Image

രണ്ടു നക്ഷത്രങ്ങൾ ( ഡയറിക്കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )

Published on 29 November, 2024
രണ്ടു നക്ഷത്രങ്ങൾ ( ഡയറിക്കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )

മുംബൈ.

വിമാനത്താവളത്തിലെ ലൗഞ്ചിൽ യാത്രക്കാരുടെ ഇടയിൽ ഞാനിരുന്നു. എൻ്റെ ഒപ്പം ഭാര്യയും, രണ്ടു വയസ്സുകാരൻ മകൻ കിട്ടുണ്ണിയും. ചെക്കിൻ ചെയിതു പരിശോധനകളും കഴിഞ്ഞിരുന്നു. 

മൗനം ഒരു തടാകം പോലെ തളം കെട്ടി കിടന്നു. കഴിഞ്ഞ രാത്രിയിലെ പിരിമുറുക്കവും ഉറക്കമില്ലായിമയും ആ മൗനത്തിനു കനം കൂട്ടിയിരുന്നു. 

മുൻപിൽ കണ്ട മലയാളം പത്രം ഞാനെടുത്തു ഉത്കണ്ഠയോടെ തുറന്നു. എൻ്റെ വിധിയെ ഞാൻ ശപിച്ചു. 

ചങ്ങനാശേരി : അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ യാത്രയായ യുവാവ് കായലിൽ വീണു മുങ്ങി മരിച്ചു. പെരുന്നയിൽ താമസിക്കുന്ന തൃക്കൊടിത്താനം ഇളയശേരിൽ വീട്ടിൽ രവിശങ്കർ (29) ആണ് പുളിംകുന്ന് ആർ ബ്ലോക്കിന് സമീപം കായലിൽ വീണത്. പോലിസും അഗ്നിശമന സേനയും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. എൻ എസ്സ് എസ് കോളേജ് മുൻ ആര്ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു രവിശങ്കർ. 

ഇന്നലെ സ്വാതന്ത്ര്യ ദിനമായിരുന്നു. അവധി ദിവസമായിരുന്നെങ്കിലും കുറെ ജോലികൾ ഉണ്ടായിരുന്നു. ഒഴിവാക്കാൻ പറ്റാത്ത പലതും. താമസിക്കുന്ന സൊസൈറ്റിയിൽ രാവിലെ ദേശിയ പതാക ഉയർത്തൽ ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് ഞാൻ ഫ്ലാറ്റിൽ വന്നു കമ്പ്യൂട്ടർ ഓൺ ചെയ്തു. ഇമെയിലുകൾ പരിശോദിച്ചു. അടുത്ത ദിവസങ്ങളിലെ ജോലികൾ പ്ലാൻ ചെയ്തു. 

അടങ്ങി ഇരിക്കാത്ത മകൻ്റെ കുരുത്തക്കേടുകൾ എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു . 

വിധിയുടെ നിർണ്ണയം വിചിത്രമായിരുന്നു. 

വിമാനത്തിൻ്റെ യാത്രനിർദേശം ഉച്ചഭാഷിണിയിൽ വന്നപ്പോൾ മറ്റു യാത്രക്കാരോടൊപ്പം ഞങ്ങളും വിമാനത്തിലേക്ക് നടന്നു. മുംബൈയുടെ ആകാശത്തിനു കീഴിൽ മറ്റൊരു പകൽ പുറപ്പാടിന്‌ ഒരുങ്ങുകയായിരുന്നു.

റൺവേയിൽ വിളക്കുകളുടെ പ്രകാശം. പുറപ്പെടാൻ തയാറാകുന്ന വിമാനത്തിൻ്റെ ഇരമ്പൽ മുൻപെങ്ങും തോന്നാത്ത ഒരു വികാരമായി മനസ്സിനെ നൊമ്പരപ്പെടുത്തി. 

ഓർമ്മകളെ തട്ടി ഉണർത്താതിരിക്കാൻ ഞാൻ ശ്രമിച്ചു. ബാഗുകൾ സ്ഥാനത്തു വച്ചു ഞങ്ങൾ സീറ്റുകളിൽ സ്ഥാനം പിടിച്ചു. കിളിവാതിലിനു പുറത്ത് രാത്രി പകലിൽ അലിയുകയായിരുന്നു. 

ദുഃഖം മനസ്സിൽ മഴക്കാറുപോലെ ഉരുണ്ടുകൂടി.

ഇന്നലെ കമ്പ്യൂട്ടറിൽ കണ്ണും നട്ടിരിക്കുമ്പോൾകളിക്കുകയായിരുന്നു കിട്ടുണ്ണി, തറയിൽ കാണാതെ കിടന്ന വെള്ളത്തിൽ കാൽ തെന്നി വീണു. ഞാൻ അസ്വസ്ഥനായി. അപ്പോൾ സമയം ഉച്ചയ്ക്ക് 12 മണി. അതൊരു സൂചനയായിരുന്നോ .. ഞാൻ ഓർത്തു.

ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞു. ടീവിയിൽ മമ്മൂട്ടിയുടെ സിനിമ ‘പല്ലാവൂർ ദേവനാരായണൻ’ കളിക്കുന്നു.  ഞാൻ അശ്രദ്ധയോടെ സിനിമ കണ്ടിരുന്നു. 

മൂന്ന് മണി. ഫോൺ ബെല്ലടിച്ചു. ഫോണിൽ നാട്ടിൽനിന്നും രവിശങ്കറിൻ്റെ സുഹൃത്ത് ശ്യാമായിരുന്നു. സംസാരത്തിൽ സ്വതവേ വിറയലുള്ള ശ്യാമിൻ്റെ ശബ്ദം പതിവിലുമധികം വിറച്ചിരുന്നു. ശ്യാം പറഞ്ഞത് വ്യക്തമല്ലായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. 

ശ്യാം പറഞ്ഞ വാക്കുകൾ ഞാൻ പെറുക്കിയെടുത്തു. "ഞങ്ങൾ. . മങ്കൊമ്പിൽ. . ബോട്ടിൽ. . രവി. . മിസ്സിംഗ്. . ". 

എല്ലുകൾ മരവിക്കുന്നത് ഞാനറിഞ്ഞു. എൻ്റെ കണ്ണിൽ ഇരുട്ടു കയറി. എന്നെ പകച്ചു നോക്കുന്ന ഭാര്യ. മനസ്സ് വിറയ്ക്കുന്നു. എനിക്ക് ഇരിക്കാൻ പറ്റുന്നില്ല. നിൽക്കാനും പറ്റുന്നില്ല. ഞാൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. 

ഈ അവസ്ഥയിൽ നാട്ടിലെ വീട്ടിലേക്കു എങ്ങനെ വിളിക്കും. ഞാൻ ഓർത്തു.  അടുത്ത വീട്ടിലെ കൂട്ടുകാരൻ രാജേഷിൻ്റെ വീട്ടിലേക്കു വിളിച്ചു. അലയൽക്കാർ വിവരം അറിഞ്ഞിരുന്നെകിലും വീട്ടിൽ അതുവരെ ആരും അറിഞ്ഞിട്ടില്ലായിരുന്നു.  

നാട്ടിൽ പോകണം. അവധി ദിവസമായതുകൊണ്ടു മേലധികാരിയോട് സംസാരിക്കാൻ കഴിഞ്ഞില്ല. സഹപ്രവർത്തകരെ വിവരം അറിയിച്ചു. അടുത്ത ചില ദിവസങ്ങളിലുള്ള ജോലികൾക്കുള്ള നിർദേശങ്ങൾ നൽകി. ഞാൻ എന്നെ ഏറ്റവുമധികം നിന്ദിച്ച നിമിഷങ്ങലായിരുന്നു അത്. 

വിമാനത്തിനുള്ളിലെ ശബ്ദം എൻ്റെ മനസ്സിൻ്റെ നിലവറ ഭിത്തികളിൽ നൊമ്പരമുണ്ടാക്കി. ആ ശബ്ദം എൻ്റെ മനസ്സിൻ്റെ അലമുറകളായി. സഹയാത്രികർ അവരുടെ സീറ്റുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. 

വിമാനത്തിൻ്റെ വാതിലുകൾ അടയ്ക്കപ്പെട്ടു. സീറ്റ് ബെൽറ്റുകൾ മുറുക്കാൻ നിർദ്ദേശമുണ്ടായി. യാത്രക്കാരെ സ്വാഗതം ചെയ്തു ക്യാപ്റ്റൻ ഹിന്ദിയിലും ഇംഗ്ലീഷിലും പറയുന്നത് ഞാൻ അശ്രദ്ധയോടെ കേട്ടു.

വിമാനം റൺവേയിലൂടെ സാവകാശം നീങ്ങിത്തുടങ്ങി. നിമിഷങ്ങൾക്കുളിൽ കൂടുതൽ വേഗത്തിൽ ഓടി തുടങ്ങി. നീണ്ട റൺവേയുടെ അറ്റത്തു എത്തുമ്പോൾ ഭൂമിയോടു വേർപെട്ടു വിമാനം ആകാശത്തേക്ക്  ഉയർന്നു. 

രവിശങ്കർ പാടുന്നു. പാട്ട് അവസാനിച്ചപ്പോൾ

പ്രവാഹമേ. . . ഗംഗാ പ്രവാഹമേ

സ്വരരാഗ ഗംഗാ പ്രവാഹമേ

സ്വർഗീയ സായൂജ്യ സാരമേ. . . . 

പാട്ട് അവസാനിച്ചപ്പോൾ ഗംഭീര കരഘോഷങ്ങൾ. പിന്നിലേക്ക് നടന്നുമറയുന്ന രവിശങ്കർ.

കിളിവാതിലിനു പുറത്തു വിമാനം കരയോട് യാത്ര പറയുന്നു. ഉദയസൂര്യൻ ആകാശത്തെ പ്രകാശപൂരിതമാക്കിയിരുന്നു. 

ചിന്തകൾ പിന്നെയും വേട്ടയാടി. 

രണ്ടു മാസം മുമ്പ്നേത്രവതി എക്സ്പ്രസ്സിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ രവിശങ്കർ വരുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കൂട്ടുകാരായ രാജേഷും ബാലശങ്കറും കാറുമായി വന്നിരുന്നു. കിട്ടുണ്ണിയുടെ രണ്ടാമത്തെ പിറന്നാൾ ഈ അവധിക്കാലത്ത് എല്ലാവരുടെയും കൂടെ നാട്ടിൽവച്ചാവണം എന്ന് ആഗ്രഹിച്ചിരുന്നു.

വീട്ടിൽ എത്തിയപ്പോൾ രവിശങ്കർ അവിടെ ഉണ്ടായിരുന്നു. അകാരണമായ ഒരു മൂകത വീടിനുള്ളിൽ എനിക്ക് അനുഭവപ്പെട്ടു. വീട് എന്നെ സ്വീകരിക്കാൻ മടിക്കുന്ന പോലെ തോന്നി.

രവിശങ്കർ മിടുക്കനായിരുന്നു. ഒരുപാടു സുഹൃത്ബന്ധങ്ങൾ അവനുണ്ടായിരുന്നു. 

അമ്മ ജോലിയിൽ നിന്നും വിരമിച്ചു കഴിഞ്ഞിരുന്നു. അമ്മയ്ക്ക് പെൻഷൻ ഉണ്ട്. കഴിഞ്ഞ ഇരുപത്തിനാലു വർഷങ്ങളായി ഞങ്ങൾ വാടക വീടുകളിലാണ് താമസിച്ചിരുന്നത്. സഹോദരി പഠനം പൂർത്തിയാക്കി ഒരു സ്കൂളിൽ ലൈബ്രേറിയൻ ആയി ജോലി ചെയ്തു തുടങ്ങിയിരുന്നു. 

രവിശങ്കർ പഴയ പോലെ സന്തോഷവാനായിരുന്നില്ല എന്നെനിക്ക് തോന്നി തുടങ്ങിയിരുന്നു. കാലം എത്ര വികൃതമായിരിക്കുന്നു. ഒരേ വീട്ടിള്ളവരുടെ മനോവ്യാപാരങ്ങൾ പോലും എത്ര വിഭിന്നമായിരിക്കുന്നു. അത്രയൊന്നും സന്തോഷകരമല്ലാത്തദിവസങ്ങൾ കടന്നു പോയപ്പോൾ കിട്ടുണ്ണിയുടെ പിറന്നാൾ എല്ലാവരും മറന്നു. അവധി ദിവസങ്ങൾ തീരാറായപ്പോൾ ഞങ്ങൾ ബോംബേക്കു തിരിച്ചുപൊന്നു. 

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്ര പറഞ്ഞു ഗേറ്റ് കടന്നു പോകുന്ന രവിശങ്കർ. അത് അവസാന കാഴ്ചയായിരുന്നു.

വിമാനത്തിലെ വിളംബരം എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി. വിമാനം കൊച്ചിയിൽ ഇറങ്ങുകയാണ്. വിമാനത്തിൻ്റെ ചക്രങ്ങൾ ഭൂമിയിൽ തൊട്ടപ്പോൾ ഉണ്ടായ കിടുക്കത്തിൽ ഉറങ്ങുകയായിരുന്ന കിട്ടുണ്ണി കരഞ്ഞു.

എയർപോർട്ടിന് പുറത്തു സുഹൃത്തുക്കൾ സോണിയും, ബാലനും, കണ്ണനും വണ്ടിയുമായി വന്നു കാത്ത് നില്പുണ്ടായിരുന്നു. കലാപഴക്കത്തിലും മാറാത്ത സൗഹൃദങ്ങൾ. സന്തോഷങ്ങളിൽ ആത്മാർഥമായി പങ്കുചേരാനും ദുഖങ്ങളിൽ താങ്ങായി നിൽക്കാനും അവർ എപ്പോഴുമുണ്ടായിരുന്നു. 

ഞങ്ങൾ വണ്ടിയിൽ ഇരുന്നു. വണ്ടി ചങ്ങനാശേരിക്ക് പുറപ്പെട്ടു. എല്ലാവരും മൗനമായിരുന്നു. 

ഞാൻ ജോലി തേടി ബോംബേക്കു പോകുമ്പോൾ കുടുംബത്തിൽ അതൊരു ചരിത്ര സംഭവമായിരുന്നു. നാടുവിട്ടു ജീവിച്ചവർ കുടുംബത്തിൽ ആരുംതന്നെ ഇല്ലായിരുന്നു. പിന്നീടുള്ള നാളുകളിൽ ഞാൻ അവധിക്കു വരുന്ന അതിഥി മാത്രമായി. വീട്ടിലുള്ളവരുടെ മാനസിക വ്യാപാരങ്ങൾ അറിയാൻ അവസരങ്ങൾ കുറഞ്ഞിരുന്നു. ബോംബെ നഗരത്തിലെ ജീവിതവും ജോലിയിലുള്ള സമ്മർദ്ദങ്ങളും, കഷ്ടപ്പാടുകളും എൻ്റെ ദിവസങ്ങൾ കാർന്നു തിന്നുകൊണ്ടിരുന്നു. 

ആരുടെയോ മൊബൈൽ ചിലച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമൊർറ്റം കഴിഞ്ഞു രവിശങ്കറിൻ്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകുകയാണ് എന്ന് പറയാൻ ആരോ വിളിച്ചതാണ്. 

നെഞ്ചിൽ ഒരു കത്തി കുത്തി ഇറക്കിയതുപോലെ എനിക്ക് അനുഭവപെട്ടു. 

ഗതകാല സ്മ്രിതികളിൽ കുട്ടികാലത്തെ അച്ഛൻ്റെ കുടുംബ വീട്. അമ്മ ആശുപത്രിയിൽ ആയിരുന്ന വിരസമായ ദിവസങ്ങൾക്കൊടുവിൽ വീട്ടുമുറ്റത്തു ഒരു കറുത്ത ടാക്സിക്കാർ വന്നു നിന്നു. കാറിൽനിന്ന് ഇറങ്ങിയ അമ്മയുടെ കൈയിൽ പഞ്ഞികെട്ടുപോലെ പൊതിഞ്ഞുപിടിച്ച ഒരു കുഞ്ഞുവാവ. അവൻ കണ്ണിറുക്കി മോണകാട്ടി ളേ. . ളേ. . എന്ന് കരഞ്ഞു. 

വീടിനടുത്തുള്ള വഴികളിൽ ഒരുപാടു ആളുകൾ കൂടി നിന്നിരുന്നു. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി നടന്നു. പടിയിൽ ചവിട്ടിയപ്പോൾ തന്നെ കണ്ടു. രവിശങ്കറിൻ്റെ ചേതനയറ്റ ശരീരം കട്ടിലിൽ കിടത്തിയിരിക്കുന്നു. ഉറങ്ങുകയാണെന്നേ തോന്നിയുള്ളൂ എനിക്ക്. 

അച്ഛൻ വന്നു നാടകീയമായി എന്തോ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഞാൻ അസ്വാഭാവികമായി പെരുമാറുമോ എന്ന് ഭയന്നിട്ടാവണം, കൂട്ടുകാർ എൻ്റെ പുറകിൽ നിന്നിരുന്നു. 

എനിക്ക് കുറച്ചുനേരം അവൻ്റെ അരുകിൽ നിൽക്കണം എന്ന് തോന്നി. 

രവിശങ്കർ ജനിച്ച ദിവസം. ആശുപത്രി മുറിയിൽ അവൻ ഉറങ്ങുന്നതും നോക്കി കണ്ണിമ വെട്ടാതെ അരുകിൽ ഞാൻ നിന്നു. വെളുത്ത തുണിയിൽ പൊതിഞ്ഞു അവൻ സുഖമായി ഉറങ്ങുന്നു. കണ്ണിമ വെട്ടാതെ ഞാൻ കാത്തുനിന്നു. അവൻ ഒന്നു കണ്ണ് തുറക്കാൻ. ഒന്നു തൊടാൻ മനസ്സ് വെമ്പി. 

"അണ്ണാ. . തൊടരുതേ. . " ചെവിക്കു പിന്നിൽ കേട്ട പതിഞ്ഞ ശബ്ദം. "പോസ്റ്റ്മോർട്ടം കഴിഞ്ഞതല്ലേ". എൻ്റെ കണ്ണിമ വെട്ടി. മുറിയിലെ ഇരുട്ടിൽ മൂകരായി നിൽക്കുന്ന ബന്ധുജനങ്ങളും , നാട്ടുകാരും, കൂട്ടുകാരും. 

ആശുപത്രി മുറിയിൽ നിന്നും കാലം ഇരുപത്തൊൻപതു വർഷങ്ങൾ നീങ്ങിയിരുന്നു. 

ആരോ എന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോയി. അമ്മ എൻ്റെ നെഞ്ചിൽ മുഖം അമർത്തി നിശബ്ദമായി കരഞ്ഞു. എൻ്റെ സങ്കടമായിരുന്നു ആ നേരം അമ്മയുടെ വേദന എന്നെനിക്ക് തോന്നി.

മുറികളിലെല്ലാം ഒരുപാടു ആളുകൾ നിന്നിരുന്നു. ചിലരെയൊക്കെ ഞാൻ തിരിച്ചറിഞ്ഞു. 

ബാലൻ്റെ അമ്മ അടുത്ത് വന്നു പറഞ്ഞു 'മോനെ, സഹിക്കണം മോനെ'. എന്നിൽ വിവേകം ഉണരാൻ ആ വാക്കുകൾ സഹായിച്ചു. 

ഒരുപാടുപേർ വന്നു അവസാനമായി രവിശങ്കറിനെ കാണാൻ. ചിലർ വന്നു എൻ്റെ കൈകൾ അമർത്തി. 

സുഹൃത്ത് വിനോദ് വാരിയർ കയറി വന്നെന്നെ കെട്ടിപിടിച്ചു നിന്നു..

രവിശങ്കറിനെ അച്ഛൻ്റെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകാൻ സമയമായി. അവിടെ കുടുംബശ്മശാനത്തിലാണ് സംസ്കാരം.

അവൻ അഗ്നിക്കിരയാകുന്നത് കാണാൻ വയ്യ എന്ന് പറഞ്ഞു അവസാനമായി അമ്മ അവൻ്റെ നിറുകയിൽ ഒരു മുത്തം നൽകി. "പോയ്ക്കോ. . പോയ്ക്കോ", അമ്മ അവനോട് പറഞ്ഞു. 

എൻ്റെ മനസ്സിൽ അമ്മ അവനെ പഞ്ഞികെട്ടുപോലെ കൊണ്ടുവന്ന രംഗം ഓർമ്മ വന്നു. 

രവിശങ്കർ മരിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും വീട്ടിൽ ആരും ഒന്നും അറിഞ്ഞിരുന്നില്ല. അറിഞ്ഞവരാർക്കും വന്നു പറയാനുള്ള മനഃസാന്നിധ്യം ഉണ്ടായിരുന്നില്ല. അവസാനം മരണവിവരം വന്നു പറയാൻ ധൈര്യം കാണിച്ച ദിനേശ് പറഞ്ഞത് കേട്ടിട്ടും ആർക്കും ഒന്നും മനസിലായില്ല. ഒടുവിൽ ദിനേശ് ഉറക്കെ പറഞ്ഞു, "രവിശങ്കർ .. ഇനി ഇല്ല'. 

രവിശങ്കറിൻ്റെ മൃതശരീരം ആംബുലൻസിൽ കയറ്റി. പെരുന്നയിൽനിന്നും തൃക്കൊടിത്താനത്തേക്കു ആംബുലൻസ് നീങ്ങി.

ഇനി ഒരിക്കലും രവിശങ്കർ നടക്കാത്ത വഴികൾ. ആംബുലൻസ് അവൻ പഠിച്ച എൻ എസ് എസ് കോളേജും കടന്നു, അവൻ പഠിച്ച എസ് എച്‌ സ്കൂളും കടന്നു, ഇളയശേരിൽ വീടിൻ്റെ പടിക്കൽ എത്തി. ജീവിതം ഒടുവിൽ പുറകോട്ടു സഞ്ചരിക്കുന്നു എന്ന് എനിക്ക് തോന്നി.

രവിശങ്കറിൻ്റെ ശരീരം വീടിൻ്റെ ഉമ്മറത്തിണ്ണയിൽ വച്ചപ്പോൾ ഒരു നോക്ക് കാണാൻ സുഹൃത്തുക്കളും നാട്ടുകാരുമായി വൻ ജനാവലി ഉണ്ടായിരുന്നു. 

വീടിനുള്ളിൽ മുരളി കൊച്ചച്ചൻ വിഷമം മൂലമുണ്ടായ വിഭ്രാന്തിയിൽ 'സ്നേഹമുണ്ടായിരിക്കണം. . . സ്നേഹിക്കണം' എന്നൊക്കെ പറയുന്നുണ്ടായിരുന്നു. 

ശ്മശാനത്തിൽ ചിത ഒരുങ്ങി.

രവിശങ്കറിനെ ചിതയിൽ വച്ചു. ആരുടെയോ നിർദേശത്തിൽ ചടങ്ങുകൾ നടക്കുന്നു. ശശികൊച്ചച്ചൻ്റെ മകൻ മണി സംസ്കാര കർമ്മങ്ങൾ ചെയ്തു . 

എല്ലാം കണ്ടുകൊണ്ടു ഞാൻ നിന്നു. ഇരുപത്തൊൻപത് വർഷങ്ങൾക്കു മുൻപ് ആ വീടിൻ്റെ മുറ്റത്തു അവൻ ആദ്യമായി വന്ന രംഗങ്ങളൊക്കെ എൻ്റെ മനസ്സിൽ വീണ്ടും മിന്നി മറഞ്ഞു. 

പുളിമരത്തണലിൽ നിന്ന് ദൂരെ പാടം മുറിച്ചു പുകയൂതി ഓടുന്ന തീവണ്ടി ചൂളമടിക്കുമ്പോൾ അവൻ കൈകൊട്ടി ചിരിക്കുന്നത് ഞാൻ ഓർത്തു. കാലം ഇരുപത്തൊൻപത് വർഷങ്ങൾ നീങ്ങിയപ്പോൾ ആ പുളിമരത്തണലിൽ അവൻ്റെ ചിത ഒരുങ്ങി. ഇലകൾ അനക്കാതെ പുളിമരം സാക്ഷിയായി നിന്നു,

എവിടെയോ ഒരു കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു. അവസാന വിറകും വച്ചു. ചിത കത്തി. 

പകൽ അസ്തമിച്ചു. 

രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞു വാഷ്‌ബേസിനു താഴെ ഒരു പ്ലാസ്റ്റിക് കവർ എൻ്റെ ശ്രദ്ദയിൽ പെട്ടു. തുറന്നു നോക്കിയപ്പോൾ രവിശങ്കറിൻ്റെ  മൃതശരീരം മൂടികൊണ്ടുവന്ന ഒരു വെള്ള ഡബിൾ മുണ്ടായിരുന്നു അതിനുള്ളിൽ. രക്തക്കറ പുരണ്ട ആ മുണ്ടു ഞാൻ പറമ്പിൻ്റെ മൂലയിൽ കരിയില കൂട്ടി തീ കത്തിച്ച്‌ ആ മുണ്ടും കവറും അഗ്നിക്ക് ഇരയാവുന്നതും നോക്കി നിന്നു. 

രവിശങ്കറിൻ്റെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞു ഒരു ദിവസം മരണ സെർടിഫിക്കറ്റിൻ്റെ ആവശ്യത്തിനായി മങ്കൊമ്പിലുള്ള പോലീസ് സ്റ്റേഷനിൽ ഞാൻ ചെന്നു. ഒരു പോലീസുകാരൻ അലക്ഷ്യമായി തുറന്ന ഫയലിൽ നിന്നും ഉതിർന്നു വീണ ഫോട്ടോകൾ കണ്ടു ഞാൻ വിവശനായി. കായലിൻ്റെ അടിത്തട്ടിൽ കുടുങ്ങി കിടന്ന മൃതശരീരം കരയ്‌ക്കെടുത്തിട്ടപ്പോൾ എടുത്ത ഫോട്ടോകൾ. മൂക്കിൽ നിന്നും രക്തം ഒലിച്ചിരുന്നു. കണ്ണുകൾ മുറുകി അടഞ്ഞിരുന്നു. ആ കാഴ്ച എൻ്റെ ഉറക്കമില്ലാത്ത രാവുകൾക്ക് തുടക്കം കുറിച്ചു. രാത്രിയുടെ കാരുണ്യത്തിനായി ഞാൻ കേണു. ഉറക്കം എന്നെ അനുഗ്രഹിച്ചില്ല. 

വെള്ളത്തിൽ മുങ്ങി മരിക്കുന്നവർ മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ജീവിതത്തിലെ കഴിഞ്ഞ സംഭവങ്ങളെ വീണ്ടും ഒരു സിനമയിലെന്നപോലെ കാണുമെന്നു ഞാൻ എവിടെയോ വായിച്ചതാണ്. ശ്വാസകോശത്തിൽ വെള്ളം കടന്നുകയറുന്ന നിമിഷത്തിൽ ഓർമശക്തി അതിൻ്റെ ഉച്ചനിലയിൽ പ്രാപിക്കുന്നതാണ് അതിനു കാരണം.

ജീവൻ്റെ ആശാനാളം ഉലയുന്ന നിമിഷങ്ങളിൽ എന്തായിരിക്കും മനുഷ്യർ ഓർമ്മിക്കുന്നത്. രവിശങ്കർ അവസാനമായി ഓർത്തത് എന്തായിരിക്കും. 

എനിക്ക് ബോംബെയ്ക്കു തിരിച്ചു പോകണം. ഭാര്യയും മകനും കുറച്ചു നാളുകൾ നാട്ടിൽ നിൽക്കട്ടെ എന്ന് തീരുമാനിച്ചു. കിട്ടുണ്ണിയുടെ സാന്നിധ്യം വീട്ടിൽ കുറച്ചെങ്കിലും സന്തോഷം ഉണ്ടാക്കും എന്നെനിക്ക് തോന്നി. ഞാൻ എല്ലാ വിധത്തിലും പരിക്ഷീണനായിരുന്നു. രണ്ടു ദിവസം നീണ്ടു നിന്ന ആ യാത്രയിൽ അധിക നേരവും ഞാൻ ബോംബെ ജയന്തി ട്രയിനിലെ മുകൾ ബെർത്തിൽ രാവും പകലും കിടന്നുറങ്ങി. 

ബോംബയിൽ എത്തിക്കഴിഞ്ഞു നാട്ടിലേക്കു ഫോൺ വിളിച്ചപ്പോൾ അമ്മയെ പെട്ടെന്നു സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണെന്നു  അറിഞ്ഞു. 

നോവുന്ന മനസ്സുമായി ഞാൻ എൻ്റെ ഫ്ലാറ്റിൽ ഒരു പകൽ കഴിഞ്ഞു. സന്ധ്യ കഴിഞ്ഞപ്പോൾ എൻ്റെ സുഹൃത്തുക്കൾ കൃഷ്ണകുമാറും, മധുവും വീട്ടിൽ വന്നു. 

'അമ്മയ്ക്ക് തീരെ വയ്യ, താൻ എത്രയും വേഗം നാട്ടിലേക്കു പുറപ്പെടണം', കൃഷ്ണകുമാർ പറഞ്ഞു.

ഞങ്ങൾ വീടിനു പുറത്തേക്കിറങ്ങിയപ്പോൾ കൃഷ്ണകുമാർ ദുർബലനായി എന്നോട് പറഞ്ഞു, 'അമ്മയെ ഇനി പ്രതീക്ഷിക്കരുത് ... അമ്മ .. പോയി'. 

വെളിച്ചം നിലച്ചു. 

വിമാനത്താവളത്തിലെ ലൗഞ്ചിൽ രണ്ടാഴ്ച മുൻപ് ഇരുന്ന സീറ്റിൽ ഞാനിരുന്നു. 

മനസ്സ് പ്രതിഷേധിക്കുന്നു. ഹൃദയം വിതുമ്പുന്നു. മനസ്സിൽ ഒരായിരം പെരുമ്പറകൾ മുഴങ്ങി. വേർപിരിയാൻ ആരും ഒരു നിമിഷവും കരുതി വച്ചിരുന്നില്ലല്ലോ. 

ഉറക്കമില്ലായ്മ എൻ്റെ കൺപോളകളെ തളർത്തി. വിമാനത്തിൽ കയറുവാൻ വിളംബരം വന്നപ്പോൾ, ഒരു സ്വപ്നാടനത്തിൽ എന്ന പോലെ ഞാൻ മറ്റ് സഹയാത്രികരെ അനുഗമിച്ചു. 

ചിറകു മുറിച്ചു കൂട്ടിലാക്കപ്പെട്ട പക്ഷിയെ പോലെ എനിക്ക് തോന്നി. എനിക്ക് ശ്വാസം മുട്ടി. കിളിവാതിലിലൂടെ ഞാൻ പുറത്തേക്കു നോക്കി. 

