മുറ്റത്തെ പേരമരത്തിൽ ഇല കാണാത്ത വിധം നിറയെ കായകൾ കണ്ട് വീട്ടുടമസ്ഥൻ സംന്തുഷ്ടനായി... നല്ല മധുരമുള്ള അകം ചുവന്ന പേരക്കായകൾ..... കായകൾ മൂത്ത് പഴുത്തു തുടങ്ങിയതേ മരത്തിൽ നിറയെ കിളികൾ വന്നു തുടങ്ങി.. ദിവസവും വന്ന് പേരക്കായ കൊത്തി തിന്നുന്ന കിളികൾ വല്ലാത്ത ശല്യമായി അയാൾക്ക് തോന്നി... പതിവായി പേരമരത്തിലെത്തുന്ന മഞ്ഞക്കിളിയെ അയാൾ ഉന്നം വെച്ചു. നാളെ ഇങ്ങ് വരട്ടെ ... ശരിയാക്കി കൊടുക്കാം.. തെറ്റാ ലിയുണ്ടാക്കി അതിരാവിലെ മുതൽ തന്നെ വീട്ടുടമസ്ഥൻ കാത്തിരുന്നു. മഞ്ഞക്കിളി പതിവു പോലെ മറ്റു കിളികൾക്കൊപ്പം പറന്നെത്തി മൂത്തു തുടുത്ത പേരയ്ക്കകൾ തിന്നു തുടങ്ങി.. അയാൾ തെറ്റാലിയിൽ ഉന്നം പിടിച്ചു. മഞ്ഞക്കിളി ഒന്നും അറിഞ്ഞതേയില്ല... ഒരു മൂളക്കം പോലെ തോന്നി..പിന്നെ ഏറു കൊണ്ട്നില തെറ്റിയ അവൾ താഴേയ്ക്കു വീണു... ചോരയിൽ കുളിച്ചു കിടന്ന അവൾ ആകെ പരവശയായി.. ഓടിയെത്തിയ വീട്ടുടമസ്ഥൻ വീണു കിടക്കുന്ന കിളിയെക്കണ്ട് ആദ്യമൊന്നു സന്തോഷിച്ചുവെങ്കിലും ചോരയിൽ കുളിച്ചു കിടക്കുന്ന അവളെക്കണ്ട് തെല്ലു വിഷമത്തോടെ പതിയെ പറഞ്ഞു.." കൊല്ലാനൊന്നുമല്ല ഞാൻ എറിഞ്ഞത്... എന്റെ മുറ്റത്തെ പേരയിലെ കായകൾ തിന്നതു കൊണ്ടല്ലേ എനിക്കിങ്ങനെ ചെയ്യേണ്ടി വന്നത്..? മറ്റു കിളികൾക്കും ഇതൊരു പാഠമായിത്തീരട്ടെ..." അയാൾ പതിയെ അകത്തേയ്ക്ക് കയറി പോകാനൊരുങ്ങി.." സഹോദരാ, ഒന്നു നിൽക്കണേ... പേര നിങ്ങളുടെ തൊടിയിലാണ് നേരു തന്നെ... പക്ഷേ, അതിന് വിത്തിട്ടത് ഞാനായിരുന്നു..." ഇതും പറഞ്ഞവൾ നിത്യനിദ്രയിലാണ്ടു.