അന്ന് രണ്ടായിരത്തിമൂന്നിലെ ഡിസംബർ മുപ്പത്തിഒന്നായിരുന്നു.
അച്ഛൻ സുഖമില്ലാതെ ആശപത്രിയിൽ അഡ്‌മിറ്റായപ്പോൾ ഞാനും കുടുംബവും മുംബൈയിൽ നിന്ന് വന്നതാണ്. അവിചാരിതമായിരുന്നു അച്ഛൻ്റെ ദേഹവിയോഗം. കഴിഞ്ഞ മൂന്ന് ആഴ്ചകൾ എനിക്ക് വിശ്രമമില്ലായിരുന്നു. ഭാര്യയെയും കുഞ്ഞുമകനെയും നാട്ടിൽ സഹോദരിക്കൊപ്പം നിറുത്തിയിട്ട് ഞാൻ മുംബയിൽ പോകാൻ നിശ്ചയിച്ചു. ട്രെയിനിന് ടിക്കറ്റ് ലഭിക്കാതിരുന്നതിനാൽ ബസ്സിൽ മംഗലാപുരത്തു ചെന്നിട്ടു അവിടുന്ന് ട്രെയിനിന് മുംബൈക്ക് പോകാമെന്നു തീരുമാനിച്ചു.
ചങ്ങനാശേരി എസ് ബി കോളേജിന് മുമ്പിലുള്ള മണമേൽ ട്രാവെൽസിൽ നിന്ന് ബസ്സ് ടിക്കറ്റ് ശരിയാക്കി. വൈകുന്നേരം നാലു മണിക്കായിരുന്നു ബസ്സ് പുറപ്പെട്ടത്. എന്നെ യാത്രയാക്കാൻ വന്ന സുഹൃത്തിനോട് യാത്ര പറഞ്ഞു ഞാൻ ബസ്സിനുള്ളിൽ കയറി സീറ്റിൽ ഇരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു. ബസ്സ് പുറപ്പെട്ടതും ഞാൻ ഒരു മയക്കത്തിലേക്ക് വീണതും ഒരുമിച്ചായിരുന്നു.
ഉറക്കമിളച്ച കഴിഞ്ഞ മൂന്നാഴ്ചകൾ. പത്തു ദിവസം അച്ഛൻ ആശുപത്രിയിൽ ഐ സി യൂ വിൽ കിടന്നപ്പോൾ ഞാൻ മുഴുവൻ സമയവും ബൈസ്റ്റാൻഡേഴ്‌സിന് അനുവദിച്ചിരുന്ന മുറിയിലെ ചാരുബെഞ്ചിൽ ഇരുന്നും കിടന്നും ഉറങ്ങാതെയും രാത്രികൾ മറ്റു ബൈസ്റ്റാൻഡേഴ്‌സിനൊപ്പം കഴിച്ചുകൂട്ടി. അച്ഛൻ്റെ സംസ്കാരത്തിന് ശേഷം അഞ്ചാം ദിവസം സഞ്ചയനവും കഴിഞ്ഞു ചിതാഭസ്മം നദിയിൽ ഒഴുക്കി. അലകളായും ചുഴികളായും അച്ഛൻ നദിയിൽ അലിഞ്ഞു.
ഉറക്കം ഉണർന്നപ്പോൾ രാത്രി കുറെ വൈകിയിരുന്നു. ബസ്സ് തൃശൂർ കടന്നിരുന്നു. പുതുവർഷത്തെ വരവേൽക്കാൻ രാത്രി ഉറങ്ങാതെ ഉണർന്നിരുന്നിരുന്നു. വഴിയരുകളിലെല്ലാം വൈദ്യത വിളക്കുകളാൽ അലംകൃതമായിരുന്നു. എനിക്ക് ഉറങ്ങുവാൻ സാധിച്ചില്ല. അസ്വസ്ഥമായിരുന്നു അപ്പോഴും മനസ്സ്. രാത്രിയിൽ ഉറക്കം മുറിഞ്ഞു കൊണ്ടേയിരുന്നു. ബസ്സിനുള്ളിലെ വെളിച്ചം അണഞ്ഞിരുന്നു. യാത്രക്കാർ എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു. ബസ്സിലെ ടിവി യിൽ ഏതോ ഇംഗ്ലീഷ് സിനിമ അപ്പോഴും ശബ്ദമില്ലാതെ കളിച്ചുകൊണ്ടിരുന്നു. കാട്ടിൽ അകപ്പെട്ടുപോയ ഒരു കറുത്ത മനുഷ്യനുമായി ചങ്ങാത്തത്തിലായ ഒരു കടുവയുടെ കഥ. അവർ ഒരുമിച്ചു ഒരു മരുഭൂമി നടന്നു തീർക്കുമ്പോൾ വേർപിരിയാനാവാത്ത വിധം മനസ്സുകൊണ്ട് അടുപ്പമായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ആ കറുത്ത മനുഷ്യൻ കടുവയെ വേദനയോടെ തിരിച്ചു കാട്ടിൽകൊണ്ട് വിടുന്നു. ഞാൻ അസ്വസ്ഥതയോടെ സിനിമ കണ്ടിരുന്നു.
പുതുവർഷപ്പുലരി പിറന്നു. നേരം പുലർച്ചെ അഞ്ചു മണിയാകുന്നു.
