ജേക്കബ് എബ്രഹാമിന്റെ നോവൽ വാൻഗോഗിന്റെ കാമുകി ഏഴാം കടൽ കടന്ന് എന്റെ കൈകളിലെത്താൽ ഇത്തിരി താമസിച്ച് പോയോ? ആറാം പതിപ്പ് പിന്നിട്ടിരിക്കുന്ന മനോഹരമായ പുസ്തകം കഴിഞ്ഞ ദിവസം ഡാലസിലുള്ള ഷാജി മാത്യു വിൻ്റെയും എഴുത്തുകാരി മീനു എലിസബേത്തിൻ്റെയും വീട്ടിൽ നിന്നുമാണ് വായിക്കാനായി കിട്ടിയത്. പുസ്‌തകവും പിന്നെ മറ്റൊരു സാധനവും ആർക്കും കടം കൊടുക്കരുതെന്ന തത്വമൊക്കെ പറഞ്ഞെങ്കിലും വായിച്ച് കഴിഞ്ഞ് തീർച്ചയായും കേടൊന്നും കൂടാതെ തിരികെ കൊടുക്കാമെന്ന ഉറപ്പിന്മേലും, ലാന സെക്രട്ടറി സാമുവേൽ യോഹന്നാന്റെ ആൾജാമ്യത്തിലുമാണ് പുസ്‌തകം കിട്ടിയത്. അദ്ദേഹം ജേക്കബ് എബ്രഹാമിന്റെ ഒരു നല്ല വായനക്കാരനും ആരാധകനുമാണ്.
അവിടെ നിന്നും ഇതേ എഴുത്തുകാരന്റെ ശ്വാസഗതി, പച്ചമോരിന്റെ മണമുള്ള ഉച്ചനേരങ്ങൾ എന്നീ കഥാ സമാഹാരങ്ങളും വായിക്കാൻ കിട്ടി. നല്ലൊരു ഗായികയും അഭിനേത്രിയുമായ ഷാജിയുടെ ഭാര്യ മീനു എലിസബത്ത് അമേരിക്കയിലെ സാഹിത്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. ഇവരുടെ വീട്ടിൽ പുസ്തകങ്ങളുടെ നല്ലൊരു ശേഖരം തന്നെ ഉണ്ട്. നമ്മൾ വായിച്ച നല്ല പുസ്തകങ്ങളെക്കുറിച്ച് പരിചയ്ക്കാരോട് സംസാരിക്കുകയും പുസ്തകങ്ങൾ കൈമാറി കൂടുതലായി വായിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
വാൻഗോഗിനെ എഴുത്തുകാരനു ആദ്യമായി പരിചയപ്പെടുത്തിയ നാട്ടുകാരനായ ബാബുക്കുട്ടൻ എന്ന ചിത്രകാരനെപ്പോലെ ഒരാളെ നമുക്കും അറിയാമായിരിക്കും. ഓർമ്മയുടെ ചെപ്പിൽ തപ്പി നോക്കിയാൽ ചിത്രകലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച ചില ബാബുക്കുട്ടന്മാർ നമ്മുടെ ചുറ്റുപാടുകളിലും ഉണ്ടായിരുന്നു. അവരെ നാം വേണ്ട വിധത്തിൽ ഗൗനിച്ചില്ലെന്ന സത്യം വൈകിയെങ്കിലും സമ്മതിക്കേണ്ടി വരും. എനിക്ക് പടം വരക്കുന്നവരോട് എന്നും സ്നേഹം തന്നെ ആയിരുന്നു. നാട്ടിലുള്ള ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് കോഴഞ്ചേരിയുടെ സമീപ പ്രദേശങ്ങളിലും കോലേജിലും നാലോളം ചിത്രകലാ പ്രദർശനം ഒരുക്കിയത് ഓർമ്മയിലുണ്ട്.
ജോമോൻ പുന്നയ്ക്കാടും, പ്രമോദും, ശന്തനുവും , പ്രശാന്തുമൊക്കെ അങ്ങനെ കിട്ടിയ കൂട്ടുകാരാണ്. സംസാരശേഷി ഇല്ലാത്ത പൂവത്തുരുകാരനായ ഒരാളുടെ പേര് എന്റെ ഓർമ്മയിൽ മറഞ്ഞു. വലിയ കാൻവാസിൽ വരച്ചിരുന്ന അവന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മനോഹരങ്ങളായിരുന്നു. ടെമ്പോ വാനൊക്കെ വാടകയ്‌ക്ക് വിളിച്ചാണ് അവന്റെ വലുപ്പം കുടിയ ചിത്രങ്ങൾ പ്രദർശനത്തിന് കൊണ്ട് വന്നിരുന്നതും തിരികെ എത്തിച്ചിരുന്നതും. ചെറിയ വീടിന്റെ ഒരു മുറി നിറയെ അവൻ വരച്ച ചിത്രങ്ങൾ അടുക്കി വച്ചിരുന്നു. ഏതു പ്രദർശനത്തിന് വന്നാലും ഒരു ഓട്ടുവിളക്ക് സമ്മാനമായി വേണമെന്നത് അവനു നിർബ്ബന്ധമായിരുന്നു. ചിത്രങ്ങൾ നിറഞ്ഞ മുറിയിൽ അലമാരിയിലും നിലത്തുമായി നിരത്തി വെച്ചിരിക്കുന്ന വിളക്കുകൾ അവന്റെ സ്വകാര്യ അഹങ്കാരമായിരുന്നു.
ഡിജിറ്റൽ പ്രിന്റിങ്‌ങ്ങൊക്കെ വരുന്നതിന് വളരെ മുൻപേ 1990 കളിൽ എന്റെ നാടായ കോഴഞ്ചേരിയിലൊക്കെ മിക്ക ബോർഡുകളും കൈകൊണ്ട് വരച്ചിരുന്നത് എന്റെ കൂടെ പഠിച്ചിരുന്ന സന്തോഷിന്റെ അച്ഛനായിരുന്നു. അദ്ദേഹം ഡ്രാസ് എന്ന പേരിലാണ് ബോർഡെഴുത്തുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നത്. ഡ്രാസ് സാരിക്കടയുടെ പരസ്യത്തിനും മറ്റുമായി സിനിമാ നടികളുടെ മുഖങ്ങളൊക്കെ വലിയ ചുവരുകളിൽ അനായാസം വരയ്ക്കുന്നത് നോക്കി നിന്നാൽ സമയം പോകുന്നത് അറിയില്ല. വർഷങ്ങൾ പിന്നിട്ടിട്ടും ചില ബോർഡുകളിലൊക്കെ ആ പേര് ഇന്നും കാണാം.
37-ം വയസ്സില്‍ ഒരു വെടിയുണ്ടയില്‍ ജീവിതം അവസാനിപ്പിച്ച ഡച്ച് ചിത്രകാരനായിരുന്നു വിന്‍സെന്റ് വാന്‍ഗോഗ് (1853 -1890) എന്ന വിശ്വ വിഖ്യാത ചിത്രകാരൻ. വാൻഗോഗിന്റെ ജീവിതം അവനെ പ്രണയിച്ച ഒരു തെരുവു വേശ്യയാണ് ഈ നോവലിൽ പറയുന്നത്. വാൻഗോഗിൻെറ വിഖ്യാത ചിത്രമായ ‘സോറോ’യുടെ മോഡൽ കൂടിയായ ക്ലാസിന മരിയ ഹൂർണിക് എന്ന സിയയുടെ കാഴ്ചപ്പാടിലൂടെയാണ് നോവൽ വികസിക്കുന്നത്. അനശ്വര പ്രണയത്തിന്റെ കഥയാണിത്, അപൂർവ്വ പ്രണയത്തിന്റെ കഥയാണിത്.
മദ്യപാനിയും ഗർഭിണിയുമായ സിയാൻ എന്ന ആ യുവതിയുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ നിറക്കൂട്ടാണ് വാൻഗോഗിന്റെ കാമുകി. ഭാവനയുടെ അയഞ്ഞ സ്വാതന്ത്ര്യം മഷി നിറച്ചെഴുതിയ ഈ നോവൽ വാൻഗോഗിനെ ഒരു ചിത്രകാരൻ എന്നതിലുപരി അതിഭീകരനായ ഒരു കാമുകൻ എന്ന നിലയിൽ നോക്കിക്കാണാനാണു ശ്രമിക്കുന്നത്. ചരിത്രസംഭവങ്ങളെ പിൻപറ്റാതെ ഭാവനയുടെ സ്വാതന്ത്ര്യമാണ് നോവൽ രചനയിൽ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 30 നായിരുന്നു അദ്ദേഹത്തിന്റെ 171 -ം ജന്മവാർഷികം.
കലാവിദ്യാഭ്യാസത്തിനായി വാൻഗോഗ് ഹേഗിൽ എത്തുന്നതോടെയാണ് ഹേഗിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന സിയനെ കണ്ടു മുട്ടുന്നത്. തെരുവുകളിൽ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സിയൻ ആ സമയത്ത് ഗർഭിണിയും ഒപ്പം അച്ഛനാരെന്നറിയാത്ത ഒരു പെൺകുട്ടിയുടെ അമ്മയുമായിരുന്നു. വാൻഗോഗിൻെറ സഹോദരൻ തിയോയും, ഹേഗിലെ ബന്ധുവും ചിത്രകാരനുമായ ആൻറൺ മോവും ഈ ബന്ധത്തെ ശക്തമായി എതിർത്തിട്ടും സിയനെ പ്രണയിക്കാനും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും വാൻഗോഗ് ആഗ്രഹിച്ചു.
ഒരു തെരുവുപെണ്ണ് വ്യാപരിക്കുന്ന അഴുക്കുപിടിച്ച തെരുവിൽ നിന്നും സൌന്ദര്യത്തിൻറെ കലയുടെ മഹത്തായ ഒരു പുതിയ ലോകം സിയൻറെ മുൻപിൽ അനാവൃതമാകുകയായിരുന്നു. മദ്യപാനാസക്തിയും ജീവിത നൈരാശ്യവും വേശ്യാവൃത്തിയുടെ തകർച്ചയും തകർത്ത സിയനെ വാൻഗോഗ് ഹൃദയത്തോട് ചേർത്തു. സിയൻെറ മകൾ മരിയയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു. ഗർഭാവസ്ഥയിലുള്ള അസ്വസ്ഥതകളിലെല്ലാം വാൻഗോഗാണ് അവളെ പരിചരിച്ചത്. അവരുടെ സ്നേഹം നിരുപാതികമായിരുന്നു. പ്രണയം ഒരു വ്യക്തിയെ എങ്ങനെയെല്ലാം വിവർത്തനം ചെയ്തിരിക്കുന്നു എന്നും പെണ്ണുങ്ങളുടെ ലോകത്തെ പെണ്ണുങ്ങൾ എത്രത്തോളം ഹൃദ്യമാക്കുന്നതെങ്ങനെ എന്നതും ഈ നോവലിൽ ഗ്രന്ഥകാരൻ വരച്ചിടുന്നു.
ഏകാന്തതയിലും നിരാശയിലും ശൂന്യതയിലും പ്രണയത്തിന് മാത്രമേ മനുഷ്യനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന് അടയാളപ്പെടുത്തിക്കൊണ്ട് അനുവാചകരെ പ്രണയത്തിൻെറ തീഷ്ണമായ ലോകത്തേക്കു കൂട്ടികൊണ്ടു പോകുന്നു. നോവൽ വായിച്ചു തീരുമ്പോൾ അനശ്വരമായ പ്രണയത്തിൻെറ സ്മാരകം പോലെ ഒരു ചിത്രം വായനക്കാരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കും.
ഈ നോവൽ വായിച്ചു തീരുമ്പോൾ അത് വാൻഗോഗിന്റെയോ അവന്റെ കാമുകിയുടെയോ മാത്രം കഥയല്ലെന്ന് നാം തിരിച്ചറിയും. അവരോടൊപ്പം നിശ്ചയമായും മനസ്സിൽ തങ്ങി നിൽക്കുന്ന കുറേ കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്. പ്രണയത്തിനുവേണ്ടി ബലി കഴിച്ച ഉടലാണെന്ന് വിശ്വസിക്കുകയും ഒടുവിൽ ചതിയിൽപെട്ട് ഹേഗിൻറെ തെരുവുകളിൽ എത്തിപ്പെട്ട ആഗ്നസ്, അവളുടെ നിശബ്ദനായ കാമുകൻ വിറകു കച്ചവടക്കാരൻ പെട്രോ, വാൻഗോഗിൻെറ സഹോദരൻ തിയോ, ചിത്രകാരനായ ആൻറൺ മോവ്, സിയൻെറ മകളായ മരിയ, പാട്ടിനെ സ്നേഹിക്കുന്ന കാതറീന എന്നിവരെല്ലാം പ്രധാന കഥാപാത്രങ്ങളാണ്. സിയയുടെ വയറ്റിൽ കിടക്കുന്ന കുട്ടിയുടെ അച്ഛനെന്നു സംശയിക്കുന്ന യാത്രാ ബോട്ട് ഓടിക്കുന്ന ജാസ്പെറും, സിയയ്‌ക്ക് പോലും പിന്നീട് കണ്ടെത്താനാവാതെ പോയ സംഗീത ഉപകരണങ്ങൾ വിൽക്കുന്ന ജിപ്സിയായ ലൂക്കയേയും വായനക്കാർക്ക് മറക്കാനാവില്ല.
കാമുകിക്ക് രക്തോപഹാരം കൊടുത്ത് പ്രണയത്തിന് അനശ്വര സ്മാരകം പണിത കാമുകനാണ് വാൻഗോഗ്. കാമുകിക്ക് വാന്‍ഗോഗ് തന്റെ ചെവി മുറിച്ചുകൊടുത്തു എന്നുള്ളതിനേക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടെങ്കിലും അങ്ങനെതന്നെ വിശ്വസിക്കാനാണ് ആഗ്രഹം. കാമുകീ കാമുകന്മാർ ഉന്മാദത്തിന്റെ പ്രണയഭ്രാന്തിൽ അതു അതിനപ്പുറവും ചെയ്യും.
വാൻഗോഗ് നിത്യ ദാരിദ്ര്യത്തിലായിരുന്നു. സഹോദരന്‍ തിയോ കഷ്ടപ്പെട്ട് അയയ്ക്കുന്ന പണം കൊണ്ടാണ് അയാൾ ജീവിച്ചത്. ഇതേ വാന്‍ഗോഗിന്റെ ഒരു ചിത്രത്തിനു പോലും ഇന്നു കോടികൾ വില മതിക്കുന്നുണ്ട് ആംസ്റ്റര്‍ഡാമിനു സമീപമുള്ള മ്യൂസിയത്തില്‍നിന്നു മോഷണം പോയ - സ്പ്രിങ് ഗാര്‍ഡന്‍ - മരങ്ങള്‍ക്കിടയില്‍ ഏകനായി നില്‍ക്കുന്ന ഒരു മനുഷ്യന്റെ വിരഹവും ഏകാന്തതയും കാത്തുനിൽപ്പും ആവിഷ്കരിച്ച അനശ്വര ചിത്രത്തിന്റെ ഏകദേശ വില 60 ലക്ഷം ഡോളര്‍ ആയിരുന്നു.
ഗർഭിണിയായ സിയൻെറ കാഴ്ചകളിലൂടെയാണ് നോവൽ ആരംഭിക്കുന്നതെങ്കിൽ വാൻഗോഗ് ഉപേക്ഷിച്ചതിന് ശേഷം തൻറെ കുഞ്ഞിന് ‘വില്യം വിൻസെൻറ് വാൻഗോഗ്‘ എന്ന് പേര് നൽകുന്നതാണ് നോവലിൻെറ അവസാനം. അവരുടെ തൂടർ ജീവിതവും മരണവും ഒന്നും നോവലിൻ്റെ ഭാഗമാക്കാതെ സുഖപര്യവസാനിയായി നോവൽ അവസാനിപ്പിച്ചിരിക്കുന്നു.
ഒരു സങ്കീർത്തനം പോലെ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. പ്രണയത്തെ ഇഷ്ടപ്പെടുന്ന. ചരിത്രത്തെ ഇഷ്ടപ്പെടുന്ന, വായനയെ സീരിയസ്സായി കാണുന്നവരൊക്കെ തീർച്ചയായും വായിക്കണം. ഇതു വായിക്കുന്ന സമയം ഒരു നഷ്ടമാവില്ലെന്നുറപ്പ്. നോവൽ വായിക്കും മുൻപേ നോവലിൻ്റെ ഉള്ളടക്കം മനസ്സിലാക്കിയാലും പ്രണയാർദൃമായ മനസ്സുള്ളവർക്കു ഈ നോവൽ വീണ്ടും വീണ്ടും വായിക്കാൻ തോന്നും.
ലളിതമായ ഭാഷയിൽ നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്ന ഈ നോവൽ വായിച്ച് തുടങ്ങിയാൽ പിന്നെ അവസാനി പേജിലെത്താതെ നിൽക്കില്ല. ഡി. സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 192 പേജുള്ള ഈ നോവലിന്റെ വില 230 രുപയാണ് .
ജേക്കബ് എബ്രഹാം
പത്തനംതിട്ടയിലെ വെള്ളപ്പാറയിൽ ജനിച്ചു. റ്റാറ്റു , കാച്ചിയമോരിൻ്റെ മണമുള്ള ഉച്ചനേരങ്ങൾ , ശ്വാസ ഗതി , മിണ്ടാമഠം, കുമരി, തെരഞ്ഞെടുത്ത കഥകൾ, ഇരുമുഖിയും മറ്റു ചില കഥകളും, ഇരട്ടവര കടലാസിലെ കപ്പലോട്ടങ്ങൾ, എൻ്റെ പത്തനംതിട്ട കഥകൾ, മളബറി ചെടികൾ പൂക്കുമ്പോൾ, ക്രിസ്മസ് കഥകൾ, പ്ളം പഴങ്ങളുടെ സീസൺ, മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി, അ മുതൽ അം വരെ പോകുന്ന തീവണ്ടി, വിഷമവൃത്തങ്ങളിൽ വിശുദ്ധർ, വാങ്ങോഗിൻ്റെ കാമുകി, സർഗ വിചാരങ്ങൾ എന്നിവയാണ് പുസ്തക രൂപത്തിൽ പൃസിദ്ധീകരിച്ച കൃതികൾ. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷനിൽ റേഡിയോ മലയാളം പ്രൊജക്ട് ഹെഡാണ്. എഴുത്തുകാരി വീണയ്‌ക്കും മകൻ ഋതു ഹാരുവിനു മൊപ്പം (തേൻ) തിരുവനന്തപുരത്ത് താമസിക്കുന്നു.
തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി. കോഴഞ്ചേരി സെൻ്റ് തോമസ് ഹൈസ്‌ക്കൂൾ, സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തി ഒന്ന് വർഷം ബഹ്റൈനിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു, ഇപ്പോൾ ഡാലസിൽ താമസിക്കുന്നു. ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. 4 പി. എം ന്യൂസ് പേപ്പറിൽ 'കഥയാകാതെ പോയത്' എന്ന കോളം തൂടർച്ചയായി അഞ്ചുവർഷത്തോളം ചെയ്തു. 'കാമലസ്' എന്ന ഷോർട്ട് ഫിലിമിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചു. ദല-കൊച്ചുബാവ കഥാ പുരസ്‌കാരം, സ്പന്ദനം സാഹിത്യ പുരസ്‌കാരം, ഗാന്ധി സേവാ സമാജ് നോവൽ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ :- മിനി വറുഗീസ്, മക്കൾ :- ഡാൻ കോശി, ദയ അന്ന
ഇമെയിൽ :- bajikzy@yahoo.com