എന്റെ അച്ഛൻ സ്ക്രിപ്റ്റ് എഴുതിയിരുന്ന ‘ശ്രീരാമൻ ശ്രീദേവി ’ എന്നൊരു സീരിയലുണ്ടായിരുന്നു. 2000 - 2002 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഒന്നായിരുന്നു അത്. അതിൽ മേഘനാഥൻ അഭിനയിച്ചിരുന്നു. അതിനും മുൻപായി അച്ഛൻ സ്ക്രിപ്റ്റ് ചെയ്തിരുന്ന ‘സ്നേഹാഞ്‌ജലി’ എന്ന സീരിയലിലും മേഘനാഥൻ അഭിനയിച്ചിരുന്നോ എന്നെനിക്ക് സംശയമുണ്ട്. കൃത്യതയില്ല - അന്നൊക്കെ ഞാൻ വല്ലതങ് ചെറുതായിരുന്നത് കാരണം എനിക്കത്രയൊക്കെയേ ഓർത്തെടുക്കാൻ പറ്റൂ എന്നതുകൊണ്ടാണ് .
ഏതായാലും എന്റെ സ്കൂൾ വെക്കേഷനൊക്കെ ഓരോരോ സീരിയൽ ലൊക്കേഷനുകളിലായിരുന്നു എന്നത് എന്റെ കുട്ടിക്കാലത്തിന്റെയൊരു കൗതുകമായിരുന്നു. അന്നൊക്കെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ തൊട്ടടുത്ത മുറിയിൽ മേഘനാഥനുമുണ്ടായിരുന്നു. അച്ഛനുമായി നല്ലൊരു സൗഹൃദമുണ്ടായിരുന്നു. അവർ മിണ്ടുന്നത് കാണും. എത്രയോ നേരമവർ ഒന്നിച്ചിരിക്കുന്നത് കാണും. ലൊക്കേഷനിലും ആദ്ദേഹത്തെ കാണും.
എന്നിട്ടും ഒരിക്കലും മേഘനാഥനിലേക്ക് ഞാനടുത്തിരുന്നില്ല. എനിക്കാ നടനെ കാണുമ്പോൾ പേടി തോന്നുന്നത് കൊണ്ടാണ്. ഈ പുഴയും കടന്ന് എന്ന സിനിമയിലെ അയാളുടെ വില്ലൻ കഥാപാത്രത്തെ ഓർമ്മ വരുന്നത് കൊണ്ടാണ്. ആ കഥാപാത്രമോർക്കുമ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥത വരും. എന്തൊരു വൃത്തികെട്ട മനുഷ്യനായിരുന്നു ആ കഥാപാത്രം - മനുഷ്വത്വമില്ലാത്ത, ക്രൂരനായ ഒരുവൻ. അവസാനം വെള്ളത്തിലും ചളിയിലും കിടന്ന് തല്ലുകൂടി ചത്തു കിടക്കുന്ന അയാളുടെ മുഖം ഓർക്കുമ്പോ പോലും പേടി കൂടും. പേരെന്താ ,എത്രയിലാ പഠിക്കുന്നത് പോലത്തെ കുഞ്ഞു കുഞ്ഞു ചോദ്യങ്ങളെന്നോട് ചോദിച്ചിരുന്ന ഓർമ്മകൾ മനസിലുണ്ട്. പേടിച്ചു പേടിച്ചു ഉത്തരം പറഞ്ഞിരുന്നതും ഓർമ്മയിലുണ്ട്. അതിനപ്പുറമൊരിക്കൽ പോലും ആ പ്രായത്തിൽ ഞാനദ്ദേഹത്തെ നോക്കിയിട്ടില്ല നോക്കി ചിരിക്കാൻ പോലും ധൈര്യം കാണിച്ചിട്ടില്ല.
ഇന്നാളൊരു ദിവസം ഞാനൊരു നടനോട് പറഞ്ഞിരുന്നു ; മലയാള സിനിമയിൽ എനിക്കോർക്കാൻ പോലും ഇഷ്ടമില്ലാത്ത രണ്ട് വില്ലൻ കഥാപാത്രങ്ങളാണുള്ളതെന്ന്. അതിലൊന്ന് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ നായികയെ പ്രണയം നടിച്ചു ചതിച്ചു വിൽക്കുന്ന അലക്സാണ്ടർ പ്രശാന്ത് ചെയ്ത വില്ലൻ കഥാപാത്രമാണ്. മറ്റൊന്ന് ഈ പുഴയും കടന്ന് സിനിമയിലെ മേഘനാഥൻ ചെയ്തിരുന്ന രഘു എന്ന കഥാപാത്രവും.
അതേ.
അഭിനയം കൊണ്ടും കഥാപാത്രം കൊണ്ടും എന്നെ ആദ്യമായി ഭയപ്പെടുത്തിയ നടൻ മേഘനാഥനാണ്.
നേരിൽ കണ്ടിട്ടും തൊട്ടടുത്തുണ്ടായിട്ടും നേരെചൊവ്വേയൊന്ന് ഞാൻ മുഖത്തേക്ക് നോക്കാൻ പോലും മടിച്ചിരുന്ന നടനും മേഘനാഥനാണ്.
ഒരു നടൻ എന്ന നിലക്ക് ഒരു കൊച്ചുകുട്ടിയിൽ പോലും അത്തരമൊരു ഭയം നിലനിർത്താൻ കഴിഞ്ഞെങ്കിൽ അതു തന്നെയാണയാളുടെ ഏറ്റവും വലിയ വിജയവും.
യെസ് അയാളൊരു നടനായിരുന്നു. ഇന്നും ഇപ്പോഴും എന്റെയുള്ളിലൊരു നടനാണ്. ഹൃദയത്തിനുള്ളിലെ മരിക്കാത്ത നടനാണ്.
ആദരാഞ്ജലികൾ 🙏