ന്യൂ ജേഴ്‌സി-ഇന്ത്യ കമ്മീഷൻ (എൻജെഐസി) 9 ദിവസത്തെ വ്യാപാര-സാംസ്‌കാരിക-വിദ്യാഭ്യാസ ദൗത്യവുമായി ഡിസംബർ 8നു ഇന്ത്യയിലേക്കു തിരിക്കും. ലെഫ് ഗവർണർ തഹേസ വെയ് ആണ് സംഘത്തെ നയിക്കുക.
നിലവിൽ $10 ബില്യന്റെ പ്രതിവർഷ വ്യാപാരമുണ്ട്. ന്യൂ ജേഴ്സിയിൽ ഗണ്യമായ ഇന്ത്യൻ നിക്ഷേപവും ഉണ്ട്.
ന്യൂ ജേഴ്സിയിൽ ഏറ്റവുമധികം എഫ് ഡി ഐ എത്തുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. ഈ 39 അംഗ ദൗത്യ സംഘം സാങ്കേതിക വിദ്യയിലും ആരോഗ്യരക്ഷയിലും വാണിജ്യത്തിലും സഹകരണം വർധിപ്പിക്കാനുള്ള വഴികൾ തേടും.
ചൂസ് ന്യൂ ജേഴ്‌സി സിഇഒ: വെസ്‌ലി മാത്യൂസ്, ഡോക്ടർ കൃഷ്ണ കിഷോർ, വിദ്യാ കിഷോർ, സംരംഭകനും സാമൂഹ്യ നേതാവുമായ ദീലീപ് മഹാസ്‌കെ, അക്ഷയപാത്ര ഫൗണ്ടേഷൻ യുഎസ്എ സിഇഒ: വന്ദന തിലക്, പദ്‌മശ്രീ ഡോക്ടർ സുധിർ പരീഖ്, നിഷ ദേശായി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
പുതിയൊരു നൂറ്റാണ്ടിന്റെ അവസരങ്ങൾ ഇന്ത്യക്കും ന്യൂ ജേഴ്സിക്കും ഒന്നിച്ചു തേടാനുള്ള അവസരമാണിതെന്ന് ഗവർണർ ഫിൽ മർഫി പറഞ്ഞു.
കോൺസൽ ജനറൽ വിനയ് പ്രധാനും ഈ ദൗത്യത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.
ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സർ, ന്യൂ ഡൽഹി എന്നീ നഗരങ്ങളാണ് സംഘം സന്ദർശിക്കുക. ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള ഉന്നതരുമായും ചർച്ചകൾ നടത്തും.
ന്യൂ ജേഴ്സിയിൽ 1,200 പേർക്ക് ജോലി നൽകാൻ ഇന്ത്യ ബന്ധം സഹായിച്ചു. മൂന്ന് ഇന്ത്യൻ കമ്പനികൾ വികസനത്തിന്റെ ഭാഗമായി എത്തുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിനിടയിൽ $2 ബില്യൺ നിക്ഷേപങ്ങൾ വന്നു. ആ വഴി സൃഷ്ടിച്ച തൊഴിൽ അവസരങ്ങൾ 6,000.
NJ delegation to visit India