Image

75-ാം വാര്‍ഷിക നിറവില്‍ ഇന്ത്യയുടെ പരമോന്നത നിയമ സംഹിത (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 26 November, 2024
 75-ാം വാര്‍ഷിക നിറവില്‍ ഇന്ത്യയുടെ പരമോന്നത നിയമ സംഹിത (എ.എസ് ശ്രീകുമാര്‍)

ഒരു രാജ്യത്തെ 'പരമോന്നത നിയമ സംഹിത'യാണ് അവിടുത്തെ ഭരണഘടന. ഭരണഘടനയെ 'രാജ്യത്തിന്റെ പ്രാഥമിക നിയമ സംഹിത' എന്നാണ് പറയുന്നത്. ഒരു രാജ്യം ഭരിക്കേണ്ടതിനെ കുറിച്ചുള്ള അടിസ്ഥാന നിയമങ്ങള്‍ കൂടിയാണ് ഭരണഘടന. ലോകത്തിലെ, ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്. ഒട്ടേറെ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന ഭരണഘടനകളിലെ ഉത്തമാംശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന സ്വാംശീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു 'പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക്കായി' പ്രഖ്യാപിക്കുന്നു.

ഇന്ന് (നവംബര്‍-26) ഇന്ത്യന്‍ ഭരണഘടനാദിനമാണ്. ഇന്ത്യ റിപ്പബ്ളിക്കാവുന്നതിന് രണ്ടുമാസം മുമ്പ്, അതായത് 1949 നവംബര്‍ 26-നാണ് ഭരണഘടനാ നിര്‍മാണ സഭ ഭരണഘടന അംഗീകരിച്ചത്. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് അസ്ഥിവാരമിട്ട,  ജനതയുടെ പൗരാവകാശങ്ങള്‍ ഉറപ്പുവരുത്തിയ ചരിത്ര ദിനമായിരുന്ന അത്. അതിന്റെ 75-ാം വാര്‍ഷികമാണിന്ന്.

ഏഴുതി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ദീര്‍ഘമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് സൂചിപ്പിച്ചുവല്ലോ. 25 ഭാഗങ്ങളും 395 അനുഛേദങ്ങങ്ങളും എട്ട് പട്ടികകളുമാണ് (ഇപ്പോള്‍ 12 പട്ടികകള്‍) ഭരണഘടന നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്നത്. 90,000 വാക്കുകളും. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് കൈയെഴുത്തുപ്രതി തയ്യാറാക്കിയത്. ഇത് ഹീലിയം നിറച്ച കവറുകളില്‍ പാര്‍മെന്റില്‍ സൂക്ഷിച്ചിട്ടുണ്ട്. ഡോ. ബി.ആര്‍ അംബേദ്കര്‍ ആണ് ഭരണഘടനയുടെ മുഖ്യ ശില്‍പി.

അതേസമയം അടിയന്തരാവസ്ഥക്കാലത്ത് (1975-1977) 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 'സോഷ്യലിസം', 'മതേതരത്വം' എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ (ുൃലമായഹല) ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി വിധി ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് അല്ലെങ്കില്‍ താക്കോല്‍ ആണ് ആമുഖം.  പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആണ് ഇങ്ങനെയൊരു വിശേഷണം നല്‍കിയത്.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂര്‍ണ്ണമായ 21 മാസമായിരുന്നു അടിയന്തരാവസ്ഥക്കാലം.  രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യന്‍ ഭരണഘടനയിലെ 352-ാം വകുപ്പ് അനുസരിച്ചാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരയ്ക്ക് ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കുവാനും പൗരാവകാശങ്ങള്‍ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് നല്‍കി.

അടിയന്തരാവസ്ഥയ്ക്കെതിരെ ജനരോഷം കൊടുമ്പിരികൊണ്ടിരിക്കെ തന്റെ പ്രതിച്ഛായ നന്നാക്കാന്‍ ഇന്ദിര കൈക്കൊണ്ട നടപടികളിലൊന്നായിരുന്നു 42-ാം ഭരണഘടനാ ഭേദഗതി. ആമുഖത്തില്‍ത്തന്നെ 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ചേര്‍ക്കുക വഴി താന്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണെന്നും എല്ലാവരെയും തുല്യരായി കാണുന്നുവെന്നുമുള്ള സന്ദേശം നല്‍കുകയായിരുന്നു ഇന്ദിരയുടെ ലക്ഷ്യം. ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളെ തുല്യമായി പരിഗണിക്കുമെന്ന് വ്യക്തമാക്കാനാണ് 'സെക്യുലര്‍' എന്ന വാക്ക് ഉള്‍പ്പെടുത്തിയത്.

'ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും...' എന്നു തുടങ്ങുന്ന ആമുഖത്തിലെ ആദ്യ വരിയാലാണ് 'പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ളിക്കായി രൂപവത്കരിക്കാന്‍...' എന്ന് ഭേദഗതി ചെയ്തത്.

'ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ളിക്കായി റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും; അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും; അവരുടെയെല്ലാപേരുടെയുമിടയില്‍ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാല്‍ നമ്മുടെ ഭരണ ഘടനനിര്‍മ്മാണ സഭയില്‍ ഈ 1949 നവംബര്‍ 26-ാം ദിവസം ഇതിനാല്‍ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു...' എന്നാണ് ആമുഖത്തിന്റെ പൂര്‍ണ രൂപം. അമേരിക്കന്‍ ഭരണഘടനയില്‍ നിന്നാണ് ആമുഖം എന്ന ആശയം സ്വീകരിച്ചത്.

'സോഷ്യലിസം', 'മതേതരത്വം' എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പി നേതാക്കളായ സുബ്രഹ്‌മണ്യന്‍ സ്വാമി, അഡ്വ. അശ്വനി കുമാര്‍ ഉപാധ്യായ എന്നിവരും ഡോ. ബല്‍റാം സിങും നല്‍കിയ ഹര്‍ജികള്‍ തള്ളിയ പരമോന്നത നീതിപീഠം, ഭരണഘടന ഭേദഗതി ചെയ്യാന്‍ അതിന്റെ 368-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി.

മതേതരത്വം എന്നതിനെ മതത്തെ നിഷേധിക്കുന്ന ഒന്നായാണ് 1949-ല്‍ നിയമ പണ്ഡിതര്‍ പലരും വ്യാഖ്യാനിച്ചത്. എന്നാല്‍ മതേതരത്വത്തിന് ഇന്ത്യ കാലക്രമേണ സ്വന്തമായി വ്യാഖ്യാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭരണകൂടം ഏതെങ്കിലും മതത്തെ പിന്തുണയ്ക്കുകയോ ഏതെങ്കിലും വിശ്വാസം പിന്തുടതുന്നവരെ ശിക്ഷിക്കുകയോ ചെയ്യരുതെന്നതാണതെന്നും മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകത്തില്‍പ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആണ് ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം അവതരിപ്പിച്ചത്. കാബിനറ്റ് മിഷന്‍ പ്ലാന്‍ പ്രകാരം 1946, നവംബറില്‍ ഭരണഘടനാ നിര്‍മാണ സഭ രൂപീകരിച്ചു. ഇതില്‍ 389 അംഗങ്ങള്‍ ഉണ്ടായിരുന്നു. ആദ്യയോഗം 1946, ഡിസംബര്‍-9 നാണ് നടന്നത്. സഭയുടെ താത്കാലിക പ്രസിഡന്റായി ഏറ്റവും മുതിര്‍ന്ന അംഗമായിരുന്ന സച്ചിദാനന്ദസിന്‍ഹയെയാണ് തിരഞ്ഞെടുത്തത്.

ഭരണഘടനാ നിര്‍മ്മാണ സഭയുടെ സ്ഥിരം പ്രസിഡന്റായി 1946, ഡിസംബര്‍ 11-ന് ഡോ. രാജേന്ദ്ര പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. 'ഭരണഘടനയുടെ ലക്ഷ്യങ്ങള്‍' എന്ന പ്രമേയം അവതരിപ്പിച്ചത് 1946 ഡിസംബര്‍ 13-ന് ജവഹര്‍ലാല്‍ നെഹ്റുവാണ്. ഇതാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായി അറിയപ്പെട്ടത്.

ഭണഘടനാ നിര്‍മ്മാണ സഭ 13 പ്രധാന കമ്മറ്റികളെ നിയമിക്കുകയുണ്ടായി. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ ഏഴംഗ കമ്മിറ്റിയെ 1947, ഡിസംബര്‍ 29-ന് നിയമിച്ചു. ഡോ. ബി.ആര്‍ അംബേദ്കറായിരുന്നു ഇതിന്റെ തലവന്‍. ഭരണഘടനാ നിര്‍മ്മാണ സഭ, 2 വര്‍ഷവും 11 മാസവും 18 ദിവസവും കൊണ്ടാണ് ഭരണഘടന തയ്യാറാക്കിയത്. സഭയുടെ നിയമോപദേശകന്‍ ബി.എന്‍ റാവു ആയിരുന്നു.

ഡോ. ബി.ആര്‍ അംബേദ്കര്‍, അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, കെ.എം. മുന്‍ഷി. മുഹമ്മദ് സാദുള്ള, ബി.എല്‍ മിത്തര്‍ (പിന്നീട് എന്‍. മാധവറാവു പകരം വന്നു), ഡി.പി ഖെയ്ക്കാന്‍ (ടി.ടി കൃഷ്ണമാചാരി പകരം വന്നു) എന്നിവരായിരുന്നു ഭരണഘടനയുടെ കരട് നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍.

വിവിധ രാജ്യങ്ങളിലെ നിയമ സംഹിതകളില്‍ നിന്ന്  ഇന്ത്യന്‍ ഭരണഘടന കടമെടുത്ത ആശയങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം...

* ഭരണഘടന ആമുഖം-യു.എസ്.എ
* നിയമവാഴ്ച-ബ്രിട്ടന്‍
* സ്വതന്ത്ര നീതിന്യായ വ്യവസ്ഥ-യു.എസ്.എ
* മൗലികാവകാശങ്ങള്‍-യു.എസ്.എ
* സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യല്‍-യു.എസ്.എ
* ശക്തമായ കേന്ദ്രത്തോടു കൂടിയ ഫെഡറേഷന്‍-കാനഡ
* റിപ്പബ്ലിക്-ഫ്രാന്‍സ്
* മൗലിക കര്‍ത്തവ്യങ്ങള്‍-ജപ്പാന്‍
* നിര്‍ദ്ദേശക തത്ത്വങ്ങള്‍-അയര്‍ലന്‍ഡ്
* പ്രസിഡന്റ് തിരഞ്ഞെടുപ്പ്-അയര്‍ലന്‍ഡ്
* ഏക പൗരത്വ വ്യവസ്ഥ-ബ്രിട്ടന്‍
* നിയമ നിര്‍മ്മാണം-ബ്രിട്ടന്‍
* അടിയന്തിരാവസ്ഥ-ജര്‍മനി (വെയ്മര്‍ ഭരണഘടന)
* കണ്‍കറന്റ്ലിസ്റ്റ്-ഓസ്ട്രേലിയ
* ജുഡീഷ്യല്‍ റിവ്യൂ-യു.എസ്.എ
* പ്രസിഡന്റ് എക്സിക്യൂട്ടീവ് തലവന്‍-യു.എസ്.എ
* കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള അധികാരം പങ്കിടല്‍-കാനഡ
* യൂണിയന്‍, സ്റ്റേറ്റ് ലിസ്റ്റുകള്‍-കാനഡ
* പാര്‍ലമെന്റല്‍ ജനാധിപത്യം-ബ്രിട്ടന്‍
* ഭരണഘടനാ ഭേദഗതി-ദക്ഷിണാഫ്രിക്ക

ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലാണ് മൗലികാവകാശങ്ങള്‍. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ആറെണ്ണമാണ്. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശങ്ങള്‍ എന്നിവയാണിവ. 'വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാഗ്‌നാകാര്‍ട്ട' എന്നാണ് മൗലികാവകാശങ്ങളെ വിശേഷിപ്പിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക