വർഷങ്ങൾക്കു മുൻപ് കുട്ടികൾ രണ്ടു പേരും ചെറുതായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുവായ ഒരു പെൺകുട്ടി ഇവിടെ താമസിച്ചിരുന്നു. അവൾ മുകളിലെ bed room ആണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം ഞങ്ങൾ കിടന്നു കഴിഞ്ഞ് മുകളിൽ നിന്നും ആ കുട്ടിയുടെ "മാമാ" എന്നുള്ള കരച്ചിൽ കേട്ടു.. ഞാൻ ഓടി വന്നപ്പോൾ പുതപ്പു കൈയിൽ ചുരുട്ടി പിടിച്ചു അവൾ താഴേക്കുള്ള പടികളിറങ്ങി വന്നു പറഞ്ഞു
"അവിടെ ഒരാളെ ഞാൻ കണ്ടു.. പേടിച്ചു പോയി."
"അത് നിനക്ക് തോന്നിയതാകും പോയി കിടന്നുറങ്ങു "അദ്ദേഹം സാ മട്ടിൽ അങ്ങനെ പറഞ്ഞെങ്കിലും ടെറസിന്റെ മുകളിൽ ആരോ ചാടിയത് പോലെ ഒരു ശബ്ദം കേട്ടതിനാൽ എനിക്ക് അവൾ പറഞ്ഞതിൽ പാതി വിശ്വാസം തോന്നി.
രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും അത് ആവർത്തിച്ചു. ഇത്തവണ മുകൾ മുറിയുടെ ജാലകത്തിനപ്പുറമാ യിരുന്നു ആൾ നിന്നത് എന്ന് അവൾ ഭീതിയോടെ ഓടി വന്നു പറഞ്ഞു. സംഗതി അത്ര പന്തിയല്ല എന്നു ഞങ്ങൾക്ക് തോന്നി. അവളുടെ കിടപ്പ് താഴേക്കു മാറ്റി.
അങ്ങനെ ഒരു ദിവസം കൊതുകുവല യ്ക്കുള്ളിൽ ഉറങ്ങിക്കിടന്നപ്പോൾ തുറന്നു കിടന്ന ജനാലയുടെ കൊ ളുത്തു മെല്ലെ അനങ്ങിയോ എന്ന് സംശയം തോന്നി ഞാൻ ഞെട്ടി കണ്ണ് തുറന്നു. ഒരു കുഞ്ഞ് തൂവൽ വീണാൽ പോലും അറിയുന്ന തരം ഉറക്കം ആണ് എന്റേത്. തീർത്തും ബോധം കെട്ടു റങ്ങില്ല. നോക്കിയപ്പോൾ ജനാലയ്ക്കൽ ഒരു തല.. സൂക്ഷിച്ചു നോക്കിയപ്പോൾ അത് മുകളിലേക്കുയർന്നു ഒരു ആളിന്റെ കറുത്ത നിഴൽ പോലെ കാണാറായി. അപ്പോൾ ഇവൻ തന്നെ ലവൻ. പക്ഷെ ഭൂകമ്പം ഉണ്ടായാലും അറിയാത്ത വിധം അരികിൽ കിടന്നു ഗാഢമായി ഉറങ്ങുന്ന അദ്ദേഹത്തെ എങ്ങനെ ഉണർത്തും? ഞാൻ കുത്തിയും പിച്ചിയും മാന്തിയും,"കള്ളൻ കള്ളൻ" എന്ന് മന്ത്രിച്ചു.
ഒരു വിധത്തിൽ ആൾ ഉണർന്നു. അനങ്ങാതെ നോക്കി കിടന്നു. അപ്പോൾ ഒരു വടി ഉള്ളിലേക്ക് നീണ്ടു വരുന്നു. ഹാംഗറിൽ തൂക്കി ഇട്ടിരുന്ന ഷർട്ടോ മറ്റൊ തോണ്ടാൻ ആകും കള്ളന്റെ ലക്ഷ്യം എങ്കിലും അദ്ദേഹം എന്തോ കുഴപ്പം ആണെന്ന് ഭയന്ന് കൊതുകുവലയ്ക്കുള്ളിൽ എണീറ്റിരുന്നു മുദ്രാവാക്യം വിളിക്കും പോലെ "എടാ "എന്ന് അലറി. കൂട്ടികൾ രണ്ട് പേരും പേടിച്ചു ചാടി എണീറ്റു...കള്ളൻ മുറ്റത്തേക്ക് ചാടി വടിയും എറിഞ്ഞു പാഞ്ഞു പറന്നു പമ്പ കടന്നു. അതോടെ പൂർണ്ണ വിശ്വാസം ആയി ഇങ്ങനെ ഒരാൾ പതുങ്ങി നടപ്പുണ്ട്. അവനെ പിടി കൂടണം.
അങ്ങനെ നാട്ടിലെ യുവാക്കൾ അദ്ദേഹത്തിന്റെ പ്രിയ കൂട്ടുകാരൻ രാജുവിന്റെ നേതൃത്വത്തിൽ വീട്ടിൽ കാവൽ ഇരുന്ന ദിനങ്ങൾ കടന്നു പോയി. കള്ളനെ കാണ്മാനില്ല. അപ്പോൾ ആണ് നേരെ താഴെ ഉള്ള വീടിന്റെ മുകളിൽ പോയി പതുങ്ങി ഇരുന്നാൽ അവന്റെ ഇവിടേക്കുള്ള വരവും മുകളിൽ വരുന്നതും ഒക്കെ കാണാം എന്നൊരു ആശയം ഉദിച്ചത് കാവൽ അവിടെ ആകാം എന്ന് തീരുമാനം ആയി.
അങ്ങനെ താഴെ വീട്ടിൽ ടെറസിലും മറ്റുമായി കാവൽക്കാർ വടിയുമായി പതുങ്ങി ഇരുന്നു. അന്നത്തെ കാലത്ത് അത്താഴം കഴിഞ്ഞ് അദ്ദേഹം മുറ്റത്തു കൂടി ഒന്ന് ഉലാത്താറുണ്ട്. അന്ന് ഉലാത്തിയത് കൈനറ്റിക് ഹോണ്ട കൊണ്ട് വരുന്ന വഴിയിലൂടെ അമ്പലത്തിന്റെ ദിശയിലേക്കു ആയിരുന്നു.
പൊടുന്നനെ പുറത്ത് നിന്നു അദ്ദേഹത്തിന്റെ "എടാ " എന്ന കാറൽ ഉയർന്നു. കള്ളൻ അടുക്കള ചുവരിനോട് ചേർന്ന് നിന്നിരുന്നു. താഴെ വീട്ടിൽ ഇരുന്ന കാവൽക്കാർ അദ്ദേഹത്തിന്റെ അലർച്ച കേട്ട് അവിടുന്നു ഓടിച്ചാടി ഉരുണ്ടു പിരണ്ട് വീണ് കുട്ടിക്കരണം മറിഞ്ഞു വന്നപ്പോൾ കള്ളൻ ഉയിരും കൊണ്ട് ഓടി..ഇത്തവണയും സ്വാഹാ. എല്ലാരും നിരാശരായി നിന്നു.
"സർ കൂവണ്ടായിരുന്നു. മിണ്ടാതെ വന്നു ഞങ്ങളെ സാവകാശം ഒന്ന് അറിയിച്ചാൽ പോരായിരുന്നോ?"
എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്ന അതേ ചോദ്യം ചോദിച്ചു കാവൽക്കാർ പോയി. പിന്നെ ഏറെ ശല്യം ഉണ്ടായില്ല. പിന്നീട് HNL ജോലി ഉള്ള ഒരു ഓഫീസർ തന്നെ വളരെ ബുദ്ധിപരമായി ആ കള്ളനെ പിടി കൂടി. "സാംബശിവന്റെ വീട്ടിൽ ചെന്നിരുന്നത് നീ അല്ലേ "എന്ന ചോദ്യത്തിന് അതേ എന്ന് ഉത്തരം കിട്ടിയതോടെ അവൻ തന്നെ ഇവൻ എന്ന് ഉറപ്പിച്ചു. അനന്തര നടപടികൾ സ്റ്റേഷനിൽ തീർത്തു.
അന്ന് കള്ളൻ മുറ്റത്തുണ്ടെന്നു ബോധ്യം വന്നതോടെ അകത്തെ ലൈറ്റ് ഓഫ് ചെയ്തു ആ ബുദ്ധിമാനായ ആൾ കാത്തു നിന്നു. ലൈറ്റ് അകത്തു ഓഫ് ആയി എന്നറിഞ്ഞു അവൻ പതിയെ പുറത്ത് വന്നു. ആ തക്കത്തിനു ആൾ അവനെ ഓടിച്ചിട്ടു പിടി കൂടാൻ ശ്രമിച്ചു. അപ്പോൾ കിട്ടിയില്ല എങ്കിലും നെറ്റിയിൽ ടോർച്ച് കൊണ്ടു ഒന്ന് കൊടുത്ത അടയാളം ഉണ്ടായിരുന്നതിനാലും ആളെ ഏകദേശം മനസ്സിലായതിനാലും പിറ്റേന്ന് വീട്ടിൽ ചെന്നു ആളെ പിടി കൂടി. അങ്ങനെ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
പിന്നെ അന്നത്തെ ചെറുപ്പകാലത്തെ bed റൂമിലെ മോഹവിലാസങ്ങൾ ആവേശങ്ങൾ ഒക്കെ പതുങ്ങി നിന്നു വീക്ഷിക്കാൻ അവൻ നടന്നിരുന്നത് അവൾ ഇവിടെ ഉണ്ടായിരുന്നതിനാൽ ആകും ഞങ്ങൾ അറിഞ്ഞത്. ചിലപ്പോൾ ജനലിൽ കയറിയ നേരത്ത് ഞാൻ കണ്ടതിനാലും അറിഞ്ഞേനെ... ഏതായാലും കള്ളനെ കൊണ്ടു വന്നു അവൻ കയറിയ വഴി ഒക്കെ പോലീസ് ചോദിച്ചപ്പോൾ ഞങ്ങൾ KNERC യിൽ അരവിന്ദന്റെ "ഒരിടത്ത് " എന്ന ഫിലിം മാറ്റിനി കാണാൻ പോയിരുന്നു. അന്ന് ഒരു രൂപ ടിക്കറ്റിൽ ക്ലബ്ബിൽ തിയേറ്ററിൽ കാണും പോലെ സിനിമ കണ്ട കാലം പോയ വസന്തം. ഇനിയില്ലാപ്പൂക്കാലം....അന്ന് കള്ളനെ കൊണ്ടു വരുമ്പോൾ അദ്ദേഹം മാത്രം ഇവിടെ ഉണ്ടായിരുന്നുള്ളു. കള്ളനെ നേരിൽ കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല..
ഇപ്പോൾ അദ്ദേഹം ഇവിടില്ല... ബെഡ് റൂമിൽ തണുത്തുറഞ്ഞ ഒരു മഞ്ഞുകാലം ഉരുകാത്ത ഹിമനദി പോലെ ... ജാലകങ്ങൾ വാതിലുകൾ എല്ലാം ഒന്നൊന്നായി ചേർന്നടഞ്ഞിരിക്കുന്നു. അവിടെ മൗനം കൂടു കൂട്ടിയിരിക്കുന്നു. മറകൾക്കും മതിലുകൾക്കും അപ്പുറം മനുഷ്യർ അപരിചിതർ ആകുന്ന ഒരു കാലം ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു..
കുറുവാ സംഘത്തെ പിടികൂടാൻ ഒത്തൊരുമയോടെ ഇന്നലെ ഇറങ്ങിയ നാട്ടിലെ പ്രിയപ്പെട്ട യുവാക്കൾക്ക് നന്ദി സ്നേഹം... അവർക്കായി ഈ ഓർമ്മ പകുത്തു നൽകുന്നു..പേമാരിയും പ്രളയവും ഭൂകമ്പങ്ങളും മാത്രമല്ല കുറുവാ സംഘവും മനുഷ്യരെ ഒത്തൊരുമിപ്പിക്കാൻ പ്രേരണയായി മാറിയിരിക്കുന്നു..