ബാബു! ഒരു വൈദ്യുത സ്ഫുലിംഗം നാഡിയിലൂടെ പാഞ്ഞുപോയപോലെ മനോജൊന്ന് നടുങ്ങി. ബാബു...! സ്വന്തം ചോരയിൽ പിറന്ന രണ്ട് അരുമകളെ ഒറ്റ വെട്ടിന് കൊന്ന ക്രൂരനായ അച്ഛൻ... ഓർമക്ക് തന്നെ ഒരു വിറയൽ... ചോര മരവിക്കുന്നു... പത്തിരുപത് വർഷം മുമ്പത്തെ സംഭവമാണ്... പക്ഷേ, ഇന്നലത്തേത് പോലെ... കൺമുന്നിൽ ഉടലറ്റ രണ്ട് ഓമനത്തങ്ങൾ... കോടതി ജീവപര്യന്തം ശിക്ഷ കൊടുത്ത ഘാതകൻ. അമ്പരപ്പോടെ മനോജ് അയാളെ തുറിച്ചുനോക്കി: ‘ജയിലിലായിരുന്നില്ലേ? എന്ന് പുറത്തിറങ്ങി?’ ‘പരോളാണ് കുഞ്ഞേ. ഒരാഴ്ചയായി. പൊറത്തേക്കൊന്നും എറങ്ങീല്ല.’
‘ആദ്യത്തെ പരോളാണോ?’
‘അല്ല, കഴ്ഞ്ഞ കൊല്ലത്തിൽ വന്നിട്ടൊണ്ടാരുന്ന്. പത്ത് ദെവസം. ഇപ്പോളും അത്ര ദിവസം തന്നെ. മറ്റെന്നാള് വയ്യുന്നേരത്തിനുള്ളിൽ അവടെ തിരിച്ചെത്തണം.’
‘ഇപ്പോൾ പത്തിരുപത് കൊല്ലായില്ലേ? ഇതുവരെ ശിക്ഷ കഴിഞ്ഞില്ലേ?’ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കൂടിക്കാഴ്ചയുടെ അമ്പരപ്പിൽനിന്ന് മുക്തനായപ്പോൾ മനോജ് കുശലപ്രശ്നത്തിലേക്ക് കടന്നു. ‘അതൊന്നും അറിയൂല്ലാ കുഞ്ഞേ, ജീവപരീന്താ ശിഷയേന്നെ അറിയത്തൊള്ളൂ... അതെത്രകാലോം ആവാല്ലോ. അങ്നല്ലേ? ഇപ്പോ തൊറന്ന ജയിലിലാണ്. അവടെ ചെന്നപ്പളാണ് പരോളിന് അപേഷിക്കാൻ തോന്നീത്. അവടയൊള്ളോരും പറഞ്ഞു അപേഷ കൊടുക്കാൻ.’
ഉടുപ്പിട്ടിട്ടുണ്ടെങ്കിലും ബട്ടൻസിടാത്തതിനാൽ കരിവീട്ടി ദേഹം പുറത്തേക്ക് കാണുന്നുണ്ട്. നാട്ടിലെ ഏറ്റവും നല്ല കിണർകുത്തിയും മൺവെട്ടി പണിക്കാരനും കമ്പടികളി കലാകാരനുമായിരുന്ന അയാളുടെ ബലിഷ്ടമായ ദേഹത്തിന് വലിയ മാറ്റമൊന്നും കാലവും ജയിലുമേൽപ്പിച്ചിട്ടില്ലെന്ന് അങ്ങനെ നോക്കിനിന്നപ്പോൾ മനോജിന് തോന്നി. എല്ലാം ഇന്നലത്തെപോലെ ഓർമയിലേക്ക് പാഞ്ഞെത്തുന്നു. ഒന്നും മനസിലാകാതെ ബാബുവിനെ തന്നെ തുറിച്ചുനോക്കി നിൽക്കുന്ന സിയാദിനോട് മനോജ് എല്ലാം പിന്നീട് പറഞ്ഞുതരാമെന്ന് ആംഗ്യം കാണിച്ചു. ബാബുവിനോട് കാര്യങ്ങൾ ചോദിച്ചും പറഞ്ഞും നിൽക്കുമ്പോഴാണ് അവെൻറ തലയിൽ ഒരു ബൾബ് കത്തിയത്. ബാബുവിനോടൊപ്പം ഒരു ഫോട്ടോ എടുത്താലോ! ഒരു സ്റ്റോറിയുണ്ടാക്കി ഫേസ്ബുക്കിലിട്ടാൽ നല്ല ലൈക്ക് കിട്ടാൻ സാധ്യത. ഫോൺ സിയാദിനെ ഏൽപിച്ച് ഒരു ഫോട്ടോയെടുക്കളിയാന്ന് പറഞ്ഞിട്ട് ബാബൂവിെൻറ അടുത്തുപോയി ചേർന്നുനിന്നു. ഫോട്ടോയെടുത്ത് കഴിഞ്ഞപ്പോൾ ബാബുവിനോട് ചോദിച്ചു: ‘എവടാ താമസം. ആ പഴയ വീട്ടിൽ തന്നെയാണോ?’
ബാബു അകലേക്ക് വിരൽചൂണ്ടി: ‘ദോണ്ടേ, കാണണില്ലേ, ആ യിടിഞ്ഞുപൊളിഞ്ഞ്... അതിൽ തന്നെയാണ് കെടപ്പ്. പത്തെവസം തലചായ്ക്കാൻ അതിൽ കൂടുതലെന്തര് വേണം?’
മലഞ്ചെരുവിൽ ആ പഴയ വീട് മനോജ് കണ്ടു. ഏതാണ്ട് പൊളിഞ്ഞുവീഴാറായിരിക്കുന്നു. ആ വീട്ടിലേക്ക് നോക്കിനിൽക്കുമ്പോൾ പെട്ടെന്ന് ഓർമയിൽ ആ പാട്ട് പൊന്തി, കമ്പടികളി പാട്ട്! ‘ആനമുഖനാകും ഗണനായകനെ
ഊനമൊന്നും വന്നിടാതെ കാത്തിടണേ... കായമതിൽ നീളം ചേർക്കും മൂന്ന് ചാൺ കട്ട ഞെട്ട മുപ്പത്തിരണ്ടു തുണ്ടമാകും അതിന്മേലിരിക്കും തലയോട്ടി മൂന്ന് തുണ്ടം രക്തമുണ്ട് രണ്ടരയിടങ്ങഴിയും അത് ചൊല്ലിടുന്നു’
ഒരു വരിപോലും തെറ്റാതെ ഓർത്തെടുക്കാനാവുന്നുണ്ടല്ലോ എന്ന് മനോജ് അതിശയിച്ചു. ’കമ്പടികളി’ എന്ന ഗോത്രകലയുടെ കളിയാശാനായിരുന്നു ബാബുവിെൻറ അച്ഛൻ വേലായുധനാശാൻ. പണ്ട് വായനശാലയുടെ ഭാരവാഹി ആയകാലത്ത് ഇത്തരം പാട്ടുകൾ ശേഖരിച്ച് വെക്കാൻ തീരുമാനിച്ച്, വേലായുധനാശാനെ പിടിച്ചിരുത്തി പാടിപ്പിച്ച് എഴുതിയെടുത്തതാണ്. പിന്നീട് ആ പാട്ട് മൂളിനടക്കൽ ഹോബിയായി മാറിയിരുന്നു. ആശാെൻറ മൂത്ത മകനാണ് ബാബു. കുടിയിലെ ചെറുപ്പക്കാരെല്ലാം ആശാെൻറ കമ്പടികളി സംഘത്തിലെ അംഗങ്ങളായിരുന്നു. നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിലും വായനശാലയുടെ ഓണാഘോഷത്തിലുമെല്ലാം ഒഴിച്ചുകൂടാനാവാത്തതായിരുന്നു വേലായുധനാശാനും സംഘവും അവതരിപ്പിക്കുന്ന കമ്പടികളി. അതിലെ വീരനായിരുന്നു ബാബു. പിന്നീട് ആ കുടുംബം തന്നെ കുറ്റിയറ്റുപോയി. ബാബു ജയിലിലായി. അനുജൻ വിജയൻ ചെറുപ്പത്തിൽ തന്നെ ദെണ്ണംപിടിപെട്ട് മരിച്ചു. ഇളയവൻ ദാസൻ നാടുവിട്ടുപോയി. അതോടെ മനസിന് ദെണ്ണമായി കിടപ്പിലായ ഭാര്യ കമലാക്ഷിയും മരിച്ചുപോയി. ഒറ്റയ്ക്കായ വേലായുധനാശാൻ ശേഷകാലം ആ വീട്ടിൽ തനിച്ചുകഴിഞ്ഞു. മനോജിെൻറ ഒരു അവധിക്കാലത്തായിരുന്നു ആശാെൻറ മരണം. മൂലയിൽ കൂട്ടിയിട്ട കമ്പടികോലുകൾക്കിടയിൽ ആശാൻ മരിച്ചുകിടന്ന് ഈച്ചയാർത്തു.
സിയാദിെൻറ ശബ്ദമാണ് ഉണർത്തിയത്. അവൻ തോളിൽ തൊട്ട് ചോദിക്കുന്നു: ‘എന്താടാ ആലോചിക്കുന്നേ, നമുക്ക് പോകാം.’ ആ അന്തരീക്ഷം എന്തോ അവന് ദഹിക്കാത്തത് പോലെ. ബാബുവുമായുള്ള ആ കൂടിക്കാഴ്ച അവനിഷ്ടമായില്ലെന്ന് തോന്നുന്നു. ജയിൽപ്പുള്ളിയാണെന്ന് കേട്ടത് കൊണ്ടാവാം. അല്ലെങ്കിൽ അയാളുടെ രൂപവും വേഷവും കണ്ടിട്ടാകാം.
‘ശരി കാണാമെന്ന്’ പറഞ്ഞ് പിരിയുമ്പോൾ ബാബു ആർദ്രതയോടെ മനോജിെൻറ മുഖത്തേക്ക് നോക്കി: ‘കുഞ്ഞേ, ഒരിക്കലും മറക്കൂലാ… അത്റയ്ക്കും നന്ദിയുണ്ട്. എന്നോട് ഒന്ന് മിണ്ടിപ്പറയാൻ തോന്നിയല്ലോ. നാട്ടില് ഇത്റ ദെവസത്തിനിടയിൽ കുഞ്ഞല്ലാതെ ആരും മിണ്ടീട്ടില്ല. കഴ്ഞ്ഞ കൊല്ലത്തിൽ വന്നപ്പോളും ആരും മിണ്ടിയില്ല…’ അയാൾക്ക് വാക്ക് മുറിയുന്നു, മുഖത്തെ ചിരിക്ക് മേൽ നിഴൽ പടരുന്നു. അടുത്തുചെന്ന് അയാളുടെ തോളിൽതട്ടി ആശ്വസിപ്പിച്ച് മനോജ് തിരിയുമ്പോഴേക്കും സിയാദ് നടന്നുതുടങ്ങിയിരുന്നു. ഒപ്പം നടന്നെത്തി അവെൻറ കൈയ്യിൽനിന്ന് തെൻറ ഫോൺ തിരിച്ചുവാങ്ങി ഫോട്ടോ എടുത്തത് ശരിയായിട്ടില്ലേ എന്ന് നോക്കി. ബാബു കേൾക്കാത്തത്ര അകലത്തിലായെന്ന് തോന്നിയപ്പോൾ സിയാദ് മനോജിനോട് ചോദിച്ചു. ‘അയാൾ എന്ത് കേസിനാ ജയിലിലായതളിയാ?’
‘കൊലക്കേസ്. ഇരട്ട കൊലപാതകം.’ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് തന്നെ മനോജ് മറുപടി പറഞ്ഞു. നിഴലും ചുവടനക്കവും ഒപ്പമില്ലെന്ന് മനസിലായപ്പോൾ മനോജ് തലയുയർത്തിനോക്കി. അടുത്ത് സിയാദില്ല. തിരിഞ്ഞു നോക്കുമ്പോൾ അവൻ സ്തബ്ദനായി തുറിച്ചുനോക്കി നിൽക്കുന്നു. അവനാകെയൊന്ന് നടുങ്ങിയപോലെ. ’എന്താടാ, നീയിതുവരെ കൊലപാതകികളെയൊന്നും കണ്ടിട്ടില്ലേ?’ മനോജ് തിരിച്ചുചെന്ന് അവെൻറ തോളിൽതട്ടി. ഒന്നും മിണ്ടാതെ മുന്നോട്ട് ചുവടുവെച്ച സിയാദ് അൽപനേരത്തെ നിശബ്ദതക്ക് ശേഷം ചോദിച്ചു: ‘ആരെയാണ് അയാൾ കൊന്നത്? ’
‘സ്വന്തം മക്കളെ തന്നെ. രണ്ട് സുന്ദരി കുട്ടികളെ. ആറോ ഏഴോ വയസുള്ള ഇരട്ടക്കുട്ടികൾ. എത്ര ചന്തമുള്ള കുട്ടികളായിരുന്നന്നോ! ബാബുവിെൻറ ഭാര്യയും സുന്ദരിയായിരുന്നു. ആ ഭംഗിയായിരുന്നു കുട്ടികൾക്ക്.’
സിയാദ് തുറിച്ചുനോക്കി: ‘എന്താ കാരണം?’
‘ഭാര്യക്ക് നാട്ടിലൊരുത്തനുമായി അവിഹിതം’ ‘അതിന് കുട്ടികളെ കൊന്നതെന്തിന്? അവരെന്ത് പിഴച്ചു?’ സിയാദിന് വലിയ ദേഷ്യമുണ്ടായി. ഏഴുവയസുകാരൻ മകൻ ഫായിസിെൻറ മുഖം അവെൻറ മനസിൽ തെളിഞ്ഞു. ‘കുട്ടികളെന്ത് പിഴയ്ക്കാൻ? അവരുടെ തള്ള പെഴച്ചു.’ മനോജ് അപ്പോഴും ഫോട്ടോകളിൽനിന്ന് കണ്ണെടുത്തിട്ടില്ല. ‘അതിനാ പെഴച്ചവളെയല്ലേ കൊല്ലേണ്ടത്?’ ഉള്ളിലുയരുന്ന രോഷം സിയാദിെൻറ വാക്കുകളെ തീപിടിപ്പിക്കുന്നു.
‘ഉറക്കത്തിൽ കിടന്ന കുട്ടികളുടെ തലയരിഞ്ഞ് അവളുടെ മുന്നിലേക്കിട്ടുകൊടുത്തു. അതിലപ്പുറം എന്ത് ശിക്ഷ അവൾക്ക് കൊടുക്കാൻ? അതെങ്കിലും ഞാൻ അവളോട് ചെയ്യണ്ടേ സാറേന്നാണ് വെട്ടുകത്തിയുമായി ചെന്നുകീഴടങ്ങിയ അയാൾ പൊലീസിനോട് ചോദിച്ചത്.’
അവരുടേത് പ്രണയ വിവാഹമായിരുന്നു. കമ്പടികളി കളിക്കാൻ പോയ ഒരു അമ്പലപറമ്പിൽ വെച്ച് കണ്ട പെണ്ണിനെ ഇഷ്ടപ്പെട്ട് നാലാളറിയെ കല്യാണം കഴിച്ചുകൊണ്ടുവന്നതായിരുന്നു. അയാൾക്കത്ര ഇഷ്ടമായിരുന്നു അവളെ. സുന്ദരിയായ അവളെയും കൊണ്ട് നാട്ടിലൂടെ നടക്കുേമ്പാൾ ഒരു സാമ്രാജ്യം വെട്ടിപ്പടിച്ച ഗമയായിരുന്നു ബാബുവിന്. അത്രയും അസ്ഥിക്ക് പിടിച്ച പ്രണയത്തിന് അവൾ വേറെ പങ്കുകാരനെ കൂടി കണ്ടെത്തിയപ്പോൾ അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. പണികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിൽ ചെന്നുകയറിയപ്പോൾ കാമുകൻ അവിടെയിരിക്കുന്നു. ഒന്നും മിണ്ടാതെ തിരിച്ചിറങ്ങിപ്പോയ ബാബു മടങ്ങിവന്നത് പുതുതായി വാങ്ങിയ കൊടുവാളും കുടിച്ച് നിലത്തുറയ്ക്കാത്ത കാലുകളുമായി. കുട്ടികൾ അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. അയാൾ അവൾക്ക് സമ്മാനിച്ച പ്രണയസമ്മാനങ്ങൾ തിരിച്ചെടുത്ത് ഒറ്റ വെട്ടിന് ചിതറിച്ചുകളഞ്ഞു!’
’ഹോ, ക്രൂരൻ... പിശാച്’ സിയാദ് ഉലഞ്ഞുപോയി. അവനെന്തോ ആലോചിച്ച് തറഞ്ഞുനിന്ന ശേഷം ധൃതിയിൽ മനോജിെൻറ കൈയ്യിൽനിന്ന് ഫോൺ തട്ടിപ്പറിച്ചെടുത്തു. ഗാലറി തുറന്ന് ബാബുവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്തുകളഞ്ഞു. അടക്കാനാവാത്ത ദേഷ്യത്തിൽ മനോജിനോട് പറഞ്ഞു: ‘ഈ പിശാചിെൻറാപ്പം ഫോട്ടോയെടുക്കാനാണോ നീയെന്നെ ഏൽപിച്ചത്? ഡിലീറ്റ് ചെയ്തില്ലെങ്കിൽ നീയിത് ഫേസ്ബുക്കിലിടുമെന്നറിയാം. ഒരു ക്രൂരനായ കൊലപാതകിയോടൊപ്പമുള്ള ഫോട്ടോ, അതും ഞാനെടുത്തത് നീയിട്ട് അങ്ങനെ ലൈക്ക് വാങ്ങിക്കണ്ട. അത് ശരിയല്ല.’ അവൻ ഫോൺ തിരിച്ചേൽപിച്ച് മുഖം തിരിച്ചു മുന്നോട്ട് നടന്നു.
സൗദിയിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന മനോജും സിയാദും ഇത്തവണ മുൻകൂട്ടി പറഞ്ഞുറപ്പിച്ചാണ് അവധിക്ക് വന്നത്. രണ്ടുപേർക്കും രണ്ട് മാസത്തെ അവധി. ഒരുമിച്ചു വന്നു. ഒരുമിച്ചു മടങ്ങുകയും ചെയ്യും. രണ്ടുപേരുടെയും കുടുംബങ്ങളുമായി ഒരുമിച്ചു ടൂർ പോകൽ, കള്ളടിരാത്രികൾ... അങ്ങനെ പല പദ്ധതികളും ആസൂത്രണം ചെയ്തായിരുന്നു വരവ്. സിയാദ് പട്ടണവാസിയാണ്. മലയോരത്തെ മനോജിെൻറ നാടിനെയും കള്ളടി രാവുകളെയും കുറിച്ചുള്ള അവെൻറ ഗൃഹാതുര പൊങ്ങച്ചങ്ങളിൽ വീണുപോയതാണ്. അങ്ങനെയാണ് ഇത്തവണ വെക്കേഷൻ നമുക്കൊരുമിച്ച് പൊളിക്കാം എന്ന് സിയാദ് നിർദ്ദേശിച്ചത്. മനോജിനും അത് സമ്മതമായിരുന്നു. ഇത് മൂന്നാം തവണയാണ് നൂറ്റമ്പതോളം കിലോമീറ്റർ താണ്ടി സിയാദ് മനോജിെൻറ നാട്ടിലെത്തുന്നത്. ആദ്യ തവണ മാത്രം അവൻ ഭാര്യയെയും മകനെയും കൂടെ കൂട്ടിയിരുന്നു. കുട്ടത്തി മലയുടെ ചോട്ടിലെ പാടശേഖരത്തിെൻറ കരയിലുള്ള ബൈജുവിെൻറ മാടത്തിലിരുന്നു നെല്ലിക്കയിട്ട് വാറ്റിയ സ്വയമ്പൻ സാധനം അടിച്ച് വീലാവണമെങ്കിൽ രാത്രി ചെന്ന് കയറുമ്പോൾ ചോദ്യം ചെയ്യാനും ഊതിപ്പിച്ച് മണം പിടിക്കാനും ആളില്ലെന്ന ധൈര്യം വേണം. നോക്കിക്കോ ഉപ്പാൻറടുത്ത് പറയൂന്ന് ഭീഷണിപ്പെടുത്തലും ഉണ്ടാവരുത്. അതുകൊണ്ട് പിന്നീടുള്ള രണ്ട് വരവിലും കുടുംബത്തെ കൂടെ കൂട്ടിയില്ല. ബൈജുവിെൻറ നെല്ലിക്ക വാറ്റിനെ കുറിച്ച് വാഴ്ത്തി സൗദിയിൽ വെച്ചേ മനോജ് സിയാദിനെ നല്ലോണം കൊതികയറ്റിയിരുന്നു. സ്വന്തം വീട്ടിൽ തന്നെയാണ് ബൈജുവിെൻറ രഹസ്യ ഡിസ്റ്റിലറി. വീട്ടിലെ അടുക്കള സൗകര്യങ്ങൾ ഉപയോഗിച്ചു നെല്ലിക്കയിട്ട് നല്ല ശുദ്ധ ചാരായം വാറ്റിയെടുക്കുന്ന വിദ്യ ബൈജു സ്വന്തമാക്കിയതാണ് താൻ ഗൾഫിൽ പോയ ശേഷം നാട്ടിലുണ്ടായ വലിയ വിപ്ലവമെന്ന് പറഞ്ഞ് മനോജ് ഉറക്കെ ചിരിക്കാറുണ്ട്. ആ ചിരിക്ക് കാരണവുമുണ്ട്. പണ്ട് നാട്ടിൽ പൗരസമിതിയും സാമൂഹിക പ്രവർത്തനവുമൊക്കെയായി നടന്ന കാലത്ത് വ്യാജചാരായ വാറ്റു സംഘങ്ങൾക്കെതിരെ പോർമുഖം തുറന്നവരായിരുന്നു മനോജും ബൈജുവുമൊക്കെ. വാറ്റ് കച്ചോടം നടത്തിയിരുന്ന ചോപ്പൻ വിക്രമനെയും സംഘത്തെയും പോലീസിനെ കൊണ്ട് പിടിപ്പിച്ചതും വാറ്റ് ചാരായ വിരുദ്ധ ബോധവത്കരണ റാലി നടത്തിയതുമായ വീരേതിഹാസങ്ങൾ ഒരു നൊസ്റ്റാൾജിയ കണക്കെ മനോജ് അയവിറക്കാറുള്ളതാണ്. എന്നാൽ ബൈജുവിെൻറ നെല്ലിക്കാവാറ്റിെൻറ രുചി ആദ്യമറിഞ്ഞ അവധിക്കാലത്തിന് ശേഷം സൗദിയിലേക്ക് മടങ്ങിയപ്പോഴേക്കും പഴയ വീരേതിഹാസങ്ങളൊക്കെ അവന് ഓർത്ത് ചിരിക്കാനുള്ള വെറും തമാശക്കഥകളായി മാറിപ്പോയിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് സിയാദ് മനോജിെൻറ വീട്ടിലെത്തിയത്. പക്ഷേ ബൈജു നാട്ടിലെത്താൻ വൈകി. അവന് രണ്ട് ജില്ലക്ക് അപ്പുറത്തുള്ള വില്ലേജോഫീസിലാണ് പണി. ‘നീ പേടിക്കണ്ടളിയാ, വീട്ടിൽ സാധനമിരിപ്പൊണ്ട്’ ഫോണിൽ ബൈജു മനോജിനെ സമാധാനിപ്പിച്ചു. ‘കഴിഞ്ഞയാഴ്ച വന്നപ്പോൾ കുറച്ച് വാറ്റിയെടുത്തിരുന്നു. അത് വീട്ടിലുണ്ടളിയാ, ഞാൻ നാളെ രാവിലെ എത്തും. രാത്രി നമുക്ക് പൊളിക്കാടാന്ന്’ വീണ്ടും ഉറപ്പുനൽകി അവൻ ഫോൺ വെച്ചു. കുട്ടത്തിമലയുടെ താഴെ അൽപം വയലുണ്ട് ബൈജുവിന്. പണ്ട് നെൽവയലായിരുന്നെങ്കിലും ഇപ്പോൾ അത് പണ കോരി വാഴയും മറ്റുമാണ് കൃഷി. കാട്ടുമൃഗങ്ങളിറങ്ങി വിള നശിപ്പിക്കാതിരിക്കാൻ ചെന്ന് കാവല് കിടക്കാൻ പാടത്തിെൻറ കരയിൽ ചെറിയൊരു മാടം പണിഞ്ഞിട്ടുണ്ട്. പണ്ട് അത് ഓലമേഞ്ഞതായിരുന്നു. ഇപ്പോൾ തകരഷീറ്റിട്ട് കുറച്ചുകൂടി സൗകര്യപ്പെടുത്തിയിട്ടുണ്ട്. പാർട്ടികൂടാൻ പറ്റിയ സ്ഥലം. അടുത്തെങ്ങും ആരുമില്ല. ലഹരി മൂത്ത് ഉച്ചത്തിൽ അർമാദിച്ചാലും ആർക്കുമൊരു ശല്യവുമാവില്ല. സിയാദ് എത്തിയ ഇന്നലെ തന്നെ ഊണുകഴിഞ്ഞയുടനെ അവൻ മനോജിനേം വിളിച്ച് നാടുകാണാൻ ഇറങ്ങിയിരുന്നു. മുമ്പത്തെ തവണയും അതാണുണ്ടായത്. തെൻറ നാടിെൻറ പ്രത്യേകതകൾ കാണിച്ചുകൊടുക്കാൻ മനോജാവട്ടെ നല്ല ഉത്സാഹവും കാണിച്ചു. വെറുതെ തള്ളിയതല്ലെന്ന് തെളിയിച്ചുകൊടുക്കണമല്ലോ. കുന്നിലും മലയിലും കാട്ടിലും പുഴയിലും റബ്ബർ തോട്ടങ്ങളിലും എണ്ണപ്പനതോട്ടത്തിലും നടന്നലഞ്ഞു. മതിയായില്ലെടാ എന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ സിയാദ് മടങ്ങിപ്പോയത്. വാറ്റിേൻറത് മാത്രമല്ല ഈ നാടിെൻറയും ലഹരി അവന് ഞരമ്പിൽ പിടിച്ചിരിക്കുന്നു. നിെൻറ നാട് നഗരം മാനഭംഗപ്പെടുത്താത്ത ഒരു കന്യകയാണളിയാ എന്ന് ആദ്യം വന്നപ്പോൾ തന്നെ സിയാദ് വിശേഷിപ്പിച്ചത് മനോജിന് ഉൾക്കുളിരേകി. ഇത്തവണ കുട്ടത്തിമലയുടെ ചോട്ടിലുള്ള ഒരു കുണ്ടനിടവഴിയാണ് ലക്ഷ്യം. ഇരുവരും വലിച്ചുവെച്ച് നടന്നു. അത് കുട്ടത്തിമലയുടെ മറുവശത്താണ്. അതിലൂടെ ഒരു വഴിയുണ്ടന്നേയുള്ളൂ. ശരിക്കും അതൊരു കുണ്ടാണ്. നാട്ടിലെ ഇരുട്ടെല്ലാം ഒളിച്ചിരിക്കുന്നത് അവിടെയാണെന്ന് കഴിഞ്ഞ തവണ മനോജ് പറഞ്ഞിരുന്നു. പക്ഷേ അവിടെ പോകാൻ അന്ന് സമയം കിട്ടിയില്ല. കുന്നിൻ നടുവിലെ സെറ്റിൽമെൻറ് കോളനിയുടെ ഒരു വശത്താണ് അത്. കോളനിയിലേക്ക് നടന്നുകയറാൻ ആ കുണ്ടിലൂടെ ഒരു വഴിയുണ്ട്. സാഹസപ്പെട്ടു തന്നെ കയറേണ്ട വഴി. പഞ്ചായത്ത് നിർമിച്ച നല്ല വഴി വേറെയുണ്ട്. എന്നാലും കുട്ടത്തിമലയുടെ കാൽച്ചുവട്ടിലെ പാടവരമ്പത്ത് കൂടി നടന്ന് കുണ്ടനിടവഴി കയറി മുകളിലെത്തുന്നതിെൻറ സുഖം ഒന്നു വേറെ തന്നെ. പകലിലും ഇരുട്ട് ഒളിച്ചിരിക്കുന്ന ആ കുണ്ട് മനോജിന് മാത്രമല്ല ആ നാട്ടിലെ ചെറുപ്പക്കാർക്കൊക്കെ ഒരുപാട് സുഖമുള്ള ഓർമകൾ സമ്മാനിച്ചയിടമാണ്. അത് കണ്ടിട്ടേയുള്ളൂ ഇത്തവണ മടക്കമെന്ന് സിയാദ് തീരുമാനിച്ചുറപ്പിച്ചിരുന്നു. കോളനിയിലെ ആളുകൾക്ക് കയറാനും ഇറങ്ങാനും മൺതിട്ടയിൽ പടികൾ വെട്ടിവെച്ചിട്ടുണ്ട്. ‘നല്ല വഴുക്കലുണ്ട്, സൂക്ഷിച്ച് കയറണം’ എന്ന് മുന്നറിയിപ്പ് കൊടുക്കാൻ മനോജ് മറന്നില്ല. പ്രതീക്ഷിച്ചതായിരുന്നില്ല. തലേന്ന് രാത്രീൽ പെയ്ത മഴയുടെ നനവുണ്ട്. ചേടി മണ്ണല്ലേ, ആളുകൾ നടന്ന് തേഞ്ഞ മിനുസവും. കാലുതെന്നും. ചവിട്ടടികൾ ഉറയ്ക്കുന്നില്ല. തെന്നുന്നു. രക്ഷയില്ലാതെ മനോജ് വശത്തെ കയ്യാലയിലേക്ക് ശരീരം അമർത്തിവെച്ച് ബാലൻസൊപ്പിച്ചു. ഭാഗ്യത്തിന് അപ്പുറത്തുള്ള മരങ്ങളുടെ വേരുകൾ കയ്യാല തുരന്നിപ്പുറം ചാടിയിട്ടുണ്ട്. അതിൽപിടിത്തം കിട്ടി. കിതക്കാൻ തുടങ്ങിയ സിയാദിനെ വലിച്ചുകയറ്റലായിരുന്നു വലിയ പാട്. ഇനി രണ്ട് മൂന്ന് പടികൾ കൂടി താണ്ടിയാൽ മുകളിലെത്താം. വേരിൽപ്പിടിച്ചാണ് മനോജിെൻറ നിൽപ്. അവെൻറ തോളിലമർത്തിപ്പിടിച്ച് സിയാദും. ഒരുവിധം നിലയുറപ്പിച്ചശേഷം അടുത്ത പടിയിലേക്ക് കാലെടുത്തുവെച്ചു. അങ്ങനെ രണ്ടെണ്ണം കൂടി കടന്നുകിട്ടി. എന്നാൽ അവസാനത്തെ പടിയിൽനിന്ന് മുകളിലേക്ക് കയറാൻ കഴിയുന്നില്ല. തെന്നൽ തന്നെയാണ് കാരണം. പെട്ടെന്നാണ് മുകളിൽനിന്നൊരു കൈ താഴേക്ക് നീണ്ടുവന്നത്. ഇരുണ്ട ബലഷ്ടമായൊരു കൈ. അതിൽപിടിത്തം കിട്ടിയില്ലായിരുന്നെങ്കിൽ താഴേക്ക് വഴുതിപ്പോയേനെ. യന്ത്രത്തിെൻറ ഉരുക്ക് കൈ പോലെ അത് നിഷ്പ്രയാസം അവരെ ഉയർത്തി മുകളിലെത്തിച്ചു. മുകളിലെത്തിയശേഷമാണ് ആ ഉരുക്ക് കൈയ്യുടെ ഉടമയെ അവർ കാണുന്നത്. മനോജിന് ആദ്യം ആളെ മനസിലായില്ല. എന്നാൽ അയാൾക്ക് മനോജിനെ മനസിലായി. ’അയ്യോയിതാര്... യെെൻറ ഭഗവാനെ... നമ്മള മനോജല്ലേ, എത്തറ കാലമായി കണ്ടിട്ട്?’ അയാൾ നിറഞ്ഞുചിരിക്കുകയാണ്. ഒരുനിമിഷമൊന്ന് ആലോചിക്കേണ്ടിവന്നു മനോജിന് ആളെ ഓർത്തെടുക്കാൻ. ബാബു! മനോജ് ഗൾഫിൽ പോകുമ്പോൾ ബാബു ജയിലിലായിരുന്നല്ലോ. കഴിഞ്ഞ വർഷം അയാൾ പരോളിൽ വന്നപ്പോൾ മനോജ് ഗൾഫിലും.
ആ കൂടിക്കാഴ്ചക്ക് ശേഷം രാത്രിയിൽ ബൈജുവിെൻറ മാടത്തിൽ നെല്ലിക്ക വാറ്റ് സമ്മാനിച്ച ലഹരിയിൽ മയങ്ങിയിരിക്കുേമ്പാൾ സിയാദ് പറഞ്ഞു:
‘ഒരു കണക്കിന് നോക്കിയാൽ ഈ പ്രവാസവും ജീവപര്യന്തം തടവും ഒരേ വിധിയാണ്. എന്ന് അവസാനിക്കും എന്നറിയാതെ ജീവിച്ചു തീർക്കേണ്ടതാണ് രണ്ടും...’
ഇതുവരെ സംസാരിച്ചതുമായൊന്നും ബന്ധമില്ലാത്തത് ഇവനിപ്പോ പറഞ്ഞത് എന്തിനെന്ന സംശയത്തോടെ മനോജ് അവനെ നോക്കി...
‘നീ നോക്കണ്ടളിയാ, ഇന്നലെ നമ്മൾ കണ്ട ആ ബാബുവിനെ കുറിച്ച് ഒന്നോർത്തുപോയതാടാ... അപ്പോൾ നീയും ഞാനും ബാബുവും ജീവിച്ചുതീർക്കുന്നത് ഒരേ ജീവിത കഷ്ടപ്പാടുകളാണല്ലോ എന്നോർത്തു.’
മനോജ് അവനെ തറപ്പിച്ചുനോക്കി: ‘നീയെന്താ ഉദ്ദേശിക്കുന്നത്?’
അവൻ തലചെരിച്ച് മനോജിന്റെ നോട്ടത്തെ നേരിട്ടു: ‘അതായതളിയാ, അയാൾക്ക് ജയിലിൽ നിന്ന് കിട്ടുന്നതും നമ്മൾക്ക് ഗൾഫിൽ കിട്ടുന്നതും ഒരേപോലത്തെ അവധിയാണെന്ന്... കൃത്യ തീയതിയിൽ മടങ്ങിച്ചെന്നില്ലെങ്കിൽ ജീവിതം തീർത്തുകളയും എന്ന കല്പനയോടെയുള്ള വിധി... രണ്ടും പരോളാണ്...’
‘മതീടാ നിെൻറ സെൻറീ. ഇന്നലെ അയാളെ കാണ്ടപ്പോ നിനക്കീ സഹതാപമൊന്നുമില്ലായിരുന്നല്ലോ. എന്തേര് വെറുപ്പിക്കലായിരുന്നു... എന്നിട്ട് ഇപ്പോളിരുന്ന് സെൻറിയടിക്കുന്നോ!’
‘അതല്ലളിയാ, ഇന്നലെ രാത്രീൽ കിടന്നപ്പോൾ അയാളും ആ സംഭവവും വെറുതെ ഓർമയിലേക്ക് തള്ളിക്കയറി വന്നു. എത്ര ശ്രമിച്ചിട്ടും അതിനെ തടുക്കാനായില്ല. ഉറക്കോം വന്നില്ല. ആദ്യം അയാളോട് തോന്നിയ വെറുപ്പ് ആലോചിച്ച് കിടക്കുമ്പോൾ കുറയുന്നതുപോലെ തോന്നി. അയാളുടെ ഭാര്യയുടെ ചെയ്തിയെ കുറിച്ചാലോചിച്ചപ്പോൾ അയാളുടെ സ്ഥാനത്ത് ഞാനാണെങ്കിലോ എന്നാലോചിച്ചു. എനിക്കെന്തോ അയാളോട് വല്ലാത്തൊരു സഹതാപം തോന്നി. പിന്നെയും എന്തൊക്കെയോ തോന്നി. അയാൾ പാവമാണ്. ചതിക്കപ്പെട്ടൂന്ന് തോന്നിയാൽ ആര്ടെ ഹൃദയമാണ് നോവാത്തത്? ചതിച്ചവരോട് പക തോന്നാത്തത്? അവളോടുള്ള പക ഒറ്റ വെട്ടിൽ തീരുന്നതായിരുന്നില്ല. അതുകൊണ്ടാണ് ഇഞ്ചിഞ്ചായി വേദനിപ്പിക്കാൻ അയാൾ കുട്ടികളെ അവളുടെ മുന്നിലിട്ട്...’ മുഴുമിപ്പിക്കാനായില്ല സിയാദിന്. കൈയ്യിലിരുന്ന ഗ്ലാസിൽ വിരലുകൾ കൊണ്ടുഴിഞ്ഞ് അവൻ നിശബ്ദനായി. ബൈജു പറഞ്ഞു: ‘അത് ശരിയാണ് അവള് ഇഞ്ചിഞ്ചായി തന്നെ അനുഭവിച്ചു. കാമുകൻ അവളെ ഇട്ടിട്ട് പോയി. നാട്ടുകാര് അവളെ വെറ്ത്തു. ഒടുവിൽ എങ്ങോട്ടോ പോയി’ എല്ലാവരും പൊടുന്നനെ നിശബ്ദരായി. കുറച്ചുകഴിഞ്ഞപ്പോൾ സിയാദ് ഒന്നിളകിയിരുന്നു കൊണ്ട് പറഞ്ഞു. ‘അളിയാ ഒരൈഡിയ. നമുക്ക് അയാള്ടെ അടുത്തൊന്ന് പോയാലോ?’
‘എന്തീന്?’ മനോജ് അറിയാതെ ചോദിച്ചുപോയി ‘അയാളോട് നാട്ടാര് ആരും മിണ്ടുന്നില്ലെന്നും ആ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലാണ് അയാൾ കഴിയുന്നതെന്നുമെല്ലാം ഓർത്തപ്പോൾ എന്തോ ഒരു വിഷമം. ഈ രാത്രീൽ നമുക്ക് അയാൾക്കൊരു കമ്പനി കൊടുത്താലോ? നാളെയല്ലേ അയാൾ ജയിലിലേക്ക് തിരിച്ചുപോകുന്നത്. ഈ രാത്രീൽ അയാൾക്കതൊരു സന്തോഷായാലോ?’
ബൈജു ചൂടായി: ‘നിനക്കെന്താടാ വട്ടുണ്ടോ? ഈ രാത്രീല്, അതും ആ കോളനീൽ ചെന്ന്…’
മനോജ് സിയാദിനടുത്തേക്ക് നീങ്ങിയിരുന്നു: ‘സത്യം പറയളിയാ... നിനക്കെന്താപറ്റീത്?’
‘എനിക്കൊന്നും പറ്റീലാ… അയാളെ ഒന്ന് കാണണം, കൊറച്ചുനേരം സംസാരിക്കണം. അത്രേയുള്ളൂ. ഇത്രേം ഒറ്റയ്ക്കായി പോയ ഒരു മനുഷ്യനെ ഞാൻ അടുത്തെങ്ങും കണ്ടിട്ടല്ലടാ...’
സിയാദിെൻറ നിർബന്ധത്തിന് ഒടുവിൽ അവർ വഴങ്ങി. തീറ്റ സാധനങ്ങളും വാറ്റുമെടുത്ത് ബൈജുവിെൻറ ബൈക്കിൽ കയറി ബാബുവിെൻറ വീട് ലക്ഷ്യമാക്കി അവർ പുറപ്പെട്ടു. കോളനിയിലെ വീടുകളിലെല്ലാം വിളക്കണഞ്ഞിരുന്നു. എല്ലാവരും ഉറക്കത്തിലേക്ക് വഴുതിയെന്ന് തോന്നുന്നു. അവിടെ എല്ലാ വീടുകളിലും വൈദ്യുതിയുണ്ട്. അതില്ലാത്ത ഒരേയൊരു വീടായി ഇരുട്ടിലാണ്ട് ആ ഇടിഞ്ഞുപൊളിഞ്ഞ വീട്. വൈദ്യുതിയില്ലാത്തതല്ല. ആൾ താമസമില്ലാതെ കിടന്ന് അതിെൻറ ബന്ധം വൈദ്യുതി ബോർഡ് മുറിച്ചുകളഞ്ഞതാണ്. വീടിെൻറ കാടുപിടിച്ചുകിടക്കുന്ന മുറ്റത്തെത്തി ബൈക്ക് നിന്നു. മൂവരും അതിൽനിന്നിറങ്ങി. മനോജ് വാതിലിൽ മുട്ടി. അകത്ത് നിന്നൊരനക്കം. ‘ആരാ?’ എന്നൊരുചോദ്യം. ഞാനാണ് മനോജെന്ന് മറുപടി ചെന്നപ്പോൾ ഏത് മനോജെന്ന് ചോദ്യത്തോടും വിജാഗിരി ഇളകിയാടുന്ന കതകിെൻറ ശബ്ദത്തോടുമൊപ്പം മുനിഞ്ഞുകത്തുന്ന ഒരു വിളക്കുവെട്ടം പുറത്തേക്ക് വന്നു. വിളക്ക് ഉയർത്തി ചുവന്ന വെട്ടം പതിപ്പിച്ച് അയാൾ ആളെ തിരിച്ചറിഞ്ഞു: ‘അയ്യോ കുഞ്ഞോ, എന്തരാവശ്യം യീ രാത്രീല്?’
‘ഒണ്ട് കാര്യമുണ്ട്. ഞാൻ മാത്രമല്ല. ഞങ്ങൾ മൂന്നുപേരുണ്ട്. അകത്തോട്ട് കയറിക്കോട്ടെ?’ വെളിച്ചമടിച്ച് ചുവന്ന മുഖത്ത് ഒരു അമ്പരപ്പ് പടരുന്നത് മനോജ് കണ്ടു: ‘പേടിക്കേണ്ട ഞങ്ങൾ കുറച്ചുസമയം ബാബുവിനോടൊപ്പം ചെലവഴിക്കാൻ വന്നതാണ്. നാളെയല്ലേ തിരിച്ചു പോകുന്നത്?’ അവർക്ക് കയറാൻ വേണ്ടി വാതിലൊഴിഞ്ഞു മാറിനിന്ന ബാബു മറുപടി പറഞ്ഞു: ’അതെ കുഞ്ഞേ, നാളെ വൈയ്യൂന്നേരത്തിന് മുമ്പ് അവടെത്തണം.’
ബൈജു ചോദിച്ചു: ‘ബാബു എന്തെരെങ്കിലും കഴിച്ചോ?’
’ലേശം കഞ്ഞി കുടിച്ചു.’ സിയാദ് അകത്തേക്ക് കയറി ഇരിക്കാൻ സ്ഥലം നോക്കി. ആകെ ഒരു പൂതലിച്ച മണമാണ് വീട്ടിനുള്ളിൽ. ഇടിഞ്ഞുവീഴാതെ അവശേഷിക്കുന്ന രണ്ട് മുറികളിലൊന്നാണ് അത്. അതിനകത്ത് തറയിൽ പായ് വിരിച്ചാണ് ബാബു കിടക്കുന്നതെന്ന് മനസിലായി. അടുത്തുകിടന്ന ഒരു ബഞ്ചിന് മുകളിൽ ബാബു മറ്റൊരു പായെടുത്ത് വിരിച്ച് അവർക്കിരിപ്പിടം ഒരുക്കി. ‘എന്തരിനാണ് വന്നതെന്ന് മനസിലായില്ല... എന്തരാ കുഞ്ഞേ കാര്യം?’
‘ഒരു കാര്യവുമില്ല. ഈ രാത്രീൽ അൽപസമയം ബാബുവിനോടെപ്പം ഇരിക്കാൻ വന്നതാണ്. ജയിലിലെ വിശേഷോക്കെ കേൾക്കാല്ലോ.’ മനോജ് കൈയ്യിലിരുന്ന ഭക്ഷണപ്പൊതി അയാൾക്ക് നീട്ടി. ‘കുറച്ച് മരച്ചീനിയും ഇറച്ചിയുമാണ്.’ ബാബുവിെൻറ അരണ്ട മുഖത്ത് ഒരു വെട്ടം വീണു. അയാൾ നിലത്തിരുന്നു. ഭക്ഷണപ്പൊതി എടുത്ത് വിടർത്തി. ‘ഞങ്ങള് കഴിച്ചതാണ്... ഇത് ബാബുവിനുള്ളതാണ്… ഞങ്ങൾ ബൈജൂെൻറ മാടത്തിലുണ്ടായിരുന്നു. അപ്പോഴാണ് ബാബുവിനെ ഓർത്തത്’ അയാൾക്ക് നല്ല വിശപ്പുണ്ടായിരുന്നത് പോലെ തോന്നി. ധൃതിയിൽ കപ്പയും ഇറച്ചിയും കഴിച്ചു. സിയാദ് വാറ്റ് എടുത്ത് ഗ്ലാസിലൊഴിച്ച് മുന്നിൽ വെച്ചപ്പോൾ അയാൾ തടഞ്ഞു: ‘വേണ്ട കുഞ്ഞേ, ഞാൻ കുടിനിർത്തി. ഇതുവേണ്ട!’
സിയാദ് വല്ലാതെ നിർബന്ധിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. കിണറ് നിർമിച്ചും പറമ്പുകളിൽ കിളച്ചും ക്ഷീണിച്ച് വൈകീട്ട് നാട്ടിലെ കള്ളുഷാപ്പിൽനിന്ന് അന്തി മോന്തിയിട്ട് പോകുന്ന ബാബുവിനെ മനോജും ബൈജുവും കണ്ടിട്ടുണ്ട്. അന്ന് വാറ്റ് ചാരായത്തിനെതിരെ പോരാട്ടം നടത്തുമ്പോൾ എതിർ ചേരിയിൽ നിന്നവരിൽ ബാബുവും ഉണ്ടായിരുന്നെന്ന് അവർക്ക് നല്ല ഓർമയുണ്ട്. ബാബു പറഞ്ഞു: ‘കൊറേ കുടിച്ചു. ദേഹം നോവണ പണിയെട്ക്കണ ഷീണം മാറ്റാനാണ് അന്നൊെക്ക കുടിച്ചിരുന്നത്. അവസാനം കുടിച്ചത് എെൻറ പൊന്നാര മക്കള്ടെ കഴുത്തിന് കൊടുവാളോങ്ങാനുള്ള തൈര്യം കിട്ടാനായിരുന്ന്. അന്ന് കുടിച്ചില്ലായിരുന്നെങ്കിൽ...’ പറഞ്ഞത് മുഴുമിപ്പിക്കാതെ അയാൾ നിർത്തി. തീറ്റ കഴിഞ്ഞ് അയാളൊരു ബീഡിക്ക് തീ കൊളുത്തി. പുകയൂതി വിട്ട് ചുമച്ചുകൊണ്ട് ചുവരിലേക്ക് ചാരിയിരുന്നു. അന്തരീക്ഷത്തിന് ഒരു ലാഘവത്വമുണ്ടായപ്പോൾ സിയാദ് അയാളോട് ഓരോ വിശേഷങ്ങൾ ചോദിച്ചറിയാൻ തുടങ്ങി. ജയലിലിലെ വിശേഷങ്ങളിൽനിന്നാണ് തുടങ്ങിയത്. അതിലയാൾ വാചാലനായി. തുറന്ന ജയിലിൽ അയാൾ നട്ടുനനച്ച് വളർത്തിയ പച്ചക്കറിതോട്ടത്തിലെ വിളവുകളെ കുറിച്ച് പറഞ്ഞ് അയാൾ നിറഞ്ഞുചിരിച്ചു. എപ്പോഴോ സിയാദ് അയാളുടെ ഭാര്യയെ കുറിച്ച് ചോദിച്ചു. ഇപ്പോൾ എവിടെയുണ്ടെന്നറിയുമോ എന്നാണവൻ ചോദിച്ചത്. അതോടെ അയാളുടെ മുഖം മാറി. ചിരിയണഞ്ഞു. നിശബ്ദനായി നിലത്തേക്ക് നോക്കി കുറെനേരമിരുന്നു. പിന്നെ പല്ലമർത്തി കടിക്കുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു. ‘ആ കഴുവേറീട മോളേക്കെ ആര് തെരക്കാൻ… എവടേങ്കിലും പോയി തൊലയട്ട്…’ അയാൾക്ക് അവളോടുള്ള പക തീർന്നിട്ടില്ലെന്ന് മനസിലായി. ഇനി ആ വിഷയത്തെ കുറിച്ച് അധികം സംസാരിക്കേണ്ടെന്ന ഒരു വിവേകം മൂവർക്കുമുണ്ടായി. യാത്ര പറഞ്ഞിറങ്ങുേമ്പാൾ മനോജ്, ‘അടുത്ത തവണ പരോളായിട്ടല്ലാതെ മോചനം കിട്ടി വരാനാവട്ടെ’ എന്നാശംസിച്ചു.
ബാബു മനോജിെൻറ കൈയ്യിൽ പിടിച്ചു: ‘അത് വേണ്ട കുഞ്ഞേ, ഈ തൊറന്ന ജയിലിനേക്കാളും നല്ലത് അവിടത്തെ തൊറന്ന ജയിലാണ്. മിണ്ടാനും പറയാനും അറപ്പും പേടിയുമില്ലാത്ത മനുഷ്യർ അവിടെയുണ്ടല്ലോ! കണ്ണടയണത് വരെ അവിടന്ന് വിടല്ലേന്നാണ് ഇപ്പോൾ. ഇനി പരോളും വേണ്ട!’