ലൈംഗിക അപവാദത്തിൽ നിന്ന് ഊരാൻ കഴിയില്ലെന്ന് ഉറപ്പായതോടെ യുഎസ് അറ്റോണി ജനറൽ സ്ഥാനം വേണ്ടെന്നു വച്ച മാറ്റ് ഗേറ്റ്സിനു പകരം നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡ അറ്റോണി ജനറൽ ആയിരുന്ന പാം ബോണ്ടിയെ (59) നിയമിച്ചു.
തനിക്കെതിരെ നിലവിലുള്ള ഭരണകൂടം ദുരുപയോഗം ചെയ്ത ജസ്റ്റിസ് ഡിപ്പാർട്മെന്റിനെ അതിന്റെ നിർദിഷ്ട ദൗത്യങ്ങൾ നിർവഹിക്കാൻ ബോണ്ടി ശരിയായി രൂപപ്പെടുത്തുമെന്നു ട്രംപ് പറഞ്ഞു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടി അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കും.
ഫ്ലോറിഡയിൽ നിന്നു തന്നെയുള്ള ഗേറ്റ്സിനെ (42) നവംബർ 13നു നിയോഗിച്ച ശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നിരുന്നു. റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾ തന്നെ ഗേറ്റ്സിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന നിലപാട് എടുത്തു. പാർട്ടി സെനറ്റർമാരോട് നേരിട്ടു സംസാരിച്ച ഗേറ്റ്സ് അവരുടെ പിന്തുണ കിട്ടില്ലെന്നു ഉറപ്പായതോടെ വ്യാഴാഴ്ച പിന്മാറ്റം പ്രഖ്യാപിക്കയായിരുന്നു.
ലൈംഗിക അതിക്രമങ്ങളും ലഹരിമരുന്ന് ഉപയോഗവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിച്ച യുഎസ് ഹൗസ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യം ശക്തിപ്പെട്ടിരുന്നു. കമ്മിറ്റിയുടെ അധികാരപരിധിക്കു പുറത്തു ചാടാൻ വേണ്ടി ഗേറ്റ്സ് ഹൗസ് അംഗത്വം തിരക്കിട്ടു രാജി വയ്ക്കുകയും ചെയ്തു.
ഫ്ലോറിഡയുടെ ആദ്യ വനിതാ അറ്റോണി ജനറലായ ബോണ്ടി 2011 മുതൽ എട്ടു വർഷം ആ ചുമതല വഹിച്ചു. ട്രംപിന്റെ ദീർഘകാല സുഹൃത്തുമാണ്.
2016ൽ ഹിലരി ക്ലിന്റനെതിരെ ട്രംപ് മത്സരിക്കുമ്പോൾ റിപ്പബ്ലിക്കൻ കൺവെൻഷനിൽ പ്രസംഗിച്ച ബോണ്ടി "അവളെ അടച്ചുപൂട്ടുക" എന്ന ആക്രോശം നയിച്ചു ശ്രദ്ധ നേടിയിരുന്നു. 2020ൽ ജോ ബൈഡന്റെ മകൻ ഹണ്ടർ ആയി ലക്‌ഷ്യം.
ഫ്ലോറിഡയിലെ ജോലി ഒഴിഞ്ഞ ശേഷം 2020ൽ ട്രംപിന്റെ ആദ്യ ഇംപീച്ച്മെന്റിൽ അദ്ദേഹത്തെ പ്രതിരോധിച്ച അഭിഭാഷക സംഘത്തിൽ അംഗമായി. അന്ന് സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ട്രംപിനെ വെറുതെ വിട്ടു.
Trump picks Pam Bondi to replace Gaetz