മൂവന്തിയിലെ മൂടൽമഞ്ഞ് ഒന്നു കൂടി കനത്തു എന്നല്ലാതെ ഒട്ടും ഇരുട്ടിയിട്ടില്ല നേരം . രാത്രിയായി എന്ന് വിശ്വസിക്കാൻ കഴിയാത്തതു പോലെ സൂര്യനെപ്പോലെ വെളിച്ചം ചൊരിഞ്ഞ് തെളിഞ്ഞ വാനിൽ അമ്പിളിച്ചിരി .
നിലാവാണ് പ്രകൃതി ഒരുക്കുന്ന ഏറ്റവും വലിയ കാൽപ്പനികത എന്ന് പലപ്പോഴും അവൻ ചിന്തിച്ചിട്ടുണ്ട് .
മനസ്സ് കൊണ്ട് നനയേണ്ട മധുമഴയാണ് നിലാവ് . സൂര്യതാപത്തെ കുളിരിലേക്ക് പരിഭാഷപ്പെടുത്തുന്ന പനിമതീമന്ത്രവാദം . ഈ വെളിച്ചത്തിൽ ലോകം ഒരു ഇളംനീലസ്വപ്നത്തിൻ്റെ ചിറകിൽ പറക്കുന്നത് പോലെ .
" നാട്ടിലെ ചൂടിൽ നിന്നും തണുപ്പ് തേടി നമ്മൾ എത്തിച്ചേർന്ന ഈ മലഞ്ചരിവല്ലെങ്കിൽ പിന്നെന്താണ് പറുദീസ ? "
അവൻ വെള്ളയിൽ പുള്ളിച്ചിറകുള്ള കമ്പിളിപ്പുതപ്പിൽ അവളെ ഒന്നു കൂടി ചേർത്തു നിർത്തി .
മധുവിധു കാശ്മീരിലാവണമെന്നത് കൗമാരയൗവനനാളുകളിലേ അവൻ്റെ മനസ്സിലുണർന്ന മോഹമായിരുന്നു . എന്നാൽ അവൾക്ക് പേടിയായിരുന്നു . അത് മാറ്റിയെടുക്കാൻ അവൻ ഒരു സൂത്രം കൂടി പ്രയോഗിച്ചു .
കാശ്മീരിലെ ആപ്പിൾതോപ്പിലെ നിലാവുള്ള ഒരു വിജനരാത്രിയിലേ നമ്മൾ തമ്മിലറിയുകയുള്ളൂ .
"എന്നാപ്പിന്നെ ആദ്യ രാത്രി നടക്കില്ല എന്നർത്ഥം . "
അവൾ ചിരിച്ചു .
അവൻ കരുതി , അവൾ പറഞ്ഞത് തമാശയായിരിക്കുമെന്ന് . ഓണാവധി കഴിഞ്ഞു , ക്രിസ്തുമസ് വെക്കഷനും കഴിഞ്ഞു . കല്യാണം കഴിഞ്ഞിട്ട് മാസമെത്ര കഴിഞ്ഞു - ഇത്രനാളായിട്ടും ആദ്യരാത്രി സംഭവിച്ചില്ലെന്ന് പറഞ്ഞാൽ ?
കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കലിനുമപ്പുറം ഒന്നിനും മുതിർന്നില്ല അവൻ . വ്രതം മുറിഞ്ഞാൽ പോയില്ലേ എല്ലാം ? അവനെ പ്രലോഭിപ്പിക്കാൻ അവൾ പല തവണ ശ്രമിച്ചു . അവൻ ആശാൻ്റെ നളിനിയിലെ ദിവാകരനെപ്പോലെ ധീരനായ യതിയായി .
എങ്ങനെയെങ്കിലും കാശ്മീർ യാത്ര ഒഴിവായിക്കിട്ടണം . അത്രേ വേണ്ടു അവൾക്ക് .
അവളുടെ അമ്മാവൻ കാശ്മീരിലെ ഒരു തീവ്രവാദിഗ്രൂപ്പിൻ്റെ ബോംബേറിൽ കൊല്ലപ്പെട്ടിരുന്നു . അവളുടെ കുട്ടിക്കാലത്തെ നടുക്കിയ ഒരു സംഭവമായിരുന്നു അത് . ആ നടുക്കം ഇന്നും വിട്ടു മാറിയിട്ടില്ല .
കാശ്മീർ എന്നു കേൾക്കുമ്പോഴേ , ബോംബർ വിമാനം , അതിർത്തി സംഘർഷം , തീവ്രവാദി ആക്രമണം , കൂട്ട ബലാത്സംഗം എന്നൊക്കെയായിരുന്നല്ലോ കുറേക്കാലമായി നമ്മൾ നിരന്തരം കേട്ടു കൊണ്ടിരുന്നത് .
വേനൽ വല്ലാതെ കടുത്തപ്പോൾ അവൻ വീണ്ടും കാശ്മീർമലഞ്ചരിവിലെ ആപ്പിൾ തോട്ടങ്ങളിലെ നിലാവുള്ള രാത്രിയെക്കുറിച്ച് അവളെ ഓർമ്മിപ്പിച്ചു .
പണ്ട് പാരലൽ കോളേജിൽ പഠിപ്പിക്കുന്ന കാലത്ത് നാലഞ്ചു സഹപ്രവർത്തകരുമൊന്നിച്ച് ആ മഞ്ഞും നിലാവും ഒരു കിനാവിലെന്നപോലെ നനഞ്ഞ ദിവസങ്ങൾ അവൻ്റെ മനസ്സിൽ നിറഞ്ഞു .
പഠിക്കുന്ന കാലത്ത് അത്യാവശ്യം കവിത വായിക്കുകയും എഴുതുകയും ഒക്കെ ചെയ്തതാണ് . ആ ഭാഷയുടെ ബലത്തിൽ അവൻ ആപ്പിൾത്തോപ്പിലെ രാനിലാമഞ്ഞിനെക്കുറിച്ച് വാചാലനായി .
കാശ്മീർ പ്രണയികൾക്കൊരു ഹൃദയകാവ്യമാണ് . മഞ്ഞലയിൽ നിലാവിൻ്റെ വിസ്മയവിലാസം നമുക്ക് പകരുന്ന മായികമായ അനുഭൂതി മറ്റെവിടെ നിന്ന് കിട്ടാൻ ?
കൊടുംചൂടിൽ അവൻ്റെ കുളിരിമ്പമാർന്ന വാക്കിൽ അവൾ മയങ്ങിപ്പോയി .
അങ്ങനെ , ഈ സമ്മർ വെക്കേഷൻ്റെ രണ്ടാംപകുതിയിൽ അവർ കാശ്മീരിലേക്ക് ട്രെയിൻ കയറി .
അധ്യാപനമാണ് ജോലിയെങ്കിലും ഒരു വിദ്യാർത്ഥിയുടെ കൗതുകമായിരുന്നു പൊതുവേ അവൻ്റെ ഭാവം .
കുറേ സിനിമയൊക്കെ കണ്ട് കിട്ടിയ പ്രണയസങ്കൽപ്പങ്ങളിൽ അവളുടെ ഉള്ളിലുമുണ്ട് ചില കാൽപ്പനികലാവണ്യങ്ങൾ .
കാശ്മീരിലെത്തുമ്പോഴേക്കും അവർക്ക് ചിറക് മുളച്ചിരുന്നു . ആ ചിറകുകളിൽ അവർ ദാമ്പത്യത്തിൽ നിന്നും പറന്നുയർന്ന് രാനിലാമഞ്ഞിൽ ഒരു പുതുപ്പിനകത്ത് ചേർന്ന് നടക്കുമ്പോൾ അവർ പണ്ടെന്നോ സ്വപ്നം കണ്ട കാമുകിയേയും കാമുകനെയും വീണ്ടെടുത്തിരുന്നു .
കുത്തനെയുള്ള കയറ്റമായിരുന്നില്ല മുകളിലേക്ക് . വളരെയധികം നീണ്ട ചരിവാർന്ന മലയാണ്. കിതപ്പില്ലാതെ നടക്കാം . നല്ല സുഖം .
തോട്ടത്തിൻ്റെ അറ്റത്ത് മലയുടെ നിറുകയിലായി ഒരു ഒറ്റ ആപ്പിൾ മരമുണ്ട് . അതിൻ്റെ ചുവട്ടിലാണ് അവർ പോയിരുന്നത്. ഇരിക്കും മുമ്പ് ഒരു കമ്പിളിയെടുത്ത് പുൽപ്പരപ്പിൽ നിരത്തി വിരിച്ചു .
ഇരുന്നിടത്തു നിന്നു തന്നെ കയ്യെത്തിപ്പറിക്കാൻ കഴിയും വിധം താഴ്ന്നൊരു ചില്ലയിൽ ഹൃദയം പോലെ തുടുത്ത ഒരു ആപ്പിൾ . അവൻ അത് പറിച്ചെടുത്തു . അവൾക്ക് തിന്നാൻ കൊടുത്തു . അവൾ ഒന്നു കടിച്ച് ബാക്കി അവനായി നീട്ടി .
അവൻ ആ കടിപ്പാടിലേക്ക് നോക്കി . രതിയുടെ മൃദുദന്തസ്പർശമേറ്റ കവിൾത്തടം പോലെ ആപ്പിൾ . അവൻ അതേയിടം തന്നെ കടിച്ചെടുത്തു .
പെട്ടെന്ന് നിലാവും മഞ്ഞും നീലമഴയായി പെയ്യാൻ തുടങ്ങി . നീലമഴയിൽ നനഞ്ഞ് അവനും അവളും നീലസർപ്പങ്ങളായി പരിണമിച്ചു .
വീശിയടിച്ച കാറ്റിൽ ആപ്പിൾമരങ്ങൾ ചാഞ്ചാടി . പഴുത്ത ആപ്പിളുകൾ കുല കുലയായി താഴേക്ക് ഉതിരാൻ തുടങ്ങി .
പെട്ടെന്നാണ് ആകാശം കാർമേഘങ്ങളെക്കൊണ്ട് മൂടിയത് . ഇരുട്ടിൻ്റെ കരിമ്പടത്താൽ മൂടി മലനിരയും ആപ്പിൾതോട്ടവുമൊന്നും കാണാതായി .
പിന്നെ പുലരുവോളം മഴയുടെ മേളമായിരുന്നു . താളത്തിൽ ഈണത്തിൽ ആർത്തിരമ്പിയും പെയ്തലച്ചും ചാറ്റലായ് നേർത്തും വീണ്ടും ഇരമ്പിയാർത്തും മഴയുടെ സർഗസംഗീതം .