യാതൊരു തൊഴിലും വരുമാനവും ഇല്ലാതിരുന്ന സമയത്ത് അപ്പൻ എന്നെ ഒരു ദിവസം ഉഴവ് പഠിപ്പിക്കാൻ.കൊണ്ടുപോയി. ഒന്നാം പൊളിയിൽ നിന്ന് രണ്ടാം പൊളിയും, രണ്ടാം പൊളിയിൽ നിന്ന് മൂന്നാം പൊളിയുംഎടുക്കുന്നത് എങ്ങനെയെന്നൊക്കെ അപ്പൻ എന്നെ വിശദമായി പഠിപ്പിച്ചു. അന്ന് ഉച്ചവരെ അപ്പനോടൊപ്പം ഞാൻനിലമുഴുതു. അപ്പൻ വളർത്തിയിരുന്ന രണ്ട് പാവം കാളകളായിരുന്നു എനിക്ക് വേണ്ടി കലപ്പ വലിച്ചിരുന്നത്. കാളകളുടെ സ്പീഡ് കുറഞ്ഞാൽ നല്ല അടി കൊടുത്ത് നടത്തണം എന്നതാണ് രീതി. അതിനായി പാണലിന്റെ ഒരുപിരിച്ചു കെട്ടാൻ വടിയും എന്നെ ഏൽപ്പിച്ചിരുന്നു. പാണൽ എന്ന വഴക്കമുള്ള ചെടിയുടെ കൈവിരൽവണ്ണത്തിലുള്ള ഒരു മൂന്ന് മൂന്നര അടി കമ്പിൽ കൈ പിടിക്കാനുള്ള ഭാഗത്ത് ചില പ്രത്യേക തരം കാട്ടുവള്ളി ഒരുനാടൻ ഡിസൈനിൽ പിരിച്ചു കെട്ടി ഉണ്ടാക്കിയിട്ടുള്ളതാണ് പിരിച്ചു കെട്ടാൻ വടി. നിർമ്മാണത്തിന്റെ പ്രത്യേകതമൂലം ഇത് കൊണ്ടുള്ള അടിക്ക് നല്ല ആയം കിട്ടുകയും, അടിയേൽക്കുന്ന കാളക്ക് നന്നായി വേദനിക്കുകയുംചെയ്യും. കാളകളുടെ വേഗത കുറയുമ്പോൾ നല്ല അടി കൊടുത്ത് നടത്ത് എന്ന് അപ്പൻ വിളിച്ചുപറയുമായിരുന്നെങ്കിലും കാളകൾക്ക് വേദനിക്കാതെ പതിയെ അടിച്ചാണ് ഞാൻ അവയെ തെളിച്ചിരുന്നത്.
സത്യം പറഞ്ഞാൽ എന്റെ കഴിവ് കൊണ്ടോ, വൈദഗ്ദ്യം കൊണ്ടോ അല്ല അന്നെനിക്ക് ഉഴവ് സാധിച്ചത്. അപ്പന്റെമേൽ നോട്ടത്തിനും ഉപരി ഒരു ജീവിത കാലം കൊണ്ട് കാളകൾ ശീലിച്ചു പോയ ഒരു രീതിയിൽ അവ എന്നെനയിക്കുകയായിരുന്നു എന്നതാവും കൂടുതൽ ശരി. അനിവാര്യമായ മരണത്തിന്റെ അജ്ഞാതമായ മൈൽക്കുറ്റിതേടിയുള്ള യാത്രയാണ് ജീവിതം എന്ന പോലെ ഏതെങ്കിലും കശാപ്പു കടയിൽ അസ്ഥിയും, മാംസവുമായി ഒരുദിവസം തൂങ്ങി കിടക്കാനുള്ളതാണ് തങ്ങളുടെ ജന്മം എന്നറിയാതെ ഈ കാളകളും ഭാരം വലിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് ഉഴവുന്നതിനിടയിൽ ഞാൻ ചിന്തിച്ചു പോയി.
അന്ന് എന്റെ വലത്തെ കാൽ വണ്ണയിൽ ഒരു ചെറിയ വ്രണമുണ്ടായിരുന്നു. വനത്തിൽ ഞങ്ങൾ കുടം പുളി പെറുക്കാൻ പോകുമായിരുന്നു എന്ന് പറഞ്ഞല്ലോ ? അപ്പോൾ തോട്ടപ്പുഴു എന്നറിയപ്പെടുന്ന ചോര കുടിയൻ അട്ടകടിച്ചുണ്ടായ വൃണമായിരുന്നു അത്. ഒത്തിരി അട്ടകളുടെ കടിയേറ്റിരുന്നുവെങ്കിലും, ഈ ഒരു കടി മാത്രംപൊറുക്കാതെ വൃണമാവുകയായിരുന്നു. ഉച്ച വരെ ഈ വൃണം ചെളിയുമായി ശരിക്കും ഉരസ്സി. അൽപ്പംവേദനയൊക്കെ തോന്നിയെങ്കിലും ഇടയ്ക്കു വച്ച് ഉഴവ് നിർത്തിപ്പോരാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ലഅത്.
അന്ന് വൈകുന്നേരത്തോടെ വൃണം നീര് വച്ച് പഴുത്തു വീർക്കാൻ തുടങ്ങി. പാടത്ത് ഒരു സഹായിയെ കിട്ടും എന്നഅപ്പന്റെ പ്രതീക്ഷ അതോടെ അവസാനിച്ചു. " ഇവനെക്കൊണ്ട് ഇതിനൊന്നിനും കൊള്ളത്തില്ല. നാഴി അരിയുംഒരയലയും വാങ്ങാനുള്ള മാർഗ്ഗം നോക്കണം " എന്ന സ്വയം തീരുമാനവും പുറത്തു വന്നു.
അപ്പന്റെ കൂടെ ഉഴവിനു പോയപ്പോൾ മുതൽ പഴുത്തു വീർത്തു വലുതായ വൃണം കുറേക്കാലം പൊറുക്കാതെനിന്നു. ഒരു പഴയ വെള്ളിരൂപയുടെ വട്ടത്തിലുള്ള വൃണം. വൃണത്തിന് ചുറ്റുമുള്ള ഭാഗങ്ങളിലെ രോമ കൂപങ്ങളിൽഒരു അരിപ്പാതിയുടെ വലിപ്പത്തിലുള്ള പഴുത്ത കുരുക്കൾ എന്നും ഉണ്ടാവും. രാവിലെ തോറും ഇത് പഴുത്ത്വീർത്തിരിക്കും. എന്നും രാവിലെ പഴുത്തിരിക്കുന്ന ഭാഗങ്ങളിൽ നിന്ന് ചലമൊക്കെ ഞെക്കിക്കളഞ്ഞുകുളിക്കുമ്പോൾ ഒത്തിരി കുറഞ്ഞതായി തോന്നും. അൽപ്പം വെളിച്ചെണ്ണയോക്കെ പുരട്ടികൊണ്ടു നടന്നാൽ വലിയവൃത്തികേടില്ല. പിറ്റേന്ന് പുലരുമ്പോളും പഴയ പടി വൃണം പഴുത്തിരിക്കും. ആയുർവേദക്കാർ രക്ത വാതമെന്നും, അലോപ്പതിക്കാർ എക്സിമാ എന്നും പേര് വിളിച്ചു് കുറേ ചികിത്സയൊക്കെ നടത്തിയെങ്കിലും ഒരു പ്രയോജനവുംകിട്ടിയില്ല. വെളുത്ത നിറമുള്ള എന്റെ കാൽ വണ്ണയിലെ രോഗം ബാധിച്ച ഭാഗത്ത് കറുപ്പിന്റെ ഒരു കരുവാളിപ്പ്വ്യാപിക്കുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. മുണ്ടിന്റെ കോന്തല പൊക്കിപ്പിടിച്ചു കൊണ്ടാണ് നടപ്പ് . ആരെയും, പ്രത്യേകിച്ച് പെൺകുട്ടികളെ കാണിക്കാതെ വയ്ക്കാനായി മുണ്ട് മടക്കിക്കുത്തുന്ന പരിപാടി തന്നെവേണ്ടെന്ന് വച്ചു. ഈ അപകർഷതാ ബോധം എന്നൊക്കെ പറയുന്നത് എന്താണെന്ന് സ്വന്തം അനുഭവത്തിലൂടെഞാൻ കണ്ടത്തുകയായിരുന്നു.
അപ്പോളാണ് തൊടുപുഴക്കും അപ്പുറത്ത് ' കുറിഞ്ഞി ' എന്ന സ്ഥലത്ത് ത്വക് രോഗങ്ങൾക്ക് ഒറ്റമൂലി മരുന്ന് കൊണ്ട്ചികിൽസിക്കുന്ന ഒരു വൈദ്യൻ ഉണ്ടെന്നറിഞ്ഞത്. തൊടുപുഴയിൽ നിന്നും നെല്ലാപ്പാറ മലയിലേക്ക് വളഞ്ഞും, പുളഞ്ഞും ഉള്ള ബസ് യാത്ര എനിക്കൊരു അത്ഭുതമായിരുന്നു. മലമുകളിലെത്തിയിട്ട് തെക്കോട്ടിറങ്ങി ചെല്ലുന്നതാഴ്‌വാരത്തിലാണ് കുറിഞ്ഞി ഗ്രാമം. അവിടെ കുമ്പളത്ത് ജോസപ്പ് എന്ന നാൽപ്പതു കാരനാണ് വൈദ്യൻ. കുടുംബവും, കുട്ടികളുമൊക്കെയായി തികഞ്ഞ കൃഷിക്കാരനായി ജീവിക്കുന്ന അദ്ദേഹത്തിന് ചികിത്സ ഒരുസേവന മാർഗ്ഗമാണ്. അനേകായിരങ്ങളെ ചികിൽസിച്ചിട്ടുള്ള ഇദ്ദേഹം ഒരു പൈസ പോലും പ്രതിഫലംസ്വീകരിച്ചിട്ടില്ല. പ്രതിഫലം സ്വീകരിച്ചാൽ സിദ്ധി നശിച്ചുപോകുമെന്ന അദ്ദേഹത്തിന്റ ഗുരു വചനം അക്ഷരം പ്രതിപാലിച്ചു കൊണ്ടാണ് അദ്ദേഹം ചികിത്സ തുടരുന്നത്. മാറാരോഗങ്ങൾ സുഖപ്പെടുന്ന ചിലർ വൈദ്യനറിയാതെ ഒരുകിലോ പഞ്ചസാരയൊക്കെ വൈദ്യ പത്നിയെ കെട്ടിയേൽപ്പിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.
വൈദ്യനെ കണ്ടു വിവരം പറഞ്ഞു. പതിനൊന്നു ദിവസം താമസിച്ചു മരുന്ന് കുടിക്കണം എന്ന് നിർദ്ദേശിച്ചു. പിന്നെ വരാം എന്ന് പറഞ്ഞു പോന്നു. പതിനൊന്ന് ദിവസം താമസിച്ചു ചികിൽസിക്കണമെങ്കിൽ അൽപ്പംപണചിലവൊക്കെ ഉണ്ട്. കുറച്ചു രൂപയൊക്കെ കയ്യിലുണ്ട്. സാധനങ്ങൾ കൊണ്ടുപോകാൻ ഒക്കെയായി ഒരു എയർബാഗ് വാങ്ങി. ഞാൻ പോകുന്ന വിവരം അറിഞ്ഞപ്പോൾ, ഇതേപോലെ രോഗമുള്ള ' കല്ലടയിൽ ചാക്കോ ' എന്ന്പേരുള്ള തറവാട്ടു കാരണവരും എന്റെയൊപ്പം കൂടി. ചാത്തമറ്റത്തെ പണക്കാരിൽ ഒരാളാണ് അദ്ദേഹം. എന്റെഅമ്മയുടെ അപ്പനും കുടുംബവും വിറ്റു കളഞ്ഞ പതിനെട്ടേക്കർ പുരയിടം വാങ്ങിയത് ഈ ചാക്കോച്ചേട്ടനുംസഹോദരന്മാരുമാണ്. ചാക്കോച്ചേട്ടന്റെ മൂത്ത മകൻ കുഞ്ഞുമാത്തു എന്നെക്കാൾ പത്തു വയസിന് മൂത്തതാണ്. പിൽക്കാലത്ത് പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടായിത്തീർന്ന കുഞ്ഞുമാത്തു ചേട്ടനുമൊത്ത് കുറച്ചു സാമൂഹ്യ- രാഷ്ട്രീയ കളികൾ കളിക്കുന്നതിനുള്ള അവസരങ്ങളും എനിക്കുണ്ടായിട്ടുണ്ട്; അത് വഴിയേ പറയാം.
എയർ ബാഗും തൂക്കി ദൂര ദേശത്ത് ജോലിക്ക് പോകുന്നയാളെപ്പോലെ ഞാൻ കുറിഞ്ഞിയിലേക്ക് പോയി. ചാക്കോച്ചേട്ടനെ പിറ്റേദിവസം കുഞ്ഞുമാത്തു ചേട്ടൻ കുറിഞ്ഞിയിൽ കൊണ്ട് വന്ന് എന്നെ ഏൽപ്പിച്ചു. ഇങ്ങനെചികിൽസിക്കാൻ വരുന്നവർക്ക് താമസിക്കാനായി അവിടുത്തുകാർ വീടുകൾ വാടകക്ക് നൽകിയിരുന്നു. ഒരുടേമിൽ ഒരാൾ താമസിക്കുന്നതിന് മൂന്നു രൂപയാണ് വാടക. പത്തും, പതിനഞ്ചും ആളുകൾ ഒരേ സമയം ഇത്തരംചെറു വീടുകളിൽ താമസിച്ചിരുന്നു. ' കൊച്ച് ‘ എന്ന് വിളിപ്പേരുള്ള ഉപ്പുമാക്കൽ സെബാസ്റ്റിയൻ എന്നമനുഷ്യസ്നേഹിയുടെ വീട്ടിലാണ് ഞങ്ങൾക്ക് ഇടം കിട്ടിയത്. വന്നുപെടുന്ന വിവിധ ദേശക്കാരായ നൂറുകണക്കിന് രോഗികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും, സഹായവും ചെയ്തു കൊടുത്ത് കൊണ്ട് കൊച്ചുചേട്ടൻഅവർക്കിടയിൽ പ്രവർത്തിച്ചിരുന്നു.
എനിക്ക് എഴുതാൻ കഴിവുണ്ട് എന്ന് മനസിലാക്കിയതിന് ശേഷം എന്റെ കഥകൾ വായിച്ചു കേൾക്കുകയും, എന്നെ സ്വന്തം വീട്ടിൽ വിളിച്ചുകൊണ്ടു പോവുകയും ചെയ്തു ഈ വലിയ മനുഷ്യൻ. വെട്ടൂർ രാമൻ നായർ തന്റെസുഹൃത്ത് ആണെന്നും, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താമെന്നും കൊച്ചു ചേട്ടൻ എന്നോട്പറഞ്ഞിരുന്നെങ്കിലും, എന്റെ ഉത്സാഹക്കുറവ് മൂലം അതൊന്നും നടന്നില്ല. നാട്ടുകാരായ മറ്റുള്ളവർഅവിടെയെത്തുന്ന ത്വക് രോഗികളെ കുഷ്ഠരോഗികളായിട്ടാണ് പരിഗണിച്ചിരുന്നത്. അത് കൊണ്ട് തന്നെഅറപ്പോടെയും, വെറുപ്പോടെയും അവർ ഞങ്ങളെ നോക്കുമ്പോൾ രോഗികളോടൊപ്പം നിന്ന് പ്രവർത്തിച്ചിരുന്നഉപ്പുമാക്കൽ കൊച്ചു ചേട്ടനെ മനുഷ്യ സ്‌നേഹി എന്നല്ലാതെ പിന്നെ എന്താണ് ഞാൻ വിളിക്കേണ്ടത് ? മറ്റൊരുഫാദർ ഡാമിയനെ തന്നെയാണ് കൊച്ചു ചേട്ടന്റെ ജീവിതത്തിൽ നിന്നും ഞാൻ കണ്ടെടുത്തത്.
കിടക്കാൻ തഴപ്പായയും, വച്ചുകുടിക്കാൻ അത്യാവശ്യം പാത്രങ്ങളും അടുത്തുള്ള കടയിൽ നിന്ന് വാങ്ങി. മരുന്ന്കുടിക്കുന്ന കാലത്ത് കഠിനമായ പഥ്യം ഉണ്ട്. കഞ്ഞിയും, വാട്ടുകപ്പയും മോരും പച്ചക്കറികളും കഴിക്കാം. മൽസ്യ- മാംസാദികളും എണ്ണകളും ഉപയോഗിക്കാൻ പാടില്ല. സോപ്പ് പാടില്ല, ഇഞ്ചയാവാം. പാൽച്ചായ പഞ്ചസാരചേർക്കാതെ കഴിക്കാം. ഇങ്ങനെയൊക്കെയാണ് പഥ്യങ്ങൾ. ചാക്കോച്ചേട്ടൻ അൽപ്പം കുടവയർ ഒക്കെയുള്ളഅറുപതു കാരനാണ്. കുനിയാനും, നിവരാനും ഒക്കെ വിഷമം ഉള്ളയാൾ. ഏതു കാര്യത്തിനും എന്റെ സഹായംആവശ്യമുള്ളത് കൊണ്ടാണ് മകൻ കുഞ്ഞുമാത്തു ചേട്ടൻ ആളെ എന്നെ ഏൽപ്പിച്ചിരിക്കുന്നത്.
വെളുപ്പിന് അതിരാവിലെ ഒരു ചില്ലുഗ്ലാസ്സും, ഈർക്കിലി കഷണവുമായി വൈദ്യരുടെ വീട്ടുമുറ്റത്ത് രോഗികൾചെല്ലണം. ഒരു പാൽക്കാരൻ പാലുമായി വന്ന് ഓരോതുടം പാൽ വീതം എല്ലാവരുടെയും ഗ്ലാസ്സിൽ അളന്നൊഴിച്ചുതരും. ഇതിനും ഒരു ടേമിലേക്കു മൂന്നു രൂപയാണ് നിരക്ക്. അൻപതും, അറുപതുമൊക്കെ ആളുകൾ പാലുമായിമുറ്റത്തു നിരന്നു നിൽക്കുമ്പോൾ ഏതോ പച്ചില മരുന്ന് അരച്ചുരുട്ടിയതും, നെല്ലിക്കയോളം വലിപ്പമുള്ളതുമായഗുളികകളുമായി വൈദ്യൻ അകത്തു നിന്നും വരും. ഓരോരുത്തരുടെയും ഗ്ലാസ്സിലെ പാലിലേക്ക് അതിലൊന്ന് ഇട്ടുതരും. നമ്മുടെ കൈയിലുള്ള ഈർക്കിലി കൊണ്ട് ഇളക്കി അത് കുടിക്കണം. അന്നത്തെ ചികിത്സ കഴിഞ്ഞു. പിന്നെ ആളുകൾക്ക് താമസ സ്ഥലത്തേക്ക് മടങ്ങാം. ( രോഗത്തിന്റെ തീവ്രത അനുസരിച്ച് ഏഴു മുതൽ ഇരുപത്തിഒന്ന് ദിവസം വരെയാണ് ഒരു ടേമിലെ ചികിത്സ.) ഓരോരുത്തർക്കും നിശ്ചയിച്ചിട്ടുള്ള അത്രയും ദിവസങ്ങളിൽഇതാവർത്തിക്കണം. അസുഖം മാറിയാലും, ഇല്ലെങ്കിലും മൂന്നു മാസം ഇടവിട്ട് മൂന്നു തവണ ഇങ്ങിനെ ചെയ്യണം. ( ആയുർവേദം ശാസ്ത്രീയമല്ലെന്ന വാദമുയർത്തി അത് നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്ന അലോപ്പൊതിക്കാർഅറിയുക, അലോപ്പൊതിക്കാർ പരാജയം സമ്മതിച്ച് കയ്യൊഴിഞ്ഞ ഞാനുൾപ്പെടെയുള്ള ആയിരങ്ങളാണ് ഈപച്ചമരുന്ന് ചികിത്സ കൊണ്ട് പൂർണ്ണമായും രോഗശാന്തി നേടിയത്. )
കൂടുതൽ നടക്കരുതെന്നും, വെയിൽ കൊള്ളരുതെന്നും നിർദ്ദേശമുണ്ട്. രോഗികൾ സ്വയം കഞ്ഞി വച്ച്കുടിക്കുകയാണ്. വാട്ട് കപ്പ വേവിച്ചു മുളക് ചമ്മന്തിയും കൂട്ടി തിന്നും. പാൽ വാങ്ങി മോരുണ്ടാക്കി അതിൽഉള്ളിയും, മുളകും തക്കാളിയുമൊക്കെ അരിഞ്ഞിട്ടു വേവിച്ചും, വേവിക്കാതെയും തയ്യാറാക്കുന്നതാണ് മിക്കവാറുംകറി. കടയിൽ നിന്ന് വാങ്ങുന്ന നാരങ്ങാ അച്ചാറും കൂട്ടാനായി ഉണ്ടാവും.
ഇതുകൊണ്ടൊന്നും ചാക്കോച്ചേട്ടന് വിശപ്പ് മാറുകയില്ല. അടുത്തുള്ള ചായക്കടയിൽ നിന്ന് ചായയും പുട്ടും, കടലക്കറിയും പുള്ളിക്കാരൻ വാങ്ങിക്കഴിക്കും. എന്നെ നിർബ്ബന്ധിച്ചു വിളിച്ചു കൊണ്ട് പോകും. എന്റെ കയ്യിൽഎണ്ണിച്ചുട്ട അപ്പം പോലെയുള്ള പണം കൊണ്ട് ഇതിനൊന്നും തികയില്ലെന്ന് എനിക്കറിയാം. അത് കൊണ്ട് തന്നെഎനിക്ക് പോകാൻ മടിയാണ്. " പൈസയുടെ കാര്യം നീയറിയണ്ടാ " എന്നാണ് ചാക്കോച്ചേട്ടന്റെ നിലപാട്. ഞാൻവരണമെങ്കിൽ ഒന്നിരാടം പൈസ കൊടുക്കാൻ എന്നെ അനുവദിക്കണം എന്ന എന്റെ കണ്ടീഷൻനിവർത്തിയില്ലാതെ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. കയ്യിലുള്ളത് കൊണ്ട് കൃത്യമായി ഞാൻ എന്റെ വീതംകൊടുത്തു കൊണ്ടേയിരുന്നു.
കുനിഞ്ഞിരിക്കാനും, കഞ്ഞി വയ്‌ക്കാനുമൊന്നും അദ്ദേഹത്തിന്റെ ശരീരം വഴങ്ങുകയില്ല. തുണി കഴുകാനുംഅലക്കാനുമൊന്നും അറിയില്ലാ എന്ന് മാത്രമല്ലാ, അതിനുള്ള ശേഷിയുമില്ല. എല്ലാ കാര്യങ്ങളും ഞാനാണ്ചെയ്തിരുന്നത്. മരുന്നുകൂടി കഴിഞ്ഞുള്ള വെറുതേയിരിക്കുന്ന നേരത്ത് നാട് കാണാനായി അധികംവെയിലില്ലാത്ത പ്രദേശങ്ങളിൽ ഞങ്ങൾ പതിവായി ചുറ്റി നടക്കുമായിരുന്നു.
ഒൻപതു ദിവസത്തെ ചികിത്സ കൊണ്ട് തന്നെ എന്റെ വൃണം തൊണ്ണൂറു ശതമാനവും ഉണങ്ങി. പഴുപ്പ് വരുന്നത് നിന്നു. ചാക്കോച്ചേട്ടനും ആശ്വാസം കിട്ടിത്തുടങ്ങി. അവിടെ ചികിൽസിച്ചവരിൽ തൊണ്ണൂറ്റി ഒൻപതു ശതമാനംപേരും അസുഖം ഭേദപ്പെട്ടാണ് മടങ്ങിയിരുന്നത്. എന്റെ കയ്യിലെ പൈസ തീരുകയാണ്. മടങ്ങിപ്പോകാനും മറ്റുചിലവുകൾക്കുമായി കുറച്ചു പൈസ കൂടി വേണം. ചാക്കോചേട്ടനോട് ഞാൻ പത്തു രൂപാ വായ്‌പ ചോദിച്ചു, ഒരുമടിയും കൂടാതെ അദ്ദേഹം എനിക്കത് തരികയും ചെയ്തു.
രോഗം ഭേദപ്പെട്ട നിലയിൽ ഞങ്ങൾ മടങ്ങിയെത്തി. വൈദ്യർ തന്ന എണ്ണ തേച്ചു കുളിച്ചപ്പോൾ ഒരു പാട് മാത്രംഅവിടെ അവശേഷിപ്പിച്ചു കൊണ്ട് വൃണത്തിൽ നിന്ന് പൊറ്റ അടർന്നു പോയി. ചാക്കോചേട്ടനോട് വാങ്ങിയ രൂപാകൊടുക്കാൻ ഒരു മാർഗ്ഗവും കണ്ടില്ല. അപ്പന്റെ മേശയിൽ ഉണ്ടാവും എന്ന പ്രതീക്ഷയിൽ തുറന്നു നോക്കി. ഭാഗ്യം! കുറച്ചു രൂപയുണ്ട്. അതിൽ നിന്ന് പത്തു രൂപയെടുത്ത് ചാക്കോച്ചേട്ടന് കൊടുത്തപ്പോൾ അത് വാങ്ങാതിരിക്കാൻഅദ്ദേഹം ഏറെ പണിപ്പെട്ടെങ്കിലും ഞാൻ സമ്മതിച്ചില്ല
പിറ്റേ ദിവസം തന്നെ അപ്പൻ പൈസയെവിടെ എന്ന് ചോദിച്ചു. അമ്മയോട് പറഞ്ഞിട്ടാണ് ഞാൻ രൂപാഎടുത്തതെന്നും, ചാക്കോച്ചേട്ടന് കടം വീട്ടാനാണെന്നും 'അമ്മ പറഞ്ഞു. ബേബിയോട് പറഞ്ഞ അതേ വാക്കുപോലെ ഒന്ന് അപ്പൻ എന്നോടും പറഞ്ഞു : " ഇനി ഞാൻ മേശ തുറക്കുമ്പോൾ എന്റെ രൂപാ അവിടെ കണ്ടിരിക്കണം. " എന്ന്.
ചെഞ്ചേരിൽ ചാക്കോച്ചൻ ചേട്ടൻ കൊട്ടടക്കാ വ്യാപാരിയാണ്. അദ്ദേഹത്തിന്റെ കളത്തിൽ രാത്രി കാലങ്ങളിൽഞങ്ങൾ പിള്ളേർ അടക്കാ വെട്ടിക്കൊടുക്കാറുണ്ട്. ആ ബന്ധത്തിൽ അദ്ദേഹത്തിൽ നിന്ന് കടം വാങ്ങിയ പത്തുരൂപ ഞാൻ അപ്പന്റെ മേശയിൽ വച്ച് കൊടുത്തു. പിന്നീട് കൊട്ടടക്കാ വെട്ടിക്കൊടുത്ത് ആ കടവും വീട്ടിയെടുത്തു.
X………….x…………x……………..x………………….x…………….. x
മൂന്നു മാസം കഴിഞ്ഞു ഞാൻ വീണ്ടും കുറിഞ്ഞിക്ക് പോയി. കൊച്ചുചെട്ടന്റെ വീട്ടിൽ ഇടമുണ്ടായിരുന്നില്ല. കുറെദൂരെയുള്ള മറ്റൊരു വീടാണ് കിട്ടിയത്. അവിടെ ഏതോ നാട്ടുകാരായ രണ്ടോ, മൂന്നോ പേർകൂടി ഉണ്ടായിരുന്നു. ഇത്തവണ ഒൻപതു ദിവസമാണ് മരുന്ന് കുടിക്കേണ്ടത്. പോകുന്ന വഴിയിൽ തൊടുപുഴയിൽ ഇറങ്ങിഎവിടെയെങ്കിലും ഒരു ജോലി കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. തൊടുപുഴ പാലത്തിനു തൊട്ടുമുൻപുള്ള ഒരുറെഡിമേഡ് കടയിൽ തയ്യൽക്കാരന്റെ ജോലി കിട്ടി. ദിവസം ആറു രൂപാ കൂലി. രാവിലെ ഒൻപതു മണിക്ക് തുടങ്ങിയാൽ വൈകിട്ട് ആറു മണി വരെ ജോലി. ഉച്ചക്ക് തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്റിനടുത്തുള്ള ഒരുചേടത്തിയുടെ കഞ്ഞി ഹോട്ടലിൽ കഞ്ഞി. ഇറച്ചി, മീൻ മുതലായവ വേണ്ടെന്ന് പറഞ്ഞിരുന്നതിനാൽ മറ്റു കറികൾആവശ്യാനുസരണം ചേടത്തി വിളമ്പിയിരുന്നു.
രാവിലത്തെ മരുന്ന് കുടി കഴിഞ്ഞാൽ ഒരു മൈലോളം നടന്നു കവലയിലെത്തി തൊടുപുഴയിലേക്കുള്ള ബസ്പിടിക്കണം. എങ്കിലേ ഒൻപതു മണിക്ക് ജോലിക്കു കയറാൻ പറ്റൂ. തയ്യൽ മെഷീനിലെ ജോലിക്കിടയിൽഅടുത്തുള്ള ഇലക്ട്രോണിക് കടയിൽ നിന്ന് റേഡിയോ സംഗീതം ഒഴുകി വരുന്നതും കേട്ട് കൊണ്ടാണ് ജോലി. ( മരുന്നുകൂടി തീരുമ്പോളേക്കും ഒരു പാടുപോലും അവശേഷിക്കാതെ അസുഖം പൂർണ്ണമായും സുഖപ്പെട്ടിരുന്നു. )
അന്ന് ഞങ്ങളുടെ നാട്ടിൽ അധികം പേരും റേഡിയോ കണ്ടിട്ടില്ലാ എന്നുള്ളതാണ് വാസ്തവം. പട്ടണങ്ങളിലൊക്കെ റേഡിയോ വ്യാപകമായിട്ടുണ്ടാവാമെങ്കിലും പട്ടണത്തിൽ പോകുന്നവർ വളരെകുറവായിരുന്നു എന്നതാണ് അതിന് കാരണം. ഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞു വരുമ്പോൾ വെറുതേ ഒരുരസത്തിനു റേഡിയോകളുടെ വില ഒന്ന് തിരക്കി. ഏറ്റവും കുറഞ്ഞ വിലക്കുള്ളതിന്റെ അന്വേഷണത്തിൽഫിലിപ്സിന്റെ ഒരു സിംഗിൾ ബാൻഡ് റേഡിയോ ഞാൻ കണ്ടു. നൂറ്റിപ്പത്തു രൂപ. അത് സ്വന്തമാക്കണം എന്നകലശലായ ഒരാഗ്രഹം എന്നിൽ മുള പൊട്ടി. വീട്ടിൽ നിന്ന് കൊണ്ടുപോയതും ജോലിക്കൂലി കിട്ടിയതും ഇനിയുള്ളദിവസങ്ങളിൽ കിട്ടാനുള്ളതും കൂട്ടിയാൽ ചെലവ് കഴിച്ച് എന്റെ കയ്യിൽ അത്രയും രൂപയുണ്ടാവും. മരുന്ന് കുടിഅവസാനിക്കുന്ന ഞായറാഴ്ച ഞാൻ ജോലി നിർത്തുകയാണ്. അത് പറഞ്ഞാൽ ഉടമസ്ഥൻ സമ്മതിച്ചില്ലങ്കിലോഎന്ന പേടിയുള്ളതു കൊണ്ട് പറഞ്ഞിട്ടില്ല.
തലേദിവസമായ ശനിയാഴ്ച ജോലി ചെയ്ത് കിട്ടയതും ചേർത്ത് കൃത്യം നൂറ്റിപ്പത്ത് രൂപയുണ്ട്. മുൻപിൻനോക്കാതെ രൊക്കം വില കൊടുത്ത് ആ കൊച്ചു സുന്ദരനെ ഞാൻ സ്വന്തമാക്കി. ആരെയും കാണിക്കാതെ അതുംപൊതിഞ്ഞു കെട്ടി രാത്രിയോടെ കുറിഞ്ഞിയിലെ താമസ സ്ഥലത്തെത്തുമ്പോൾ എന്റെ പോക്കറ്റിൽ ഒരു പൈസപോലും ഇനി ബാക്കിയില്ല എന്ന് ഞാനറിഞ്ഞു. നാളെ രാവിലെ മരുന്ന് കുടി കഴിഞ്ഞാൽ തിരിച്ചു പോകണം. രണ്ടുരൂപ ധാരാളം മതിയാവുമെങ്കിലും അതില്ല എന്നതാണ് പ്രശ്നം. ഒരു മൈൽ നടന്നാൽ കൊച്ചു ചേട്ടന്റെവീട്ടിലെത്താം. ചോദിച്ചാൽ കൊച്ചുചേട്ടൻ തരും. എനിക്ക് വലുതാണെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളംഈ നിസ്സാര കാര്യം എങ്ങിനെ അദ്ദേഹത്തോട് ചോദിക്കും എന്നൊരു വല്ലാത്ത വിമ്മിഷ്ടം.
ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന നെല്ലാപ്പാറ മലയുടെ ഏതോ മടക്കുകളിൽ നിന്ന് ഒഴുകി വരുന്ന ഒരുകൊച്ചരുവിയുടെ കരയിലായിരുന്നു ഞാൻ താമസിച്ചിരുന്ന വീട്. പളുങ്കുമണികൾ പാറകളിൽ തട്ടിചിതറിച്ചൊഴുകുന്ന ഈ അരുവിയിൽ ഞാൻ കുളിക്കാൻ ഇറങ്ങുന്ന കൊച്ചു കടവിന്റെ മറു കരയിൽ ഒരു സാധുകുടുംബം കുടിൽകെട്ടി താമസിച്ചിരുന്നു. ആ വീട്ടിലെ കൂലിപ്പണിക്കാരിയായ ഒരു പെൺകുട്ടിയെ തോട്ടിൽ വച്ച്ഞാൻ പരിചയപ്പെട്ടിരുന്നു. ഞാൻ കഥയെഴുതുന്ന ആളാണെന്നറിഞ്ഞപ്പോൾ ആ പെൺകുട്ടിക്ക് എന്നോട് വലിയഇഷ്ടമോ, ആരാധനയോ, ബഹുമാനമോ, എന്തോ ഒന്ന് ഉണ്ടായിരുന്നു. ഞാൻ കുളിക്കാൻ ചെല്ലുന്ന നേരംനോക്കി അവൾ ബക്കറ്റുമായി വെള്ളം എടുക്കാൻ വരികയും, എന്നോട് അല്പമൊക്കെ സംസാരിക്കുകയുംചെയ്തിരുന്നു. ബക്കറ്റിലെ വെള്ളവുമായി ഒരു ചങ്ങാലിക്കിളിയെപ്പോലെ അവൾ തിരിച്ചു പോവുന്നത് എന്നിലുംഒരു കൗതുകം സൃഷ്ടിച്ചിരുന്നു..
അവളോട് രണ്ടു രൂപാ വായ്‌പ ചോദിക്കാം എന്ന് തീരുമാനിച്ചു കൊണ്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്. പതിവ്പോലെ ഞാൻ കുളിക്കാൻ ഇറങ്ങുകയും, ബക്കറ്റുമായി അവൾ വെള്ളമെടുക്കാൻ വരികയും ചെയ്തു. ഒരുമാസത്തിനകം എത്തിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ചോദിച്ചതേ അവൾ വീട്ടിൽ പോയി രണ്ടു രൂപാഎടുത്തു കൊണ്ട് വന്ന് എനിക്ക് തന്നു. ആ രൂപാ തിരിച്ചു തരണ്ടാ എന്ന് പറഞ്ഞു കൊണ്ട് ഒരു കള്ളച്ചിരിയോടെ അവൾ പോകുമ്പോൾ, അവളുടെ കൺകോണുകളിൽ രണ്ടു മുത്തുകൾ തിളങ്ങി നിന്നിരുന്നോ എന്ന് എനിക്ക്സംശയമുണ്ടായി.
നിധി കാക്കുന്ന ഭൂതത്തെപ്പോലെ റേഡിയോയും പൊതിഞ്ഞു കെട്ടി ഞാൻ വീട്ടിലെത്തി. അന്ന് ഞങ്ങളുടെഗ്രാമത്തിൽ ഒരു വീട്ടിൽ മാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളു. ഇതിനകം മരിച്ചുപോയ കുഞ്ഞുമ്മൻ ചേട്ടന്റെമൂത്ത മകൻ പൗലോച്ചന്റെ വകയായിരുന്നു അത്. റോഡിലൂടെ പോകുമ്പോൾ ആ റേഡിയോയിൽ നിന്നുള്ള പാട്ടുകേട്ട് ഞങ്ങളെല്ലാം അത്ഭുതത്തോടെ നിന്നിട്ടുണ്ട്. പ്രത്യേകിച്ചും വല്യാമ്മ. ദൂരെയുള്ള പട്ടണങ്ങളിൽ നിന്ന്വായുവിലൂടെ വരുന്ന ശബ്ദമാണ് ഇവിടെ റേഡിയോയിലൂടെ കേൾക്കുന്നത് എന്ന് ഞാൻ പറഞ്ഞുകൊടുക്കുമ്പോൾ വല്യാമ്മ ഒട്ടും വിശ്വസിക്കുമായിരുന്നില്ല. വീട്ടിൽ വന്ന് റേഡിയോ വല്യാമ്മക്ക് കൊടുത്തു. അതിലൂടെ ഒഴുകി വന്ന കലമ്പിച്ച സംഗീത വീചികൾ അപ്രാപ്യമായ ഒരത്ഭുത ലോകം ഞങ്ങളുടെ വൈക്കോൽമേഞ്ഞ കൊച്ചു വീട്ടിൽ തുറന്നിട്ടു. ഞങ്ങളുടെ ഗ്രാമത്തിലെ രണ്ടാമത്തെ റേഡിയോ ആയിരുന്നു അത്.
ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ ആ രൂപാ തിരിച്ചു കൊടുക്കാനായി ഞാൻ കുറിഞ്ഞിയിൽ ചെന്നു. അവളുടെകുടിൽ നിന്നിടത്ത് ഒന്നുമില്ല. അന്വേഷണത്തിൽ ആ കുടുംബം എങ്ങോ പോയിയെന്നും എവിടെയാണെന്ന്അറിയില്ലെന്നും ഉള്ള വിവരമാണ് കിട്ടിയത്. പാറകളിൽ തട്ടിച്ചിതറുന്ന പളുങ്ക് മണികളുടെ സംഗീതവുമായിആരെയോ തേടി അലയുന്ന വിരഹിണിയായ കാമുകിയെപ്പോലെ കൊച്ചരുവി ഒഴുകിക്കൊണ്ടേയിരിക്കുന്നു, അവളെവിടെയെന്ന് അറിയില്ലാ അറിയില്ലാ എന്ന് എന്നോട് പറയും പോലെ അതിമൃദു തരളിതങ്ങളായകുഞ്ഞോള മർമ്മരങ്ങളുടെ കൊഞ്ചലുകളുമായി
( അമേരിക്കയിൽ വന്ന ശേഷം നാട്ടിലുള്ള പലരെയും ചെറിയ നിലയിൽ ഞാൻ സഹായിച്ചിരുന്നു. ആ ലിസ്റ്റിൽഈ പെൺകുട്ടി കൂടെ ഉണ്ടാവട്ടെ എന്ന് കരുതി ഒരു വെക്കേഷനിൽ ഞാൻ കുറിഞ്ഞിയിൽ ചെന്ന്അറിയാവുന്നവരോടൊക്കെ സമഗ്രമായി അന്വേഷിച്ചുവെങ്കിലും, അവൾ എവിടെയാണെന്ന് ആർക്കുംഅറിയില്ലായിരുന്നു. അല്ലെങ്കിൽത്തന്നെ ആകാശപ്പറവകൾ ചേക്കേറുന്നതും, കുരികിൽപ്പക്ഷികൾ കൂട്കൂട്ടുന്നതും ആരറിയുന്നു, ആര് അന്വേഷിക്കുന്നു? നിരാശയോടെ തിരിച്ചു പോരുമ്പോൾ " ഇര തേടി പിരിയുന്നകുരുവികളേ, ഇനിയേതു ദിക്കിൽ നാം കണ്ടുമുട്ടും. " എന്ന ഭ്രാന്തൻ ഓനാന്റെ പാട്ടിലെ വരികൾ എന്റെഹൃദയക്കിളി തേങ്ങുന്നുണ്ടായിരുന്നു.! ഒരുപക്ഷെ ആ കുടുംബത്തിന് അടുത്തയാഴ്ച റേഷൻ വാങ്ങാൻസ്വരുക്കൂട്ടി വച്ചിരുന്ന പണമായിരിക്കാം എന്നോടുള്ള ആരാധനയിൽ അവൾ എനിക്ക് തന്നത് എന്നും, ഇതറിഞ്ഞകുടുംബ നാഥൻ മകളുമായി വഴക്കുണ്ടാക്കുകയോ അടിക്കുകയോ ഒക്കെ ചെയ്തിരിക്കാമെന്നും, ആ വഴക്കിനെതുടർന്ന് കുടുംബം മറ്റൊരു നാട്ടിലേക്ക് മാറിത്താമസിച്ചിരിക്കും എന്നുമൊക്കെ പിൽക്കാലത്ത് എനിക്ക്തോന്നിയിരുന്നു. )
അവളുടെ സ്നേഹത്തിന് ഒരു നന്ദി പറയുവാനുള്ള എന്റെ പരിശ്രമങ്ങൾ ഇങ്ങനെ പരാജയപ്പെട്ടു. വഴിയിൽകണ്ടുമുട്ടിയ ഏതോ ഒരുവന് കുടുംബത്തിന്റെ സമ്പാദ്യം വാരിക്കൊടുത്തതിന്റെ പേരിൽ അവൾവേദനിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാവാം എന്ന ആധിയിൽ ഇന്നും ചില രാത്രികളിൽ ഞാൻതേങ്ങിപ്പോകാറുണ്ട്.
‘ പാടുന്നു പാഴ്മുളം തണ്ടു പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്.