അമ്മതന്നുദരത്തിൽ
സുതനായ് പിറന്നതു;
പൊയ്പ്പോയ ജന്മത്തിൻ
വൈരിയായിരുന്നുവോ!
ഇടനെഞ്ചിൻ നോവിലും
വാത്സല്യ കുസുമമായ്,
ജനനി തൻ മാറിലെ
ചൂടേറ്റുറങ്ങി നീ!
തീ തിന്നൊരായുസ്സിൽ
മുറ്റും സഹിച്ചവൾ,
നെയ്ത്തിരി നാളമാ-
യെരിഞ്ഞതുമെന്തിനായ്!
തോരാത്ത കണ്ണീരിൻ
മുത്തുകളാലൊരു,
മാല കൊരുത്തവ-
ളർച്ചന ചെയ്തതും;
കഷ്ടനഷ്ടത്തിൻ
ചിതയിൽ കരിഞ്ഞതും;
കനകത്തിളക്കത്തിൽ
നിന്നെയെത്തിച്ചിടാൻ!
തല്ലാതെ തഴുകിയ
നിൻ നീചകരങ്ങളി-
ന്നമ്മയെ തല്ലുവാ-
നുയർന്നതോ കഷ്ടമേ!
തീപാറും കൺകോണി-
ലൊഴുകിയ മദനീരിൽ,
തിളച്ചതോ നിന്നിലെ
കാട്ടാളഭാവങ്ങൾ!
കനിവിനായ് യാചി-
ച്ചഴലുന്നൊരംബയെ,
ക്രൂരമായ് ചതച്ചതും
കാടത്തമല്ലയോ?
ഏതേതു ഗംഗയിൽ
കഴുകിക്കളഞ്ഞിടും;
ഏഴു ജന്മത്തിലെ
ശാപദോഷങ്ങളെ?
സർവം ക്ഷമിച്ചിടും
ദേവിയായവളെന്നു-
മർത്ഥിച്ചിടുന്നതും തവ,
ഭാഗ്യോദയത്തിനായ്..!