Image

മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം " അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി"; അജപാലകൻറെ അനുഭവസാക്ഷ്യങ്ങളിലൂടെ ഒരു യാത്ര (ഷോളി കുമ്പിളുവേലി)

Published on 26 November, 2024
മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം  " അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി";  അജപാലകൻറെ  അനുഭവസാക്ഷ്യങ്ങളിലൂടെ ഒരു യാത്ര (ഷോളി കുമ്പിളുവേലി)

ചിക്കാഗോ സിറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം  "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി " ചിക്കാഗോയിൽ നടന്ന സിറോ മലബാർ  എപ്പാർക്കിയൽ അസ്സംബ്ലിയിയുടെ സമാപന  സമ്മേളത്തിൽ വച്ച്  ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌, സിറോ മലങ്കര രൂപത ബിഷപ്പ്  ഫിലിപ്പോസ്‌ മാർ സ്റ്റീഫനോസിന്  ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. 
രചനയ്ക്ക്  പിന്നിൽ പലരുടെ അധ്വാനം ഉണ്ടങ്കിലും ഫാ ജോർജ്‌ ദാനവേലിൽ ആണ് എഡിറ്ററായി  പ്രവർത്തിച്ചിരുന്നത്. വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാന രീതി ഏറെ ഇഷ്ടപ്പെട്ടു.

"അപ്പാ  എണീക്ക്"  അവൻ വിചാരിച്ചത് അപ്പൻ ഉറങ്ങുകയാണെന്നായിരുന്നു! അപ്പൻ എണീറ്റു വന്നാൽ പുറത്തുകയറി ആന കളിക്കാം, അതായിരുന്നു മൂന്നു വയസുകാരൻ ചാക്കോച്ചൻറെ മനസ്സിൽ. അപ്പന്റെ  മരണം നേരിൽ കാണേണ്ടി വന്ന ആ മൂന്നു വയസ്സുകാരന്റെ അർത്ഥമറിയാതെയുള്ള  പ്രതികരണം വായനക്കാരുടെ കണ്ണ് നനയിപ്പിക്കും.

അപ്പൻ്റെ  വേർപാടിനെ തുടർന്നു  കുട്ടിക്കാലത്തുണ്ടായ ശൂന്യത,  കുടുംബത്തിൻറെ കഷ്ടപ്പാടുകൾ, കുടുംബ ബന്ധങ്ങളുടെ ദൃഢത , സഹോദര സ്നേഹത്തിന്റ ഇഴയടുപ്പം, ജേഷ്ടൻറെ ത്യാഗം  എല്ലാം ഹൃദയസ്പർശിയായി കുറിച്ചിട്ടിരുന്നു.  
"എൻറെ മൂത്തചേട്ടൻ എനിക്ക് പിതാവിൻ്റെ സ്‌ഥാനത്താണ്. അപ്പൻ മരിക്കുമ്പോൾ എനിക്ക് മൂന്നു വയസ്സും, ചേട്ടനു പതിനാറോ- പതിനേഴോ വയസുമാണ്  പ്രായം.  ആ ചേട്ടനാണ് പഠിപ്പുപോലും തല്ക്കാലം വേണ്ടന്നുവച്ചു  ഞങ്ങളെ വളർത്തിയത്".  വർഷങ്ങൾക്ക് ഇപ്പുറവും ചേട്ടൻ്റെ  ത്യാഗത്തെ നന്ദിപൂർവം സ്മരിക്കുന്ന അനിയൻ്റെ  വാക്കുകൾ  വായനക്കാരൻ്റെ മനസിനേയും ആർദ്രമാക്കും. 
കൂത്താട്ടുകുളത്തിനടുത്തുള്ള ഇലഞ്ഞി പഞ്ചായത്തും, പെരിയപ്പുറം ഗ്രാമവും, അവിടുത്തെ കൃഷി രീതികളും, നാട്ടിൻപുറത്തെ  പള്ളിക്കൂടങ്ങളും , മത സഹോദര്യവുമെല്ലാം ആദ്യ അദ്ധ്യായങ്ങളിൽ വിവരിക്കുന്നതിലൂടെ അക്കാലത്തെ ഗ്രാമീണ വിശുദ്ധി പുതുതലമുറക്ക്  മനസിലാക്കാൻ സാധിക്കും. 
അൾത്താര ബാലനായി ശുശ്രുഷ ചെയ്യുന്നതിനെപ്പറ്റി പറയുമ്പോൾ, മതബോധനത്തിൻ്റെ കാര്യത്തിൽ   അക്കാലത്തു ഇടവക വികാരിമാർ എത്രമാത്രം കാർക്കശ്യക്കാർ ആരിരുന്നുവെന്നു ഇപ്പോഴത്തെ തലമുറയ്ക്ക് അശ്ച്യര്യത്തോടെ മാത്രമേ കാണുവാൻ കഴിയൂ!

അൾത്താര ബാലനായി ശുശ്രുഷ ചെയ്തത് കൊണ്ടാണ് വൈദികരെ കൂടുതലായി മനസിലാക്കാൻ സാധിച്ചതും,  സെമിനാരിയിൽ ചേരണമെന്നുമുള്ള ആഗ്രഹം മനസ്സിൽ ഉണ്ടാകാൻ  കാരണമായതും. പത്താം ക്ലാസിനു ശേഷമാണ് സെമിനാരിയിൽ ചേരുന്നത്. എല്ലാവർക്കും സന്തോഷം, അമ്മക്കുമാത്രം ഒരു നിബന്ധന : രൂപതാ പട്ടക്കാരൻ ആയാൽ മതി ! അതാകുമ്പോൾ മകനെ ഇടക്കൊക്കെ കാണാമല്ലോ !. 


"ചേട്ടൻ ആൻഡ്രൂ, എനിക്കുള്ള  പായും തലയിണയും എടുത്തു. ഒരു ചുമട്ടുകാരൻ പെട്ടിയും. ചിറ്റപ്പൻ മുന്നേ നടന്നു, പുറകെ ആൻഡ്രൂ, ഏറ്റം  പിന്നിൽ ഞാനും". സെമിനാരിയിലേക്കുള്ള  ആദ്യ യാത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
തുടർന്ന്, പാലാ സെൻറ് തോമസ് കോളേജിലെ പ്രീ യൂണിവേസിറ്റി പഠനവും, മൈനർ സെമിനാരിയിലെ അക്കാലത്തെ ലളിത ജീവിതവും, നിഷ്ടകളും എല്ലാം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. കൂട്ടത്തിൽ കോളേജിലേയും , സെമിനാരിയിലേയും പ്രഗത്ഭരായ  അന്നത്തെ അദ്ധ്യാപകരെപ്പറ്റിയും, അവരുടെ സ്നേഹവും കരുതലും ഒക്കെ  വിശദമായിത്തന്നെ പറയുന്നുണ്ട്.
വർഷങ്ങൾ നീണ്ട പഠനത്തിനുശേഷം, പൗരോഹിത്യ സ്വീകരണം അടുത്തുവരുമ്പോൾ ഉണ്ടാകുന്ന  മാനസിക  വെല്ലുവിളികളേയും ഈ പുസ്തകം നന്നായി പ്രതിപാദിക്കുന്നു. "ചുഴിയിൽ പെട്ട്  ശ്വാസത്തിനായി പിടയുന്നതുപോലെ തീവ്രമായ ദിവസങ്ങൾ ആയിരുന്നു". ഈ വാക്കുകൾ മതി ആ മാനസിക സംഘർഷങ്ങൾ  മനസിലാക്കാൻ ! 
പാലാ -ളാലം പഴയ പള്ളിയിൽ വെച്ച്    വയലിൽ പിതാവിൽ നിന്നുമാണ്  തിരുപ്പട്ടം സ്വീകരിച്ചത്. ആദ്യ നിയമനം  അസിസ്റ്റൻറ്  വികാരിയായി കുടുക്കച്ചിറ സെൻറ് ജോസഫ് ദേവാലയത്തിൽ ആയിരുന്നു. പിന്നെ അരുവിത്തുറ പള്ളിയിൽ. വികാരിയായി ആദ്യ നിയമനം അമ്പാറനിരപ്പേൽ പള്ളിയിൽആയിരുന്നു. തുടർന്ന് പാലാ മൈനർ സെമിനാരിയിൽ  അദ്ധ്യാപകനായും സേവനം ചെയ്തു.  
കുടുക്കച്ചിറ പള്ളിയിൽ അസിസ്റ്റൻറ് വികാരിയായി സേവനം ചെയ്യുന്ന കാലത്തു സംസ്ഥാന സർക്കാരിൻറെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഫാ.ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നൽകിയതും, സമരം  ഫലം കണ്ടതും പുസ്തകതിൽ  പറയുന്നുണ്ട്. പിതാവിന്റെ നിശ്ചയദാർഢ്യത്തിന് ഉത്തമ ഉദാഹരണമാണിത്. പിൽക്കാലത്തു അമേരിക്കയിൽ സഭ കെട്ടിപ്പടുക്കുന്നതിലുണ്ടായ വെല്ലുവിളികളെ നേരിട്ടതും ഈ നിശ്ചയദാർഢ്യം കൊണ്ടാണെന്നു നിസംശയം നമ്മുക്ക് പറയാം.
പാലാ മൈനർ സെമിനാരിയിൽ  അദ്ധ്യാപകനായി  സേവനമനുഷ്‌ഠിക്കുന്ന അവസരത്തിലാണ്, വളരെ അപ്രതീക്ഷിതമായി  പള്ളിക്കാപറമ്പിൽ പിതാവിൻറെ   ആ ഫോൺ കാൾ വരുന്നത് .. "ഒന്ന് നേരിൽ കാണണം".  ജീവിതത്തിലെ മറ്റൊരു അദ്ധ്യായം അവിടെ തുറക്കുകയായിന്നു.എല്ലാം ദൈവ നിയോഗം !! അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളുടെ ആത്മീയ  കാര്യങ്ങൾക്കായി അവിടേക്കു പോകാമോ എന്നാണ് പള്ളിക്കാപറമ്പിൽ പിതാവ് നേരിട്ട് ചോദിച്ചത് ! "പോകണമെന്നോ പോകുന്നില്ല എന്നോ ഞാൻ പറയുന്നില്ല, പിതാവ് പറഞ്ഞാൽ പോകും".  പക്ഷേ അമ്മക്ക് മകൻ നാടുവിട്ടു പോകുന്നതിനോടു താൽപ്പര്യം ഇല്ലായിരുന്നു. നാട്ടിൽ ആണെങ്കിൽ  കൂടെ കൂടെ കാണണമല്ലോ . അതുപോലെ മരണ സമയത്തും മകൻ കൂടെ തന്നെ കാണും. അമ്മക്ക് മകനോടുള്ള വാത്സല്യം വെളിവാക്കുന്ന വാക്കുകൾ. "പിതാവ് പറഞ്ഞാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ അമ്മേ" .   അനുസരണയല്ലേ  ബലിയെക്കാൾ ശ്രേഷ്ടം!! 


അങ്ങനെ എല്ലാവരുടേയും  അനുഗ്രഹാശിസുകൾ ഏറ്റു വാങ്ങി, 1984 മാർച്ച് 20 -)0  തീയതി   ഫാ. ജേക്കബ് അങ്ങാടിയത്ത് അമേരിക്കക്ക് വിമാനം കയറി. തുടർന്ന് ഡാലസിൽ  എത്തി.  ഇനിയുള്ളത്  വർത്തമാന കാല ഇതിവൃത്തമാണ് . ഒന്നും ഇല്ലായ്മയിൽനിന്നും അമ്പതിൽപ്പരം ഇടവകകളും മുപ്പത്തഞ്ചിൽ അധികം   മിഷനുകളും   ഒക്കെയുള്ള  വലിയൊരു സിറോ മലബാർ രൂപത, അതും ഇൻഡ്യക്കു പുറത്തുള്ള ആദ്യ രൂപത, ഇന്നു കാണുന്ന രീതിയിൽ കെട്ടിപ്പടുക്കാനുണ്ടായ കഷ്ടപ്പാടുകളുടെയും , ത്യാഗങ്ങളുടേയും, കണ്ണീർ ചിന്തിയ പ്രാർത്ഥനകളുടേയും നൊമ്പരപ്പെടുത്തുന്ന ഓർമ്മക്കുറിപ്പുകൾ!!

അമേരിക്കയിലെ ആദ്യ ഈസ്റ്ററിനെപ്പറ്റി പിതാവ്  ഇങ്ങനെ ഓർത്തെടുക്കുന്നു : "ഈസ്റ്റർ തിരുക്കർമ്മങ്ങൾ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. എനിക്ക് മാത്രം എവിടേയും പോകാനില്ല. ആരുമായും അടുപ്പം ഒന്നും ഉണ്ടായിട്ടില്ല. അമ്പത് ദിവസത്തെ നോമ്പിന് ശേഷം കഴിക്കാൻ ഒന്നുമില്ല. അറിയാതെ അമ്മയേയും കൂടപ്പിറപ്പുകളേയും ഓർത്തു. ഏകാന്തതയിലുള്ള ഈസ്റ്റർ... ഓർക്കുംതോറും കണ്ണുനിറഞ്ഞു വന്നു... പിന്നെ സങ്കടം പൊട്ടിക്കരച്ചിലായി". പിതാവിൻ്റെ സങ്കടം വായനക്കാരന്റേയും കണ്ണ് നിറക്കുന്നു. ഇതൊക്കെ പുതു തലമുറയ്ക്ക് അത്ഭുതമായി തോന്നിയേക്കാം!

ഒന്നും  ഇല്ലായ്മയിൽനിന്നുള്ള തുടക്കം, തുടർന്നു ക്രമേണയുള്ള വളർച്ച.. അമേരിക്കയിലെ വിവിധ  സ്‌ഥലങ്ങളിൽ ചെറിയ ചെറിയ സിറോ മലബാർ കൂട്ടായ്‌മകൾ രൂപപ്പെട്ടു തുടങ്ങുന്നു.. അമേരിക്കൻ പള്ളികളിൽ ശുശൂഷ  ചെയ്തുകൊണ്ടിരുന്ന വൈദികരെ കണ്ടുപിടിച്ചു ഞായറാഴ്ചകളിൽ സിറോ മലബാർ  ആരാധനാക്രമത്തിൽ വിശുദ്ധ കുർബാനകൾ  തുടങ്ങുന്നു. 
തുടർന്ന്, അമേരിക്കയിൽ ഒരു സിറോ മലബാർ രൂപത സ്‌ഥാപിക്കുന്നതിനുള്ള സാധ്യതകളെ പറ്റി പഠിച്ചു റിപ്പോർട്ട് നൽകാൻ രാജ്കോട്ട് ബിഷപ്പായിരുന്ന  മാർ ഗ്രിഗറി കരോട്ടെമ്പ്രായലിനെ 1996 ൽ മാർപ്പാപ്പ അമേരിക്കയ്ക്കു അയക്കുന്നു. ഗ്രിഗറി പിതാവ് അമേരിക്കയിലെ വിവിധ സ്‌ഥലങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും സിറോ മലബാർ വിശ്വാസികളോട് ആശയമിനിമയം നടത്തുകയും ചെയ്തു. അതേത്തുടർന്ന് ഒരു സിറോ മലബാർ രൂപത വേണമെന്ന വിശ്വികളുടെ ആവശ്യം ന്യായമാണെന്ന് ഗ്രിഗറി പിതാവ് റിപ്പോർട്ടു കൊടുക്കുകയും ചെയ്തു.

