Image

പൊൻകുന്നം ദാമോദരൻ ഓർമ്മയായിട്ട് മൂന്നു പതിറ്റാണ്ട് : പ്രസാദ് എണ്ണയ്ക്കാട്

Published on 24 November, 2024
പൊൻകുന്നം ദാമോദരൻ ഓർമ്മയായിട്ട് മൂന്നു പതിറ്റാണ്ട് : പ്രസാദ് എണ്ണയ്ക്കാട്

കവിത, നോവൽ, നാടകം, സാഹിത്യനിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനായ പൊൻകുന്നം ദാമോദരൻ ഓർമ്മയായിട്ട് മൂന്നു പതിറ്റാണ്ട്. കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം.

1915 നവംബർ 25-ന് കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന ഗ്രാമത്തിൽ ജനിച്ചു.

സംസ്കൃതത്തിലും മലയാളത്തിലും വിദ്വാൻ പരീക്ഷയും ആയുർവേദത്തിൽ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് സ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലി നോക്കി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പാർടി പിളർന്നപ്പോൾ സി പി ഐ (എം)- ലും പിന്നീട് സി പി ഐ-ലും പ്രവർത്തിച്ചു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽസജീവമായിരുന്നു.

പ്രശസ്ത എഴുത്തുകാരായ എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണു്.

മലയാള കവിതയിൽ കാല്പനികതയുടെ വസന്തം നിറഞ്ഞുനിന്ന കാലത്താണ് ദാമോദരൻ കവിതാരചന ആരംഭിച്ചത്. തന്റെ കൃതികളിലൂടെ സമകാലിക സാമൂഹിക സമസ്യകൾ ശക്തമായി ആവിഷ്കരിക്കുവാനാണു് പൊൻകുന്നം ദാമോദരൻ ശ്രമിച്ചത്. കാല്പനികതയുടെ വികാരാംശത്തെ മൂർത്ത ജീവിതവുമായി സമന്വയിപ്പിക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു.

കേരളത്തിന്റെ നാടോടിസംസ്കാരത്തിനും ലാവണ്യബോധത്തിനും ഊർജ്ജം നല്കുന്ന ഒട്ടേറെ ഗാനങ്ങളും ഇദ്ദേഹത്തിന്റെ തൂലികയിൽനിന്ന് മലയാളത്തിനു ലഭിച്ചു.

നാടകകൃത്ത് എന്ന നിലയിലും തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. പൗരോഹിത്യത്തിനും യാഥാസ്ഥിതികത്വത്തിനും എതിരെ പോരാടി പുതിയ സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വീറുള്ള മനുഷ്യരുടെ കഥകളാണ് ദാമദോരൻ തന്റെ നാടകങ്ങളിലൂടെ അവതരിപ്പിച്ചത്.

പൊൻകുന്നം ദാമോദരൻ ചെറുകാടിന്റെ "നമ്മളൊന്ന്" എന്ന നാടകത്തിനു വേണ്ടി രചിച്ച 'പച്ചപ്പനം തത്തേ' എന്നഗാനം "നോട്ടം" എന്ന ചിത്രത്തിൽ സംഗീതം മാറ്റി ഉപയോഗിച്ചതു വിവാദമായി.പകർപ്പവകാശലംഘനത്തെ കുറിച്ച് പൊൻകുന്നം ദാമോദരന്റെമകൻ എം.ഡി. ചന്ദ്രമോഹൻ പരാതിപ്പെട്ടിരുന്നു.. മൂലരചനയുടെ സംഗീതം നിർവഹിച്ചിരുന്നതു എം.എസ്‌. ബാബുരാജും ശിവദാസനും ആയിരുന്നു.

മരണാനന്തര ബഹുമതിയായി 'പച്ചപ്പനം തത്തേ' എന്ന ഗാനത്തിനു 2005-ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക