Image

ആഗോള ആധികൾ (ഇമലയാളി കഥാമത്സരം 2024: ജീജ അനിരുദ്ധൻ)

Published on 26 November, 2024
ആഗോള ആധികൾ (ഇമലയാളി കഥാമത്സരം 2024: ജീജ അനിരുദ്ധൻ)

ആശുപത്രിയുടെ വിശാല മുറ്റത്തെ   കൂറ്റൻ തണൽ മരത്തിൽ നിയോൺ വെളിച്ചവും മഴച്ചാറ്റലും ചേർന്ന് സ്വർണ്ണപ്പൊടി വിതറുന്നതു  നോക്കിക്കൊണ്ട് മനോജ് ഏഴാം നിലയിലെ  . ഐ സി.യുവിനരികിൽ  നിന്നു . അകത്തു നിന്ന് ഇടയ്ക്കിടെ തല നീട്ടി വരുന്ന  ഓരോ വിളികളിലും അയാൾ ഞെട്ടലോടെ ജാഗരൂകനായി. അപ്പു മാമൻ എ സി യുടെ തണുപ്പുമായി പൊരുതുന്നതിൽ മുഴുകിയിരിക്കുന്നു. ഒരുപക്ഷേ താനെത്തും വരെ മാമൻ ഇതുപോലെ ജാഗ്രതയോടെ കാതുകൂ൪പ്പിച്ചായിരിക്കാം ഇവിടെ നിന്നിട്ടുണ്ടാവുക!  പാവം കാലങ്ങളായി  ദുരിതങ്ങളുടെ പങ്കു വയ്പ്പുകാരനാണ്... അച്ഛനെ ഗുരുതരാവസ്ഥയിൽ ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിച്ചതും മൂന്നു ദിവസമായി കാവലിരിക്കുന്നതും അദ്ദേഹം തന്നെ. ഏത് കുടുംബത്തിലും കണ്ടേക്കും  ഇതുപോലെ ഒറ്റത്തടിയായ ഒരു  മാമനോ മാമിയോ ചെറിയമ്മയോ ചെറിയച്ഛനോ !  ഇതുപോലുള്ള സന്നിഗ്ദ്ധ ഘട്ടങ്ങളിൽ  എത്ര ദിവസം വേണമെങ്കിലും  വന്നു നിന്ന് സഹായിക്കാൻ സാഹചര്യമുള്ളവർ. എട്ടു വർഷം മുൻപ് അമ്മ മരിക്കുമ്പോൾ നാട്ടിൽ വന്നു പോയതാണ്. അന്നേ അച്ഛന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു

അച്ഛനാവും ആദ്യം പോവുക എന്ന് എല്ലാവരെയും പോലെ താനും കരുതീരുന്നു. ചെറു പ്രായത്തിലെ തുടങ്ങിയ പ്രമേഹവും അനുബന്ധ രോഗങ്ങളും അച്ഛന്റെ ആരോഗ്യസ്ഥിതി അനുദിനം മോശമാക്കുന്നത് അകലെയിരുന്ന് താനറിഞ്ഞിരുന്നുവെങ്കിലും പണമയക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ  ശ്രമിച്ചില്ല എന്ന കുറ്റബോധം പണ്ടൊക്കെ  എന്നും അലട്ടിയിരുന്നു.

ചേച്ചിയും അപ്പു മാമനും പലവട്ടം വിളിച്ചുപറഞ്ഞു. 'അച്ഛന് നിന്നെ കാണാൻ ആശയുണ്ട് ഒന്നു വന്നുപോകാൻ'.. ഓരോ ഓണവും കഴിയുമ്പോൾ കുറ്റബോധം ഇരട്ടിക്കും ഇത്തവണയും പോകാൻ കഴിഞ്ഞില്ലല്ലോ എന്ന് ! എന്നാൽ അതെല്ലാം സഹോദരിയുമായുള്ള കിടമത്സരത്തിൽ മായുകയും. ചെയ്യും . ഓർമ്മ വച്ച നാൾ മുതലുള്ള മത്സരവും പിണക്കങ്ങളും!പാരസ്പര്യത്തിന്റെ എല്ലാ ശാഖകളും വെട്ടിപ്പോയാലും ദിവസങ്ങൾ കഴിയുമ്പോൾ ജീവസ്സുള്ളൊരു അടി വേര് അതെല്ലാം വീണ്ടും കിളിർപ്പിക്കുമായിരുന്നു. എന്നാൽ ചിലപ്പോൾ അവയുടേയും  ശക്തി ക്ഷയിച്ചു വരുന്നതിന്റെ സൂചനകൾ അനവധിയാണ്.

പ്രതീക്ഷകളുടെ ചിറകേറി വടക്കനാഫ്രിക്കയിലെ മൊറോക്കോയിലേക്ക് സ്വപ്നങ്ങളെ പറിച്ചുനട്ടിട്ടു വർഷം പന്ത്രണ്ടായി. അതിനിടയിൽ രണ്ടു സന്ദർശനങ്ങൾ  മാത്രമുണ്ടായി. സ്പെയിനിൽ തായ് വേരുകളും ആഫ്രിക്കയിൽ ശാഖകളും ഉള്ള മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനമറിയിക്കാൻ നാട്ടിലെത്തുമ്പോൾ ചേച്ചിയും കുടുംബവും  വന്നിട്ടുണ്ടായിരുന്നു . രൂപവും  സ്വഭാവവും കൊണ്ട് തനിക്കിണങ്ങുന്നവളെന്ന തോന്നലാണ് ഹലീമയിലേക്ക് തന്നെ അടുപ്പിച്ചത് .

ലിസ്ബണിലെ ഉന്നത ഉദ്യോഗവും ജീവിതരീതികളും കൊണ്ട് അടിമുടി   മാറിപ്പോയ മീനുച്ചേച്ചിയ്ക്ക് അനുജന്റെ ആഫ്രിക്കൻ പ്രവാസത്തോട് പരമ പുച്ഛമാണുണ്ടായിരുന്നത്.

'അവൻ കാപ്പിരി നാട്ടിലായതു കൊണ്ടാണെന്ന്' എന്തിനും ഏതിനും   ചിരിയ്ക്കു വകയില്ലാത്ത തമാശ പറയുന്നതും ചേച്ചി ശീലമാക്കിയിരുന്നു. ഒറ്റ ദിവസത്തെ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന അകലത്തിൽ പാർത്തിട്ടും ഇടയ്ക്കൊന്നു പരസ്പരം കാണുവാൻ അവർ ഇന്നോളം മിനക്കെട്ടില്ല.

പറങ്കിമാങ്ങ പോലെ തുടുത്തവരും സായിപ്പിന്റെ തനിപ്പകർപ്പുകളുമായ  ആ കുടുംബത്തിന്റെ കൂട്ടത്തിൽ, ഏതോ താവഴിയിൽ നിന്ന് ഇടയിൽ കയറിക്കൂടിയ  ദക്ഷിണാഫ്രിക്കൻ  അവയവങ്ങളുള്ള തന്റെ ഭാര്യയെ സങ്കൽപ്പിക്കുമ്പോൾ അയാൾക്ക് വല്ലാത്ത തളർച്ച തോന്നിയിരുന്നു.

അതുകൊണ്ട് തന്നെ ഹലീമയെ നാട്ടിൽ  ഒറ്റത്തവണ ഒന്ന് കൊണ്ടു വരണമെന്നേയുണ്ടായിരുന്നുള്ളൂ. അത് ചേച്ചി  ഉള്ളപ്പോഴാവരുതെന്നും  തീരുമാനിച്ചു. അച്ഛനും ആ  വെള്ളക്കാരുടെ പക്ഷത്ത് ചേരുന്നതിനാണ് ഇഷ്ടപ്പെട്ടത്.  രൂപം കൊണ്ട് അച്ഛനെ തന്നെക്കാൾ കൂടുതലായി പ്രതിനിധാനം ചെയ്യുന്നത് ചേച്ചിയായതു കൊണ്ടാവാം! സ്വത്തു പകുത്തപ്പോൾ അത് കൂടുതൽ വ്യക്തമാവുകയും ചെയ്തതാണ്. കുടുംബത്തിൻറെ ആവശ്യങ്ങൾക്ക് ലോഭമില്ലാതെ പണം അയക്കാൻ താൻ  ശ്രദ്ധിച്ചിട്ടുണ്ട്.  മക്കൾ നാട്ടിൽ ഇല്ലാത്ത വിഷമം അറിയിക്കാതിരിക്കാനായി ഉത്സവ കമ്മിറ്റിക്കാർക്ക് വരെ   സ്ഥിരം എക്കൗണ്ടുണ്ടായിരുന്നു  . എങ്കിലും കുറ്റപ്പെടുത്തലിന് ഒരു കുറവുമില്ല. വിവാഹമേ വേണ്ടെന്നു തോന്നിയതായിരുന്നു ആദ്യമൊക്കെ. വല്ലാത്തൊരു ചങ്ങലയാണിതെല്ലാം  ... ഔദ്യോഗിക പരിചയം  നല്ല നിലയിൽ വളർന്ന്  ഒടുവിൽ ഹലീമയെ വിവാഹം കഴിക്കുമ്പോൾ ആശങ്കകളനവധിയായിരുന്നു.  ചടങ്ങുകളെങ്കിലും ഒഴിവാക്കണമെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു .  ആദ്യമായി നാട്ടിൽ വന്നപ്പോൾ പുതുപ്പെണ്ണിനെ നിലവിളക്ക് പിടിപ്പിക്കണോ   എന്ന് അമ്മ ചോദിച്ചിരുന്നു. വേണ്ടെന്ന മറുപടിക്ക് എതിരഭിപ്രായവും ഉണ്ടായില്ല. സകല ചിട്ടവട്ടങ്ങളും അർത്ഥ ശൂന്യമാണെന്ന മട്ടിൽ ഒരു നിസ്സംഗത അമ്മയുടെ വർത്തമാനങ്ങളിലും ഭാവത്തിലും എന്നും ഉണ്ടായിരുന്നു. അതേതായാലും ഉപകാരമായി.  നാട്ടിൽ ഒരു ജീവിതമാർഗം കണ്ടെത്താനുള്ള സാഹചര്യം ഇല്ലാഞ്ഞിട്ടല്ല മകൻ നാടുവിട്ടതെന്നും മറ്റുമുള്ള അച്ഛന്റെ മധ്യകേരള മലയാളത്തിന് ഹലീമ ഏതോ അതീന്ദ്രിയ ജ്ഞാനത്താലെന്ന പോലെ തലയാട്ടുന്നുണ്ടായിരുന്നു. എങ്കിലും സഫലമാകാത്ത ആശകളോ ഏതോ അതൃപ്തികളോ ഒക്കെ നെടുവീർപ്പുകളായി  അയച്ച് അച്ഛൻ അവളിൽ ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ടായിരുന്നു.

നാടും വീടും അന്യമായി പോകുന്നതിലാണോ അച്ഛൻറെ ദുഃഖം അതോ തങ്ങളുടെ കാലശേഷം  കാടു കയറി മുടിഞ്ഞു പോകാനിരിക്കുന്ന വീടും പരിസരവുമോര്‍ത്തിട്ടാണോ എന്നറിയാൻ  അയാൾക്കും ചിലപ്പോഴൊക്കെ ആകാംക്ഷ തോന്നിയിരുന്നു .

ഒടുവിലായി ചേച്ചി പരാതിക്കെട്ടുമായി വിളിക്കുന്നത് ഒരു സുവർണ്ണ ദിവസത്തിലായിരുന്നു. ഖത്തർ  ലോകകപ്പിൽ  മൊറോക്കോയുടെ യൂസഫ്‌  നെസ്‌റി  തന്റെ തകർപ്പൻ ഹെഡ്ഡറിലൂടെ 'ഇരുണ്ട ഭൂഖണ്ഡമൊന്നാകെ വെളിച്ചം നിറച്ച ദിനം!  പോർച്ചുഗലിന്റെ ദ്യേഗോ കോസ്‌റ്റയ്ക്കു മുകളിലൂടെ പറന്നുയർന്ന യൂസഫ് എന്ന സ്വർണ്ണപ്പക്ഷിയെക്കണ്ട് കണ്ണു നിറച്ചു നിന്ന  അതേ ദിവസം... അത്യാഹ്ലാദത്തിലായിരുന്നതിനാൽ

നിറഞ്ഞ ഒരു പുഞ്ചിരിയോടെ മീനച്ചേച്ചിയുടെ പരിദേവനങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടിരുന്നു

പതിവു പോലെ പ്രത്യാക്രമണത്തിന് ആയുധമെറിഞ്ഞു കൊടുക്കാത്തതിൽ ചേച്ചിയ്ക്ക് കൗതുകമുള്ളതായി മനസ്സിലായി. തന്റെ മനസ്സമാധാനത്തിന്റെ ഗോൾവലയെ പലവട്ടം കുലുക്കാൻ പോന്ന തടസ്സമില്ലാ വാദങ്ങൾക്ക് സമാന്തരമായി സ്വീകരണമുറിയിലെ ടെലിവിഷനിൽ  നിന്ന്   സി ആർ സെവൻറെ ആരാധികയായ അവരെ ഹതാശരാക്കുന്ന ആരവങ്ങളുയർന്നു  .

കാതങ്ങളപ്പുറത്തിരുന്ന് ആ സാഹോദര്യങ്ങൾ  സൗഹൃദരഹിതമായി മത്സരിക്കുന്നതും

സ്നേഹരഹിതമായി വാദിക്കുന്നതും പതിവായിരുന്നു. എന്നാൽ അന്ന്

ഉള്ളം നിറയെ സന്തോഷം ഒരു നനുത്ത പാട പോലെ പടർന്നു കിടന്നതു കൊണ്ട് വാഗ്വാദത്തിനു മുതിർന്നില്ല.

ദക്ഷിണാഫ്രിക്കയിൽ  അടിമത്തത്തിന്റെ വിത്തു മുളപ്പിച്ചവരിൽപ്പെട്ടവരാണല്ലോ  ചേച്ചിയുടെ  അന്നദാതാക്കളായ പറങ്കികൾ!

ഇരുണ്ട വൻകരയെ കൂടുതൽ  കൂടുതൽ  കൂരിരുട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ സാമ്രാജ്യ ശക്തികളിലൊന്ന് !

അച്ഛന്റെ ബിപിയുടേയും ഷുഗറിന്റെ യും ക്രിയാറ്റിന്റെയും അളവും ഡോക്ടറുടെ റിമാർക്സും ഹോസ്പിറ്റൽ ബിൽ സെറ്റിൽ മെന്റിന്റെ ഏറക്കുറവുകളും ഉൾപ്പെടുന്ന എതിരില്ലാ ഗോളുകളുകൾക്കു വഴങ്ങുമ്പോൾ മനസ് ഉന്മത്തമായുരുവിട്ടു  "എന്റെ  മൊറോക്കൻ മണ്ണ് നിന്റെ ഇതിഹാസ താരങ്ങളെ തൂത്തുവാരിയിരിക്കുന്നു ചേച്ചീ....... വിജയിച്ചത് കല്ലേറ്റുകുഴി  മനോജ് എന്ന ഞാനാണ്! തടിച്ച അധരവും വിടർന്ന മൂക്കും സ്ഥൂല നിതംബവുമുള്ള  എന്റെ ആഫ്രോ അറേബ്യൻ ഭാര്യയാണ് !  അമ്മയുടേയും അച്ഛന്റെയും നെഞ്ചിൽ തോറ്റാൽ പിന്നെ ഈ 'അങ്ങാടിയി'ലെങ്കിലും ജയിക്കണമല്ലോ!  അതിന്റെ സ്മാരകമായി  ഞാനെന്റെ അച്ഛനെ കാണാൻ വേണ്ടി മാത്രം പോകുന്നു.പൈതൃകം ഉള്ളം കൈയ്യിലെ നെല്ലിക്കയായി എന്നോടൊപ്പം വിമാനമേറിപ്പോന്നോളും കണ്ടോളൂ!

താമസിയാതെ അവസരം കൈവന്നു.... അച്ഛൻ ന്യുമോണിയയേത്തുടർന്ന് ആശുപത്രിയിലായി!  മനോജിന് ആവേശം അണ പൊട്ടി.'സ്നേഹം കൊണ്ടാണോ മനോജേ'..

ഉള്ളിലിരുന്നാരോ ചോദിച്ചു...'അല്ലേയല്ല ..  ജയിക്കാനല്ല സമനിലയെങ്കിലും കിട്ടുമോയെന്ന് നോക്കാനാണ്'... മനോജ് മൊഴിഞ്ഞു. വലിയ റിസ്ക്കാണ് എങ്കിലും തറവാടിരിക്കുന്ന ഒരേക്കർ പറമ്പ് അച്ഛൻ ആർക്കും കൊടുത്തിട്ടില്ല. അതിന്റെ അവകാശിയാവണം . അതിന്റെ പ്രമാണവുമായി വേണം  തിരകെ തന്റെ വൻകര പിടിക്കാൻ!

പിറന്ന മണ്ണിൽ കാൽചവിട്ടുമ്പോൾ മുതൽ പായാരം പോലെ മഴയായിരുന്നു. വീട് താമസയോഗ്യമല്ല ഇളയച്ഛന്റെ വീട്ടിൽ ആ രാത്രി കഴിച്ചു അവിടെയും മക്കളാരുമില്ല .  ചുവരിൽ തൂക്കിയ ലോകഭൂപടം ചൂണ്ടി 'ഇതിൽ കാണുന്ന കുഞ്ഞടയാളങ്ങളാണ്  ഇന്ന് മക്കൾ' എന്ന് ഇളയച്ഛൻ തമാശയായി പറഞ്ഞു .  

വൃദ്ധ സദനങ്ങളേപ്പറ്റി ഒരു ഗവേഷണം തന്നെ ഇളയച്ഛനും ഇളയമ്മയും നടത്തി വച്ചിരിക്കുന്നു.  അച്ഛനു വേണ്ടി മുഴുവൻ സമയ മെഡിക്കൽ സേവനം കൂടി ലഭ്യമാകുന്ന സ്ഥാപനങ്ങൾക്കായി ഒരു വോയ്സ് സെർച്ച് നൽകിയ ശേഷം ചേട്ടനോട് തറവാട് എഴുതിത്തരാൻ സ്വാധീനം ചെലുത്താമെന്ന് അദ്ദേഹം മനോജിന് ഉറപ്പു കൊടുത്തു. 'എന്നിട്ടതെന്തു ചെയ്യാനാണ് പദ്ധതി' എന്ന   ചോദ്യത്തെ ഭയന്ന് വേഗത്തിൽ മനോജ് മുറിയിലേക്ക് മറഞ്ഞു  

ചിന്തകൾ ഐസിയുവിൽ കയറിക്കറങ്ങി. അച്ഛന്റെ ശരീരം രോഗങ്ങൾ മേഞ്ഞ് എല്ലും തോലുമായിക്കാണും! വാക്കുകൾ വെറും ഞരക്കങ്ങളായും നോട്ടങ്ങൾ കുഴികളിലേക്കിറങ്ങിപ്പോയും കാണും.

എട്ടു വർഷങ്ങളുടെ കണക്കെഴുത്താൽ അച്ഛനെ അയാൾ ഉരുവപ്പെടുത്തി മനസിൽ വച്ച് ഐസിയുവിന്റെ  അതിരിൽ സ്വയം നട്ട് കാത്തു നിന്നു. അപ്പു മാമനെ ആ പ്രതികൂല കാലാവസ്ഥ യിൽ നിന്നും മോചിപ്പിച്ച് വീട്ടിലയച്ചു. അപ്പോഴേക്ക് ബുക്ക് ചെയ്തിരുന്ന മെയിൽ ഹോം നേഴ്സെത്തി.

"കല്ലേറ്റുംകുഴി മണികണ്ഠൻ'!!... പമ്മി നിന്ന നിശ്ശബ്ദതയെ കടന്നാക്രമിക്കും വിധം നഴ്സ്  ഉറക്കെ വിളിച്ചു... മനോജ് തന്നെയും പറിച്ചെടുത്ത് ഐസിയു വിനകത്തേക്കു നടന്നു..

ജീവൻ രക്ഷാ യന്ത്രങ്ങളും നിരീക്ഷണ സംവിധാനങ്ങളും നിർത്താതെ ചിലച്ചും കരഞ്ഞും അണഞ്ഞും തെളിഞ്ഞും ആഘോഷപൂർവ്വം  അയാളെ സ്വീകരിച്ചു.

അയാളുടെ കണ്ണുകൾ ഓരോ കട്ടിലുകളിലൂടെയും യാത്ര ചെയ്തു.

എല്ലാ മുഖങ്ങളിലും ഒരേ ഭാവം ഒരേ ദൈന്യത ഒരേ വേദന! അയാൾ മുന്നോട്ടു നീങ്ങി. കീഴ്ത്താടിയിലെ മുറിപ്പാട് ,വീതിയുള്ള  നെറ്റി , കഷണ്ടി ബാധിച്ച തല.... അയാളുടെ കണ്ണുകൾ അച്ഛനെ പരതി.

ഒരേ അച്ചിൽ വാർത്ത കുറേ വയോധികർ ! ആണേത് പെണ്ണേത് എന്നു പോലും വ്യക്തമല്ല.പെട്ടെന്ന് ആ നിറം മങ്ങിയ രണ്ടു ഗോലിക്കണ്ണുകൾ അയാളെ പിടിച്ചു നിർത്തി.  അടുത്ത നിമിഷം  ഉച്ചത്തിൽ ആ വൃദ്ധൻ  ദീനമായി വിളിച്ചു പറഞ്ഞു "ടീ സുമേ..രാജീ... ബിന്ദൂ..., ആരെങ്കിലും ഒന്നു വാടീ"... മനോജ് ഒന്നമ്പരന്നു അച്ഛനിതാരെയാണീ വിളിക്കുന്നത്?!

വാക്വം ക്ലീനറുമായി നടന്നു പോയ ക്ലീനിംഗ് സ്റ്റാഫ്  പറഞ്ഞു "ഈ അപ്പച്ചൻ ഇരുപത്തിനാല് മണിക്കൂറും ഒരേ വിളിയാണ് ഭയങ്കര ശല്ല്യമാണ്... നഴ്സുമാരേയോ മക്കളേയോ ഭാര്യയേയോ.... ആർക്കറിയാം "!

അയാൾ അരികിലേക്ക് വിളിച്ചപ്പോൾ യാന്ത്രികമായി മനോജ് അടുത്തു ചെന്നു.  മോനേ...ഇവരെന്നെ കൊല്ലാൻ പോകുന്നെടാ... നമുക്ക് പോകാം മോനേ.." അയാൾ അച്ഛന്റെ കൈപിടിച്ചു..."അച്ഛൻ വിഷമിക്കണ്ട അവരൊന്നും ചെയ്യില്ല...എന്തിനാണിങ്ങനെ ബഹളം വയ്ക്കുന്നത്.... ഒന്നും പേടിക്കേണ്ട ഞാനുണ്ടിവിടെ"..വാക്കുകളിൽ അവകാശമുറപ്പിക്കാൻ പോന്ന പശിമയോടെ  പറഞ്ഞു "മോനിതൊക്കെയൊന്നൂരിക്കളയ് നമുക്ക് പോവാം അയാൾ കുട്ടികളേപ്പോലെ കെഞ്ചി. മനോജ് ഓർമ്മയുടെ അറകളിലെല്ലാം ഊർജ്ജിതമായി തിരഞ്ഞു. ഇതു തന്നെയായിരുന്നോ അച്ഛന്റെ ശബ്ദം?! 'മനൂ....മീനൂ....സതീ....' അയാൾ മനസാ വിളിച്ചു നോക്കി.  എങ്ങനെ പോയാലും അച്ഛന്റെ ശബ്ദം എത്രയോ മാറിക്കാണും! ചേച്ചി  അച്ഛനേയും തന്നെയും വിളിക്കാറുള്ളതിനാൽ വീട്ടിലെ വിവരങ്ങൾ പറഞ്ഞറിയാം . കല്ലേറ്റും കുഴിയിൽ നിന്നും   വീട്ടു വിശേഷങ്ങൾ ലിസ്ബണിലെത്തി അവിടെ നിന്നും ജിബ്രാൾട്ടർ കടലിലുടുക്ക് ചാടിക്കടന്നാണല്ലോ  മൊറോക്കോയിലെ തൻറെ ഫ്ലാറ്റിലെ ത്തിയിരുന്നത്. അതിന്റേതായ തേയ്മാനമുള്ള ആ വിശേഷങ്ങൾക്ക് വലിയ സ്വാധീനമൊന്നും  തന്നിൽ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നുമില്ല.    ഓണമോ വിഷുവോ വന്നാൽ മാത്രമേ  അച്ഛനെ  വിളിക്കേണ്ടതുള്ളൂ എന്നായി. ആ ഫോൺ വിളികളാവട്ടെ  പറയാൻ വിഷയമൊന്നുമില്ലാതെ പെട്ടെന്ന് അവസാനിച്ചിരുന്നു !....ഗതകാലം ഒരു നിശ്ശബ്ദ ചലച്ചിത്രം പോലെ മനസ്സിലോടുന്നു. അച്ഛന്റെ ശബ്ദം പിടിതരാതെ ഒളിക്കുകയാണ്...രൂപമോ? അയാൾ കുഴങ്ങി

 അച്ഛൻ തന്റെ കയ്യിൽ മുറുകെ പിടിച്ച് എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ പറയുന്നു.

സോഡിയം കുറഞ്ഞു പോകുന്നതായി അപ്പു മാമൻ അറിയിച്ചിരുന്നു  അതാവാം ഇങ്ങനെ പെരുമാറുന്നത് ..

" ഡോക്ടറോട് ഞാൻ പറയാമച്ഛാ..

ബഹളമുണ്ടാക്കാതിരുന്നാൽ വേഗം അയക്കാൻ പറയാം...... സമ്മതിച്ചോ"?

അയാൾ സമാധാനത്തോടെ പറഞ്ഞു "സമ്മതിച്ചു "!..  "എന്നാൽ ഉറങ്ങിക്കോളൂ"...

അയാൾ അനുസരണയുള്ള കുഞ്ഞിനേപ്പോലെ  മെല്ലെ കണ്ണുകളടച്ച് കിടന്നു.

മനോജിന് തന്റെ കുട്ടിക്കാലം ഓർമവന്നു.

അച്ഛന്റെ ഇടതു കാൽപ്പാദത്തിലെ ആ വലിയ കാക്കപ്പുള്ളി....അതെവിടെപ്പോയി?!മനോജ് ആശ്ചര്യപ്പെട്ടു. അച്ഛനെന്നാൽ ആ മറുകായിരുന്നു.അത്രത്തോളം അത് മനസ്സിൽ പതിയാൻ കാരണവുമുണ്ടായിരുന്നു. പത്തു പതിനാറ് വയസ്സുള്ളപ്പോഴാണ് തന്റെ ശബരിമല ദർശനം നടന്നത്. ചേച്ചിയെ നാലാം വയസ്സിൽ മലയ്ക്ക് കൊണ്ട് പോകുമ്പോൾ അച്ഛൻ പറഞ്ഞ ന്യായം പെൺകുട്ടികൾ   മുതിർന്നാൽ പിന്നെ  മല ചവുട്ടാൻ ആവില്ല എന്നതായിരുന്നു. തനിക്ക് എപ്പൊ വേണെങ്കിലും പോകാമെന്നുള്ളതു കൊണ്ട് അതേപ്പറ്റി ആരും ശ്രദ്ധിച്ചതേയില്ല.  വീട്ടിലെല്ലാവർക്കും ചിക്കൻപോക്സ് വന്ന് മാറിയപ്പോഴാണ് മലയ്ക്ക് പോകണമെന്നത് പലരായി അച്ഛന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കഴുതക്കാഷ്ഠത്തിൽ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ച് കൊണ്ട്  വനപാതയിലൂടെയുള്ള  ആ യാത്രയിലുട നീളം നാലുവയസ്സിൽ അച്ഛന്റെ തോളിലിരുന്ന് യാത്ര ചെയ്ത ചേച്ചിയോടുള്ള അസൂയയായിരുന്നു.  അമ്പൂത്തി മലയുടെ അടിവാരത്ത് വിരിവച്ച്  സംഘാംഗങ്ങളെല്ലാമിരുന്നു.  അച്ഛന്റെ മടിയിൽ തലവച്ചു കിടന്ന് ഉറക്കത്തിലേക്ക് വഴുതിപ്പോകുമ്പോൾ ആ കാക്കപ്പുള്ളിയുള്ള ഇടംകാലിനെ വെറുതേ നോക്കി. പിന്നെ  പുലർച്ചെ ഉണർന്ന് എണീറ്റിരിക്കൂമ്പോൾ അച്ഛന്റെ കാല് നിവരാൻ മടിച്ചു കാക്കപ്പുള്ളിയുടെ പരിസരത്തും കാലിൽ മുഴുവനും ചെറുകല്ലുകൾ കൊണ്ട് ഉണ്ടായ പല വലുപ്പത്തിലുള്ള കുഴികളുണ്ടായിരുന്നു. യാതോരു കുറ്റബോധവുമില്ലാതെ അത് നോക്കിയിരുന്ന തന്നെ  ഓർമ്മയുണ്ട് അത്രയും മിഴിവോടെ ആ മറുകും. അതിനെയാണിപ്പോൾ കാണാത്തത്. അച്ഛൻ പിടുത്തമയച്ച് ഉറക്കത്തിലേക്ക് വഴുതിപ്പോകുന്നത്

കണ്ടു കൊണ്ട്

അയാൾ മെല്ലെ കൈ എടുത്തു മാറ്റി പുറത്തിറങ്ങി. മടക്ക യാത്രയിൽ ഉടനീളം  ആ ചിന്ത അയാളെ വേട്ടയാടിക്കൊണ്ടിരുന്നു..താടിയിലെ ആ പഴക്കം ചെന്ന മുറിപ്പാട് ?...അതും കണ്ടില്ലല്ലോ!!..

 

Join WhatsApp News
ഷീബ 2024-12-02 15:17:55
വളരെ നല്ല അവതരണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക