Image

ഒരു ഹിമാലയൻ ബസ്സ്‌യാത്ര ( ഡയറി കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )

Published on 25 November, 2024
ഒരു ഹിമാലയൻ ബസ്സ്‌യാത്ര ( ഡയറി കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )

ഉത്തരകാശിയിലെ ഒരു ട്രെക്കിങ്ങ് ക്യാമ്പിൽ വച്ചാണ് ഞാൻ കുനാലിനെയും നവനീതിനെയും കണ്ടുമുട്ടിയത്. ഞങ്ങൾ വേഗം കൂട്ടുകാരായി. എന്തും ചെയ്യാനുള്ള ആവേശം. എന്തിനും ഇറങ്ങി തിരിക്കാനുള്ള ഒരു ചങ്കൂറ്റം ഉണ്ടായിരുന്ന കാലം.

ഉത്തരകാശിയിൽ നിന്നും ഡോഡിതൽ , യമുനോത്രി എന്ന സ്ഥലങ്ങളിലേക്ക് ഞങ്ങൾ ട്രക്ക് ചെയ്തു. ക്യാമ്പ് കഴിഞ്ഞു എല്ലാവരും ഹരിദ്വാറിൽ വച്ചു പിരിഞ്ഞെങ്കിലും ഞങ്ങൾ മൂന്ന് പേരും കുറച്ചു ദിവസങ്ങൾ മണാലിയിൽ ചിലവഴിക്കാൻ തീരുമാനിച്ചു. വെറുതെ കറങ്ങുക. മണാലിയിലെ തണുപ്പ് ആസ്വദിക്കുക, അതായിരുന്നു പദ്ധതി.

ഹരിദ്വാറിലെ ഹിമാചൽ ട്രാൻസ്‌പോർട് ഓഫീസിനു മുൻപിലെ ബോർഡിൽ എഴുതി വച്ചിരുന്നു. "ഡെയിലി ലക്ഷ്വറി ബസ് ടു മണാലി".

“അടിപൊളി. അമിതാബച്ചൻ്റെ രണ്ടു സിനിമ എങ്കിലും കാണാം”, കുനാലിനു സന്തോഷമായി.

ടിക്കറ്റ് കൗണ്ടറിൽ മുടിഞ്ഞ തിരക്ക് കണ്ടപ്പോൾ അവിടെ ക്യു നിൽക്കുക എന്നൊരു പരിപാടിയെക്കുറിചാരും   കേട്ടിട്ടു പോലുമില്ലെന്നു തോന്നി. തിരക്കിൽ ഇടിച്ചു കയറി ഞാനും മൂന്ന് ടിക്കറ്റ് ഒപ്പിച്ചു. ബസ്സിൽ കയറിയിട്ട് വേണം ഒന്നു സുഖമായി ഉറങ്ങാൻ. ഞാൻ ഓർത്തു.  ബസ്സിൽ നല്ല തണുപ്പായിരിക്കും എന്നോർത്തു ഞങ്ങൾ ജാക്കറ്റുകൾ ബാഗിൽ നിന്നും എടുത്തു കൈയിൽ വച്ചു. ബുക്കിംഗ് ഓഫീസിനു പിന്നിൽ ബസ് പുറപ്പെടാൻ തയാറായി കിടപ്പുണ്ടായിരുന്നു.

ബസ്സ് കണ്ട ഞങ്ങൾ ഞെട്ടിപ്പോയി. കട്ടപുറത്തു നിന്ന് അപ്പോൾ ഇറക്കികൊണ്ടു വന്ന ഒരു ബസ്സ്.  ക്യൂഷ്യൻ ഇല്ലാത്ത തടി കൊണ്ടുള്ള സീറ്റുകൾ. യാത്രക്കാരുടെ ചന്തിയിലുള്ള മാംസം മാത്രമേ കുഷ്യന് പകരം വെക്കാൻ ഉള്ളു. ആ ഒരു കാര്യത്തിൽ ഞങ്ങൾ മൂന്നുപേരും ദരിദ്രർ ആയിരുന്നു.

ബസ്സിൽ ഇടതുവശത്തു രണ്ടു പേർക്കും വലതുവശത്തു മൂന്ന് പേർക്കും ഇരിക്കാവുന്ന സീറ്റുകളായിരുന്നു. ബസ് പുറപ്പെടും വരെ ബുക്കിംഗ് ഓഫീസിൽ ടിക്കറ്റുകൾ വിറ്റുകൊണ്ടിരുന്നു. സീറ്റുകളുടെ എണ്ണത്തിലും കൂടുതൽ യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. അധികം യാത്രക്കാരും ഹിമാലയത്തിലെ സാധരണ ഗ്രാമീണരായിരുന്നു.

ഞങ്ങളുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്നത് തല മുണ്ഡനം ചെയ്ത രണ്ടു സന്യാസിമാരായിരുന്നു. ഒരു മുതിർന്ന സന്യാസിയും ഒരു യുവാവായ സന്യാസിയും. ആ സന്യാസിമാരുടെ കൂടെ ഹരിദ്വാറിൽ നിന്നും ഗംഗാജലം നിറച്ച കലങ്ങൾ ഉണ്ടായിരുന്നു. ബസ്സ് ഓരോ കുഴിയിൽ ചാടുമ്പോഴും, ഡ്രൈവർ ബ്രെക്കിടുമ്പോളുമെല്ലാം കലങ്ങളിലെ വെള്ളം തുളുമ്പി ബസ്സിനുള്ളിൽ ഒഴുകും. യാത്രക്കാരുടെ പാദങ്ങൾ പല പ്രാവിശ്യം ഗംഗാജലത്തിൽ കഴുകി എല്ലാവരും പാപമുക്തരായി.
.
രാത്രി ഭക്ഷണം കഴിഞ്ഞു യാത്രക്കാർ ഉറക്കത്തിലേക്കു വീണു തുടങ്ങി. ഞാൻ മറ്റുള്ളവർ ഉറങ്ങുന്നത് ശ്രദ്ധിക്കാൻ തുടങ്ങി. അത് കാണാൻ രസമായിരുന്നു. ആളുകൾ അവരുടെ ശരീരം എങ്ങനെയെല്ലാം വളച്ചൊടിച്ചു സുഖമായി ഉറങ്ങാൻ ശ്രമിക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു.

ഞങ്ങളുടെ പുറകിലെ സീറ്റിൽ നാലു യുവാക്കൾ ഉറങ്ങുകന്നുണ്ടായിരുന്നു. അവരുടെയെല്ലാം കാലുകൾ പരസ്പരം കുരുങ്ങി കിടന്നിരുന്നു. എനിക്ക് ഏകദേശം ഒരു മണിക്കൂർ വേണ്ടിവന്നു ഏതു കാല് ആരുടേതാണെന്ന് വേർതിരിച്ചറിയാൻ.

ഞാനും കുനാലും കപ്പലണ്ടിത്തോടുകൊണ്ടു ഉറങ്ങുന്നസന്യാസിമാരുടെ മൊട്ടത്തലയിൽ എറിഞ്ഞു കളിച്ചു. മുതിർന്ന സന്യാസിയുടെ വാ തുറന്നിരുന്നു. യുവാവായ സന്യാസി ഉറക്കത്തിൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. സ്വർഗ്ഗത്തിലെ അപ്സരസുമാർ ആ യുവസന്യാസിയുടെ സ്വപ്നത്തിൽ നൃത്തമാടുന്നുണ്ടായിരുന്നിരിക്കണം.

ബസ്സിലെ ഡ്രൈവർക്ക് വളരെ ചെറിയ മൂത്രസഞ്ചിയായിരുന്നു. ഓരോ മണിക്കൂറിലും അയാൾ ബസ്സ് വഴിയോരത്തു നിറുത്തുമായിരുന്നു, സഞ്ചി കാലിയാക്കാൻ. ചില യാത്രക്കാരും ആ അവസരം വിനിയോഗിക്കും. അങ്ങനെ നിറുത്തുമ്പോളെല്ലാം വിജനമായ വഴിയിൽ ഏതെങ്കിലും ഒരു ചായ പീടികയ്ക്കു അടുത്തായിരിക്കും ബസ് നിറുത്തുന്നത്. ഞങ്ങൾ ഓരോ സ്ഥലത്തും ഇറങ്ങി ചായ കുടിക്കും.

വിജനമായ ഹിമാലയ മലയരികുകളിൽ രാത്രിയിൽ തണുപ്പത് കുടിക്കുന്ന ചൂട് ചായ തരുന്ന അനുഭൂതി ഒന്നുവേറെത്തന്നെ ആയിരുന്നു. ചായക്കടയിലെ റാന്തല് വിളക്ക് തരുന്ന ചെറിയ വെട്ടത്തിനപ്പുറം കൂരിരുട്ടാണ്. നിശബ്ദമായ ഹിമാലയത്തിൽ ചായക്കടയിലെ വിറകു കത്തുന്ന ശബ്ദം മാത്രം. അല്പം ചൂട് കിട്ടാനായി ഞങ്ങൾ അടുപ്പിനു ചുറ്റും നിന്നു.

നേരം പുലരുകയായിരുന്നു. മണാലിക്ക് നാൽപതു കിലോമീറ്ററിന് ഇപ്പുറം കുളുവിൽ വണ്ടി നിറുത്തിയപ്പോൾ അധികം യാത്രക്കാരും അവിടെ ഇറങ്ങി. ഇനിയെങ്കിലും ഒന്ന് സ്വൈര്യമായിട്ടു യാത്ര ചെയ്യാമല്ലോ എന്ന് ഞാൻ   വിചാരിച്ചു. പക്ഷെ എനിക്കു തെറ്റി. ഹരിയാനയിലും പഞ്ചാബിലും ബസ്സ് സൂപ്പർ ഫാസ്റ്റായിരുന്നു. വളരെ പരിമിതമായ സ്റ്റോപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ കുളുവിൽ എത്തിയപ്പോൾ ബസ്സിൻ്റെ സ്വഭാവം മാറി. ഇപ്പോൾ അതൊരു ഓർഡിനറി ബസ്സായി. റോഡിൽ ആരു കൈകാണിച്ചാലും നിറുത്തുമെന്ന അവസ്ഥയായി. നാട്ടുകാരെക്കൊണ്ടും സ്കൂളിൽ പോകുന്ന കുട്ടികളെകൊണ്ടും ബസ് നിറഞ്ഞു കവിഞ്ഞു.

ഒരു ഗ്രാമീണൻ അയാളുടെ എട്ടു ആടുകളെയും കൊണ്ട് ബസ്സിൽ കയറി. ഇത്തവണ ഞങ്ങളുടെ കാലുകൾ കഴുകിയതു ഗംഗാജലമല്ല ആടുകൾ സമൃദ്ധമായി ഒഴിച്ച മൂത്രം കൊണ്ടായിരുന്നു.

ഒടുങ്ങാത്ത ദുരിതം അവിടെയും തീർന്നില്ല. ഒരാട് എങ്ങനെയോ എൻ്റെ കാലുകൾക്കിടയിൽ വന്നു പെട്ടു. ആ ആടിന് എൻ്റെ ബെൽറ്റ് കണ്ടു ഇഷ്ടപെട്ടന്നു തോന്നുന്നു. അത് അതിൻ്റെ കൊമ്പുകൾ കൊണ്ട് എൻ്റെ ബെൽറ്റിൽ കുത്താൻ ശ്രമിക്കുന്നു. ആടിൻ്റെ മുശുക്ക് മണം എനിക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു. എൻ്റെ കണ്ണിലും മൂക്കിലും വെള്ളം നിറഞ്ഞു. നവനീത് അവൻ്റെ മങ്കിക്യാപ് വലിച്ചു മൂക്കിന് മേലെ ഇട്ടിരുന്നു. നവനീതിനും കിട്ടി കാലിനിടയിൽ ഒരാടിനെ. കുനാലിൻ്റെ ഒപ്പം ഇരുന്നത് ആടുകളുടെ ഉടമസ്ഥനായിരുന്നു. അയാളുടെ നാറ്റത്തെക്കാൾ എത്രയോ ഭേദമായിരുന്നു ആടുകളുടെ മണം എന്ന് അവൻ പിന്നീട് പറയുകയുണ്ടായി. 
എൻ്റെ ക്ഷമ നശിക്കുകയായിരുന്നു. തടി സീറ്റിൽ ഇരുന്നു എൻ്റെ പൃഷ്ടഭാഗം പഴുത്തതുപോലെയായിരുന്നു. പോരാത്തതിന് കാലിനിടയിൽ ആടും. ആടിൻ്റെ കൊമ്പുകൾ സ്ഥാനം മാറി കേറുമൊന്നു ഞാൻ ഭയന്നുകൊണ്ടേയിരുന്നു.

അടുത്ത സ്റ്റോപ്പിൽ ബസ്സ് നിറുത്തിയപ്പോൾ ഞാനിറങ്ങി. ഇനി ബാക്കിയുള്ള യാത്ര ബസ്സിന്‌ മുകളിലായിരുന്നു. ബസ്സിനു മുകളിൽ ടിബറ്റിൽ നിന്നും കച്ചവടം ചെയ്യാൻ മണാലിയിലേക്കു കൊണ്ടുപോകുന്ന കമ്പിളിപുതപ്പുകൾ നിറച്ച ചാക്കുകളായിരുന്നു. ആ ചാക്കുകളുടെ മേൽ കിടന്നു കണ്ട മനോഹരമായ ഹിമാലയൻ കാഴ്ചകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ... ഇന്നും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക