Image

മൂന്നാം ലോകമഹായുദ്ധം ഉണ്ടാവാം എന്ന ആശങ്കയിൽ യൂറോപ്പ് തയാറെടുക്കുന്നുവെന്നു രേഖകൾ (പിപിഎം)

Published on 21 November, 2024
മൂന്നാം ലോകമഹായുദ്ധം ഉണ്ടാവാം എന്ന ആശങ്കയിൽ യൂറോപ്പ് തയാറെടുക്കുന്നുവെന്നു രേഖകൾ (പിപിഎം)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമായ ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കെ, മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതി കണക്കിലെടുത്തു യൂറോപ്പ് മുന്നൊരുക്കം ആരംഭിച്ചെന്നു ജർമൻ രേഖകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ സേന ഉൾപ്പെടെ 800,000 നേറ്റോ ഭടന്മാരെ ജർമനിയിൽ വിന്യസിക്കാൻ ബെർലിൻ തയാറെടുപ്പ് നടത്തുന്നു എന്നാണ് 'ഓപ്പറേഷൻ ഡ്യുഷ്‌ലാൻഡ്' എന്ന പേരിലുളള 1,000 പേജ് രേഖകളിൽ കാണുന്നത്.

റഷ്യ യുക്രൈനിൽ ആക്രമണം കടുപ്പിക്കാൻ ഉത്തര കൊറിയയുടെ ആയിരക്കണക്കിനു സൈനികരെ വിന്യസിക്കയും യുക്രൈനെ ശക്തമാക്കാൻ യുഎസ് ദീർഘദൂര മിസൈലുകൾ എത്തിക്കയും ചെയ്തതോടെ സംഘർഷം കനത്തു കഴിഞ്ഞു. മിസൈലുകൾ റഷ്യൻ ഭൂപ്രദേശത്തേക്കു വിക്ഷേപിച്ചതോടെ ക്രെംലിന്റെ രോഷം ആളിക്കത്തി. ആണവായുധങ്ങൾ വരെ എടുത്തു ശക്തമായി പ്രതികരിക്കാൻ റഷ്യ തയാറെടുക്കുന്നു എന്നാണ് സൂചന.

ജർമൻ രേഖകളിൽ, ആക്രമണം ഉണ്ടായാൽ സൈനികർക്കു ഉപയോഗിക്കാവുന്ന കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങൾ വരെ കൃത്യമായി പറയുന്നുണ്ട്. സിവിലിയന്മാരും ബിസിനസ് സ്ഥാപനങ്ങളും എങ്ങിനെ സുരക്ഷ ഉറപ്പാക്കണം എന്നതിനുള്ള നിർദേശങ്ങളുമുണ്ടെന്നു ജർമൻ മാധ്യമങ്ങൾ പറയുന്നു.

നേറ്റോ രംഗപ്രവേശം ചെയ്താൽ ജർമൻ മണ്ണിൽ 200,000 സൈനിക വാഹനങ്ങൾക്കു ഇടം നൽകേണ്ടി വരും.

സ്വീഡനും നോർവെയും ഒരുങ്ങുന്നു 

യുദ്ധമുണ്ടായാൽ എന്തൊക്കെ ചെയ്യണമെന്ന നിർദേശം സ്വീഡനും നോർവെയും അടുത്ത കാലത്തു പൗരന്മാർക്കു നൽകി.

അണ്വായുധ ആക്രമണം ഉണ്ടായില്ലെങ്കിൽ കൂടി ഏതു ആക്രമണത്തോടും അണ്വായുധം ഉപയോഗിച്ചു പ്രതികരിക്കാമെന്ന വ്യവസ്ഥ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ കഴിഞ്ഞ ദിവസം കൊണ്ടുവന്നതു പുതിയൊരു ഭീതിയാണ്. അണ്വായുധം ഇല്ലാത്ത രാജ്യത്തെ സഹായിക്കുന്ന ആണവ ശക്തികൾക്കെതിരെയും ആക്രമണം നടത്താം എന്ന വ്യവസ്ഥയുമുണ്ട്. യുക്രൈനെ സഹായിക്കുന്ന അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ആ ഭീഷണി ഗൗരവമായി എടുത്തിട്ടുണ്ട്.  

റഷ്യ 2022 ഫെബ്രുവരിയിൽ യുക്രൈനെ ആക്രമിച്ച ശേഷം ജർമനി മിതത്വം പാലിച്ചാണ് നിന്നിരുന്നതെന്ന വിമർശനം ഉണ്ടായിട്ടുണ്ട്. എന്നാൽ പുട്ടിന്റെ പുതിയ ആണവ പ്രത്യയ ശാസ്ത്രം കണ്ടു പേടിക്കുന്ന രാജ്യമൊന്നുമല്ല ജർമനിയെന്നു വിദേശകാര്യ മന്ത്രി അന്നാലീന ബെർബോക്ക് ചൊവാഴ്ച പറഞ്ഞു.

"പുട്ടിൻ ഭയപ്പെടുത്താൻ ശ്രമിക്കയാണ്," അവർ പറഞ്ഞു. "2014ൽ ക്രിമിയ പിടിച്ചെടുത്തപ്പോൾ മുതൽ തുടങ്ങിയ വിരട്ടാണ്. അന്നു ഭയന്നുവെന്ന രാഷ്ട്രീയമായ തെറ്റ് ജർമനി ചെയ്തു. ക്രെംലിൻറെ വിരട്ടൊക്കെ പൊള്ളയാണെന്നു സഖ്യരാഷ്ട്രങ്ങൾ, പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിൽ ഉളളവർ, പറഞ്ഞത് അന്ന് നമ്മൾ കാര്യമായെടുത്തില്ല."

റഷ്യയുടെ ഉള്ളിൽ 190 മൈൽ കടന്നു ചെന്നു നാശനഷ്ടം ഉണ്ടാക്കാൻ കഴിയുന്ന യുഎസ് മിസൈലുകൾ എത്തിയത് യുക്രൈനു കരുത്തായി. സമാധാന ചർച്ചയിൽ ശക്തമായ നിലപാടെടുക്കാൻ അത് യുക്രൈനെ സഹായിക്കും എന്നാണ് യുഎസ് പറയുന്നത്. അതേ സമയം, അവ ഉപയോഗിക്കാൻ യുഎസ് സൈനികരുടെ സഹായം വേണം എന്നതിനാൽ അവർ യുക്രൈന്റെ മണ്ണിൽ എത്തിക്കഴിഞ്ഞു എന്നാണ് നിഗമനം.

ഉത്തര കൊറിയ റഷ്യയിലേക്ക് 100,000 സൈനികരെ വരെ എത്തിക്കുമെന്നാണ് വിവരം. അവരെ കൂടി കൂട്ടി യുക്രൈനെ കീഴടക്കാൻ റഷ്യ ശ്രമിക്കുമ്പോൾ കണ്ടുനിൽക്കാൻ നേറ്റോ സഖ്യരാഷ്ട്രങ്ങൾക്കു സാധ്യമല്ല.

Europe prepares plans for WWIII

 

മൂന്നാം ലോകമഹായുദ്ധം ഉണ്ടാവാം എന്ന ആശങ്കയിൽ യൂറോപ്പ് തയാറെടുക്കുന്നുവെന്നു രേഖകൾ (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക