ഗൗതം അദാനിയുടെ കമ്പനികൾക്കു മൂല്യം പെരുപ്പിച്ചു കാട്ടി യുഎസ് നിക്ഷേപകരെ വഞ്ചിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു എന്ന ന്യൂ യോർക്ക് കോടതിയിലെ കേസിന്റെ പേരിൽ അദാനിയെ അറസ്റ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ ആവശ്യപ്പെട്ടു.
"അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക, ജയിലിൽ അടയ്ക്കുക," രാഹുൽ മാധ്യമങ്ങളോടു പറഞ്ഞു. "അദ്ദേഹം അമേരിക്കയുടെയും ഇന്ത്യയുടേയും നിയമങ്ങൾ ലംഘിച്ചെന്നു ഇപ്പോൾ വ്യക്തമാവുന്നു.
"അഴിമതി ആരോപിക്കപ്പെട്ടാൽ എവിടെ ആയാലും അന്വേഷണം നടത്തണം. അത് അദാനിയിൽ നിന്നാണ് ആരംഭിക്കേണ്ടത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്താൽ മാത്രമേ അതിനു വിശ്വസനീയത ഉണ്ടാവൂ. അതു കൊണ്ട് അങ്ങിനെ തന്നെ തുടങ്ങട്ടെ.
"ഒടുവിൽ നരേന്ദ്ര മോദിയുടെ പേരും പുറത്തു വരും. കാരണം ബി ജെ പിയുടെ പണപ്പിരിവ് മുഴുവൻ അദ്ദേഹത്തിന്റെ കൈയിലാണ്. അദാനി ഈ രാജ്യത്തെ തട്ടിക്കൊണ്ടു പോയിരിക്കയാണ്. ഇന്ത്യ അയാളുടെ കൈപ്പിടിയിലാണ്."
അദാനി ഈ രാജ്യത്തു സ്വതന്ത്രനായി കഴിയുന്നത് എങ്ങിനെയെന്ന് രാഹുൽ ചോദിച്ചു. "മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടുള്ള കേന്ദ്രസർക്കാർ നിരവധി തട്ടിപ്പുകൾ ആരോപിക്കപ്പെട്ട അദാനിക്കെതിരെ യാതൊന്നും ചെയ്യുന്നില്ല. അദ്ദേഹത്തെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം."
അദാനിയെ മോദി സംരക്ഷിക്കുന്നത് അഴിമതിയിലുള്ള പങ്കാളിത്തം മൂലമാണെന്നു രാഹുൽ ആരോപിച്ചു. ഇന്ത്യയിൽ അദാനിയും മോദിയും ഒറ്റക്കെട്ടാണ്, അതു കൊണ്ട് സുരക്ഷിതരുമാണ്. "പ്രധാനമന്ത്രി 100% ഈ വ്യക്തിക്കു പ്രതിരോധം തീർക്കുന്നു. ഇതൊക്കെ തെളിവുള്ള കാര്യങ്ങളാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഈ കാര്യം ഉന്നയിക്കേണ്ടത് എന്റെ ചുമതലയാണ്."
അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവർത്തിച്ച രാഹുൽ, പാർലമെന്റിനെ സംയുക്ത സമിതിയെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്നും ആവശ്യപ്പെട്ടു. നവംബർ 25നു പാർലമെന്റ് സമ്മേളിക്കുമ്പോൾ ഈ വിഷയം കൊടുംകാറ്റാവും എന്നാണ് കരുതപ്പെടുന്നത്.
Rahul wants Adani arrested