Image

ഒലിച്ചു പോയ മൂന്നു വാര്‍ഡുകള്‍ ! വയനാട്ടിലെ ദേശീയ ദുരന്തത്തിനു പുതിയ അളവുകോലുകള്‍ (പി എസ് ജോസഫ്‌)

Published on 20 November, 2024
ഒലിച്ചു പോയ മൂന്നു  വാര്‍ഡുകള്‍ ! വയനാട്ടിലെ ദേശീയ ദുരന്തത്തിനു പുതിയ അളവുകോലുകള്‍ (പി എസ് ജോസഫ്‌)

ദുരന്തങ്ങളെ മറക്കാനും അതിജീവിക്കാനുമുള്ള മനുഷ്യരാശിയുടെ കഴിവ് ചെറുതല്ല .എത്രയോ മനുഷ്യരുടെ കണ്ണീരും വിലാപവും കണ്ട നാടാണ് ഇത് .ദുരന്തങ്ങള്‍ നമ്മെ വേട്ടയാടുന്നു അപകടങ്ങള്‍ ഒരു തുടര്‍ക്കഥയാണ് .എന്നിട്ടും നമ്മുടെ മനസ്സു മരവിക്കുന്നില്ല എന്നത് മാത്രമാണ് നമ്മില്‍ മനസാക്ഷി അവശേഷിച്ചിരിക്കുന്നു എന്ന

തോന്നല്‍ ഉണ്ടാക്കുന്നത് .ഗാസയുടെയും ഉക്ക്രൈനിന്‍റെയും ദുരന്തത്തെ പറ്റി വിലപിക്കുന്നവര്‍ പക്ഷെ തൊട്ടടുത്തു നടന്ന വയനാട് ദുരന്തത്തെ പറ്റി നിര്‍വികാ രത പാലിക്കുന്നു .വയനാട്‌ ദുരന്തത്തില്‍ പെട്ടവര്‍ക്ക് സ്ഥായിയായ സഹായം ചെയ്യാന്‍ കേന്ദ്രത്തിനോ സംസ്ഥാന സര്‍ക്കാരിനോ ഇത് വരെ കഴിഞ്ഞിട്ടില്ല .മാത്രമല്ല ഒരു പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ മാത്രം ഒലിച്ചു  പോയ ദുരന്തമായിരുന്നു വയനാട്ടിലേതു എന്ന് മുന്‍ കേന്ദ്ര മന്ത്രി വി മുരളിധരന്‍ അവകാശപ്പെടുന്നു .വയനാടിനോടുള്ള കേന്ദ്രത്തിന്‍റെ നിലപാടിനെ ന്യായികരിക്കാനായിരുന്നു മുരളിധരന്റെ ഈ അറ്റകൈ പ്രയോഗം .ചെറിയ ഒരു ഭൂവിഭാഗത്തില്‍ നടന്ന ഒരു വലിയ ദുരന്തം ആയതിനാല്‍ അത്  കാലക്രമേണെ അധികൃതര്‍ വിസ്മരിക്കും എന്നു പതിവ് സമീപനങ്ങള്‍ സൂചികയായി എടുത്താല്‍ ഈ നിലപാട് വ്യക്തമായിരുന്നു.പക്ഷെ ഇങ്ങനെ നിര്‍ദാക്ഷിണ്യം ഒരു രാഷ്ട്രീയ നേതാവ്  തന്നെ തുറന്നു പറയുന്നുവെങ്കില്‍ വയനാട്ടിലെ ദുരന്തത്തിന്‍റെ ഇരകള്‍  രാഷ്ട്രീയക്കളികളില്‍ കുടുങ്ങുകയാണ് എന്നതിന്‍റെ സൂചനയാണ് .

എന്തായിരുന്നു വയനാട് ദുരന്തം ?തുടര്‍ച്ചയായി  ഒരു ദിവസം ഉണ്ടായ അമ്പത് സെന്റി മീറ്ററിലിധികം വരുന്ന ഘോരമഴയെ  തുടര്‍ന്നു മുണ്ടക്കൈ, ചൂരല്‍ മല പ്രദേശത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുന്നൂറോളം പേര്‍ മണ്ണിനടിയില്‍ ആയി .നിരവധി പേര്‍ക്ക് പരിക്ക് പറ്റി .രണ്ടു ഗ്രാമങ്ങള്‍ തുടച്ചു നീക്കപ്പെട്ടു .ആയിരത്തിലേറെ പേര്‍ ഭവനരഹിതരായി ചിലര്‍ സകുടുംബം മരണത്തില്‍ ഇല്ലാതായി .പലകുടുംബങ്ങളെയും പണയ വസ്തു നഷ്ട്പെട്ടിട്ടും  ബാങ്ക് വായപയുടെ ഭാരം തുറിച്ചു നോക്കുന്നു .ഇത് ദേശീയ ദുരന്തം അല്ലെങ്കില്‍ മറ്റെന്താണ് !

ഒരു പക്ഷെ ഈ ദുരന്തം തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍ ഇതൊരു പ്രാദേശിക ദുരന്തമായി അവഗണിക്കപ്പെടുമായിരുന്നു.പ്രതി പക്ഷ നേതാവിന്‍റെ ഈ  മണ്ടലത്തില്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി മോദിയും സന്ദര്‍ശനം നടത്തി .ഉടനെ കേന്ദ്ര സഹായം ഉണ്ടാകുമെന്ന സൂചനകള്‍  ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായി .എന്നാല്‍ കേന്ദ്രം തല്‍കാലം ദേശീയ സുരക്ഷ ഫണ്ട്‌ സഹായം കൊണ്ടു കടമ കയ്യൊഴിയാന്‍ പോകുകയാണെന്ന് ഹൈകോടതിയില്‍ സമര്‍പ്പിച്ച അവരുടെ സത്യവാങ്ങ്മൂലം വ്യക്തമാക്കുന്നു ദുരന്തത്തെ പറ്റി വാചാലനായ സുരേഷ് ഗോപി എം പിയെ ഇപ്പോള്‍ കാണാനില്ല. അതിനിടെയാണ് മുരളിധരന്റെ ന്യായികരണം .

ദുരന്തത്തെ പോലും പ്രാദേശികമായും രാഷ്ട്രീയമായും കാണുന്ന സമീപനമാണ് ഇവിടെ കാണുന്നത് .ഇനിയുള്ള കാലം ദുരന്തങ്ങള്‍ പലപ്പോഴും എതെങ്കിലും ചെറിയ ഇടങ്ങളില്‍ കേന്ദ്രീകരിക്കാനാണ് ഇട എന്ന നിലക്ക് ചെറിയ വിസൃതിയെന്നോ വലിയ വിസൃതിയെണോ വേര്‍തിരിക്കുന്നതില്‍ എന്താണ് അര്‍ഥം ?ഉത്തര കാശി ആയാലും വയനാട് ആയാലും കേന്ദ്രം മുന്‍കൈ എടുത്തില്ലെങ്കില്‍ പുനരധിവാസം  ദുര്‍ബ്ബലമാകും .വയനാട്ടു ദുരന്തം ബാധിച്ചത് ഒരു ദേശത്തിന്റെ ആല്മവിശ്വാസത്തെയാണ്.ഒരു അപകടമോ ദുരന്തമോ ഉണ്ടാകുമ്പോള്‍ ഭരണകൂടം ഒപ്പം ഉണ്ടാകുമെന്ന ഓരോ സംസ്ഥാനത്തിന്‍റെയും പ്രതീക്ഷയെ .1500 കോടി രൂപ നഷ്ടപരിഹാരത്തിന് വേണമെന്ന് കണക്കാക്കപെടുന്ന ഈ ദുരന്തത്തില്‍ കേന്ദ്രം ശക്തമായ പിന്തുണ നല്‍കിയാലേ മെച്ചപ്പെട്ട പുനരധിവാസം സാധ്യമാകൂ .

പക്ഷെ ഇവിടെ കേരള സര്‍ക്കാരും  കാര്യമായിപ്രവര്‍ത്തിക്കേണ്ടതുണ്ട് . .കേന്ദ്ര ഫണ്ടില്‍ 400 കോടിയോളം ദുരിതാശ്വാസ നിധിയിലേക്ക് സഹായമായി 540 കോടി രൂപയും കൈവശമുള്ള കേരളവും വേണ്ട വിധം മുന്നോട്ടു പോകുന്നില്ല ഒരു പക്ഷെ ഹൈകോടതി ഇടപെടല്‍ ആണ് ഇവിടെ ഒരു  രജത രേഖ..വയനാട് ദുരന്തത്തെ ഇപ്പോഴും ശ്രദ്ധയില്‍ നിലനിര്‍ത്തുന്നതിന്  നാം മാധ്യമങ്ങളോടും നന്ദിയുള്ളവര്‍ ആയിരിക്കണം എവിടെ പോയി വാഗ്ഗ്ദാനങ്ങള്‍? അഞ്ഞൂറോളം വീടുകള്‍ വെച്ചു നല്ക്കാമെന്ന പാര്‍ട്ടികളുടെയും  സംഘടനകളുടെയും വാഗ്ദാനം  ഇന്നും നില നില്‍ക്കുന്നുണ്ടോ  ?അതോ അതും മൂന്നു വാര്‍ഡിനു വേണ്ടി എന്തിനു എന്ന സമീപനത്തില്‍ ഒതുങ്ങിയോ?.ഇനിയൊരു ദുരന്തം വരെ ഈ അലംഭാവം തുടരുമോ എന്നാണു അറിയേണ്ടത് !

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക