പ്രമുഖനായ നാടക-ചലച്ചിത്ര നടനും നാടക സംവിധായകനുമായിരുന്ന പി.കെ. വേണുക്കുട്ടൻ നായർ ഓർമ്മയായിട്ട് ഒരു വ്യാഴവട്ടം.. അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയർ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികൾ മലയാളി നാടകാസ്വാദകർക്ക് മുമ്പിൽ ആദ്യമായി എത്തിച്ചത് വേണുക്കുട്ടൻ നായരായിരുന്നു.
1934 ജൂലൈ 14 നാണ് അദ്ദേഹം ജനിച്ചത്. നാടകപ്രവർത്തകനായിരുന്ന പി കെ കൃഷ്ണപിള്ളയാണ് പിതാവ്. അമ്മ: എൽ കാർത്യായനിയമ്മ. അച്ഛനും സഹോദരന്മാരായ പി.കെ വിക്രമൻനായരും പി.കെ വാസുദേവൻ നായരുമായിരുന്നു വേണുക്കുട്ടൻ നായരുടെ ഗുരുക്കന്മാർ. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകത്തിന്റെ അണിയറ പ്രവർത്തകനായി മാറിയ വേണുക്കുട്ടൻ നായർ, ഇരുപതാം വയസ്സിൽ നടനായി. എഞ്ചിനീയറിങ് പഠനം പാതിവഴിക്ക് നിർത്തിയാണ് നാടകലോകത്തേക്കിറങ്ങിയത്.
അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെ സിനിമയിലുമെത്തിയ വേണുക്കുട്ടൻ നായർ, 30 ലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സ്വയംവരം, ഉൾക്കടൽ, സ്വപ്‌നാടനം, ഒരു ചെറുപുഞ്ചിരി എന്നിവ അതിൽ പെടുന്നു.
കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സംഗീതനാടക അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ആകെ 95 നാടകങ്ങൾ സംവിധാനം ചെയ്തു.
കാലിക്കറ്റ് സർവകലാശാല സ്‌കൂൾ ഓഫ് ഡ്രാമ ആരംഭിക്കുന്നതു മുതൽ ദീർഘകാലം അവിടെ അധ്യാപകനായിരുന്നു. ഡ്രാമാറ്റിക് ബ്യൂറോ, കലാകൈരളി, കലാവേദി, ശ്രീചിത്തിരതിരുനാൾ വായനശാല, പ്രസാധന, കൾട്ട്-തൃശ്ശൂർ, രംഗപ്രഭാത്, സുവർണ്ണരേഖ എന്നിവയുടെ സംഘാടകനായ വേണുക്കുട്ടൻ നായർ, തിരുവനന്തപുരം സംഘശക്തി, സംഘചേതന, അഹല്യ, അതുല്യ, നെയ്യാറ്റിൻകര സ്വദേശാഭിമാനി തിയേറ്റേഴ്‌സ്, വടകര വരദ, തൃശ്ശൂർ യമുന എൻർടൈനേഴ്‌സ്, കണ്ണൂർ സംഘചേതന തുടങ്ങിയ പ്രൊഫഷണൽ നാടകസമിതികൾക്ക് വേണ്ടി ഒട്ടേറെ നാടകങ്ങൾ സംവിധാനം ചെയ്തു.
വിവർത്തനങ്ങളും നാടകസംബന്ധിയായ ഗ്രന്ഥങ്ങളും 13 നാടകങ്ങളും പുസ്തകരൂപത്തിൽ പുറത്തിറങ്ങി. പ്രശസ്തമായ ആന്റിഗണിയും ഇതിൽ ഉൾപ്പെടും.
മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാർഡ് നാലുതവണയും
നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹത്തിൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!