മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുന്ന ഫ്ലൈറ്റുകൾ റദ്ദാക്കണമെന്നു വിമാന കമ്പനികൾക്ക് ഇന്ത്യ ഗവൺമെന്റ് നിർദേശം നൽകി. ഫ്ലൈറ്റുകൾ വൈകിയാൽ കൃത്യമായി യാത്രക്കാരെ അറിയിക്കണം എന്നും കേന്ദ്ര വ്യോമയാന വകുപ്പ് വ്യക്തമാക്കി.
ശൈത്യകാലമായതിനാൽ മഞ്ഞു കനക്കുമ്പോൾ ഫ്ലൈറ്റുകൾ റദ്ദാക്കുന്നത് പതിവായിട്ടുണ്ട്. ഡൽഹിയിലെ പുകമഞ്ഞാണ് പ്രശ്നം സങ്കീർണമാക്കുന്നത്. ഇതു മൂലം യാത്രക്കാർക്ക് ഉണ്ടാവുന്ന അസൗകര്യം വിമാന കമ്പനികൾ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം വ്യാപകവുമാണ്. യാത്രക്കാർക്ക് ആശ്വാസം ഉറപ്പാക്കാനാണ് ഗവൺമെന്റിന്റെ പുതിയ നിർദേശം.
വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വിളിച്ചുകൂട്ടിയ യോഗത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തിയത്. യാത്രക്കാർക്ക് മുഖ്യ പരിഗണന ലഭിക്കണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സൗകര്യവും സുരക്ഷയും മുൻഗണനകൾ ആയിരിക്കണം.
ചെക്-ഇൻ കൗണ്ടറുകളിൽ ജീവനക്കാരുടെ കുറവുണ്ടാകാൻ പാടില്ല എന്നതാണ് മറ്റൊരു നിർദേശം. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരനെ ബന്ധപ്പെടാൻ കൃത്യമായ വിവരങ്ങൾ വാങ്ങണം.
മഞ്ഞിൽ കാഴ്ച എത്രമാത്രമുണ്ടെന്നു അറിയിക്കുന്ന എൽ ഇ ഡി സ്ക്രീനുകൾ സ്ഥാപിക്കാൻ ഡൽഹി എയർപോർട്ടിനോടു നിർദേശിച്ചു.
ഈയാഴ്ച മാത്രം നൂറിലേറെ ഫ്ലൈറ്റുകൾ വൈകിയിരുന്നു. കാഴ്ച്ച കുറവായതിനാൽ 15 ഫ്ലൈറ്റുകൾ ഡൽഹി തൊടാതെ തിരിച്ചു വിട്ടു.
Airlines told to cancel if flights delayed beyond 3 hours