കഴിഞ്ഞ ദിവസം മയ്യഴിപ്പുഴയുടെ തീരങ്ങളിൽ കൂടി യാത്ര ചെയ്തപ്പോൾ ഓർമയിലേക്ക് ഓളം തള്ളി വന്നത് എം .മുകുന്ദൻ മാത്രമായിരുന്നില്ല . മയ്യഴിപ്പുഴുയുടെ തീരത്തെയൊരു കരിയാട് സ്വദേശിയും ഓർമയിലേക്ക് ഒഴുകിയെത്തി . വേണ്ടുവോളം പൈസയും പിടിപാടുമുണ്ടെങ്കിൽ എം ബി ബി എസ് കാരൻ ആകാനുള്ള അവസരം നാട്ടുകാർക്ക് ഇല്ലാതാക്കിയ ഒരു 'ബല്ലാത്ത ' പത്രക്കാരൻ . മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ തീരം തൊട്ടിട്ടു വർഷം 50 . നമ്മുടെ പത്രപ്രവർത്തകൻ മയ്യഴിപ്പുഴയോരത്തെ കരിയാട്കാരന്റെ പുസ്‌തകത്തിൽ അച്ചടിമഷി പുരണ്ടിട്ട് അമ്പതു ദിവസം ആകുന്നേയുള്ള . അതാണ് മനോരമയുടെ കോഴിക്കോട് ബ്യൂറോ ചീഫും അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന പി .ദാമോദരനും അദ്ദേഹത്തിന്റെ 'ദാമോദരൻ കൊല്ലി'യും.
നാലരപതിറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ പത്രപ്രവർത്തന ജീവിതത്തിലെ അനേകം എക്സ്ക്ലൂസിവ് വാർത്തകളുടെ കഥയെന്നു തോന്നിപ്പിക്കുന്ന പിന്നാമ്പുറ അനുഭവങ്ങളാണ് ഈ പുസ്‌തകത്തിൽ . പ്രകാശനം കോഴിക്കോട്ടെ ഹോട്ടൽ അളകാപുരിയിൽ . നാൽപ്പത്തിമൂന്നു വർഷങ്ങൾക്കു മുൻപ് ഇതേ അളകാപുരിയിൽ വെറുമൊരു ചായകുടിച്ചു സൊറ പറഞ്ഞിരുന്ന ദാമോദരന് കിട്ടിയ ചെറിയ സൂചനകളാണ് 'വിൽക്കാനുണ്ട് ബിരുദങ്ങൾ' എന്ന ലേഖന പരമ്പരയുടെ നീണ്ട അന്വേഷണയാത്രക്ക് നിമിത്തമായത് . 0 + 0 + 2 = 428 മാർക്കു 'മേടിച്ചെടുത്ത' വിരുതന്മാരുടെ കളികൾ ദാമോദരൻ പരമ്പരയിലൂടെ പൊളിച്ചടുക്കിയപ്പോൾ കേരള ഹൈക്കോടതിയുടെ വിധി . പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ വേണം . അതാണ് ഞാൻ തുടക്കത്തിൽ പറഞ്ഞ ആ 'ബല്ലാത്ത ' പത്രക്കാരൻ . ദാമോദരന്റെ അവിശ്വനീയമായ ജീവിത വഴികൾ .
ദാമോദരൻ , 'എനിക്ക് പറയാനുള്ളത്' എന്ന ആമുഖത്തിൽ പറയുന്നുണ്ട് ' നല്ല കഥകളിൽ എഴുത്തുകാരന്റെ അനുഭവങ്ങളുടെ ചൂടും ചൂരുമുണ്ടാവും' ...... പക്ഷെ അതൊരു നിബന്ധനയല്ല ,നിർബന്ധവുമില്ല . കഥകൾ ഏറെയും ഭാവനയും സങ്കൽപ്പവുമാണ് . അതിനുള്ള ഏറ്റവും നല്ല ഉദാഹരണം പത്രപ്രവർത്തക കുലപതി തോമസ് ജേക്കബിന്റെ ' അറിയാക്കഥകളുടെ പിന്നാമ്പുറം ' എന്ന അവതാരികയിലുണ്ട് . മുകുന്ദന്റെ നോവൽ 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലെ കേന്ദ്രകഥാപാത്രമെന്നു വിശേഷിപ്പിക്കാവുന്ന വെള്ളിയാങ്കല്ലിൽ മുകുന്ദൻ ഒരിക്കലും പോയിട്ടില്ല . മുട്ടായി തെരുവിൽ പോകാത്ത കോഴിക്കോട്ടുകാരൻ ഇല്ലല്ലോ എന്ന് വായനക്കാരന്റെ ആത്മഗതം നമ്മൾ കേൾക്കുന്നപോലെ . പണ്ട് തോണിയിലും ഇപ്പോൾ ബോട്ടിലും പോകാവുന്ന വെള്ളിയാങ്കല്ലിലേക്കു ഇനിയും വിമാനം വന്നാലും മുകുന്ദൻ പോകില്ല എന്ന് തോമസ് ജേക്കബിന് ഉറപ്പ് . തന്റെ ഭാവനയിലും സങ്കൽപ്പത്തിലും തേച്ചു മിനുക്കി എത്ര മനോഹരമായിട്ടാണ് മുകുന്ദൻ വെള്ളിയാങ്കല്ലിന്റെ കഥ പറഞ്ഞത് . ദാമോദരൻ അവിടെ മാത്രമല്ല , വാർത്തക്ക് വേണ്ടി വെള്ളിയാങ്കല്ലിനെ വെല്ലുന്ന സ്ഥലങ്ങളിലും പോയിട്ടുണ്ട് , കാരണം വാർത്ത ദാമോദരന് അനുഭവമാണ് , ആവേശമാണ് . അതിശയിപ്പിക്കുന്ന 26 അനുഭവങ്ങൾ 98 പേജിൽ . അതാണ് 'ദാമോദരൻ കൊല്ലി' . പുസ്‌തകത്തിന്റെ പേരിലേക്കുള്ള തുമ്പൊന്നും അവതരികയിലോ ആമുഖത്തിലോ ഇല്ല എന്നുള്ളതാണ് കൊല്ലിയുടെ പ്രെത്യേകത . സാധാരണ ഉണ്ടാകാറില്ലാത്ത രണ്ടാമത്തെ അവതാരികയിൽ ഡോ . പി .ബി ലൽകാർ വെള്ളരിമലയിലെ ഒരു തോട് ആണെന്ന് തലക്കെട്ട് പറയുന്നുണ്ട് . പുഴ അല്ല തോട് ആയതുകൊണ്ട് വിലയിൽ കുറവുണ്ട് !
തലക്കെട്ടിലേക്കു നമ്മളെ എത്തിക്കുന്നത് കൊല്ലി പകുതിയിൽ കൂടുതൽ പിന്നിട്ടു പേജ് 61 ൽ ആണ് . ദാമോദരനും മാത്യു മണിമലയും ഫോട്ടോഗ്രാഫർ അരവിന്ദനും എൻ ഐ ടി യിലെ വിദഗ്ദ്ധരും വെള്ളരിമലയിലെ വെള്ളച്ചാട്ടത്തിൽ നിന്നും ജലവൈദ്യുതപദ്ധതിക്ക് സാധ്യതയുണ്ടോ എന്നറിയാൻ പഠനയാത്ര നടത്തി . ദാമോദരൻ ഒരു നീർച്ചാൽ ചാടിക്കടക്കാനുള്ള ശ്രമത്തിൽ തോട്ടിൽ (കൊല്ലി ) വീണു . ദാമോദരൻ വീണു പോയ ഒരേയൊരു സന്ദർഭം. അങ്ങനെ ആ കൊല്ലിക്കു നാട്ടുകാരിട്ട പേരാണ്. ദാമോദരൻ കൊല്ലി.
കുതിരവട്ടം പീഡനകഥ പുറത്തു എത്തിക്കാൻ ദാമോദരനും ഭാര്യ ഓമനയും കൂടി നടത്തിയ 'ഓപ്പറേഷൻ' , റിപ്പോർട്ടിങ് ചരിത്രത്തിൽ സമാനകളില്ലാത്തതാണ് . ജോലിക്കു വൈകിയാൽ നായകടി മുതലാളി വക , പയ്യോളിയിലെ തിരിച്ചറിയൽ പരേഡിൽ ദാമോദരൻ അകപ്പെട്ടത് , മരം വെട്ടുകാരന്റെ നോട്ടുകെട്ടു കൈക്കൂലി , പച്ചക്കറിക്കടയിലെ ഉത്തരക്കടലാസ് , ആന്റണി മാസ്റ്ററുടെ കാവൽ , ദാമോദരനോട് ഒപ്പം സുരേഷ് ഗോപിയുടെ മാറാട് സന്ദർശനം , ചന്ദനക്കൊള്ള റിപ്പോർട്ടിങ്ങിനായി ചാരം വില്പനക്കാരനായ ദാമോദരൻ , പ്രൊഫ .വാഴക്കുന്നതിന്റെ ലഡു .....അങ്ങനെ 26 അനുഭവകഥകൾ. മധുശങ്കർ മീനാക്ഷിയുടെ മുഖപടമിട്ട മനോഹരമായ കവർ .മധു എഫ്ബിയിൽ കുറിച്ചു, അച്ചടിക്കപ്പെടാത്ത വാർത്തക്ക് ഇത് താൻ ബെസ്ററ് . പൂർണയുടെ പബ്ലിക്കേഷൻ .
രാവിലത്തെ പത്രവായനെപോലെ ഒറ്റയിരിപ്പിനു വായിക്കാം . അപ്പോൾ തുടങ്ങാം ഒരു ചായയോടൊപ്പം .......