Image

പരപ്പക്കാട്ടിൽ ( കഥ / പ്രകാശൻ കരിവെള്ളൂർ )

Published on 27 November, 2024
പരപ്പക്കാട്ടിൽ ( കഥ / പ്രകാശൻ കരിവെള്ളൂർ )

രാത്രി പതിനൊന്ന്  മണിക്കാണ് നന്ദീപ് ഫോണിൽ വിളിച്ചത് -
മാഷേ , ഇവിടെ കോരിച്ചൊരിയുന്ന മഴയാ .

ഇത് പറയാനാണോ ഇവനീ നട്ടപ്പാതിരക്ക് വിളിച്ചത് ! -
സുമനൻമാഷ് അദ്ഭുതപ്പെട്ടു . ഇപ്പോൾ എല്ലായിടത്തും മഴയാണല്ലോ . ഈ വർഷം മഴയേക്കാൾ കൂടുതൽ വേറെന്താണ് ഉണ്ടായിട്ടുള്ളത് ?

മാഷ് ചോദിച്ചു - നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ .പൊളിഞ്ഞ് വീഴാറായ ബിൽഡിങ്ങിൻ്റെ അടുത്തേക്കൊന്നും പോകണ്ട .

അവൻ മെയിൻ ബിൽഡിങ്ങിന് താഴെയുളള ചെറിയ മുറിയിലാണ് വെപ്പും കുടിയും കിടത്തവുമെല്ലാം . അവിടെ സുരക്ഷിതമാണ് .
എന്നാൽ പ്രധാനകെട്ടിടം 
കുന്നിൻനെറുകയിലാണ്. പത്ത്മുപ്പത് വർഷമായി അറ്റകുറ്റപ്പണികളൊന്നും നടക്കാറില്ല . ഒരു പതിനഞ്ച്ലക്ഷം കലക്ടറുടെ നിർദ്ദേശപ്രകാരം പിടിഎ പാസ്സാക്കിയിട്ടുണ്ട് . അതിനെങ്ങനെ , മഴ നിന്നാലല്ലേ പണി തുടങ്ങാൻ പറ്റൂ .

ഫോൺ വച്ച് സുമനൻമാഷ് ജനാലപ്പുറത്തെ മഴക്കിലുക്കങ്ങൾക്ക് കാതോർത്തു കിടന്നു . അരികിൽ ബീന കൂർക്കം വലിച്ചുറങ്ങുന്നുണ്ട് .പാവം , ഉറങ്ങാൻ വൈകിയാൽ ഉണരാൻ  വൈകും . രാവിലെ ചായയും ചോറുമൊക്കെ റെഡിയാക്കിയിട്ട് വേണ്ടേ സ്കൂളിൽ പോകാൻ ?

ഇത്രയും കാലം വല്ല പാത്രം കഴുകിയോ കട്ടൻ ചായ ഉണ്ടാക്കിയോ ചെറിയൊരു സഹായം തൻ്റെ വക അവൾക്ക് കിട്ടിയിരുന്നു .
പക്ഷേ , മിന്നലാക്രമണം പോലെ 
വന്നുചേർന്ന ഒരു ഹെഡ്മാസ്റ്റർ സ്ഥാനക്കയറ്റംനിമിത്തം വീട്ടിനടുത്തുള്ള , സ്വസ്ഥതയും സന്തോഷവും സമാധാനവും നിറഞ്ഞ സ്കൂളിൽ നിന്ന് താൻ തെറിച്ചു വീണത് , ശ്രീനിവാസൻ  സന്ദേശത്തിൽ പറഞ്ഞതു പോലെയാണെങ്കിൽ - കാസർകോട്ടേ ഏതോ ഒരു കാട്ടിലേക്ക് .

ഒന്നു കൃത്യമാക്കിയാൽ കർണാടക അതിർത്തിയിലുള്ള ദേലംപാടി പഞ്ചായത്തിലെ സംരക്ഷിത വനപ്രദേശമായ പരപ്പയിലെ ഗവ. എൽ പി സ്കൂളിലേക്ക് .
രാവിലെ ഏഴ്മണിക്ക് വീട്ടിൽ നിന്നറങ്ങി നടത്തവും ബസ്സും നടത്തവും ട്രെയിനും വീണ്ടും നടത്തം .പിന്നെ ഒരു മണിക്കൂറിലേറെ ബസ്സിൽ . ടൗൺ വിട്ടാൽ മരങ്ങളും മലകളുമൊക്കെയാണ് റോഡിൻ്റെ ഇരുവശവും . സൈഡ് സീറ്റിലിരുന്ന് കാഴ്ച്ചകൾ കാണുമ്പോൾ സുമനൻമാഷിൻ്റെ മനസ്സ് ആദ്യമായി ബസ്സിൽ കയറിയ കുട്ടിയുടേതുപോലെയാവും . പിറകിലേക്കോടിപ്പോയ കാഴ്ച്ചകളെ താലോലിച്ചു കൊണ്ടല്ലാതെ അയാൾക്ക് മുന്നിലേക്ക് കുതിച്ചെത്തുന്ന കാഴ്ച്ചകളെ വരവേൽക്കാൻ കഴിയാറില്ല . ബസ്സിറങ്ങിയാൽ വിജനമായ കാട്ടിലൂടെ പത്ത്മിനിറ്റ് നടത്തം . സ്കൂളിൽ ജോയിൻ ചെയ്യുന്ന അന്ന് കൂടെവന്ന മഴയാണ് . നാല് മാസമായിട്ടും നിർത്താനുള്ള ഭാവമില്ല. മഴയെ അയാൾക്കിഷ്ടമാണ് . പച്ച പുതച്ച മലകളുടെ നെറുകയിൽ പദമൂന്നി കാട്ടിലേക്ക് നൃത്തമാടിയെത്തുന്ന മഴ . കാട്ടിലെ മഴക്ക് വേറൊരു നിറവും മണവും കുളിരുമാണ് . കാട്ടിലെ കെട്ടുപിണഞ്ഞ വള്ളികളിൽ ഊഞ്ഞാലാടി മഴ നനഞ്ഞ് കളിക്കുന്ന കുഞ്ഞുകുരങ്ങന്മാർ . അവരെ ശാസിച്ചു കൊണ്ടാണെന്ന് തോന്നുന്നു അമ്മക്കുരങ്ങ് ചില ശബ്ദങ്ങളുണ്ടാക്കുന്നുണ്ട് . പാറക്കെട്ടുകൾക്കിടയിലൂടെ ചിതറിയൊഴുകുന്ന ചില അരുവികൾ റോഡിന് കുറുകെയുള്ള പാലത്തിനടിയിലൂടെ  ഒഴുകി അപ്പുറം വലിയ ഒരു പുഴയാകുന്നു . മൂന്ന് മണിക്കൂർ അങ്ങോട്ടും മൂന്ന് മണിക്കൂർ ഇങ്ങോട്ടുമുള്ള യാത്രാദുരിതത്തിൻ്റെ ആഘാതം കുറയ്ക്കുന്നു പത്ത് മിനുട്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള ആ കാട്ടു നടത്തം .

അതൊക്കെ ഓർത്ത് ഒന്ന് ഉറക്കം പിടിച്ച് വരികയായിരുന്നു . അപ്പോഴാണ് നന്ദീപിൻ്റെ വിളി .
സുമനൻമാഷ് ഫോണെടുത്തു .

നന്ദീപ്  പറഞ്ഞു -
മാഷേ , രാവിലെ ഓഫീസ് തുറക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം - ഞാൻ ടോയിലറ്റിൽ പോയി വരുമ്പോ ഒരു പാമ്പ് ജനാലപ്പഴുതിലൂടെ ഇഴഞ്ഞ് അകത്തേക്ക് കയറുന്നത് കണ്ടു .

പാമ്പ് എന്ന് കേട്ടതും സുമനൻമാഷ് ഞെട്ടി .പേപ്പട്ടിയേക്കാൾ അയാൾക്ക് പേടിയാണ് പാമ്പുകളെ . അതിനി ചേരയായാൽ പോലും .

ഒരു കുടുസ്സുമുറിയാണ് ഓഫീസ് . അതിലാണെങ്കിൽ നാല് ഷെൽഫും മൂന്ന് മേശയും അഞ്ചാറ് കസേരയും ഒരു ഡസ്കും ലാപ് ടോപ്പും പ്രിൻ്ററും ഫോട്ടോസ്റ്റാറ്റും കുറേ പത്രങ്ങളും രജിസ്ട്രറുകളും റാപ്പർ പൊട്ടിക്കാത്ത നൂറ്റെട്ട് "അധ്യാപക ലോക "ങ്ങളും !

സ്കൂളിൻ്റെ പിറകിലാണെങ്കിൽ മലങ്കാടാണ്. ഘോരവനാന്തരം എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല .
ഇഴഞ്ഞു വന്നവൻ എത്രത്തോളം 
കൊടുംഭീകരനാണെന്നറിയാൻ പരിഭ്രമത്തോടെ ചോദിച്ചു -

ഏതാ ഇനം ? ശരിക്ക് കണ്ടോ ?

ടോർച്ചടിച്ചു നോക്കി - തല ജനലിനകത്തായിരുന്നു . വണ്ണം അധികമില്ല , കറുത്ത നിറം .

മാഷ് പേടിച്ചു വിറച്ചു - കരിമൂർഖനെങ്ങാനുമാണെങ്കിൽ !

അപ്പോഴാണ് ചവിട്ടു പടിക്കരികിലെ പൈപ്പിൻചുവട്ടിലുള്ള നനവു പറ്റി പതുങ്ങാറുള്ള ഒരു തവളയെ മാഷിന് ഓർമ്മ വന്നത് . സ്കൂളിൽ വന്ന അന്ന്മുതൽ മാഷ് ശ്രദ്ധിക്കുന്നുണ്ട് . രാവിലെ സ്കൂളിലേക്ക് കയറുമ്പോഴും വൈകുന്നേരം സ്കൂളിൽ നിന്നിറങ്ങുമ്പോഴും അതിനെ അവിടെ തന്നെ കാണാം . ക്രമേണ മാഷുമായി തവള നല്ല പരിചയഭാവത്തിലായി . മാഷ് പടി കയറുമ്പോൾ പിന്നാലെ ചാടിച്ചാടി വരും . മാഷ് കസേരയിലിരുന്നാൽ ഒരു നോട്ടം നോക്കി തിരിച്ച് പൈപ്പിൻ ചോട്ടിലേക്ക് പോവും . ഇടനേരത്തെ ചായപ്പലഹാരത്തിൽനിന്നും ഒരംശം മാഷ് നുള്ളിയെടുത്ത് അതിന് കൊണ്ടു കൊടുത്തു . 
നന്ദീപിനോടൊപ്പം റാഷിദും ഷാഫിയും ചിരിച്ചു - 
ഹെഡ് മാഷെ സ്വന്തം തവള .

പി ടി സി എം നളിനി കാര്യമായി തന്നെ ചോദിച്ചു - മാഷ് വീട്ടിൽ തവളയെ വളർത്ത് ന്ന് ണ്ടാ ?

സുമനൻമാഷിന് തോന്നി - ആശയം കൊള്ളാം - പക്ഷേ വീട്ടിലുള്ളവരും നാട്ടിലുള്ളവരും ഭ്രാന്താണെന്ന് പറയില്ലേ ?

അർച്ചനട്ടീച്ചറുടെ രണ്ടാം ക്ളാസിലെ കുട്ടികൾ തവളക്ക് ഒരു പേരുമിട്ടു - മുസ്തഫ .
പാമ്പുഭയത്തേക്കാൾ മാഷെ മന:പ്രയാസത്തിലാക്കിയത് മുസ്തഫയാണ് .
പാവത്തിനെ ആ ദുഷ്ടൻപാമ്പ് വിഴുങ്ങിക്കാണുമോ ?

പാമ്പുള്ള കാടാണെങ്കിലും കടിയേറ്റ കഥയൊന്നും നാട്ടുകാർക്ക് പറയാനില്ല . ഇടയ്ക്ക് വല്ല മാനിൻ്റേയും പിറകേ പാഞ്ഞെത്തുന്ന ഒരു പുലിയുണ്ട് - അവനെയാണ് നാട്ടുകാർക്ക് പേടി . ഇപ്പോ കുറേ നാളായി പുലിയെ കാണാറില്ലത്രേ.!

 വല്ലപ്പോഴും ഒരു കൊമ്പൻ്റെ ചിന്നം വിളി കാട്ടുനുള്ളിൽ മുഴങ്ങുന്നത് നാട്ടുകാർ കേട്ടിട്ടുണ്ട് . പക്ഷേ മൂപ്പർ പുറത്തിറങ്ങി ദ്രോഹമൊന്നും ചെയ്യുന്നില്ല .പിന്നെ ജാഥ പോലെ പോകുന്ന പന്നിക്കുഞ്ഞുങ്ങളെ കാണാം . സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങളൊന്നും നീക്കം ചെയ്യേണ്ട കാര്യമില്ല . വെയിസ്റ്റ് ബക്കറ്റിലിട്ടു വച്ചാ മതി . പന്നിയമ്മ എടുത്ത് മക്കൾക്ക് കൊടുത്തോളും .

കുരുങ്ങന്മാരുടെ കുരുത്തക്കേടാണെങ്കിൽ പറയാനില്ല . സ്കൂളിൻ്റെ ഓടിൻ്റെ മുകളിലൂടെ നടന്നുവന്ന് അടുത്ത പറമ്പിലെ തെങ്ങുകളിലേക്ക് ചാടിക്കയറി ഇളനീര് പറിച്ച്  കുടിക്കും. വാഴക്കായ പച്ചയ്ക്ക് തിന്നും . അടയ്ക്ക പറിച്ച് പന്ത് കളിക്കും . സമാധാന പ്രിയരായ പ്രാവുകളോട് കലഹിക്കും .

പിന്നെ കൂട്ടത്തോടെ പറന്നു പോകുന്ന മയിലുകളാണ് പരപ്പക്കാട്ടിലെ മറ്റൊരു വർണ്ണക്കാഴ്ച്ച .
ഇത്രയും നല്ല മയിലുകൾക്ക് ഇത്രയും മോശമായ ഒച്ചയോ ? ഒറ്റയ്ക്ക് കരയുന്ന ശബ്ദം തന്നെ അരോചകം . കൂട്ടത്തോടെയാണെങ്കിൽ സഹിക്കാൻ കഴിയില്ല .
ബീ ആർ സി യിൽ നിന്ന് വരാറുള്ള വിജേഷ് മയിലുകളെക്കുറിച്ച് പറഞ്ഞ ഒരു കഥ കേട്ട് സുമനൻ മാഷ് അമ്പരന്നു പോയി .

വിജേഷിൻ്റെ വീട്ടിൻ്റെ അടുത്തുള്ള ഒരു കുടുംബം കഴിഞ്ഞ മഴക്കാലത്ത് 
ബന്ധുവീട്ടിലോ മറ്റോ പോയതായിരുന്നു . രണ്ട് ദിവസം കഴിഞ്ഞ് ഒരു രാത്രിയാണ് മടങ്ങിയത് . വരുമ്പോഴേക്കും വീടിനകം വെള്ളത്തിൽ മുങ്ങിയിരിക്കുന്നു ! മുകളിലേക്ക് നോക്കിയപ്പോൾ മേൽക്കൂരയിൽ ഒറ്റ ഓടുമില്ല . അപ്പോൾ എന്താ സംഗതി , മഴയില്ലാത്തനേരത്ത് മയിലുകൾ കൂട്ടത്തോടെ പറന്നു വന്ന് വീടിന് മുകളിൽ ഇരുന്നു . മയിലുകൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടത്രേ - ഒരു മയിൽ ചെയ്യുന്നത് തന്നെ മറ്റു മയിലുകളും ചെയ്യും . ഒരു മയിൽ ഒരു ഓട് കൊത്തിയെടുത്ത് ഒരൊറ്റ ഏറ് ! മറ്റു മയിലുകളും വാശിയോടെ കൊത്തി എറിയാൻ തുടങ്ങി .

അയൽക്കാരൻ പിറ്റേ ദിവസം രാവിലെ വീട്ടുകാരോട് എല്ലാം വിസ്തരിച്ച് പറഞ്ഞു - അവ ഭ്രാന്തൻ മയിലുകളാണെന്ന് തോന്നുന്നു . തടയാൻ പോയാൽ എന്നെയും കൊത്തിക്കൊന്നേനെ .

പിന്നീട് നാട്ടുകാർ ആ വീട്ടുകാരെക്കുറിച്ച് അപവാദവും പറഞ്ഞ് പരത്തി - പണ്ട് ആ തറവാട്ടില് മയിലെണ്ണ കൊണ്ട് പെണ്ണുങ്ങളെ വശീകരിച്ച ഒരു കാരണവരുണ്ടായിരുന്നത്രേ . അയാൾ എണ്ണയെടുക്കാൻ വേണ്ടി ഒരു പാട് മയിലുകളെ കൊന്നു . ന്യൂജനറേഷൻ മയിലുകൾ അതിന് പ്രതികാരം ചെയ്തതാണെന്ന് !

മയിലുള്ള കാട്ടിൽ പാമ്പു വാഴില്ല എന്നാണ് പറയുക . അവരുടെ ഇഷ്ടഭക്ഷണമല്ലേ പാമ്പ് ?
എന്നിട്ടും തൻ്റെ ഓഫീസിൽ കയറിക്കൂടാൻ മാത്രം ഇപ്പോൾ എവിടെ നിന്നീ പാമ്പ് ഇഴഞ്ഞ് വന്നു ?
മാഷുടെ ചിന്തകൾ വീണ്ടും മുസ്തഫയിലുടക്കി - 
പാവം. പാമ്പിൻ്റെ കണ്ണിൽ പെടാതിരുന്നാ മതിയായിരുന്നു .

അടുത്ത ദിവസവും ഇടമുറിയാത്ത മഴ തന്നെ . സുമനൻമാഷ് പുലർച്ചെതന്നെ  വണ്ടിയും ബസ്സും കയറി പരപ്പ സ്റ്റോപ്പിൽ ബസ്സിറങ്ങി . അന്നത്തെ കാട്ടുനടത്തം അയാൾക്ക് ഒട്ടും രസിച്ചില്ല .

പോയ ഉടൻ നന്ദീപിനെയും കൂട്ടി ഓഫീസ് തുറന്നു . അപ്പോഴേക്കും റാഷിദും ഷാഫിയും ഇല്യാസും വന്നുചേർന്നു . സകലയിടത്തും പരിശോധിച്ചു . സ്കൂൾ ഹാൾ മൊത്തം തപ്പിപ്പരതി . പാമ്പിൻ്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. അതിനിടയിൽ മാഷ് മുസ്തഫയുടെ കാര്യം ഓർത്തു -
ഇന്ന് പടി കയറുമ്പോൾ പിന്നാലെ അവൻ ചാടിച്ചാടി വന്നില്ലല്ലോ .

നമ്മളെ മുസ്തഫയെ പാമ്പ് വിഴുങ്ങി എന്ന് തോന്നുന്നു .
മാഷ് സങ്കടത്തോടെ സഹപ്രവർത്തകരോട് പറഞ്ഞു . സംഗതി അറിഞ്ഞ് കുട്ടികൾക്കും സങ്കടമായി ..

ഇന്ന് താൻ തനിച്ചാണല്ലോ - 
പേടിയോടെയും ആശങ്കയോടെയുമാണ് ആ ശനിയാഴ്ച മാഷ് സ്കൂളിലെത്തിയത് . പടി കയറുമ്പോൾ പൈപ്പിൻ ചുവട്ടിൽ നിന്ന് അതാ ചാടിച്ചാടി വരുന്നു മുസ്തഫ !

വാതിൽ തുറക്കാൻ നോക്കുമ്പോൾ അവൻ ഒന്നു മുരണ്ടു . തീർച്ചയായും അതൊരു തവളക്കരച്ചിലായിരുന്നില്ല .
മാഷ് കാല്കൊണ്ട് ചെറുതായി ഒന്ന് തട്ടി തവളയെ മാറ്റിയിട്ട് വാതിൽ തുറന്നു . അകത്തെ കാഴ്ച കണ്ട് ഇടിവെട്ടേറ്റതു പോലെ മാഷ് നിന്നു .

മുന്നിൽ പത്തി വിടർത്തി നിൽക്കുന്നു കരിമൂർഖൻ !

മാഷ് ഒരു പ്രതിമ കണക്കെ കൈയും കാലും അനക്കാൻ കഴിയാതെ നിന്നു .പെട്ടെന്ന് ബോധം വീണ്ടെടുത്ത് തവളെ ദൂരേക്ക് തട്ടി മാറ്റി മാഷും മാറിനിന്നു . പാമ്പ് ഫണം താഴ്ത്തി ശാന്തനായി ഇഴഞ്ഞിഴഞ്ഞ് പോയി സ്കൂൾ ചുമരിൻ്റെ ഓരം പറ്റി പിന്നിലെ കാട്ടിലേക്ക് കയറി .

ശ്വാസം നേരെ വീണ സുമനൻ മാഷും  മുസ്തഫയും ആ പോക്ക് നോക്കി നിന്നു .12

പരപ്പക്കാട്ടിൽ

രാത്രി പതിനൊന്ന്  മണിക്കാണ് നന്ദീപ് ഫോണിൽ വിളിച്ചത് -
മാഷേ , ഇവിടെ കോരിച്ചൊരിയുന്ന മഴയാ .

ഇത് പറയാനാണോ ഇവനീ നട്ടപ്പാതിരക്ക് വിളിച്ചത് ! -
സുമനൻമാഷ് അദ്ഭുതപ്പെട്ടു . ഇപ്പോൾ എല്ലായിടത്തും മഴയാണല്ലോ . ഈ വർഷം മഴയേക്കാൾ കൂടുതൽ വേറെന്താണ് ഉണ്ടായിട്ടുള്ളത് ?

മാഷ് ചോദിച്ചു - നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ .പൊളിഞ്ഞ് വീഴാറായ ബിൽഡിങ്ങിൻ്റെ അടുത്തേക്കൊന്നും പോകണ്ട .

അവൻ മെയിൻ ബിൽഡിങ്ങിന് താഴെയുളള ചെറിയ മുറിയിലാണ് വെപ്പും കുടിയും കിടത്തവുമെല്ലാം . അവിടെ സുരക്ഷിതമാണ് .
എന്നാൽ പ്രധാനകെട്ടിടം 
കുന്നിൻനെറുകയിലാണ്. പത്ത്മുപ്പത് വർഷമായി അറ്റകുറ്റപ്പണികളൊന്നും നടക്കാറില്ല . ഒരു പതിനഞ്ച്ലക്ഷം കലക്ടറുടെ നിർദ്ദേശപ്രകാരം പിടിഎ പാസ്സാക്കിയിട്ടുണ്ട് . അതിനെങ്ങനെ , മഴ നിന്നാലല്ലേ പണി തുടങ്ങാൻ പറ്റൂ .

ഫോൺ വച്ച് സുമനൻമാഷ് ജനാലപ്പുറത്തെ മഴക്കിലുക്കങ്ങൾക്ക് കാതോർത്തു കിടന്നു . അരികിൽ ബീന കൂർക്കം വലിച്ചുറങ്ങുന്നുണ്ട് .പാവം , ഉറങ്ങാൻ വൈകിയാൽ ഉണരാൻ  വൈകും . രാവിലെ ചായയും ചോറുമൊക്കെ റെഡിയാക്കിയിട്ട് വേണ്ടേ സ്കൂളിൽ പോകാൻ ?

ഇത്രയും കാലം വല്ല പാത്രം കഴുകിയോ കട്ടൻ ചായ ഉണ്ടാക്കിയോ ചെറിയൊരു സഹായം തൻ്റെ വക അവൾക്ക് കിട്ടിയിരുന്നു .
പക്ഷേ , മിന്നലാക്രമണം പോലെ 
വന്നുചേർന്ന ഒരു ഹെഡ്മാസ്റ്റർ സ്ഥാനക്കയറ്റംനിമിത്തം വീട്ടിനടുത്തുള്ള , സ്വസ്ഥതയും സന്തോഷവും സമാധാനവും നിറഞ്ഞ സ്കൂളിൽ നിന്ന് താൻ തെറിച്ചു വീണത് , ശ്രീനിവാസൻ  സന്ദേശത്തിൽ പറഞ്ഞതു പോലെയാണെങ്കിൽ - കാസർകോട്ടേ ഏതോ ഒരു കാട്ടിലേക്ക് .

ഒന്നു കൃത്യമാക്കിയാൽ കർണാടക അതിർത്തിയിലുള്ള ദേലംപാടി പഞ്ചായത്തിലെ സംരക്ഷിത വനപ്രദേശമായ പരപ്പയിലെ ഗവ. എൽ പി സ്കൂളിലേക്ക് .
രാവിലെ ഏഴ്മണിക്ക് വീട്ടിൽ നിന്നറങ്ങി നടത്തവും ബസ്സും നടത്തവും ട്രെയിനും വീണ്ടും നടത്തം .പിന്നെ ഒരു മണിക്കൂറിലേറെ ബസ്സിൽ . ടൗൺ വിട്ടാൽ മരങ്ങളും മലകളുമൊക്കെയാണ് റോഡിൻ്റെ ഇരുവശവും . സൈഡ് സീറ്റിലിരുന്ന് കാഴ്ച്ചകൾ കാണുമ്പോൾ സുമനൻമാഷിൻ്റെ മനസ്സ് ആദ്യമായി ബസ്സിൽ കയറിയ കുട്ടിയുടേതുപോലെയാവും . പിറകിലേക്കോടിപ്പോയ കാഴ്ച്ചകളെ താലോലിച്ചു കൊണ്ടല്ലാതെ അയാൾക്ക് മുന്നിലേക്ക് കുതിച്ചെത്തുന്ന കാഴ്ച്ചകളെ വരവേൽക്കാൻ കഴിയാറില്ല . ബസ്സിറങ്ങിയാൽ വിജനമായ കാട്ടിലൂടെ പത്ത്മിനിറ്റ് നടത്തം . സ്കൂളിൽ ജോയിൻ ചെയ്യുന്ന അന്ന് കൂടെവന്ന മഴയാണ് . നാല് മാസമായിട്ടും നിർത്താനുള്ള ഭാവമില്ല. മഴയെ അയാൾക്കിഷ്ടമാണ് . പച്ച പുതച്ച മലകളുടെ നെറുകയിൽ പദമൂന്നി കാട്ടിലേക്ക് നൃത്തമാടിയെത്തുന്ന മഴ . കാട്ടിലെ മഴക്ക് വേറൊരു നിറവും മണവും കുളിരുമാണ് . കാട്ടിലെ കെട്ടുപിണഞ്ഞ വള്ളികളിൽ ഊഞ്ഞാലാടി മഴ നനഞ്ഞ് കളിക്കുന്ന കുഞ്ഞുകുരങ്ങന്മാർ . അവരെ ശാസിച്ചു കൊണ്ടാണെന്ന് തോന്നുന്നു അമ്മക്കുരങ്ങ് ചില ശബ്ദങ്ങളുണ്ടാക്കുന്നുണ്ട് . പാറക്കെട്ടുകൾക്കിടയിലൂടെ ചിതറിയൊഴുകുന്ന ചില അരുവികൾ റോഡിന് കുറുകെയുള്ള പാലത്തിനടിയിലൂടെ  ഒഴുകി അപ്പുറം വലിയ ഒരു പുഴയാകുന്നു . മൂന്ന് മണിക്കൂർ അങ്ങോട്ടും മൂന്ന് മണിക്കൂർ ഇങ്ങോട്ടുമുള്ള യാത്രാദുരിതത്തിൻ്റെ ആഘാതം കുറയ്ക്കുന്നു പത്ത് മിനുട്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള ആ കാട്ടു നടത്തം .

അതൊക്കെ ഓർത്ത് ഒന്ന് ഉറക്കം പിടിച്ച് വരികയായിരുന്നു . അപ്പോഴാണ് നന്ദീപിൻ്റെ വിളി .
സുമനൻമാഷ് ഫോണെടുത്തു .

നന്ദീപ്  പറഞ്ഞു -
മാഷേ , രാവിലെ ഓഫീസ് തുറക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം - ഞാൻ ടോയിലറ്റിൽ പോയി വരുമ്പോ ഒരു പാമ്പ് ജനാലപ്പഴുതിലൂടെ ഇഴഞ്ഞ് അകത്തേക്ക് കയറുന്നത് കണ്ടു .

പാമ്പ് എന്ന് കേട്ടതും സുമനൻമാഷ് ഞെട്ടി .പേപ്പട്ടിയേക്കാൾ അയാൾക്ക് പേടിയാണ് പാമ്പുകളെ . അതിനി ചേരയായാൽ പോലും .

ഒരു കുടുസ്സുമുറിയാണ് ഓഫീസ് . അതിലാണെങ്കിൽ നാല് ഷെൽഫും മൂന്ന് മേശയും അഞ്ചാറ് കസേരയും ഒരു ഡസ്കും ലാപ് ടോപ്പും പ്രിൻ്ററും ഫോട്ടോസ്റ്റാറ്റും കുറേ പത്രങ്ങളും രജിസ്ട്രറുകളും റാപ്പർ പൊട്ടിക്കാത്ത നൂറ്റെട്ട് "അധ്യാപക ലോക "ങ്ങളും !

സ്കൂളിൻ്റെ പിറകിലാണെങ്കിൽ മലങ്കാടാണ്. ഘോരവനാന്തരം എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല .
ഇഴഞ്ഞു വന്നവൻ എത്രത്തോളം 
കൊടുംഭീകരനാണെന്നറിയാൻ പരിഭ്രമത്തോടെ ചോദിച്ചു -

ഏതാ ഇനം ? ശരിക്ക് കണ്ടോ ?

ടോർച്ചടിച്ചു നോക്കി - തല ജനലിനകത്തായിരുന്നു . വണ്ണം അധികമില്ല , കറുത്ത നിറം .

മാഷ് പേടിച്ചു വിറച്ചു - കരിമൂർഖനെങ്ങാനുമാണെങ്കിൽ !

അപ്പോഴാണ് ചവിട്ടു പടിക്കരികിലെ പൈപ്പിൻചുവട്ടിലുള്ള നനവു പറ്റി പതുങ്ങാറുള്ള ഒരു തവളയെ മാഷിന് ഓർമ്മ വന്നത് . സ്കൂളിൽ വന്ന അന്ന്മുതൽ മാഷ് ശ്രദ്ധിക്കുന്നുണ്ട് . രാവിലെ സ്കൂളിലേക്ക് കയറുമ്പോഴും വൈകുന്നേരം സ്കൂളിൽ നിന്നിറങ്ങുമ്പോഴും അതിനെ അവിടെ തന്നെ കാണാം . ക്രമേണ മാഷുമായി തവള നല്ല പരിചയഭാവത്തിലായി . മാഷ് പടി കയറുമ്പോൾ പിന്നാലെ ചാടിച്ചാടി വരും . മാഷ് കസേരയിലിരുന്നാൽ ഒരു നോട്ടം നോക്കി തിരിച്ച് പൈപ്പിൻ ചോട്ടിലേക്ക് പോവും . ഇടനേരത്തെ ചായപ്പലഹാരത്തിൽനിന്നും ഒരംശം മാഷ് നുള്ളിയെടുത്ത് അതിന് കൊണ്ടു കൊടുത്തു . 
നന്ദീപിനോടൊപ്പം റാഷിദും ഷാഫിയും ചിരിച്ചു - 
ഹെഡ് മാഷെ സ്വന്തം തവള .

പി ടി സി എം നളിനി കാര്യമായി തന്നെ ചോദിച്ചു - മാഷ് വീട്ടിൽ തവളയെ വളർത്ത് ന്ന് ണ്ടാ ?

സുമനൻമാഷിന് തോന്നി - ആശയം കൊള്ളാം - പക്ഷേ വീട്ടിലുള്ളവരും നാട്ടിലുള്ളവരും ഭ്രാന്താണെന്ന് പറയില്ലേ ?

അർച്ചനട്ടീച്ചറുടെ രണ്ടാം ക്ളാസിലെ കുട്ടികൾ തവളക്ക് ഒരു പേരുമിട്ടു - മുസ്തഫ .
പാമ്പുഭയത്തേക്കാൾ മാഷെ മന:പ്രയാസത്തിലാക്കിയത് മുസ്തഫയാണ് .
പാവത്തിനെ ആ ദുഷ്ടൻപാമ്പ് വിഴുങ്ങിക്കാണുമോ ?

പാമ്പുള്ള കാടാണെങ്കിലും കടിയേറ്റ കഥയൊന്നും നാട്ടുകാർക്ക് പറയാനില്ല . ഇടയ്ക്ക് വല്ല മാനിൻ്റേയും പിറകേ പാഞ്ഞെത്തുന്ന ഒരു പുലിയുണ്ട് - അവനെയാണ് നാട്ടുകാർക്ക് പേടി . ഇപ്പോ കുറേ നാളായി പുലിയെ കാണാറില്ലത്രേ.!

 വല്ലപ്പോഴും ഒരു കൊമ്പൻ്റെ ചിന്നം വിളി കാട്ടുനുള്ളിൽ മുഴങ്ങുന്നത് നാട്ടുകാർ കേട്ടിട്ടുണ്ട് . പക്ഷേ മൂപ്പർ പുറത്തിറങ്ങി ദ്രോഹമൊന്നും ചെയ്യുന്നില്ല .പിന്നെ ജാഥ പോലെ പോകുന്ന പന്നിക്കുഞ്ഞുങ്ങളെ കാണാം . സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങളൊന്നും നീക്കം ചെയ്യേണ്ട കാര്യമില്ല . വെയിസ്റ്റ് ബക്കറ്റിലിട്ടു വച്ചാ മതി . പന്നിയമ്മ എടുത്ത് മക്കൾക്ക് കൊടുത്തോളും .

കുരുങ്ങന്മാരുടെ കുരുത്തക്കേടാണെങ്കിൽ പറയാനില്ല . സ്കൂളിൻ്റെ ഓടിൻ്റെ മുകളിലൂടെ നടന്നുവന്ന് അടുത്ത പറമ്പിലെ തെങ്ങുകളിലേക്ക് ചാടിക്കയറി ഇളനീര് പറിച്ച്  കുടിക്കും. വാഴക്കായ പച്ചയ്ക്ക് തിന്നും . അടയ്ക്ക പറിച്ച് പന്ത് കളിക്കും . സമാധാന പ്രിയരായ പ്രാവുകളോട് കലഹിക്കും .

പിന്നെ കൂട്ടത്തോടെ പറന്നു പോകുന്ന മയിലുകളാണ് പരപ്പക്കാട്ടിലെ മറ്റൊരു വർണ്ണക്കാഴ്ച്ച .
ഇത്രയും നല്ല മയിലുകൾക്ക് ഇത്രയും മോശമായ ഒച്ചയോ ? ഒറ്റയ്ക്ക് കരയുന്ന ശബ്ദം തന്നെ അരോചകം . കൂട്ടത്തോടെയാണെങ്കിൽ സഹിക്കാൻ കഴിയില്ല .
ബീ ആർ സി യിൽ നിന്ന് വരാറുള്ള വിജേഷ് മയിലുകളെക്കുറിച്ച് പറഞ്ഞ ഒരു കഥ കേട്ട് സുമനൻ മാഷ് അമ്പരന്നു പോയി .

വിജേഷിൻ്റെ വീട്ടിൻ്റെ അടുത്തുള്ള ഒരു കുടുംബം കഴിഞ്ഞ മഴക്കാലത്ത് 
ബന്ധുവീട്ടിലോ മറ്റോ പോയതായിരുന്നു . രണ്ട് ദിവസം കഴിഞ്ഞ് ഒരു രാത്രിയാണ് മടങ്ങിയത് . വരുമ്പോഴേക്കും വീടിനകം വെള്ളത്തിൽ മുങ്ങിയിരിക്കുന്നു ! മുകളിലേക്ക് നോക്കിയപ്പോൾ മേൽക്കൂരയിൽ ഒറ്റ ഓടുമില്ല . അപ്പോൾ എന്താ സംഗതി , മഴയില്ലാത്ത നേരത്ത് മയിലുകൾ കൂട്ടത്തോടെ പറന്നു വന്ന് വീടിന് മുകളിൽ ഇരുന്നു . മയിലുകൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടത്രേ - ഒരു മയിൽ ചെയ്യുന്നത് തന്നെ മറ്റു മയിലുകളും ചെയ്യും . ഒരു മയിൽ ഒരു ഓട് കൊത്തിയെടുത്ത് ഒരൊറ്റ ഏറ് ! മറ്റു മയിലുകളും വാശിയോടെ കൊത്തി എറിയാൻ തുടങ്ങി .

അയൽക്കാരൻ പിറ്റേ ദിവസം രാവിലെ വീട്ടുകാരോട് എല്ലാം വിസ്തരിച്ച് പറഞ്ഞു - അവ ഭ്രാന്തൻ മയിലുകളാണെന്ന് തോന്നുന്നു . തടയാൻ പോയാൽ എന്നെയും കൊത്തിക്കൊന്നേനെ .

പിന്നീട് നാട്ടുകാർ ആ വീട്ടുകാരെക്കുറിച്ച് അപവാദവും പറഞ്ഞ് പരത്തി - പണ്ട് ആ തറവാട്ടില് മയിലെണ്ണ കൊണ്ട് പെണ്ണുങ്ങളെ വശീകരിച്ച ഒരു കാരണവരുണ്ടായിരുന്നത്രേ . അയാൾ എണ്ണയെടുക്കാൻ വേണ്ടി ഒരു പാട് മയിലുകളെ കൊന്നു . ന്യൂജനറേഷൻ മയിലുകൾ അതിന് പ്രതികാരം ചെയ്തതാണെന്ന് ! 
മയിലുള്ള കാട്ടിൽ പാമ്പു വാഴില്ല എന്നാണ് പറയുക . അവരുടെ ഇഷ്ടഭക്ഷണമല്ലേ പാമ്പ് ?
എന്നിട്ടും തൻ്റെ ഓഫീസിൽ കയറിക്കൂടാൻ മാത്രം ഇപ്പോൾ എവിടെ നിന്നീ പാമ്പ് ഇഴഞ്ഞ് വന്നു ?
മാഷുടെ ചിന്തകൾ വീണ്ടും മുസ്തഫയിലുടക്കി - 
പാവം. പാമ്പിൻ്റെ കണ്ണിൽ പെടാതിരുന്നാ മതിയായിരുന്നു .

അടുത്ത ദിവസവും ഇടമുറിയാത്ത മഴ തന്നെ . സുമനൻമാഷ് പുലർച്ചെതന്നെ  വണ്ടിയും ബസ്സും കയറി പരപ്പ സ്റ്റോപ്പിൽ ബസ്സിറങ്ങി . അന്നത്തെ കാട്ടുനടത്തം അയാൾക്ക് ഒട്ടും രസിച്ചില്ല .

പോയ ഉടൻ നന്ദീപിനെയും കൂട്ടി ഓഫീസ് തുറന്നു . അപ്പോഴേക്കും റാഷിദും ഷാഫിയും ഇല്യാസും വന്നുചേർന്നു . സകലയിടത്തും പരിശോധിച്ചു . സ്കൂൾ ഹാൾ മൊത്തം തപ്പിപ്പരതി . പാമ്പിൻ്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. അതിനിടയിൽ മാഷ് മുസ്തഫയുടെ കാര്യം ഓർത്തു -
ഇന്ന് പടി കയറുമ്പോൾ പിന്നാലെ അവൻ ചാടിച്ചാടി വന്നില്ലല്ലോ .

നമ്മളെ മുസ്തഫയെ പാമ്പ് വിഴുങ്ങി എന്ന് തോന്നുന്നു .
മാഷ് സങ്കടത്തോടെ സഹപ്രവർത്തകരോട് പറഞ്ഞു . സംഗതി അറിഞ്ഞ് കുട്ടികൾക്കും സങ്കടമായി ..

ഇന്ന് താൻ തനിച്ചാണല്ലോ - 
പേടിയോടെയും ആശങ്കയോടെയുമാണ് ആ ശനിയാഴ്ച മാഷ് സ്കൂളിലെത്തിയത് . പടി കയറുമ്പോൾ പൈപ്പിൻ ചുവട്ടിൽ നിന്ന് അതാ ചാടിച്ചാടി വരുന്നു മുസ്തഫ !

വാതിൽ തുറക്കാൻ നോക്കുമ്പോൾ അവൻ ഒന്നു മുരണ്ടു . തീർച്ചയായും അതൊരു തവളക്കരച്ചിലായിരുന്നില്ല .
മാഷ് കാല്കൊണ്ട് ചെറുതായി ഒന്ന് തട്ടി തവളയെ മാറ്റിയിട്ട് വാതിൽ തുറന്നു . അകത്തെ കാഴ്ച കണ്ട് ഇടിവെട്ടേറ്റതു പോലെ മാഷ് നിന്നു .

മുന്നിൽ പത്തി വിടർത്തി നിൽക്കുന്നു കരിമൂർഖൻ !

മാഷ് ഒരു പ്രതിമ കണക്കെ കൈയും കാലും അനക്കാൻ കഴിയാതെ നിന്നു .പെട്ടെന്ന് ബോധം വീണ്ടെടുത്ത് തവളെ ദൂരേക്ക് തട്ടിമാറ്റി മാഷും മാറിനിന്നു . പാമ്പ് ഫണം താഴ്ത്തി ശാന്തനായി ഇഴഞ്ഞിഴഞ്ഞ് പോയി സ്കൂൾ ചുമരിൻ്റെ ഓരം പറ്റി പിന്നിലെ കാട്ടിലേക്ക് കയറി .

ശ്വാസം നേരെ വീണ സുമനൻ മാഷും  മുസ്തഫയും ആ പോക്ക് നോക്കി നിന്നു .
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക