ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തഞ്ചു വര്ഷം ആഘോഷിച്ച നവംബർ 26 നു കോൺസ്റിറ്റുവന്റ് അസംബ്ലിയിലെ ഏക ദളിത് അംഗം കേരളത്തിലെ ദാക്ഷായണി വേലായുധന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും അനുബന്ധ രേഖകളും ഡിജിറ്റൈസ് ചെയ്തുകൊണ്ട് കോട്ടയത്തെ മഹാത്മാഗാന്ധി സർവകലാശാല പുതിയൊരു ചരിത്ര നിയോഗത്തിനു തുടക്കം കുറിച്ചു.
മുപ്പത്തഞ്ചുവർഷം മുമ്പ് നട്ടാശേരി സൂര്യകാലടി മനയ്ക്കടുത്ത് മൂന്നുനിലകളിൽ കെട്ടിപ്പടുത്ത യുണിവേഴ്സിറ്റിയുടെ നിയമ വിദ്യാലയ സമുച്ചയത്തിന്റെ 318ആം മുറിയിലാണ് ഡിവിഡിഎ എന്ന ദാക്ഷായണി വേലായുധൻ ഡിജിറ്റൽ ആർക്കൈവ്സ് ഫോർ കോൺസ്റ്റിറ്റുഷണലിസം ആൻഡ് ജൻഡർ റൈറ്റ്സിനു കേളികൊട്ടുയർന്നത്.
ദാക്ഷായണി; ആർക്കൈവ്സ് ഉദ്‌ഘാടനം ചെയ്ത നിയമ മന്ത്രി പി രാജീവ്.
മുന്നൂറു വിദ്യാർത്ഥികളും ഇരുപതു അധ്യാപകരുമുള്ള സ്‌കൂൾ ഫോർ ഇന്ത്യൻ ലീഗൽ തോട്ടിൽ എൽഎൽബി, എൽഎൽഎം കോഴ്‌സുകളും പി.എച്ച് ഡി ഗവേഷണവും നടക്കുന്നു. തിരു, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ നിന്നെല്ലാം വിദ്യാർഥികൾ. സുപ്രീം കോടതി ജസ്റ്റിസ് ആയിരിക്കുബോൾ നിർണായക വിധിന്യായങ്ങൾ എഴുതിയ വിആർ കൃഷ്ണയ്യരുടെ ചിത്രത്തിന്റെ നിഴലിലായിരുന്നു ഉദ്‌ഘാടന സമ്മേളനം. .
ഉദ്‌ഘാടകൻ നിയമമന്ത്രിയും അഭിഭാഷകനും എഴുത്തുകാരനുമായ പി. രാജീവ്, കോൺസ്റ്റുവന്റ് അസംബ്ലിയിലെ 15 വനിതകളിൽ മൂന്ന് മലയാളികൾ ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു--അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ. അവരിൽ 112 വർഷം മുമ്പ് കൊച്ചി മുളവുകാടു ദ്വീപിൽ ജനിച്ച ദാക്ഷായണി എസ്എസ്എൽസി പാസായ ഇന്ത്യയിലെ ആദ്യത്തെ ദളിത് പെൺകുട്ടിയായിരുന്നു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദം നേടുമ്പോൾ ആദ്യത്തെ ദളിത് വനിതയും..
ആർക്കൈവ്സിൽ കോൺസ്റ്റിറ്റുവന്റ അസംബ്ലിയിലെ 15 വനിതകൾ
തൊട്ടുകൂടായ്‌മയെ ധിക്കരിക്കുകയും നിലവിലുള്ള സാമൂഹ്യ സംപ്രദായത്തെ കാറ്റിൽപറത്തിക്കൊണ്ട് മാറു മറയ്ക്കുകയും ചെയ്ത ധീരവനിതയായിരുന്നു അവർ. അംബേദ്ക്കറുടെ നേതൃത്വത്തിൽ ഭരണഘടന എഴുതിയുണ്ടാക്കിയപ്പോൾ കയ്യക്ഷരം നന്നായിരുന്നതിനാൽ പല പേജുകളും അവർതന്നെ എഴുതിച്ചേർത്തു. അതെല്ലാം പാർലമെന്റ് ഹൗസിൽ സൂക്ഷിച്ചിട്ടുണ്ട്.
പാർലമെന്റ് അംഗം എന്ന നിലയിൽ ഭരണഘടനയുടെ മൗലിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഫെഡറൽ സംവിധാനത്തിന് കീഴിൽ ഭരണഘടന ഉറപ്പാക്കുന്ന സംസ്ഥാന നിയമസഭയുടെ മൗലികാവകാശങ്ങൾ ഊട്ടിയുറപ്പിക്കാനും താനും പോരാടിയിട്ടുണ്ടെന്നു രാജീവ് സമർഥിച്ചു.
ദാക്ഷായണിയും വേലായുധനുമായുള്ള വിവാഹം വർധയിൽ ഗാന്ധിജിയുടെ മുമ്പാകെ
സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി വനിതാ ജഡ്ജി, പാർലമെന്റിലെ ആദ്യ മലയാളി അംഗം, തിരുക്കൊച്ചി നിയമസഭയിലെ ആദ്യ വനിതാ മെമ്പർ തുടങ്ങിയവർ ആരൊക്കെ എന്നിങ്ങനെ നിയമവിദ്യാർത്ഥികളോട് നിരവധി ചോദ്യങ്ങൾ എയ്തുകൊണ്ടായിരുന്നു രാജീവിന്റെ പ്രസംഗം. ശരിയുത്തരം നൽകിയ വിദ്യാർത്ഥിനികളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
മകൾ മീര കുനിഞ്ഞിരുന്നു പുസ്തകം വായിക്കുമ്പോൾ അങ്ങിനെ പാടില്ലെന്ന് പറഞ്ഞ ആളായിരുന്നു ദാക്ഷായണിയെന്നു മീരയെ ഉദ്ധരിച്ചുകൊണ്ട് രാജീവ് പറഞ്ഞു. നിവർന്നിരുന്നു വായിക്കണം. ഒരാളുടെ മുമ്പിലും കുനിഞ്ഞു കൊടുക്കാൻ പാടില്ല. തൊട്ടുകൂടായ്‌മയുടെ കാലത്ത് വഴിമാറിക്കൊടുക്കാൻ വിസമ്മതിച്ചുകൊണ്ടു പ്രമാണികൾ വഴിമാറിപ്പോകാൻ നിർബന്ധിച്ച ആളായിരുന്നു അവർ.
പ്രൊഫ. പി എം ആരതി, വൈസ് ചാൻസലർ അരവിന്ദ് കുമാർ
നിയമ വിശാരദനായ രാജീവ് രചിച്ച 'ഭരണഘടന ചരിത്രവും സംസ്കാരവും' എന്ന പുസ്തകം താൻ പഠിപ്പിക്കുന്നുണ്ടെന്നു ആർകൈവ്സ് കോർഡിനേറ്റർ. പ്രൊഫ. ഡോ. പി എം ആരതി ആമുഖപ്രസംഗത്തിൽ പറഞ്ഞു. ആർക്കൈവ്സിനു ഒരുപാട് മുന്നോട്ടു പോകാനുണ്ട്. ഫണ്ട് വരാൻ കാത്തിരിക്കുന്നു.
നീതി ദേവതക്ക് പ്രണാമം-എംജി ലോ സ്‌കൂൾ; വകുപ്പ് മേധാവി ബിസ്മി ഗോപാലകൃഷ്ണൻ
‘അംബേദ്ക്കറുടെ നേതൃത്വത്തിൽ രചിച്ച ഇന്ത്യൻ ഭരണഘടന ചവറ്റുകൊട്ടയിൽ കളയണമെന്നും ഇന്ത്യ ചിന്നഭിന്നമാകുമെന്നും പറഞ്ഞത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റർ ചർച്ചിലാണ്. ശ്രീലങ്കൻ ഭരണഘടന തയ്യാറാക്കിയ ബ്രിട്ടീഷ് അഭിഭാഷക മുഖ്യൻ ഐവർ ജെന്നിങ്‌സ് ഇന്ത്യയിലേതു ഏഴുവർഷം പോലും നിലനിൽക്കില്ലെന്ന് പ്രവചിച്ചു പക്ഷെ അത് ഏഴല്ല എഴുപത്തഞ്ചു വർഷം പിന്നിട്ടിരിക്കുന്നു,' റിട്ട. സുപ്രീം കോടതി ജഡ്ജി കെ.ടി.തോമസ് കോട്ടയം കണക്കാരിയിൽ സിഎസ്‌ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ പറഞ്ഞു.
വേലായുധൻ, ദാക്ഷായണി, സഹോദരൻ മാധവൻ, മകൾ മീര
ബിഷപ് മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭരണഘടനാ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് തോമസ്, ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ തലമുറ കണ്ണു പൂട്ടാതെ ജാഗരൂകരായിരിക്കണമെന്നു ആവശ്യപ്പെട്ടു.
ജുഡീഷ്യറിയുടെ ഇടപെടലുകളെ നിയന്ത്രിക്കാനും ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അവകാശം ഉറപ്പിക്കാനുമായി കേന്ദ്രം പാസാക്കിയ 24. 25. 29 ഭരണഘടനാ ഭേദഗതികൾ കേശവാനന്ദ ഭാരതിയുടെ അപ്പീൽ പരിഗണിച്ച് സുപ്രീം കോടതി 1973ൽ റദ്ദാക്കുകയുണ്ടായി. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ തൊട്ടുകളിക്കാൻ ആർക്കും അവകാശമില്ലെന്ന സുപ്രധാന വിധി.
ചെറായി രാമദാസിന്റെ 'ദാക്ഷായണി'യുടെ പ്രകാശനം-ഷാനിമോൾ ഉസ്മാൻ, മീര വേലായുധൻ, സിഎസ് സുജാത
'ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വം, സാമ്പത്തിക സമത്വം, സമഭാവന തുടങ്ങിയ മൗലികാവകാശങ്ങൾക്കൊപ്പം ബൗദ്ധികാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, സ്ത്രീപുരുഷ സമത്വം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ യുവതലമുറ അവഗാഹം നേടണം. മികച്ച വിദ്യാഭ്യാസവും കഴിവും ഉള്ളവർ ജഡ്ജിമാരായി വരണം. നീതിബോധമാണ് അവരെ നയിക്കേണ്ടത്,' കേരള ഹൈക്കോടതിയിലെ റിട്ട. ആക്ടിങ് ചീഫ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കോൺക്ലേവിൽ ഉദ്‌ബോധിപ്പിച്ചു.
ജസ്റ്റീസ്‌മാർ കെടിതോമസും സിഎൻ രാമചന്ദ്രൻ നായരും കാണക്കാരി ലോ കോളജിൽ
ശബരിമല, വിഴിഞ്ഞം തുടങ്ങിയ വിഷയങ്ങളിൽ ന്യായാധിപനായി സേവനം ചെയ്ത താൻ മുനമ്പം കമ്മീഷനായി ഇപ്പോൾ ഏറ്റടുത്ത ദൗത്യം കൂടുതൽ സങ്കീർണത നിറഞ്ഞതാണെന്നു അദ്ദേഹം സമ്മതിച്ചു. കാര്യങ്ങൾ പഠിച്ചുവരുന്നതേയുള്ളു. തന്മൂലം എങ്ങിനെ പ്രശനം പരിഹരിക്കാനാവുമെന്നു പറയാറായിട്ടില്ല.
ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ
മാണി ഫൗണ്ടേഷൻ പ്രസിഡന്റ് എംഎം ഫിലിപ്, സെക്രട്ടറി ജോർജ് വർഗീസ്, സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് സാബു കെ. ചെറിയാൻ, പ്രിൻസിപ്പൽ ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാണക്കാരി കോൺക്ലേവിന്റെ പരിസ്‌ഛേദം