1997 ൽ ഫാ. ജേക്കബ് അങ്ങാടിയത്ത് ഡാലസിലെ  പത്താം പിയുസ് ദേവാലയത്തിൽ നിന്നും ഗാർലന്റിലെ സെന്റ്‌ മൈക്കിൾ ദേവാലയത്തിലേക്ക്  സ്‌ഥലം മാറ്റപ്പെടുന്നു.  രണ്ടു വർഷം അവിടെ സേവനം ചെയ്യുന്നു. അവിടെനിന്നുമാണ് 1999 ജൂൺ 30 നു ചിക്കാഗോയിലേക്ക്  വരുന്നത്. ആദ്യകാലത്തു ഇടവകകളിൽ കൈക്കാരൻമ്മാരും പാരിഷ് കൗൺസിൽ അംഗങ്ങളുമൊക്കെ ആകാനുള്ള വിശ്വാസികളുടെ താൽപ്പര്യവും മത്സരവുമൊക്കെ പിതാവിൻ്റെ ജീവചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
സിറോ മലബാർ രൂപത നിലവിൽവന്നതിനെപ്പറ്റിയും, പ്രഥമ മെത്രാനായി ഉയർത്തപ്പെട്ടതിനെക്കുറിച്ചും ഈ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.
ചിക്കാഗോയിൽ ശുശ്രുഷചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ചിക്കാഗോയിലെ കർദ്ദിനാളിൻറെ ഫോൺ കാൾ വരുന്നത്: "അപ്പസ്തോലിക് ന്യൂൺഷ്യോയെ നേരിട്ട് വിളിക്കണം". അതനുസരിച്ചു ന്യൂൺഷ്യോയെ വിളിക്കുന്നു. "സിറോ മലബാർ സഭക്ക് പുതിയ രൂപത തുടങ്ങുന്നതിനുള്ള അനുവാദം പരിശുദ്ധ പിതാവ് തന്നിട്ടുണ്ട്. രൂപതയുടെ പ്രഥമ മെത്രാനായി താങ്കളെ  നിയമിക്കാനാണ് മാർപ്പാപ്പയുടെ തീരുമാനം. സ്വീകരിക്കുന്നോ ?"
"ആലോചിക്കാൻ സമയം തരണം " എന്നതായിരുന്നു ആദ്യ മറുപടി. നേരെ പോയത് പ്രാർഥിക്കാൻ .. പ്രാർഥനകൾക്കൊടുവിൽ  പരിശുദ്ധാത്മാവു  വെളുപ്പെടുത്തിയ മറുപടി പിറ്റേ ദിവസം ന്യൂൺഷ്യോയെ അറിയിക്കുന്നു.
അങ്ങനെ അമേരിക്കയിലെ സിറോ മലബാർ രൂപത നിലവിൽ വന്നു. പ്രഥമ മെത്രാനായി മാർ ജേക്കബ് അങ്ങാടിയത്ത് നിയമിക്കപ്പെട്ടു. 2001 ജൂലൈ ഒന്നിന് രൂപത ഉദ്‌ഘാടനം ചെയ്തപ്പെട്ടു. അന്നേദിവസം തന്നെ മാർ അങ്ങാടിയാത്തിന്റെ മെത്രാഭിഷേകവും നടന്നു. 
തുടർന്നുള്ള അദ്ധ്യായങ്ങളിൽ രൂപതയുടെ  ബാലാരിഷ്ടതകളും,  പ്രതിസന്ധികളും , ക്രമേണയുള്ള വളർച്ചയും, പിതാവിനെ വേട്ടയാടിയ രോഗത്തെപ്പറ്റിയുമൊക്കെ വിശദമായിത്തന്നെ പറയുന്നുണ്ട്. 
മാർ ജേക്കബ് അങ്ങാടിയത്തിന്റെ  ബാല്യം, കൗമാരം , സെമിനാരിപഠനം,ഇടവക ഭരണം , അമേരിക്കൻ ദൗത്യം, ആദ്യകാല വൈദികർ ,  ആദ്യകാല വെല്ലുവിളകൾ ,  ചിക്കാഗോ രൂപത രൂപീകരണം , തുടങ്ങി വിവിധ മേഖലകളെപ്പറ്റി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. മാർ അങ്ങാടിത്തിന്റെ ജീവചരിത്രത്തോടൊപ്പം , ചിക്കാഗോ സിറോ മലബാർ രൂപതയുടെ ചരിത്രവും ഇതിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നതും ഈ ജീവചരിത്രത്തെ വേറിട്ടതാക്കുന്നു.
ഫാ. ജോർജ് ദാനവേലിൽ ആണ് ഈ പുസ്തകത്തിൻറെ എഡിറ്റിങ് ഭംഗിയായി നിർവഹിച്ചിരിക്കുന്നത്. മനോഹരമായ അവതാരിക എഴുതിയിരിക്കുന്നത് ബിഷപ്പ് മാർ ജോയ് ആലപ്പാട്ടാണ്.
തീർച്ചയായും എല്ലാവരും "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി” വായിച്ചിരിക്കേണ്ടതാണ് . കൂടാതെ വരും തലമുറയ്ക്ക് ചിക്കാഗോ രൂപതയെപ്പറ്റി  മനസിലാക്കാനും അങ്ങാടിയത്ത്  പിതാവിൻ്റെ ജീവചരിത്ര ഗ്രന്ഥം ഉപകരിക്കും.

 

Join WhatsApp News
Varghese Joseph 2024-11-26 01:34:53
Good one sholy Need a copy of Angadiayathu Pithavu’s biography!
Mr Kna 2024-11-26 02:27:09
For the formation of Chicago Syro Malabar Diocese, the Knanaya faithful had a major role. But, they have been betrayed by the Syro Bishops and Synod and with the Syro hegemony our basic needs are ignored.
james mathew NY 2024-11-26 12:54:56
How to get a copy of the book interesting to read.. Sholy, nicely presented
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക