Image

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ചൈന പോരാട്ടം (സനില്‍ പി. തോമസ്)

Published on 21 November, 2024
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ചൈന പോരാട്ടം (സനില്‍ പി. തോമസ്)

പതിനേഴുപേരാണ് ഇതുവരെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഇതില്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടിയ  ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 1972 ൽ ആയിരുന്നു. അന്നത്തെ  ലോക ചാമ്പ്യന്‍ റഷ്യയുടെ ബോറിസ് സ്പാസ്‌കിയും അമേരിക്കയുടെ  ഗ്രാന്‍ഡ് മാസ്റ്റര്‍ ബോബി ഫിഷറും തമ്മില്‍ നടന്ന പോരാട്ടം കരുനീക്കം അറിയാത്തവര്‍ പോലും ശ്രദ്ധിച്ചു. കാരണം, റഷ്യയും അമേരിക്കയും തമ്മില്‍ നടക്കുന്നൊരു യുദ്ധമായാണ് ലോകം അതിനെ കണ്ടത്. ശീത സമരം കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നത്.

ചെസിലെ റഷ്യന്‍ ആധിപത്യം അവസാനിപ്പിക്കുക എന്നതിലുപരി കമ്മ്യൂണിസ്റ്റ് രാജ്യത്തിനെതിരെ വിജയിക്കുക എന്നതാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുംആ പോരാട്ടത്തിനു നല്‍കിയ പ്രാധാന്യം. ബോബി ഫിഷര്‍ ഒരു അമാനുഷിക പ്രതിഭയാണെന്ന് ലോകം അതിനകം തിരിച്ചറിഞ്ഞിരുന്നു താനും. ഒടുവില്‍ ബോബി ഫിഷര്‍ വിജയിച്ചപ്പോള്‍ റഷ്യയെ അമേരിക്ക    പരാജയപ്പെടുത്തിയ ആഹ്ലാദമാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരില്‍ പ്രകടമായത്.
ഇപ്പോള്‍, ഈ മാസം 25ന് സിംഗപ്പൂരില്‍ മറ്റൊരു ലോക ചെസ്  ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുന്നു. നിലവിലെ ചാമ്പ്യന്‍, ചൈനയുടെ ഡിങ് ലിറനെ എതിരിടുന്നത് ഇന്ത്യയുടെ ഡി. ഗുകേഷും. അന്നത്തെ യു.എസ്.-റഷ്യ പോരാട്ടം പോലെ ലോക ശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ് ഇതും. പക്ഷേ, അത്തരമൊരു ആവേശം ഇല്ല. കാരണം ഇന്ത്യയും ചൈനയും ഇപ്പോള്‍ സൗഹൃദത്തിലാണ്. അതിര്‍ത്തിയില്‍ നിന്നു സേനാ പിന്‍മാറ്റമൊക്കെയായി. വ്യാപാര രംഗത്തും മറ്റും കൂടുതല്‍ സഹകരിക്കാനും നേരിട്ടു വിമാന സര്‍വ്വീസിനും തയ്യാറെടുക്കുന്നു.

വിശ്വനാഥന്‍ ആനന്ദിനുശേഷം ഇന്ത്യയില്‍ നിന്നൊരു ലോക ചെസ് ചാംപ്യന്‍ പിറക്കുമോ? ലോക ചെസ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഡിങ് ലിറനെതിരെ ധൊമ്മ രാജു ഗുകേഷ് കരുനീക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകളും ഉയരുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പതിനെട്ടുകാരന്‍ കിരീടം ചൂടിയാല്‍ ചരിത്രത്തിലെ പ്രായം കുറഞ്ഞ ലോകചാമ്പ്യനുമാകും. കാന്‍ഡിഡേറ്റ്സ് ചെസില്‍ കളിച്ച എട്ടുപേരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരായിരുന്നു. ഒന്‍പത് പോയിന്റ് നേടിയാണ് ഗുകേഷ് കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യനായത്. വിദ്യുത് ഗുജറാത്തിയും പ്രഗ്നാനന്ദയുമാണ് മത്സരിച്ച മറ്റ് രണ്ടു ഇന്ത്യക്കാര്‍.
ലോക ചാംപ്യൻഷിപ് ഫൈനലിൽ  ക്ളാസിക് ശൈലിയില്‍ 14 ഗെയിമുകള്‍ ജയിച്ചാല്‍ ഒരു പോയിന്റ്, സമനിലയ്ക്ക് അര പോയിന്റ്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ലോകചാമ്പ്യന്‍. 14 ഗെയിമില്‍ ഫലം കണ്ടില്ലെങ്കില്‍ ടൈബ്രേക്കര്‍. ഇതാണ് രീതി.

2023 ഏപ്രിലില്‍, റഷ്യയുടെ യാന്‍ നിപോംനിഷിയെ പരാജയപ്പെടുത്തിയാണ് ഡിങ് ലിറന്‍ ലോക ചാമ്പ്യനായത്. പുരുഷ ചെസില്‍ ചൈനയില്‍ നിന്നുള്ള ആദ്യ ലോകചാമ്പ്യന്‍.

തീര്‍ത്തും ആക്‌സ്മികമായിട്ടാണ് ലിറന്‍ ലോക കിരീടം ചൂടിയത്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണ്ണമെന്റില്‍ നിപോംനിഷി ഒന്നാമതും ലിറന്‍ രണ്ടാമതും എത്തിയതോടെ അന്നത്തെ ലോകചാമ്പ്യന്റെ എതിരാളിയാകേണ്ടത് നിപോം നിഷിയായിരുന്നു. എന്നാല്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍ മത്സരിക്കാന്‍ വിസമ്മതിച്ചു. ഇതോടെ കാന്‍ഡിഡേറ്റ്‌സിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ മത്സരം നടത്തി. ഭാഗ്യം തുണച്ചത് ലിറനെയും.
ലിറന്റെ -ലോക കിരീടത്തിനു തിളക്കം കുറവായിരുന്നെന്നു പറയാം. കാരണം ഇപ്പോഴും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസന്‍ തന്നെ. പക്ഷെ ലോക ചെസില്‍ ഇത് പുതിയ സംഭവമല്ല. ലോകം മുഴുവന്‍ ശ്രദ്ധിച്ച പോരാട്ടത്തില്‍ 1972ല്‍ ജയിച്ച അമേരിക്കയുടെ ബോബി ഫിഷര്‍ കിരീടം നിലനിര്‍ത്താന്‍ പൊരുതിയില്ല.

- കാര്‍പോവ് ലോക ചാമ്പ്യനായപ്പോഴും ഗാരി കാസ്പറോവ് ആയിരുന്നല്ലോ ലോകത്തിലെ സൂപ്പര്‍ താരം.
അഞ്ചു തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് 2013-ല്‍ മാഗ്നസ് കാള്‍സന്‍ ലോകചാമ്പ്യനാകുന്നത്. അപ്രതീക്ഷിതമായി ലോകചാമ്പ്യനായത് ഉള്‍ക്കൊള്ളാന്‍ പറ്റാഞ്ഞതുകൊണ്ടാണോയെന്ന് അറിയില്ല ഡിങ് ലിറന് പിന്നീട് ആ ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. അദ്ദേഹം വിഷാദ രോഗിയായി. ഒന്‍പതു മാസത്തോളം ചെസ് മത്സരങ്ങളില്‍ നിന്നു വിട്ടു നിന്നു. ഈ വര്‍ഷം ജനുവരിയില്‍ മടങ്ങിയെത്തിയെങ്കിലും ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ ആദ്യ 20ല്‍ ഇല്ല.

ഗുകേഷ് എന്ന എതിരാളിക്കൊപ്പം സ്വന്തം ഫോമും  അതിലുപരി മാനസിക സംഘര്‍ഷവും ഡിങ് ലിറന്റെ മത്സരത്തെ ബാധിക്കും. ഇടയ്‌ക്കൊരു ടൂര്‍ണ്ണമെന്റില്‍ പകുതി വഴിക്ക് അദ്ദേഹം പിന്‍വാങ്ങിയതും മറക്കാനാവില്ല. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തില്‍ ഉണ്ട്. താഴ്ച കഴിഞ്ഞെന്നും ഇനി ഉയര്‍ച്ചയാകുമെന്നുമാണ് ലിറന്‍ പറയുന്നത്. 'കൊടുങ്കാറ്റ് ഉള്ളിലുളള ശാന്തനായ കളിക്കാരനാണ് ലിറന്‍.' എന്നാണ് ചെസ് പണ്ഡിതരുടെ അഭിപ്രായം. ഏതാനും ഗെയിം കഴിയുമ്പോള്‍ അറിയാം ലിറന്‍ ഫോം വീണ്ടെടുത്തോയെന്നത്.

ഗുകേഷിനെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടാനൊന്നുമില്ല. നേടാന്‍ ഏറെയുണ്ടുതാനും. അതുതന്നെയാണ് മേല്‍ക്കൈയും. തമിഴ്‌നാട്ടില്‍ നിന്നുതന്നെ മറ്റൊരു ലോക ചെസ് ചാമ്പ്യന്‍ കൂടിയായാല്‍ അദ്ഭുതപ്പെടേണ്ടതില്ല. വിശ്വനാഥന്‍ ആനന്ദ് തെളിച്ച വഴിയിലൂടെ യുവ, കൗമാരനിര കുതിക്കുകയാണ്. അര്‍ജുന്‍ എരിഗാസി അടുത്ത നാളിലാണ് 2800  ഇലോ റേറ്റിങ്ങ് കടന്നത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍.
1886ല്‍ തുടക്കമിട്ട ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ പതിനെട്ടാമത്തെ ചാമ്പ്യനാകുകയാണ് ഗുകേഷിന്റെ ലക്ഷ്യം. മറിച്ച് ലിറന്‍ ജയിച്ചാല്‍ ലോകചാമ്പ്യന്‍മാര്‍ പതിനേഴായി തുടരും. ഏഷ്യയില്‍ നിന്ന് രണ്ട് കളിക്കാര്‍ ചെസ് ലോകകിരീടത്തിനു വേണ്ടി മത്സരിക്കുന്നത് ആദ്യമാണ്. നല്ല മത്സരം നടക്കട്ടെ, പുതിയ ചാമ്പ്യന്‍ പിറക്കട്ടെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക