ഇനി ഇന്ത്യയിലേക്ക് വരേണ്ട ആവശ്യമുണ്ടോ . എന്തിന് വേണ്ടി. സ്നേഹിച്ചാലും ഇല്ലെങ്കിലും കാത്തിരിക്കാൻ ഉണ്ടായിരുന്ന അവസാന വ്യക്തിയും മൺമറഞ്ഞു.
കല്ലറയിൽ റോസാപ്പൂക്കൾ വെച്ച് മെഴുകുതിരി കത്തിച്ചു. ചാച്ചൻ നട്ടുവളർത്തിയ പനിനീർ ചെടിയിലെ പൂക്കളായിരുന്നു അവ. ആ തോട്ടത്തിൽ പലതരം പൂക്കൾ വിരിഞ്ഞുനിന്നിരുന്നു.
അമ്മച്ചി അറിഞ്ഞും അറിയാതെയും .
വെറുപ്പ് മാത്രമെ ഉണ്ടായിരുന്നുള്ളൂ .അമ്മച്ചിയുടെ അടക്കി കരച്ചിൽ ഉറക്കം മാത്രമല്ല നഷ്ടപ്പെടുത്തിയത് ഉള്ളിൽ ഉണങ്ങാത്ത മുറിവുകളും പാകി . അതുകൊണ്ടാണോ എന്തോ അവസാന ചുംബനം കൊടുത്തപ്പോഴും ടിഷ്യു പേപ്പറിൻ്റെ മുകളിൽ കൊടുത്തത്
പുരുഷാധിപത്യത്തിൻ്റെ അടിമത്വം അസഹ്യമായിരുന്നു.
എന്തിനാണ് അവസാനമായി തന്നെ ഫോൺ ചെയ്തത് ?.
മാസം കൃത്യമായി ബാങ്കിൽ എത്തുന്നപണത്തിൻ്റെ കാര്യം ഓർമ്മി പ്പിക്കാൻ.
പണം അക്കൗൺഡിൽ എത്താൻ ഒരു ദിവസം വൈകിയാൽ പിന്നൊരു ഫോൺ കോൾ ...
കാശിൻ്റെ കണക്ക് .....
അര മണിക്കൂറോളം നീളും അത് .
കടൽ കടന്നവരെല്ലാം വീട്ടുമുറ്റത്ത് പണത്തിൻ്റെ മരം വച്ചു പിടിപ്പിച്ചിട്ടുണ്ട് എന്നാണ് എല്ലാവരുടെയും ധാരണ. എത്ര കൊടുത്താലും കുറഞ്ഞു പോയെന്ന് പരാധി മാത്രം.
നെഞ്ചിൽ എവിടെയോ ഒരു വേദന . നിർത്താതെ ചോര ഒഴുകുന്ന മുറിവ് പോലെ .
തൻ്റെ ജൻമദേശം തനിക്ക് അന്യമാകാൻ പോകുന്നു.
താനീ രാജ്യക്കാരി അല്ലാതായിട്ട് വർഷങ്ങളായി.
ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് ആരും ആരെയും കാത്തിരിക്കുന്നില്ല. എല്ലാവരും അവനവൻ്റെ ലോകത്ത് മാത്രം ജീവിക്കുന്നു .
മുഖങ്ങളിൽ മാത്രം സ്നേഹം നിറയ്ക്കുന്ന കുറെ മനുഷ്യർ കാലമേറെ കഴിഞ്ഞെങ്കിലും ഈ വെളുത്ത മുഖങ്ങൾക്കു പിന്നിലെ സത്വം ഇന്നും പിടി കിട്ടാറില്ല.
എഡിൻബർഗ്ഗിൽ നഴ്സ് ആയി ജോലി കിട്ടിയപ്പോൾ ജീവിതത്തിൽ വിജയിച്ചവരുടെ ലിസ്റ്റിലാണ് എല്ലാവരും തൻ്റെ പേരു ചേർത്തത് . വിജയിച്ചു എന്നു പറയുന്നതിൽ തെറ്റുമില്ല .
കൂടെ പഠിച്ച മിടുക്കരിൽ പലരും എങ്ങുമെത്താതിരുന്നപ്പോൾ ഉയർന്ന ശമ്പളത്തോടെ കടൽ കടന്നു.
വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ഒന്ന് മാത്രമെ ആഗ്രഹിച്ചിട്ടുള്ളു . ചാച്ചനെ പോലെ ഒരാൾ വേണ്ട. ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകൾ അറിയുന്ന ഒരാൾ ; കുടുംബ ബന്ധങ്ങൾക്ക് വില നൽകുന്ന തൻ്റെ മാത്രമായ ഒരുവൻ .
വിവാഹത്തിന് മുൻപ് പല പ്രാവശ്യം ഫോൺ ചെയ്ത് ഉറപ്പു വരുത്തിയിരുന്നു . സ്വാർത്ഥനായ തൻ്റെ ഏക സഹോദരനെ വച്ച് നോക്കുമ്പോൾ ഇയാൾ വളരെ മെച്ചമാണെന്ന് തോന്നി. അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി എന്തും നൽകാൻ തയാറുള്ള ഒരാൾ കൂടാതെ നല്ല വിദ്യാഭ്യാസവുമുണ്ട്. കൂടുതൽ ഒന്നും ആലോചിച്ചില്ല സമ്മതം മൂളി .
ചില ദോഷങ്ങൾ തലമുറകൾ അനുഭവിക്കും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അയാൾക്ക് ശീമയിലേക്കുള്ള പാലം മാത്രമായിരുന്നു താൻ. അവിടെ എത്തി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായപ്പോൾ മഞ്ഞു മലയിലെ പാമ്പ് സമതലത്തിൻ എത്തിയാലെന്ന പോലെ അയാൾ ഫണം വിടർത്തി .
ചാച്ചനെ മറ്റൊരു രൂപത്തിൻ കാണുന്നതായാണ് തോന്നിയത്.
ഒറ്റപ്പെടൽ ഒരു മോർച്ചറിയിലെ തണുപ്പ് പോലെ ചുറ്റി വരിഞ്ഞു. മനസ്സ് പലപ്പോഴും കൈവിട്ട് പോകുമെന്ന് തോന്നി . പല ദിവസങ്ങളിലും ഇരുട്ടുമുറിയിൽ ജീവിതം തളച്ചിട്ടു. ഡിപ്രഷൻ എന്ന ഓമന പേരിട്ടാണ് ഡോക്ടർമാർ അതിനെ വിളിച്ചത്. ഒന്നിനും കഴിയാത്ത ഒരവസ്ഥ. ഏകാന്തതയുടെ ഒരു മുൾ മുകുടം തലയിൽ വച്ച പോലെ .
മക്കളും അയാളെ മാത്രം പിൻതുണച്ചപ്പോൾ നിരാശയുടെ പടുകുഴിയിലേക്ക് പതിച്ചു. തന്നിലെ കുറ്റങ്ങൾ കണ്ടു പിടിക്കുന്നതിൽ പിതാവിനെ ക്കാൾ വിരുത് ഇപ്പോൾ മക്കൾക്കാണെന്ന് തോന്നുന്നു.
ജീവിതം മഴ കഴിഞ്ഞൊഴുകുന്ന നദി പോലെ കലങ്ങി ഒഴുകി കൊണ്ടിരുന്നു.
അവധി കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിച്ചപ്പോൾ , റും നംമ്പർ 208 ൽ പുതിയ ഒരു പേഷ്യൻ്റിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നു. മെലിഞ്ഞ ഒരു മുപ്പത്തിയഞ്ചു കാരൻ. തീഷ്ണമായ വെള്ളാരം കണ്ണുകൾ ഉള്ള അവൻ, നീണ്ട സ്വർണ്ണ തലമുടി പുറകിൽ വകഞ്ഞ് കെട്ടി വെച്ചിരിക്കുന്നു.
ഡോർ നോക്ക് ചെയ്ത് അകത്തു കടന്നു. അവനുള്ള സിറിഞ്ച് സെറ്റ് ചെയ്യുമ്പോൾ ആ വെള്ളാരം കണ്ണുകൾ തൻ്റെ നേരെ നീളുന്നത് അറിയുന്നുണ്ടായിരുന്നു . മുറി വിട്ടു പോരാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.