ബസ്സ് മംഗലാപുരം അടുക്കറായി. അര മണിക്കൂർ കൂടി കഴിഞ്ഞു സൂറത്ത്ക്കല്ലിലാണ് എനിക്കിറങ്ങേണ്ടത്. അവിടെ എൻ്റെ കൂട്ടുകാരൻ രാജേഷിൻ്റെ വീട്ടിൽ വിശ്രമിച്ചിട്ട് ഉച്ച കഴിഞ്ഞുള്ള മംഗലാപുരം മുംബൈ എക്സ്പ്രസ്സ് ട്രെയിനിൽ മുംബൈക്ക് പോകണം.
മനസ്സ് ശൂന്യമായിരുന്നു. വിജനമായിരുന്നു വഴിയും. മരുഭൂമിയെ അനുസ്മരിപ്പിക്കുന്ന പ്രകൃതി. അവിടെയും ഇവിടെയൂം ചില കുറ്റി ചെടികൾ മാത്രം. ഒരു കുറ്റി ചെടിയുടെ മറവിൽ നിന്നും നോക്കിയപ്പോൾ ഞാൻ ഒരു അത്ഭുതകാഴ്ച്ച കണ്ടു.
ജീവിതത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു അത്.
ഒരു പാമ്പും, ഒരു പുലിയും. പുലി പാമ്പിനെ ഭക്ഷിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് ഞാനാദ്യം കരുതിയത്. ഞാൻ ഒന്നുകൂടി ശ്രദിച്ചു നോക്കി. അല്ല, പാമ്പാണ് പുലിയെ വിഴുങ്ങുന്നത്. എൻ്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പാമ്പു പുലിയെ മുഴുവനായും ഉള്ളിലേക്ക് വിഴുങ്ങുകയായിരുന്നു. വിചിത്രമായിരുന്നു സംഭവിച്ചത്. ഇപ്പോൾ പുലിക്ക് പാമ്പിൻ്റെ തൊലിയാണ്. പാമ്പിൻത്തോലിട്ട പുലി.
ഭയം എന്നെ ഗ്രസിച്ചു തുടങ്ങിയിരുന്നു. ഞാൻ ശ്വാസം അടക്കി കുറ്റി ചെടിയുടെ മറവിൽ ഭയന്നിരുന്നു. പാമ്പുപുലി തല വെട്ടിച്ചപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ആ പാമ്പുപുലി എന്നെ കണ്ടിരിക്കുന്നു. അത് എൻ്റെ അടുത്തേക്ക് നടന്നടുക്കുന്നു. ഞാൻ കല്ലുപോലെ ഇരുന്നു. പാമ്പുപുലി എൻ്റെ അടുത്തുവന്നു നിന്നു. അതിൻ്റെ നോട്ടം എൻ്റെ കണ്ണുകളിലാണ്. ഇമവെട്ടിക്കാതെ ഞാനിരുന്നു. പാമ്പുപുലിയുടെ ശ്വാസം എൻ്റെ മുഖത്തടിച്ചു. മെല്ലെ പാമ്പുപുലി എൻ്റെ മുഖത്തേക്ക് കൈ ഉയർത്തി.
ഞെട്ടി ഉണർന്ന എൻ്റെ നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞിരുന്നു. ബസ്സിനുള്ളിൽ പകൽ വെളിച്ചം നിറഞ്ഞിരുന്നു. നേരം നന്നേ പുലർന്നിരുന്നു. ബസ്സ് എനിക്കിറങ്ങേണ്ടിയിരുന്ന സൂറത്ത്ക്കല്ലും കഴിഞ്ഞു ഒരുപാടു ദൂരം കടന്നു അവസാന സ്റ്റോപ്പായ ഉഡുപ്പിയിൽ എത്താറായി എന്ന് ഡ്രൈവർ പറഞ്ഞു. ഉഡുപ്പിയിൽ ഇറങ്ങാനിരിക്കുന്ന രണ്ടു മൂന്ന് യാത്രക്കാർ വേറെയുമുണ്ടായിരുന്നു ബസ്സിൽ. ഞാനും ഉടുപ്പിവരെ ഉണ്ടാവുമെന്ന് ധരിച്ച ബസ്സിലെ ജീവനക്കാരൻ എന്നെ ഉണർത്തിയില്ല. എനിക്ക് പറ്റിയ അബദ്ധം ഓർത്തു വിഷണ്ണനായി ഇരുന്നു ഞാൻ.
ഉഡുപ്പിയിൽ ഇറങ്ങിയ ഞാൻ വേറൊരു ബസ്സിൽ സൂറത്ത്ക്കല്ലിൽ വന്നിറങ്ങി. അവിടെ എന്നെ കാത്തു എൻ്റെ കൂട്ടുകാരൻ രാജേഷിൻ്റെ അനിയൻ വിജയൻ കാത്തുനില്പുണ്ടായിരുന്നു. രാജേഷിൻ്റെ വീട്ടിൽ വന്നു വിശ്രമിക്കുന്ന നേരത്തു, എനിക്ക് പറ്റിയ അമളി പറഞ്ഞു ഞാനും, വിജയനും ഒരുപാടു ചിരിച്ചു
എന്നിട്ടും ഞാൻ കണ്ടു ഭയന്ന ആ വിചിത്രമായ സ്വപ്നം .. അതുമാത്രം ഞാൻ ആരോടും പറഞ്ഞില്ല.