ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാത്രമല്ല വിദേശത്തുനിന്നും മലയാളികള്‍ വിളിച്ചുചോദിച്ചുതുടങ്ങി. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമോ? ലയണല്‍ മെസ്സി ടീമില്‍ ഉണ്ടാകുമോ? അടുത്ത വര്‍ഷം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ജന്റീന ടീം എത്തുമെന്നും ടീമില്‍ മെസ്സി ഉണ്ടാകുമെന്നുമാണ് സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്ദു റഹ്‌മാന്‍ പറയുന്നത്. അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കേരളത്തിലെത്തുമ്പോള്‍ തീയതി നിശ്ചയിക്കുമെന്നും മന്ത്രി പറയുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍ 2025 ഒക്ടോബര്‍-നവംബറില്‍ അര്‍ജന്റീനാ ടീം കേരളത്തില്‍ എത്താനാണു സാധ്യത. കാരണം 2025 മാര്‍ച്ച്- ഏപ്രിലിലെ ഓപ്പണ്‍ വിന്‍ഡോയില്‍ മത്സരങ്ങള്‍ അര്‍ജന്റീന് ഇതിനകം ക്രമീകരിച്ചുകഴിഞ്ഞിട്ടുണ്ടാകണം. അര്‍ജന്റീന വന്നാല്‍ എതിരാളികളായി ഏഷ്യന്‍ ശക്തികളില്‍ ഒന്നിനെ കൊണ്ടുവരണം. ജപ്പാനും ഖത്തറുമാണ് സംസ്ഥാനത്തിൻ്റെ പരിഗണനയിൽ ഉള്ളത്. ഒരു മത്സരം കൊച്ചിയിൽ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തുവാനാണ് ആലോചന. രണ്ടാമത്തെ വേദി കോഴിക്കോട്ടോ മലപ്പുറത്തോ ആയിരിക്കും. പക്ഷേ, അവിടങ്ങളില്‍ സ്റ്റേഡിയം പൂര്‍ണ്ണത പ്രാപിക്കേണ്ടതുണ്ട്.
100 കോടി രൂപയാണ് ഈ സൗഹൃദ മത്സരങ്ങളുടെ ചെലവ് പ്രതീക്ഷിക്കുന്നത്. മെസ്സി ഉള്‍പ്പെട്ട അര്‍ജന്റീന ടീമിന് 36 കോടി കൊടുക്കേണ്ടി വരും. മെസ്സി ഇല്ലെങ്കില്‍ 30 കോടി മതിയാകുമെന്നും കേള്‍ക്കുന്നു. കൃത്യം കണക്ക് അറിവായിട്ടില്ല. കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേന്ന് 100 കോടി കണ്ടെത്തുമെന്നാണ് പറയുന്നത്.
ലോകകപ്പ് വേളയില്‍ കേരളത്തില്‍ ഏറ്റവും അധികം ആരാധകര്‍ അര്‍ജന്റീനയ്ക്കാണ് ഉണ്ടാവുക. അര്‍ജന്റീനയും ബ്രസീലുമാണ് ലോകകപ്പില്‍ എക്കാലത്തും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകള്‍. അതുകൊണ്ടു തന്നെ അര്‍ജന്റീനാ ഫുട്‌ബോള്‍ ടീം വരുന്നത് കേരളത്തില്‍ ഉത്സവമാകും. മുമ്പ് ബോബി ചെമ്മണ്ണൂര്‍ ഡിയഗോ മറഡോണയെ കണ്ണൂരില്‍ എത്തിച്ചപ്പോള്‍ തന്നെ നാട് ഇളകിമറിഞ്ഞതാണ്.
കേരളത്തില്‍ ഫുട്‌ബോള്‍ കളിയുടെ നിലവാരം കുറയുകയാണെങ്കിലും കാണികള്‍ കുറയുന്നില്ല. കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ കളികാണാന്‍ മഞ്ഞപ്പട ഇരമ്പിയെത്താറുണ്ട്. പ്രഥമ സൂപ്പര്‍ ലീഗ് കേരളയ്ക്കും ഗാലറികള്‍ നിറഞ്ഞിരുന്നു. അര്‍ജന്റീനയും ഫിഫ റാങ്കിങ്ങില്‍ 50ല്‍ വരുന്ന ഒരു ഏഷ്യന്‍ ടീമും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളില്‍ വലിയ ആവേശം ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ താരങ്ങള്‍ ഫുട്‌ബോള്‍ കളിയില്‍ ആകൃഷ്ടരായെന്നും വരാം. കളി കണ്ട് നമ്മുടെ കൗമാര, യുവതാരങ്ങളുടെ നിലവാരം ഉയരേണ്ടതുമാണ്.
പക്ഷേ, കേരളത്തില്‍ കായിക രംഗത്ത്, മറ്റെല്ലാ കായിക ഇനങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍, താരങ്ങള്‍ക്ക് കിറ്റിനും ഭക്ഷണത്തിനും യാത്രയ്ക്കും പണം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍, അടിസ്ഥാനപരമായി കായിക കേരളത്തിനു ഗുണമില്ലാത്ത ഈ സൗഹൃദ മത്സരം എന്തിന് എന്ന ചോദ്യം പല തുറകളില്‍ നിന്നും ഉയരുന്നുണ്ട്. മുമ്പ് ലോട്ടറി നടത്തി സ്‌പോർട്സിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി രൂപ ലക്ഷ്യമിട്ട കേരളം പരാജയപ്പെട്ടിരുന്നു. ഇക്കുറി പ്രായോജകരെ ആശ്രയിക്കുന്നതിനാല്‍ ആ ഭയം വേണ്ട. പക്ഷേ, ഫുട്‌ബോള്‍ ആവേശം ഉയര്‍ന്നതുകൊണ്ടു മാത്രം സ്‌പോര്‍ട്‌സ് രക്ഷപ്പെടുമോ എന്ന ചോദ്യം പ്രസക്തമാണ്. എന്തായാലും നമുക്ക് കാത്തിരിക്കാം. അർജൻ്റീന ടീം വരട്ടെ.