രാജ്യാന്തര ഹിന്ദു സംഘടനയായ ഇസ്കോൺ തീവ്രവാദികളാണെന്നു ബംഗ്ലാദേശ് അറ്റോണി ജനറൽ മുഹമ്മദ് അസദ്ഉസ്മാൻ സുപ്രീം കോടതിയിൽ ആരോപിച്ചു. അതിനെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"അതൊരു മത മൗലികവാദി സംഘടനയാണ്," അദ്ദേഹം പറഞ്ഞു. "ഗവൺമെന്റ് അതിനെ നിരീക്ഷിച്ചു വരികയാണ്."
ജസ്റ്റിസ് ഫറ മഹബൂബ്, ജസ്റ്റിസ് ദേബാശിഷ് റോയ് ചൗധുരി എന്നിവരടങ്ങുന്ന ബെഞ്ച് സംഘടനയുടെ വിശദവിവരങ്ങൾ ചോദിച്ചപ്പോഴാണ് അറ്റോണി ജനറൽ അങ്ങിനെ ആരോപിച്ചത്.
ഇസ്കോൺ നേതാവ് ചിൻമൊയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നു കലാപം ഉണ്ടായ ചിത്തഗോങിൽ 144 പ്രഖ്യാപിക്കണം എന്നൊരു അപേക്ഷ ഒരു അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇസ്കോൺ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിനു കാരണമായ വിദ്യാർഥി സംഘടനയും ഇസ്കോണിന്റെ നിരോധനം ആവശ്യപ്പെട്ടു. ഇസ്കോൺ ഹസീനയ്ക്കു വേണ്ടി കലാപം ഉണ്ടാക്കാൻ ശ്രമിക്കയാണെന്നു അവർ ആരോപിച്ചു.
ചൊവാഴ്ച മുഹമ്മദ് യൂനുസ് നയിക്കുന്ന ഭരണകൂടം പറഞ്ഞത് സാമുദായിക സൗഹാർദം ഉറപ്പാക്കുമെന്നാണ്. ഹിന്ദുക്കൾക്ക് എതിരായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചതിനു പിന്നാലെയാണ് ആ പ്രസ്താവം വന്നത്.
Bangla Islamists seek ban on Iskcon