, 2024
പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീല്‍: ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ബൂത്തിലിരിക്കാന്‍ പോലും ആളുണ്ടായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. ഇത് വോട്ട് കച്ചവടം നടന്നതിന്റെ തെളിവാണ്. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് കുബുദ്ധി ഉപയോഗിച്ചു. മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി കുപ്രചരണം നടത്തി. മണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ ജയിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കും. ബിജെപി മൂന്നാം സ്ഥാനത്താകും. മണ്ഡലത്തില്‍ യുഡിഎഫ് മൂന്നാമതാകുമെന്ന കെ സുരേന്ദ്രന്റെ പോസ്റ്റ് പറയാതെ പറയുന്നത് റിസള്‍ട്ട് എല്‍ഡിഎഫിന് അനുകൂലമാകുമെന്നാണ്. സന്ദീപ് വാര്യര്‍ ശരീരം കൊണ്ട് മാത്രം കോണ്‍ഗ്രസില്‍ നില്‍ക്കുന്ന ആളാണെന്നും സുരേഷ് ബാബു വിമര്‍ശിച്ചു. സന്ദീപ് പറഞ്ഞതിനെ ഷാഫി ന്യായീകരിച്ചത് ഒരു നേതാവ് എത്ര തരംതാണു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബൂത്തില്‍ കുഴപ്പം ഉണ്ടാക്കി വാര്‍ത്ത ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം ഒരു പട പറ്റില്ലെന്നാണ് തങ്ങള്‍ പറഞ്ഞത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിലവിളിക്കുകയായിരുന്നു. വിവാദമുണ്ടാക്കി നാല് വോട്ട് ഉണ്ടാക്കാനാണ് രാഹുല്‍ ശ്രമിച്ചത്. കുതന്ത്രങ്ങള്‍ യുഡിഎഫിന് തന്നെ വിനയായി. പാലക്കാട്ടെ ഫലം യുഡിഎഫിനും ബിജെപിക്കും ആഘാതമായരിക്കും. ഷാഫിക്ക് വടകരയ്ക്ക് വണ്ടി കയറാം. വിഡി സതീശന്‍ പറവൂരില്‍ തന്നെ കെട്ടിത്തിരിയേണ്ടി വരും. ഞങ്ങളുടെ വോട്ടര്‍മാരെ എല്ലാം ബൂത്തില്‍ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് പ്രക്ഷോഭം മൂലം വ്യാജ വോട്ടര്‍മാര്‍ അതേപടി പോളിംഗ് ബൂത്തില്‍ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക