പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം. 1653 ലെ വേനൽക്കാലം. തിരുവിതാം കൂറിലെയും കൊച്ചിയിലെയും മലബാറിലെയും ക്രിസ്ത്യൻ പള്ളികളിൽ രഹസ്യ യോഗങ്ങൾ നടക്കുകയാണ്. അന്നത്തെ ക്രൈസ്തവ സഭയുടെ ഭരണാധികാരിയായിരുന്ന ബഹുമാന്യനായ തോമസ് ആർക്കദിയോക്കോന്റെ അറിയിപ്പ് പ്രകാരമാണ് യോഗങ്ങൾ. മദ്രാസിലെ മൈലാപ്പൂരിലെ തോമാ ശ്ലീഹായുടെ പള്ളിയിൽ സന്ദർശനം നടത്തിയിരുന്ന കുറവിലങ്ങാട്ടും ചെങ്ങന്നൂരും നിന്നുള്ള രണ്ട് ശെമ്മാശന്മാർ അവരുടെ സന്ദർശന പരിപാടികൾ പെട്ടന്നവസാനിപ്പിച്ച് ഓടിപ്പിടഞ്ഞെത്തി കൊണ്ട് വന്നിട്ടുള്ള ഒരു സുറിയാനി തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് ആർക്കിദിയോക്കോൻ നിർദ്ദേശിച്ചിട്ടുള്ള ഈ യോഗങ്ങൾ.
അവിടെ മൈലാപ്പൂരിലെ തോമാ ശ്ലീഹായുടെ പള്ളിയിലെ ഒരു രഹസ്യ മുറിയിൽ തടവിലാക്കപ്പെട്ട നിലയിൽ ശീമയിൽ (ഇപ്പോഴത്തെ സിറിയ) നിന്നുള്ള മാർ അഹത്തുള്ള എന്ന പിതാവിനെ തങ്ങൾ കണ്ടുമുട്ടിയെന്നും, മലങ്കരയിലേക്കുള്ള യാത്രയ്ക്കിടയിൽ ഗുജറാത്തിലെ സൂറത്തിൽ വച്ച് ഗോവയിലെ പോർച്ചുഗീസ് ഭരണാധികാരിയുടെ (ഇൻക്വിസിറ്റർ ജനറൽ ) പടയാളികളാൽ പിടിക്കപ്പെട്ടുവെന്നും, കര മാർഗ്ഗം മൈലാപ്പൂരിൽ എത്തിച്ച് അവിടെ തോമാ ശ്ലീഹായുടെ പള്ളിയിലെ ഒരു കുടൂസ് മുറിയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് കത്തിലെ അറിയിപ്പ്.
തന്നെ ഇവിടെ നിന്ന് കപ്പലിൽ കൊച്ചി വഴി ഗോവയിലേക്ക് കൊണ്ട് പോകുമെന്നും മകരം രണ്ടാം തീയ്യതി വ്യാഴാഴ്ച രാത്രി കപ്പൽ കൊച്ചിയിൽ എത്തുമ്പോൾ കഴിയുമെങ്കിൽ വിശ്വാസികൾ കൂട്ടമായി എത്തി കൊച്ചിയിൽ വച്ച് തന്നെ മോചിപ്പിക്കണമെന്നും, മോചിപ്പിക്കപ്പെടുകയാണെങ്കിൽ തോമസ് അർക്കിദിയോക്കോനെ മെത്രാനായി വാഴിച്ചു കൊള്ളാമെന്നും, അഥവാ രക്ഷപ്പെടുന്നില്ലെങ്കിൽ കൈവെപ്പ് (മറ്റുള്ളവരെ വാഴിക്കാനുള്ള അധികാരം) ഒഴികെയുള്ള അധികാരങ്ങളോടെ തോമസ് അർക്കിദിയോക്കോനെ മെത്രാനായി വഴിച്ചിരിക്കുന്നുവെന്നും കൂടി ആ കത്തിലുണ്ടായിരുന്നു.
തോമാ ശ്ലീഹ ഇന്ത്യയിൽ എത്തി ക്രിസ്തുമതം പ്രചരിപ്പിച്ചു എന്നതിന് തെളിവുകൾ ഇല്ലെന്നു ചിലർ വാദിക്കുന്നുണ്ട് എന്നതിനാലും, ഏ. ഡി.52 എന്ന കാലത് തോമാ ശ്ലീഹയ്ക്കു നൂറിന്റെ അടുത്ത് പ്രായമുണ്ടാവാൻ ഇടയുണ്ട് എന്നതിനാലും ചില സംശയങ്ങൾ ഉരുത്തിരിയുന്നുണ്ടെങ്കിലും എങ്ങിനെയോ ക്രിസ്തുമതം ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ എത്തിയിരുന്നു എന്നുകാണാം. സംഭവം നടക്കുന്ന കാലത്ത് ഇന്നത്തേത് പോലെ പല വിഭാഗങ്ങൾ ഇല്ലാതിരുന്നതിന്നാലും കേട്ടറിഞ്ഞ ക്രിസ്ത്യൻ വിശ്വാസ രീതികൾ പിന്തുടർന്നിരുന്നതിനാലും നസ്രാണികൾ (നസ്രായന്റെ ആളുകൾ ) എന്ന ഒറ്റക്കുടക്കീഴിലാണ് അക്കാലത്തു ക്രിസ്ത്യാനികൾ കഴിഞ്ഞിരുന്നത്.
കൈവയ്പ്പ് എന്നറിയപ്പെടുന്ന ആചാരപരമായ ആത്മീയ അധികാര കൈമാറ്റം അക്കാലത്തു സുഗമമല്ലായിരുന്നു എന്നതിനാലാവണം സഭാ ഭരണത്തിനുള്ള അഡ്മിനിസ്ട്രേറ്ററുടെ സ്ഥാനപ്പേരായിരുന്നു അർക്കിദിയോക്കോൻ എന്നത്. തന്റെ മുന്ഗാമിയായിരുന്ന ഗീവറുഗീസ് അർക്കിദിയോക്കോൻ 1637 ൽ മരണമടഞ്ഞതോടെയാണ് തോമസ് അർക്കിദിയോക്കോൻ ആ സ്ഥാനത്തു വരുന്നത്.
കച്ചവടക്കപ്പലുകളിൽ ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാർ ഇതിനകം ഗോവ ഉൾപ്പടെയുള്ള പല പ്രദേശങ്ങളിലും അധികാരം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പരസ്പ്പരം പാര പണിതിരുന്ന നാട്ടു രാജാക്കന്മാർക്ക് നല്ല ഗാലിപ്പുകയില സമ്മാനമായി നല്കികൊണ്ടു പോലും ഇവർ അധികാര സ്ഥാനങ്ങൾ പിടിച്ചെടുത്തു. മഹാ രാജാവിന്റെ നായർ പടയാളികൾ വെളിച്ചപ്പാടിനെപ്പോലെ വാളും പിടിച്ചും, വാളിനേക്കാൾ വലിയ മീശ പിരിച്ചും നടക്കുമ്പോൾ, ആ വാളുകൾക്ക് എതിരാളികളെ വെട്ടിക്കൊല്ലണമെങ്കിൽ അയാളുടെ അഞ്ചടി വരെ അടുത്തേക്ക് ചെല്ലണമായിരുന്നു എന്നിരിക്കെ വിളിപ്പാടകലെ നിന്ന് പോലും എതിരാളിയുടെ നെഞ്ചിലേക്ക് ഇരിമ്പുണ്ട പായിച്ച് അയാളെ വകവരുത്താവുന്ന ഒരു പ്രത്യേക കുഴൽ പൊച്ചുഗീസുകാരുടെ കയ്യിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട് തന്നെ നല്ല ഉൾഭയത്തോടു കൂടിയാവാം തങ്ങളുടെ കണ്ണായ സ്ഥലങ്ങളിൽ കോട്ടകൾ കെട്ടുവാനും അവിടെ കച്ചവടം എന്നപേരിൽ അർമ്മാദിക്കുവാനും പല രാജാക്കന്മാരും പറങ്കികളെ അനുവദിച്ചത് എന്ന് കരുതാവുന്നതാണ്.
അങ്ങിനെ നമ്മുടെ കൊച്ചിയിലും പറങ്കിക്കോട്ടകൾ ഉയരുകയും 300 പടയാളികൾ അവിടെ ആ വെടിക്കുഴലും പിടിച്ചു കാവൽ നിൽക്കുകയും ചെയ്തിരുന്നു. മാത്രമല്ലാ, പറങ്കി അധികാരികളും കൊച്ചീ രാജാവുമായി നല്ല വാടാപോടാ ബന്ധത്തിൽ ആയിരുന്നു താനും. അത് കൊണ്ടായിരുന്നു മൈലാപ്പൂയറിൽ നിന്ന് വരുന്ന കപ്പൽ അറബിക്കടലിലൂടെ നേരെ ഗോവയ്ക്ക് പോകേണ്ടതിനു പകരം കൊച്ചിയിൽ അടുപ്പിക്കുന്നതും അവിടുത്തെ അർമ്മാദിക്കലുകളിൽ പങ്കു ചേരുന്നതും.
ഈയൊരു സാഹചര്യത്തിലാണ് കൊച്ചിയിൽ എത്തുന്ന തന്നെ രക്ഷിക്കണം എന്നുള്ള അഹത്തുള്ള ബാവായുടെ അപേക്ഷ പരിഗണിച്ച് മലയാളക്കര ആകെയിലുമുള്ള പള്ളികളിൽ രഹസ്യ യോഗം ചേർന്ന നസ്രാണികൾ കൊച്ചിയിലേക്കു പോകാൻ തീരുമാനമെടുക്കുന്നതും കാൽ നടയായും വില്ലു വണ്ടികളിലും കെട്ടുവള്ളങ്ങളിലുമായി കഷ്ടപ്പെട്ട് സഞ്ചരിച്ച് ഇരുപത്തയ്യായിരം വരുന്ന ജനക്കൂട്ടം മകരം രണ്ടാം തീയ്യതി വ്യാഴാഴ്ച കൊച്ചീക്കോട്ടയിൽ എത്തുന്നതും.
അക്കാലത്തെ സാഹചര്യങ്ങളിൽ ഇത്രയും വലിയ ഒരു ജനക്കൂട്ടം ഒരുമിച്ചെത്തിയത് എല്ലാവരെയും ഭയപ്പെടുത്തി. പ്രത്യേകിച്ച് പറങ്കിപ്പടയാളികളെ. അവർ തങ്ങളുടെ കെട്ടും ഭാണ്ഡവുമായി കോട്ട ഉപേക്ഷിച്ച് കൊച്ചീ രാജാവിനെഅഭയം പ്രാപിച്ചു. വിവരമറിഞ്ഞ് ഇങ്കിസിറ്റർ ഉൾപ്പടെയുള്ള പോർച്ചുഗീസ് അധികാരികളും കൊട്ടാരത്തിലെത്തി.
രാത്രിയായപ്പോൾ കപ്പൽ കൊച്ചിയിൽ എത്തി. തോമസ് അർക്കിദിയോക്കോൻ നയിക്കുന്ന ജനക്കൂട്ടം തങ്ങളുടെ ആത്മീയ പിതാവിനെ മോചിപ്പിച്ചു തങ്ങൾക്കു വിട്ടു തരണം ‘ എന്ന ആവശ്യം കൊച്ചീരാജാവിനെ ഉണർത്തിച്ചു. ക്രിസ്ത്യാനികളുടെ ആചാര്യനായ ഈ മഹർഷിയെ അവർക്കു വിട്ടു കൊടുത്ത് കൂടെ ? എന്ന രാജാവിന്റെ തിരുവായ്മൊഴി പോർച്ചുഗീസ് അധികാരികൾ ഗൗനിച്ചതേയില്ല. എന്നെങ്കിലും അവരിൽ നിന്ന് ഗാലി പുകയില സ്വീകരിച്ചിരിക്കാം എന്നതിനാലും പഹയന്മാരുടെ കയ്യിൽ ഉണ്ടക്കുഴൽ ഉണ്ടെന്നതിനാലുമാകാം മഹാ രാജാവ് പിന്നെ മിണ്ടിയില്ല. വാളിനേക്കാൾ വലിയ മീശ പിരിച്ചു നിന്ന രാജ കിങ്കരന്മാരുടെ മുന്നിൽ വായ തുറക്കാനാവാതെപോയ ജനക്കൂട്ടം നിശബ്ദ തേങ്ങലുകളുമായി തങ്ങളുടെ രാജാവ് തങ്ങൾക്കു വേണ്ടി നിൽക്കും എന്നപ്രതീക്ഷയോടെ കാത്തു നിന്നു.
ഇനിയും ഈ ശീമക്കാരനെ ജീവനോടെ വച്ചിരുന്നാൽ സംഗതി കൂടുതൽ വഷളാവും എന്ന് തിരിച്ചറിഞ്ഞ പറങ്കികൾ മലങ്കരയിൽ സത്യവിശ്വാസം പഠിപ്പിക്കാനായി സാഹസികമായി ഇറങ്ങിത്തിരിച്ച ആ പിതാവിനെ കപ്പലിലുണ്ടായിരുന്ന ഒരു വലിയ കല്ല് (അമ്മിയാകാം) കഴുത്തിൽ കെട്ടിത്തൂക്കി കൊച്ചീക്കായലിന്റെ അഗാധആഴങ്ങളിലേക്ക് താഴ്ത്തിക്കളഞ്ഞു.
1653 മകരം മൂന്നാം തീയതി വെള്ളിയാഴ്ച പുലർന്നു. കൊച്ചീ രാജാവിന്റെ കുതിരപ്പടയുടെ കുളമ്പടികളിലും പറങ്കിപ്പടയാളികൾ തോളിലേന്തിയ വെടിക്കുഴലുകളുടെ ഭീഷണികളിലും മരവിച്ചു നിന്ന പ്രഭാതം. ഇരുപത്തയ്യായിരം മനുഷ്യർ ഒരുമിച്ചെത്തി ആവശ്യപ്പെട്ടിട്ടും രക്ഷിച്ചെടുക്കാനാവാതെ കഴുത്തിൽ കെട്ടിത്തൂക്കിയ കല്ലുമായി കൊച്ചീക്കായലിന്റെ ആഴങ്ങളിൽ ആണ്ടുപോയ തങ്ങളുടെ പ്രിയ പിതാവിന്റെ ഓർമ്മകളിൽ തേങ്ങിക്കരഞ്ഞ ആ ജനക്കൂട്ടത്തിന്റെ ശബ്ദം കായൽക്കാറ്റിൽ അലിഞ്ഞലിഞ്ഞ് ക്രമേണ ഇല്ലാതായി. അക്കൂട്ടത്തിൽ കത്തോലിക്കർ ഒഴികെയുള്ള സർവ്വ സഭകളിലെയും ഇന്നത്തെ അംഗങ്ങളുടെ പ്രപിതാമഹന്മാർ ഉണ്ടായിരുന്നു.
രാജാധികാരത്തിന്റെ ചോരവാൾ വീശി പടയാളികൾ അവരെ ആട്ടിയോടിച്ചു. പടയാളികളികളിൽ നിന്ന് പിന്തിരിഞ്ഞോടിയോടി അവർ മട്ടാഞ്ചേരിയിലെ വലിയ കൽക്കുരിശിന് കീഴിൽ വീണ്ടും ഒത്തുകൂടി. തിരസ്‌ക്കാരത്തിന്റെ തീരാ വേദന എന്തെന്ന് അവർ അനുഭവിച്ചറിഞ്ഞു. ആ വേദന ഒരു പ്രതിഷേധമായി അവരിൽ ആളിക്കത്തിയെങ്കിലും അവർക്കു ശബ്ദമുണ്ടായിരുന്നില്ല. തിരുവായ്ക്കു എതിർ വായില്ലാത്ത അന്നത്തെ സാമൂഹ്യാവസ്ഥയിൽ ശബ്ദിക്കുന്നവന്റെ തല നിലത്തുരുളും എന്നറിയാവുന്നതു കൊണ്ടായിരിക്കണം അവർക്കു ശബ്ദമില്ലാതെ പോയത്.
എങ്കിലും അവർക്ക് അടങ്ങിയിരിക്കാനായില്ല. നിസ്സഹായരുടെ നിലവിളി പോലെ മട്ടാഞ്ചേരിയിലെ ആ വലിയ കൽക്കുരിശിൽ നിന്ന് നാല് ഭാഗത്തേക്കും അവർ വലിയ വടങ്ങൾ (ആലാത്തുകൾ എന്ന് അന്നത്തെ നാമം) വലിച്ചു കെട്ടി. ആ വടങ്ങളിൽ അമർത്തിപ്പിടിച്ചു കൊണ്ട് ആ മനുഷ്യ മഹാ സമുദ്രം തോമസ് അർക്കിദിയാക്കോൻ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഇങ്ങനെ ഏറ്റ് ചൊല്ലി: “ ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഉള്ള കാലത്തോളം ഞങ്ങൾ റോമൻ പാപ്പയെ അംഗീകരിക്കില്ല. ഞങ്ങളുടെ ആത്മീയ പിതാവ് അന്ത്യോക്യയിൽ വാണരുളുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് പാത്രിയര്കീസ് ആയിരിക്കും. ഇത് സത്യം, ഇത് സത്യം, ഇത് സത്യം.“
ഈ കൂട്ടത്തിൽ കത്തിലിക്കർ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞുവല്ലോ. അവർ റോമൻ പാപ്പയെ ആത്മീയപിതാവായി അംഗീകരിച്ചു കൊണ്ട് മുന്നമേ വേർ തിരിഞ്ഞു നിന്നിരുന്നു. അത് കൊണ്ട് തന്നെ റോമൻ സഭയുടെ രഹസ്യ അംബാസഡർമാരായി പ്രവർത്തിച്ചിരുന്ന പോർച്ചുഗീസുകാരിൽ നിന്ന് അംഗീകാരവും ആനുകൂല്യങ്ങളും അനുഭവിച്ചിരുന്നു. റോമൻ സഭയിൽ ആളെ ചേർക്കുന്നതിനുള്ള പോർച്ചുഗീസുകാരുടെ കുതന്ത്രങ്ങളുടെ അവസാനമായിട്ടാണ് മട്ടാഞ്ചേരിയിലെ വലിയ കൽക്കുരിശിൽ നിന്ന് നാല് ഭാഗത്തേക്കും വലിച്ചു കെട്ടിയ ആലാത്തുകളിൽ മുറുകെപ്പിടിച്ചു നിന്ന ജനക്കൂട്ടത്തിന്റെ കൂട്ടക്കരച്ചിൽ ഈ പ്രതിജ്ഞയായി രൂപം പ്രാപിച്ചത്-ഇതാണ് ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശ് സത്യം സംഭവിക്കാനുണ്ടായ സാഹചര്യങ്ങൾ.
കൈവയ്പ്പ് എന്ന പരമ്പരാഗത ആത്മീക അധികാരം തോമസ് അർക്കിഡിയോകോനും ഉണ്ടായിരുന്നില്ല. എന്നാൽ അഹത്തുള്ളാ ബാവായുടെ കത്തിലെ നിർദ്ദേശാനുസരണം ആലങ്ങാട്ടു പള്ളിയിൽ വച്ച് പന്ത്രണ്ടു പട്ടക്കാർ ചേർന്ന് അദ്ദേഹത്ത തങ്ങളുടെ മെത്രാനായി അംഗീകരിച്ചു. ഈ സംഭവങ്ങൾക്കു ശേഷം പതിനൊന്ന്വർഷങ്ങൾക്കു ശേഷം അന്നത്തെ അന്ത്യോക്യൻ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് ഇരുപത്തിമൂന്നാമനാൽ നിയോഗിച്ച് അയക്കപ്പെട്ട മാർ ഗ്രീഗോറിയോസ് എന്ന പിതാവ് മലങ്കരയിൽ എത്തി ആധ്യാത്മിക അധികാര പ്രകാരമുള്ള കൈവയ്പ്പ് നല്കിയിട്ടാണ് തോമസ് അർക്കിദിയോക്കോൻ മുതൽ ഇന്നുവരെയുള്ള സകല മേല്പട്ടക്കാരും തങ്ങളുടെ തൊപ്പിയും കുപ്പായവുമായി അരമനകളിൽ വാണരുളുന്നത്.
പിൽക്കാല സാഹചര്യങ്ങളിൽ തെറ്റിപ്പിരിഞ്ഞ അനേകം വേർഷനുകൾ മലങ്കര നസ്രാണികൾക്കു സംഭവിച്ചു. മാർത്തോമ്മാ സഭ മുതൽ ഡസൻ കണക്കായ പ്രോട്ടസ്റ്റൻറ് സഭകൾ വരെ ഇപ്രകാരം തെറ്റിപ്പിരിഞ്ഞ് പരിണമിച്ചുണ്ടായതാണ്. എല്ലാവർക്കും അവരവരുടെ സ്വാതന്ത്ര്യം അംഗീകരിക്കുമ്പോളും നിങ്ങളുടെയെല്ലാം പ്രപിതാമഹന്മാർ ചേർന്ന് ആലത്തിൽ പിടിച്ചു കരഞ്ഞു വിളിച്ച് നിങ്ങൾക്കും കൂടി വേണ്ടി അന്നെടുത്ത ആ സത്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. ഇല്ലെങ്കിൽ നിങ്ങൾ പിതാക്കന്മാരെ അംഗീകരിക്കാത്തവരാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്തുവാൻ നിങ്ങളുടെ കയ്യിൽ എന്ത്ന്യായങ്ങൾ ആണുള്ളത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു ?
തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ‘ ദി ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ ‘ എന്ന ആധികാരിക ചരിത്ര പുസ്തകത്തിലെ 162 മുതലുള്ള പേജുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളെ അധികരിച്ചിട്ടാണ് ഇവിടെ പറഞ്ഞിട്ടുള്ള ചരിത സംഭവങ്ങളെ വിലയിരുത്തിയിട്ടുള്ളത് എന്ന് വിനയ പൂർവംഅറിയിച്ചു കൊള്ളുന്നു.