നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് (ഡി എൻ ഐ) ആയി നാമനിർദേശം ചെയ്ത റെപ്. തുൾസി ഗബ്ബാർഡിനെതിരെ ആഞ്ഞടിച്ചു റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി.
ഹവായിയിൽ നിന്നു യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗമായ ഗബ്ബാർഡ് 2017ൽ സിറിയൻ ഏകാധിപതി ബാഷർ അൽ അസദിന്റെ ദമാസ്കസിൽ പോയി കാണുകയും അദ്ദേഹത്തോടൊപ്പം നിന്നു ഫോട്ടോ എടുക്കുകയും ചെയ്തത് ജുഗുപ്സാവഹമായിപ്പോയി എന്നു ഹേലി പറഞ്ഞു. "സ്വന്തം ആളുകളെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അസദ് അപ്പോൾ. രാസായുധം ഉപയോഗിച്ച് നടത്തിയ കൂട്ടക്കൊലകൾക്കു പിന്നിൽ അസദ് ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണെന്നും ഗബ്ബാർഡ് പറഞ്ഞു.
"എനിക്കത് അറപ്പുളവാക്കി," സിറിയസ് എക്‌സ്എം ഷോയിൽ ഹേലി തുറന്നടിച്ചു.
രാസായുധ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ
ട്രംപിനു കീഴിൽ യുഎൻ അംബാസഡർ ആയിരിക്കെ 2017ൽ സിറിയയിലെ ഖാൻ ശൈഖുൻ നഗരത്തിൽ രാസായുധ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചു താൻ യുഎന്നിൽ സംസാരിച്ചത് ഹേലി ഓർമിച്ചു. ആ ആക്രമണത്തിന് മാസങ്ങൾക്കു മുന്പാണ് ഗബ്ബാർഡ് അസദിനെ കണ്ടത്. രഹസ്യമായിരുന്നു ആ യാത്ര. പിന്നീട് ആസാദ് യുഎസിന്റെ ശത്രുവല്ലെന്ന് പറയാനും അവർ മടിച്ചില്ല.
"ആസാദ് ആ ആക്രമണത്തിനു പിന്നിൽ ഉണ്ടായിരുന്നില്ലെന്നു പറയാൻ അവർ മടിച്ചില്ല. അവർ പറഞ്ഞതെല്ലാം റഷ്യയുടെ വാദങ്ങൾ ആയിരുന്നു. ഓരോ വാക്കും റഷ്യൻ പ്രചാരണം ആയിരുന്നു," ഹേലി പറഞ്ഞു.
"റഷ്യയും ചൈനയും ഗബ്ബാർഡിന്റെ വാക്കുകൾ ഏറെറടുത്തു. റഷ്യൻ, ചൈനീസ് ടെലിവിഷൻ ചാനലുകളിൽ അവരുടെ അഭിമുഖങ്ങൾ നിറഞ്ഞു."
സിറിയയിൽ കലാപം രൂക്ഷമായപ്പോൾ അസദിനെ താങ്ങി നിർത്താൻ റഷ്യ രംഗപ്രവേശം ചെയ്തുവെന്നത് രഹസ്യമൊന്നുമല്ല. ഇറാനും അദ്ദേഹത്തിനു കൂട്ടായി.
അത്യധികം നിർണായകമായ ഡി എൻ ഐ പദവിയിൽ ഇരിക്കാനുള്ള യോഗ്യത ഗബ്ബാർഡിനില്ല എന്ന വിമർശനം ഉയരുന്നതിനിടയിലാണ് സൗത്ത് കരളിന മുൻ ഗവർണറുടെ ഈ തുറന്നടിച്ചുള്ള നിരീക്ഷണം.
ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് 2015ൽ യുഎസ് പിന്മാറിയതിനെ ഗബ്ബാർഡ് എതിർത്തുവെന്നു ഹേലി ചൂണ്ടിക്കാട്ടി. അവർക്കെതിരായ ഉപരോധത്തെ ഗബ്ബാർഡ് എതിർക്കയും ചെയ്തു.
"അവർ റഷ്യയെ ന്യായീകരിച്ചു, സിറിയയെ ന്യായീകരിച്ചു; ഇറാനെയും ചൈനയെയും ന്യായീകരിച്ചു. അവരുടെയൊന്നും അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞില്ല.
"ഡി എൻ ഐ അവർക്കു പറ്റിയതല്ല. റഷ്യൻ, ഇറാനിയൻ, സിറിയൻ, ചൈനീസ് അനുഭാവിക്കുള്ളതല്ല അത്."
Nikki Haley lambasts Gabbard