Image

ചിത്രം - ഒന്നു മുതൽ പൂജ്യം വരെ (എന്റെ പാട്ടോർമകകൾ - 15: അമ്പിളി കൃഷ്ണകുമാര്‍)

Published on 24 November, 2024
ചിത്രം - ഒന്നു മുതൽ പൂജ്യം വരെ (എന്റെ പാട്ടോർമകകൾ - 15: അമ്പിളി കൃഷ്ണകുമാര്‍)

ആത്യന്തികമായി ഭൂമിയിൽ ഒറ്റ വികാരമേയുളളൂ . അതു സ്നേഹമാണ് . സ്നേഹം മാത്രം . പ്രണയമായും  വിരഹമായും  വേദനയായും  താരാട്ടുകളായുമൊക്കെ അതിങ്ങനെ പെയ്തിറങ്ങുന്നു .
അത്തരത്തിലുള്ള ഒരു താരാട്ടുപാട്ടുണ്ട് .

1986-ൽ  രഘുനാഥ് പലേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിലെ

"രാരീ രാരിരം രാരോ ..."

എന്നു തുടങ്ങുന്ന ഗാനം .

മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടു പാട്ടുകളിൽ ഒന്ന് . എപ്പോൾ ഈ പാട്ട്  കേട്ടാലും മനസ്സിലൊരു വിങ്ങലാണ് . വരികളുടെ ശക്തിയിൽ മുഴുകിപ്പോകുന്ന അവസ്ഥ . ഒ.എൻ വി യുടെ അസാധാരണ രചനാ പാടവം . മലയാള സംഗീത ലോകത്തിന് ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഈണങ്ങളുടെ തമ്പുരാൻ  'മോഹൻ സിത്താര ' യുടെ ആദ്യകാല ഈണങ്ങളിലൊന്ന് .  

ഭാവഗായകൻ ശ്രീ വേണുഗോപാലിന്റെ മന്ത്ര മധുരമായൊരു താരാട്ടുപാട്ട് . അദ്ദേഹത്തിന്റെ മൃദുസ്വരത്തിൽ അലിഞ്ഞിറങ്ങുന്ന മിഠായി പോലെ .

പൂമിഴികൾ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി ..
സ്വപ്നങ്ങൾ പൂവിടും പോലെ...

ഇന്നലെ രാത്രി അപ്രതീക്ഷിതമായി ഈ ഗാനം കേട്ടപ്പോൾ അറിയാതെ  കണ്ണു നിറഞ്ഞു പോയി . അതിനു കാരണം , എന്റെ മോൾ ജനിച്ച സമയം മുതൽ മൊബൈലിൽ ഈ പാട്ടു കേൾപ്പിച്ചായിരുന്നു ഉറക്കിയിരുന്നത്. ഇന്നവളുടെ പതിനൊന്നാം പിറനാളായിരുന്നു !

പാട്ടുപാടിയുറക്കാൻ ഞാൻ പാട്ടുപാടാനറിയുന്ന അമ്മയല്ല  എന്നതിനാൽ , മൊബൈലിൽ കേൾക്കുന്ന പാട്ടിനൊപ്പം ഞാനും ചുണ്ടനക്കുകയും മൂളി അനുകരിക്കുകയും ചെയ്യുമായിരുന്നു . മുംബൈയിലെ അടച്ചിട്ട ഫ്ലാറ്റിനുള്ളിൽ , ഏട്ടൻ ഓഫീസിൽ പോയിക്കഴിഞ്ഞാൽ , ഞാനും മൂന്നു മാസം പ്രായമായ കുഞ്ഞുമോളും മാത്രം . അതിനാൽ വേറെ ആരും കേൾക്കാനില്ലെന്ന ധൈര്യത്തിൽ എന്റെ പാട്ട് ചിലപ്പോൾ ഫോൺ ശബ്ദം നിലച്ചാലും തുടരുമായിരുന്നു . പിന്നപ്പിന്നെ , ഫോണിന്റെ സഹായമില്ലാതെ തന്നെ ഏതോ രാഗത്തിൽ പുറത്തു വരാൻ തുടങ്ങി . അമ്മമാർ ഗായികമാരല്ലെങ്കിലും കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ അവർക്കു വേണ്ടി അറിയാതെ പാടിപ്പോകും . താളവും ശ്രുതിയും ടെംബോയുമൊക്കെ അപ്പോൾ എവിടുന്നൊക്കെയോ കയറിവന്നു നിരന്നു നിൽക്കും . കുഞ്ഞുങ്ങൾ അതു കേട്ടുറങ്ങും . അങ്ങനെ ഞാനും വേണുഗോപാലിന്റെയും ചിത്രയുടേയുമൊക്കെ മധുര സ്വരങ്ങൾ എന്റെയായി സങ്കൽപ്പിച്ച എത്രയോ ദിനങ്ങൾ . അന്നത്തെ ആ എന്നോട് എനിക്കു തന്നെ സ്നേഹം തോന്നിയ നിമിഷം ! അതാണീ പാട്ടു കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറയാൻ കാരണം . എന്തൊക്കെയോ വിവിധ തരം വികാരങ്ങൾ ഒരുമിച്ചു വന്നെന്നെ പൊതിഞ്ഞു . എൻ പ്രിയ ഗാനം .

കന്നിപ്പൂമാനം പോറ്റും തിങ്കൾ
ഇന്നെന്റെയുള്ളിൽ വന്നുദിച്ചു പൊന്നോമൽ തിങ്കൾ പോറ്റും മാനം ഇന്നെന്റെ മാറിൽ ചാഞ്ഞുറങ്ങി.. പൂവിൻ കാതിൽ മന്ത്രമോതീ...
പൂങ്കാറ്റായി വന്നതാരോ ...

ഹൃദയത്തിന്റെ ഉള്ളറകളിലെ സ്നേഹവും  വാൽസല്യവും  ആർദ്രതയും എല്ലാം കൂടിച്ചേർന്നൊഴുകിയ ഒരു മന്ത്രമുഗ്ദ ഗാനം . താരാട്ടുപാട്ടുകളുടേയും പ്രണയ ഗാനങ്ങളുടെയും നേർരേഖയിൽ കുടുങ്ങിപ്പോയ ചില ഗാനങ്ങളിലൊന്ന്  ! ഗാനത്തേക്കാൾ മനോഹരം സിനിമയെന്നോ , സിനിമയെക്കാൾ മനോഹരം ഗാനമെന്നോ പറയാൻ പറ്റാത്ത ഒരവസ്ഥ . രണ്ടും ഒന്നിനൊന്നു മെച്ചം . പൂർണ്ണ നഷ്ടതയിലും തനിക്കും കുറച്ചു സ്വപ്നങ്ങളുണ്ടെന്ന് എത്ര മനോഹരമായി നടനവിസ്മയം മോഹൻലാൽ അഭിനയിച്ചു വച്ചിരിക്കുന്നു . ഈ പാട്ട് പലതും നമ്മളെ ഓർമ്മിപ്പിക്കും . ഓർമയിലേക്കു വഴി നടത്തിക്കും .

ആ ഗാനരംഗത്തിൽ മോഹൻലാൽ പാടിയുറക്കുന്ന കൊച്ചു കുട്ടി ഇന്നത്തെ അഭിനേത്രി , സംവിധായിക , ഒക്കെയായ ഗീതു മോഹൻദാസായിരുന്നു എന്ന അറിവും എന്നെ വിസ്മയിപ്പിച്ചു .
__________________

രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ (2) 
പൂമിഴികൾ പൂട്ടി മെല്ലെ..നീയുറങ്ങി ചായുറങ്ങി 
സ്വപ്നങ്ങൾ പൂവിടും പോലേ നീളെ... 
വിണ്ണിൽ വെൺതാരങ്ങൾ..മണ്ണിൽ മന്താരങ്ങൾ 
പൂത്തു വെൺതാരങ്ങൾ..പൂത്തു മന്താരങ്ങൾ 
രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ

കന്നിപ്പൂമാനം പോറ്റും തിങ്കൾ ഇന്നെന്റെയുള്ളിൽ വന്നുദിച്ചു 
പൊന്നോമൽ തിങ്കൾ പോറ്റും മാനം ഇന്നെന്റെ മാറിൽ ചാഞ്ഞുറങ്ങി 
പൂവിൻ കാതിൽ മന്ത്രമോതീ..പൂങ്കാറ്റായി വന്നതാരോ (2) 
ഈ മണ്ണിലും...ആ വിണ്ണിലും എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ....

ഈ മുളം കൂട്ടിൽ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവിൽ (2) 
സ്നേഹത്തിൻ ദാഹവുമായ്‌ നമ്മൾ ശാരോനിൻ തീരത്തിന്നും നിൽപ്പൂ (2) 
ഈ മണ്ണിലും..ആ വിണ്ണിലും എന്നോമൽ കുഞ്ഞിനാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ.....

Read More: https://emalayalee.com/writer/297

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക