Image

താങ്ക്സ്ഗിവിംഗ് ദിന പരേഡ് സമാപിച്ചു

ഗീവര്‍ഗീസ് ചാക്കോ Published on 29 November, 2024
താങ്ക്സ്ഗിവിംഗ് ദിന  പരേഡ് സമാപിച്ചു

ന്യൂയോര്‍ക്ക്: ഹോളിഡേ സീസന് തുടക്കംകുറിച്ചുകൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ മന്‍ഹട്ടനില്‍ വ്യാഴാഴ്ച നടന്ന മേസിസ് താങ്ക്‌സ് ഗിവിംഗ് ദിന പരേഡ് മഴയില്‍ കുതിര്‍ന്നെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല.

സെന്‍ട്രല്‍ പാര്‍ക്കിന്റെ പടിഞ്ഞാറ് 77 സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച് പരേഡ് ഏതാണ്ട് രണ്ടര മൈല്‍ ദൂരം ദൂരം പിന്നിട്ട് മെയ്‌സിന്റെ പ്രധാന സ്റ്റോര്‍ സ്ഥിതിചെയ്യുന്ന 34-ാം സ്ട്രീറ്റിലെ ഹെറാള്‍ഡ് സ്‌ക്വയറിലാണ് സമാപിച്ചത്.

മുന്‍ വര്‍ഷങ്ങളേക്കാള്‍ അര മണിക്കൂര്‍ നേരത്തെ രാവിലെ 8.30-നാണ് പരേഡ് ആരംഭിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖലയായ മെയ്‌സിസിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും താങ്ക്‌സ് ഗിവിംഗ് ദിനത്തില്‍ നടത്തുന്ന പരേഡിന്റെ 98-ാം പതിപ്പായിരുന്നു ഇത്തവണത്തേത്. 1924-നാണ് പരേഡിന് തുടക്കംകുറിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1942- 44 വരെ മൂന്നു തവണ മാത്രമാണ് പരേഡ് മുടങ്ങിയത്.

ആറ് പുതിയ ബലൂണുകള്‍ അടക്കം പതിനേഴ് ബലൂണുകള്‍, മുപ്പതിലേറെ ഫ്‌ളോട്ടുകള്‍, മാര്‍ച്ചിംഗ് ബാന്റുകള്‍ ഡാന്‍സുകള്‍, പെര്‍ഫോമിംഗ് ഗ്രൂപ്പുകള്‍ തുടങ്ങിയവ പരേഡിന് കൊഴുപ്പേകി.

അയ്യായിരത്തിലധികം പേര്‍ പരേഡില്‍ പങ്കെടുത്തു. പതിവ് പോലെ സാന്റാക്ലോസിനെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പരേഡ് സമാപിച്ചത്. മഴയുടെ പ്രതികൂല സാഹചര്യത്തിലും പരേഡ് വീക്ഷിക്കാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു.

പരേഡ് കടന്നുപോകുന്ന വഴിയില്‍ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എങ്കിലും ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ പതാകകളും പിടിച്ച് പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി 55-ാം സ്ട്രീറ്റില്‍ പരേഡിന് തടസ്സം സൃഷ്ടിച്ചെങ്കിലും ഉടന്‍ തന്നെ പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി പരേഡിന് വഴിയൊരുക്കി. ഇത് രണ്ടാം തവണയായി പലസ്തീന്‍ അനുകൂലവാദികള്‍ പരേഡ് തടസ്സപ്പെടുത്തുന്നത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും വ്യാഴാഴ്ച താങ്ക്‌സ് ഗിവിംഗ് ദിന പരേഡുകള്‍ നടത്തിയിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക