ഇന്നാട്ടിലൊന്നാം തലമുറക്കാര്‍ നമ്മള്‍
ഒന്നുമില്ലാതെ വന്നെത്തിയോരൊട്ടേറെ
നന്ദിയെന്നുള്ള രണ്‍ടക്ഷരമോതുവാന്‍
നന്നേ മടികാട്ടി ജീവിച്ചു പോന്നവര്‍
നന്ദിയുള്ളത്തിലുണ്ടെങ്കിലുമാരോടും
നന്ദിചൊല്ലാന്‍ മടികാട്ടുന്നോരാണു നാം
നന്നേ വെളുപ്പിനെണീറ്റു സര്‍വ്വേശനെ
നന്നായ് സ്തുതിക്കുന്ന നന്മയുള്ളോര്‍ നമ്മള്‍
നന്ദിയും നന്മയുമുള്ളോരിലീശ്വര
സാന്നിദ്ധ്യമുണ്ടെന്നറിക മല്‍ സോദരാ !
മന്നിലീ ജീവിതം തന്നെന്നെയിത്രനാള്‍
മന്നവനീശ്വരന്‍ പാലിച്ചതാല്‍ നന്ദി…
വന്ദ്യജനിത്വര്‍, ഗുരുഭൂതര്‍ ബാന്ധവര്‍
ഉന്നതത്തിലേറാന്‍ കൈത്താങ്ങല്‍ നല്‍കിയോര്‍,
എന്നും ഹൃദയചഷകത്തില്‍ സ്ഥാനികര്‍
പിന്നിട്ട പാതയില്‍ നല്‍വഴി കാട്ടിയോര്‍
പിന്നിട്ട പാതകളോര്‍മ്മയില്‍ സൂക്ഷിക്കാം,
ഉച്ചത്തിലേറ്റിയോരേണിപ്പടികളെ
പുച്ഛമായ് നോക്കുന്നോരാകൊല്ല നാമാരും
നന്ദിയുള്ളോരില്‍ ഉണ്‍മയുണ്ടായിടും
ഞാന്‍ മാത്രം മതിയെന്‍ കാര്യം നടത്തുവാന്‍
എന്നു ചിന്തിപ്പവര്‍ മൂഢരത്രേ നൂനം.
ചോരയും നീരുമുള്ളപ്പോളൊട്ടുപേരും
ഈശാനമന്ത്രമുരുവിടാന്‍ മറന്നേക്കാം
എല്ലാം വറ്റിവരളുമ്പോള്‍ നിര്‍ണ്ണയം
എല്ലാര്‍ക്കും ദൈവമാണാശ്രയം ഓര്‍ക്കുകേ!
നോവിന്റെ നോവതി കഠോരതരം വരുമ്പോള്‍
നാവില്‍ വരുന്നതിമൂല്യ വിശിഷ്ട നേര്‍ച്ച
നേവൊട്ടടങ്ങി സുഖമായി വരുന്നനേരം
നാവാദ്യമുരുവിടുന്നതു ദൈവനിന്ദ
ദാഹത്തിനുള്ളകുടിനീരു തരുന്ന കൂപ
വ്യൂഹങ്ങളെ മറക്കുവതാരു പാരില്‍ !
ജീവിക്കുവാനുതകുവോരീശന്റെ നാമത്തെ
പൂവിട്ടു കൂപ്പണമതാണറിവിന്റെ പാത. !
നന്ദിയും , നീതിയും, സത്യവും നിറഞ്ഞവരായ്
എന്നും ജീവിക്കവാന്‍ കൃപയേകുക ദേവാ!!!!
………………….