പ്രിയപ്പെട്ട നിനക്ക്, വിശേഷങ്ങൾ ഒന്നൊന്നായി പറയാൻ മാത്രം അകലെ ആയിരുന്നില്ലല്ലോ ഞാനും നീയും. എങ്കിലും നിന്നോട് മാത്രമായ് എനിക്ക് ചിലതെല്ലാം ചോദിക്കുവാനുണ്ട്. ഇനിയും ഒരകലം നമുക്കിടയിൽ ആവശ്യമുണ്ടോ. എന്തുകൊണ്ടാണ് എപ്പോഴും നീ എന്നിൽ നിന്ന് മറഞ്ഞു നിൽക്കുന്നത്. ഏകാന്തമായ ഓരോ രാത്രിയിലും ഞാൻ നിനക്കായ് കുറിച്ച് വയ്ക്കുന്ന വരികൾ ആണിത്. 'പ്രിയപ്പെട്ട നിനക്ക്..... നിനക്കറിയാമോ നിന്നെ ഞാൻ എത്ര മാത്രം കാത്തിരിക്കുന്നു എന്ന് '
ഇന്ന് ഞാനും നീയും വളരെ കാലമായി കാത്തിരുന്ന ദിവസമാണ്. നിന്റെ വിധിയാണെന്ന് പറഞ്ഞു എത്ര യെത്ര കൈകളിലേക്കാണ് നീയെന്നെ എറിഞ്ഞു കൊടുത്തത്. എപ്പോഴും നിന്നെ ഞാൻ അനുസരിച്ചിരുന്നു. നിന്റെ നിസംഗത, നിന്റെ മൗനം, നിന്റെ ഗർജ്ജനം, നിന്റെ സ്നേഹം അങ്ങനെ നിന്റെ ഓരോ വികാരവും എനിക്ക് മനസിലാക്കുവാൻ കഴിയും. ഞാൻ നിനക്കൊരു നിമിഷ ബന്ധം മാത്രം ആയിരിക്കാം. എങ്കിലും നീ എനിക്ക് പ്രിയപ്പെട്ടതാണ്.ഞാൻ ചോദിക്കട്ടെ, വിശപ്പടക്കാൻ നീ എനിക്കെപ്പോഴും വഴിയരികിലെ എച്ചിലുകൾ മാത്രം കാട്ടി തന്നതെന്തിനാണ്? എന്തുകൊണ്ടാണ് ബലമുള്ള കൈകളുടെ സംരക്ഷണം നീ എന്നിൽ നിന്ന് അടർത്തി മാറ്റിയത്? എന്തുകൊണ്ടാണ് ആത്മാർത്ഥ മായ എന്റെ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാൻ നീ അവനോട് പറഞ്ഞത്?
എന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ എല്ലാം ചുട്ട് ഭസ്മമാക്കി എന്നെ അണിയിച്ചു ആരുടെയോ കൈപിടിച്ച് എന്നെ യാത്ര യാക്കിയത് എന്തിനാണ്?
നിനക്ക് മടുപ്പ് തോന്നുന്നുണ്ടോ? എങ്കിലും നിന്നോടല്ലാതെ ആരോടാണ് ഞാനിതെല്ലാം ചോദിക്കുക. എന്തിനാണ്വളരെ ആനന്ദത്തോടെ നീ എന്റെ സിന്ദൂരചെപ്പ് ആകാശത്തേക്ക് എറിഞ്ഞത്. നിന്റെ യൊപ്പം ഞാനും പങ്കുചേർന്നു . വശ്യമായ ആ ചുവന്ന സന്ധ്യയെ മറക്കാൻ എങ്ങനെ യാണ് കഴിയുക. നോക്കിനിൽക്കെ പതിയെ നീയും സന്ധ്യ യും എന്നിൽ നിന്ന് മറഞ്ഞു ഇരുട്ട് മാത്രം. ആ ഇരുട്ടിൽ എന്തിനാണ് മുറുകെ പിടിക്കുന്ന കുഞ്ഞു വിരലുകൾ എന്നെ ഏൽപ്പിച്ചു നീ ദൂരേക്ക് മറഞ്ഞത്.
ആദ്യമായി സ്നേഹം നൽകുന്ന നോവ് ഞാൻ അറിഞ്ഞു. സ്നേഹത്തിന്റെ മധുരംഇപ്പോഴും എന്റെ യുള്ളിൽ നിറയുന്നു. അതും നീ കാരണമല്ലേ.
വളരെ ഏറെ നിന്നോട് ഞാൻ പറഞ്ഞു. നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനും വളരെ കാലമായി ഈ മുറി ഒഴിയാൻ കാത്തിരിക്കുന്നു . ബന്ധങ്ങളുടെ അല്ല ബന്ധന ങ്ങളുടെ ചരട് മുറിക്കാൻ ഇന്നും ഞാൻ അശക്ത യാണ്. അതിനാൽ തന്നെ ഒരപ്പൂപ്പൻ താടി പറത്തുന്ന മൃദുലത യോടെ നീ എന്നെ കൊണ്ട് പോവുക. തിരിച്ചു വരവുണ്ടാകാത്തിടത്തോളം ആരോടും യാത്ര പറയേണ്ടതില്ലല്ലോ..? ഇപ്പോഴെങ്കിലും സ്നേഹത്തോടെ നിനക്കെന്നെ ക്ഷണിച്ചു കൂടെ?
"വരൂ.. പോകാം... "