"തിയാമോ ബെല്ല"
എന്തു ഭാഷയാണ് ഇവൻ സംസാരിക്കുന്നത്. എന്താണ് ഇവൻ പറഞ്ഞത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ആവോ.
കേസ് സ്റ്റഡി നോക്കിയപ്പോൾ ഇറ്റാലിയനാണ് പേര് ജാൻ ലൂക്ക ഫാസ്സിയോ. ഇംഗ്ലീഷ് അറിയില്ലേ ഇവന് .
മിസ്റ്റർ ജാൻ ലൂക്ക വാട് ഡു യു വാൺഡ് ?
ഉത്തരം ഒരു ചിരി മാത്രം.
മുറിയുടെ വെളിയിൽ ഇറങ്ങിയതും മൊബൈൽ ഫോണിലെ ട്രാൻസ്‌ലേറ്റർ എടുത്തു ചെക്ക് ചെയ്തു.
“തിയാമോ ബെല്ല “ -- സുന്ദരി നിന്നെ ഞാൻ പ്രണയിക്കുന്നു.
ഓ.. പിന്നെ സുന്ദരി . കളിയാക്കിയത് ആയിരിക്കും. ഇവനൊന്നും വേറെ പണിയില്ലേ
മനസ്സിൽ പ്രണയത്തിൻ്റെ മരിച്ചടക്ക് കഴിഞ്ഞിട്ട് വർഷങ്ങളായി . നാല്പതു കളിൽ സ്ത്രീകൾ പൂത്തുലയുമെന്ന് കേട്ടിട്ടുണ്ട്. തനിക്കത് കേട്ട് കേൾവി മാത്രം . പ്രണയിക്കുന്ന മുഖങ്ങൾ അന്യമായിരിക്കുന്നു . ചെറുപ്പത്തിൻ്റ ചോര തിളപ്പു കൊണ്ടുള്ള ഒരു തമാശ . അവൻ്റെ പ്രായത്തിലെ ധാരാളം പെൺകുട്ടികൾ ഉണ്ട് ഒരെണ്ണത്തിനെ കണ്ടു പിടിക്കാൻ പ്രയാസമൊന്നുമില്ല . പിന്നെന്തിന് താൻ.
അല്ലെങ്കിൽ തന്നെ ഇത്രയും ചിന്തിക്കാൻ എന്തുണ്ടായി, ഒന്നുമില്ല.....
പ്രണയം തോന്നുന്ന ഒരാളെയും കണ്ടു കിട്ടിയിട്ടില്ല . അവന് തന്നോടല്ല തനിക്ക് അവനോടാണ് പ്രണയം തോന്നിയിരിക്കുന്നത്. കുളി കഴിഞ്ഞ് കണ്ണാടിയിൽ നോക്കുമ്പോൾ നരച്ച മുടി ധാരാളമുണ്ട്, അശ്രദ്ധ മൂലം മുഖത്തിൻ്റെ ചർമ്മം അനാകർഷകമായിരിക്കുന്നു. ഈ കണ്ണാടിയിൽ കാണുന്നവൾ ആരാണ് ?.
ലിൻ്റാ .....ലിൻ്റാ.....
കോളേജിൻ്റെ ഒരു ഇരുണ്ട കോണിലെ പഞ്ചാര മുക്ക് എന്ന് അറിയപ്പെടുന്ന ലവേഴ്സ് കോർണറിൽ നിന്ന് ഇരു നിറക്കാരൻ ജിനു പലപ്പോഴും വിളിച്ചു. ഒരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല. മഹാ ശല്യമായിട്ടാണ് തോന്നിയിട്ടുള്ളത്.
ഇന്നീ വെള്ളാരം കണ്ണുകളെ എന്തിനു വെറുക്കണം . അഞ്ചോ പത്തോ ദിവസം കഴിഞ്ഞ് ആശുപത്രി കിടക്ക ഉപേക്ഷിച്ചേക്കാവുന്ന ഇയാളെ എന്തിന് അകറ്റണം.
ചാച്ചൻ്റെ ഉദ്യാനത്തിൽ കാണുന്ന തരത്തിലുള്ള ഒരു പനിനീർ പുഷ്പവുമായിട്ടാണ് അടുത്ത ദിവസം ഹോസ്പിറ്റലിൽ പോയത് .
അയാളുടെ മുറിയിൽ പോയപ്പോൾ വെറുതെ അത് കയ്യിൽ കരുതി. കൊടുക്കണം എന്ന് വിചാരിച്ചിരുന്നതല്ല.
പക്ഷേ മുറിയിൽ കടന്നതും അവനത് കടന്നെടുത്തു.
ആ പനിനീർ പൂവിനെ അവൻ താലോലിക്കുന്നത് കണ്ടു കൊണ്ടു തന്നെ അവനുള്ള ഇൻജക്ഷൻ കൊടുത്തു.
ബൈ പറഞ്ഞ് മുറിയിൽ നിന്നു പോരുമ്പോൾ അവൻ വീണ്ടും താൻ കേൾക്കാൻ കൊതിക്കുന്നത് ആവർത്തിച്ചു.
ആശുപത്രി കിടക്ക വിട്ടിട്ടും അവനുമായുള്ള സൗഹൃദം നീണ്ടു പോയി.
പ്രിൻസസ് സ്ട്രീറ്റ് ഗാർഡനിൽ അവനെ ചാരിയിരുന്നപ്പോൾ ലോകത്തിൽ ഏറ്റവും ഭാഗ്യവതി താനാണെന്ന് തോന്നി. ദൂരെ കുന്നിൽ മുകളിൽ എഡിൻബെർഗ്ഗ് കാസ്സിൽ പ്രൗഡിയോടെ നിന്നു.
ഒരിക്കൽ ഭർത്താവിനോട് ഇവിടെ വന്നിരിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അയാൾ കളിയാക്കി ചിരിച്ചു.
മലയാളി അസോസ്സിയേഷൻ പ്രവർത്തനങ്ങളും സുഹൃത്തുക്കളെ സഹായിക്കലും കഴിഞ്ഞ് തന്നെ ശ്രദ്ധിക്കാൻ അയാൾക്കെവിടെ നേരം . താൻ വെറുമൊരു നഴ്സ് , അയാളോ ബുദ്ധിയുള്ള കമ്പ്യൂട്ടർ എൻജിനീയർ. മാസാമാസം കയ്യിലേക്ക് എത്തുന്ന ഡോളറിന് വില കുറവൊന്നും ഇല്ലായിരുന്നു താനും.
"നോക്കു മിസ്സ് ലിൻ്റാ ഞാൻ ഒരു തമാശയ്ക്കാണ് നിങ്ങളെ പ്രേമിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ മടങ്ങി പോകും അവിടെ എൻ്റെ കാമുകി വിവാഹത്തിനായി കാത്തിരിക്കുന്നു." ലൂക്ക പറഞ്ഞു.
"ഓ സാരമില്ല എനിക്കതിൽ പരിഭവമില്ല . എങ്കിലും ഞാൻ കാത്തിരിക്കും വല്ലപ്പോഴും വരു ."
അല്ലെങ്കിലും താനെന്തിന് അവനോടു പരിഭവിക്കണം. താൻ എന്തൊക്കെയോ ആണെന്ന് തോന്നിപ്പിച്ചത് അവനല്ലെ. പാപ ബോധമില്ലാതെ ഒമ്പതാം പ്രമാണം ലംഘിച്ച് അവനോടെപ്പം കഴിഞ്ഞ ദിനരാത്രങ്ങളിലാണ് താൻ ജീവിച്ചിട്ടുള്ളത് .
ആർക്കൊക്കെയോ വേണ്ടി ജീവിച്ചിരുന്ന ജീവിതം ഉപേക്ഷിച്ച് തനിക്കു വേണ്ടി ജീവിക്കാൻ പഠിപ്പിച്ചു തന്ന അവനെ എന്തിനു വെറുക്കണം.
ഇന്ത്യയിലേക്ക് പോകണ്ട എന്ന തീരുമാനം ഉപേക്ഷിച്ചു. ചാച്ചൻ്റെ കല്ലറ പനിനീർ പൂക്കൾ കൊണ്ട് അലംങ്കരിച്ചു. ആ കല്ലറയിൽ ചുംബിച്ചു ടിഷ്യു പേപ്പർ ഇല്ലാതെ....