വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം, വോട്ടെടുപ്പിനു മുമ്പേ തീരുമാനിക്കപ്പെട്ടതാണ്. യു.ഡി.എഫ്. സ്ഥാനാർത്ഥി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്ര വോട്ടിന്റെ ഭൂരിപക്ഷം നേടും എന്നുള്ളതുമാത്രമാണ് അറിയാന്‍ ബാക്കിയുള്ളത്. അത് കൂടിയാലും കുറഞ്ഞാലും വലിയ പ്രത്യാഖ്യാതമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. വയനാട്ടിലെ ദുരന്തത്തോട്് കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനത്തിനെതിരെ യു.ഡി.എഫും, എല്‍.ഡി.എഫും ഒരു പോലെയാണു പ്രതിഷേധിച്ചത്.
രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ സി.പി.ഐ., ബി.ജെ.പി., സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടില്‍ കൂടുതല്‍ ഇത്തവണ ഈ പാര്‍ട്ടികള്‍ക്കു കിട്ടിയാല്‍ ആശ്വാസമാകും. പോളിംഗ് കുറഞ്ഞത് ആരെയാണ് ബാധിക്കുകയെന്നത് നാളെ ഫലം അറിഞ്ഞാലെ വ്യക്തമാകൂ. പ്രിയങ്കഗാന്ധിക്കു പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പോലും അത് കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ ബാധിക്കില്ല. എതിരാളികള്‍ക്ക് തെല്ലൊരു ആശ്വാസമാകുമെന്നു മാത്രം.
ഇരുപതിന് തിരഞ്ഞെടുപ്പ് നടന്ന പാലക്കാട് മണ്ഡലത്തിലെ ഫലമാണ് മൂന്നു മുന്നണികളും ഉറ്റുനോക്കുന്നത് ചേലക്കരയില്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പോലും സീറ്റ് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിനുണ്ട്.
പാലക്കാട് പ്രചാരണത്തില്‍ കാട്ടിയ ആവേശവും അവകാശവാദവുമൊന്നും വോട്ടെടുപ്പിനുശേഷം എല്‍.ഡി.എഫ്. പ്രകടിപ്പിക്കുന്നില്ല. സി.പി.എമ്മിന് കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടി വോട്ട് കിട്ടുമെന്ന് ഡോ.പി.സരിന്‍ പറയുന്നത് സി.പി.എംകാര്‍ പോലും മുഖവിലയ്‌ക്കെടുക്കുന്നുമില്ല. രണ്ടാം സ്ഥാനത്തുവന്നാല്‍ പോലും സി.പി.എമ്മിന് തല ഉയര്‍ത്തി നില്‍ക്കാം.
ബി.ജെ.പി. നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കാമെന്നു കരുതുന്നെങ്കിലും കാര്യം അത്ര എളുപ്പമല്ല. കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കാനാണ് സാധ്യത. ഇ.ശ്രീധരനെതിരെ ഷാഫി പറമ്പില്‍ നേടിയ ഭൂരിപക്ഷം നേരിയതായിരുന്നു. പക്ഷേ, അതില്‍ മെട്രോമാനു കിട്ടിയ വ്യക്തിപരമായ വോട്ടുണ്ട്. ഇക്കുറി ബി.ജെ.പി.ക്ക് അവരുടെ വോട്ട് മാത്രമായിരിക്കും കിട്ടുക.
പാലക്കാട്ട് ബി.ജെ.പി. വിജയിച്ചാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കും. മറിച്ചായാല്‍ സുരേന്ദ്രന്റെ ഭാവി പ്രശ്‌നമാകും. സന്ദീപ് വാര്യര്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബി.ജെ.പി.യില്‍ പടലപിണക്കങ്ങള്‍ അവസാനിച്ചെന്നും അവസാനദിനങ്ങളില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും ആര്‍.എസ്.എസ്. പതിവില്‍ കൂടുതല്‍ സജീവമായിരുന്നുവെന്നുമാണ് ബി.ജെ.പി.യുടെ അ വകാശവാദം. അവര്‍ അട്ടിമറി കണക്കുകൂട്ടുന്നതും അങ്ങനെയാണ്.
സന്ദീപ് വാര്യരെ വോട്ടെടുപ്പ് കഴിഞ്ഞ കോണ്‍ഗ്രസില്‍ എത്തിച്ചാല്‍ മതിയായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസില്‍ ഉണ്ട്. സന്ദീപിന്റെ വരവുകൊണ്ട് എതിര്‍ചേരിയില്‍ ഐക്യത്തിന് അവസരമൊരുക്കിയെന്നാണ് ഇക്കൂട്ടരുടെ വിമര്‍ശനം. പക്ഷേ, "ഓപ്പറേഷന്‍ സന്ദീപില്‍ " നഷ്ടം സംഭവിച്ചത് സി.പി.എമ്മിനാണ്. സന്ദീപ് സി.പി.എമ്മിലേക്കെന്ന് എന്നായിരുന്നു ആദ്യ സൂചന. ഇത്തരത്തില്‍ ചില ചര്‍ച്ചകളും നടന്നു. എ.കെ.ബാലന്റെ നേതൃത്വത്തില്‍ സന്ദീപിനെ സ്വാഗതം ചെയ്യാനും ചിലര്‍ മുന്നോട്ടു വന്നു.
സി.പി.എമ്മിനെക്കൊണ്ട് സന്ദീപിനെക്കുറിച്ചു നല്ലതു പറയിപ്പിക്കുവാന്‍ വി.ഡി.സതീശനും ഏതാനും ചിലരും ചേര്‍ന്ന് വളരെ തന്ത്രപരമായി നടത്തിയൊരു നീക്കമായിരുന്നു ഇതെന്നെന്നാണ് മനസ്സിലാക്കുന്നത്. ഈ തന്ത്രത്തില്‍ സി.പി.എം. വീണു. ആദ്യം നല്ലതു പറഞ്ഞിട്ട് പിന്നീട് തള്ളിപ്പറയാന്‍ അവര്‍ വിഷമിച്ചു.
രണ്ടു മുസ്ലീം പത്രങ്ങളില്‍ മാത്രമായി സന്ദീപിനെതിരെ വന്ന പരസ്യവും തിരിച്ചടിച്ചു. കള്ളപ്പണം തേടി പാതിരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ ഉള്‍പ്പെടെ നടന്ന റെയ്ഡ് നാടകം പോലെ ഇതും ചീറ്റി. മുനമ്പത്തെ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങളെ ഭിന്നിപ്പിക്കാമെന്നു കണക്കുകൂട്ടിയവര്‍ക്കും പിഴച്ചു. മുസ്ലീം ലീഗ് നേതാക്കള്‍ സമവായത്തിന്റെ വഴിതേടിയതും ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാരെ അങ്ങോട്ടു ചെന്നു കണ്ടതും അപ്രതീക്ഷിതമായിരുന്നു. ഒടുവില്‍ ലീഗിനെ കടന്നാക്രമിക്കാന്‍ സി.പി.എം. നിര്‍ബന്ധിതരായി. വോട്ടു നഷ്ടം ഇക്കാര്യത്തില്‍ ബി.ജെ.പി.ക്കു തന്നെ.
പാലക്കാട് ബി.ജെ.പി. വിജയിച്ചാല്‍, കൈയ്യിലിരുന്ന സീറ്റ് കോണ്‍ഗ്രസ് ബി.ജെ.പി.ക്ക് വിട്ടുകൊടുത്തുവെന്ന് സി.പി.എം. ആരോപിക്കും. മാത്രമല്ല തൃശ്ശൂര്‍ ലോക് സഭ മണ്ഡലത്തിനു പുറമെ പാലക്കാട് നിയമസഭാ മണ്ഡലവും സ്വന്തമായാല്‍ ബി.ജെ.പി.യുടെ അടിത്തറ ഉറയ്ക്കും. ഇതു പക്ഷേ കോണ്‍ഗ്രസിനു മാത്രമല്ല സി.പി.എമ്മിനും വെല്ലുവിളിയാകും. അതുപോലെ ചേലക്കര നഷ്ടപ്പെട്ടാല്‍ സി.പി.എമ്മിനും വലിയ തിരിച്ചടിയാകും. ഭരണവിരുദ്ധവികാരം എന്നു സമ്മതിക്കേണ്ടിവരും. എന്തായാലും നാളെ അറിയുന്ന ഫലം കേരളത്തില്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്.