വിമാനം റൺവേയിലൂടെ നീങ്ങി തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ കൂടുതൽ വേഗത്തിൽ ഓടി തുടങ്ങി. വിമാനം ആകാശത്തേക്ക് ഉയർന്നപ്പോൾ  വിമാനത്തിൻ്റെ ചക്രങ്ങൾ പാർശ്വങ്ങളിൽ ഒളിച്ചു. 

അകലെ എയർപോർട്ട് കെട്ടിടങ്ങളും റൺവേയും. വിമാനത്തിൻ്റെ ഭിത്തികൾ സങ്കോചിക്കുന്നതുപോലെ എനിക്ക് തോന്നി. 

അനിയൻ്റെ മരണശേഷം ഞാൻ അമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോൾ മകൻ്റെ വേർപാടിൻ്റെ ദുഃഖം സഹിക്കാൻ അമ്മ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു. അമ്മ ഇനി എത്രനാൾ ജീവിച്ചിരിക്കും എന്നൊരു ചോദ്യം ആദ്യമായി എൻ്റെ മനസ്സിൽ മുളച്ചു.

വിമാനത്തിനുള്ളിൽ വിളമ്പരം വന്നു. വിമാനം കൊച്ചിയിൽ ഇറങ്ങാൻ പോകുന്നു. കിളിവാതിലിലൂടെ ഞാൻ പുറത്തേക്കു നോക്കി. താഴെ നെടുമ്പാശ്ശേരി വിമാനത്താവളം പ്രഭാതത്തിൽ കുളിച്ചുനിൽക്കുന്നു.

വിമാനത്താവളത്തിന് വെളിയിൽ സോണിയും, ബാലനും കാറുമായി കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങൾ കാറിൽ ഇരുന്നു. കാർ ചങ്ങനാശേരിയ്ക്കു പുറപ്പെട്ടു.

എൻ്റെ മനസ്സിൻ്റെ തേങ്ങൽ ഞാനറിയുന്നുണ്ടായിരുന്നു അമ്മയില്ലാത്ത ഒരു പകൽ. ഇനിയങ്ങോട്ടു എനിക്ക് അമ്മയില്ലല്ലോ എന്ന് ഞാനോർത്തു.  

കാലത്തിൻ്റെ ബന്ധനം വേർപെടുത്തി എനിക്കന്യമായ ഏതോ ലോകത്തേക്ക് അമ്മ പോയി. അവിടെ രവിശങ്കർ ഉണ്ടായിരിക്കാം. ഞാൻ സങ്കൽപ്പിച്ചു. 

അമ്മയെ കുറിച്ചുള്ള ഓർമ്മകൾ എന്നിൽ നിറഞ്ഞു വന്നു. ഓഫീസിൽ പോകുന്ന അമ്മ. വസ്ത്രങ്ങൾ അലക്കുന്ന അമ്മ. ഭക്ഷണം തരുന്ന അമ്മ. ജീവിതം ഞങ്ങൾക്കുവേണ്ടി ജീവിച്ച അമ്മ. 

ഞാൻ ആദ്യമായി ബോംബേക്കു പോയി കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ അമ്മ കുഴഞ്ഞു വീണു. രാത്രി രണ്ടു മണിക്ക് ഒരു വണ്ടി കിട്ടാതെ അച്ഛനും അനിയനും വിഷമിച്ചു. അവർ അമ്മയെ താങ്ങി പെരുന്നയിലുള്ള മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. ഹാർട്ട് അറ്റാക്ക്. ഡൈയബെറ്റിക് ആയിരുന്നതുകൊണ്ട്അമ്മ വേദന അറിഞ്ഞിരുന്നില്ല എന്ന് മാത്രം. അമ്മ അതിജീവിച്ചു. 

ആ സംഭവം ആരും എന്നെ അറിയിച്ചിരുന്നില്ല. പിന്നെയും പല മാസങ്ങൾ കഴിഞ്ഞു ഒരു കത്തിലൂടെ അച്ഛൻ അറിയിക്കുകയാണ് ഉണ്ടായിരുന്നത്. അതിഭാവുകത്വവും നാടകീയതയും നിറഞ്ഞ ഒരു കത്തായിരുന്നു അത്. കത്ത് വായിച്ച ഞാൻ അമ്മയുടെ അസുഖത്തെ കുറിച്ചുള്ള അറിവില്ലാതെ ജീവിക്കേണ്ടി വന്ന ദിവസങ്ങളെ ഓർത്തു  വേദനിച്ചു. 

ജോലി തേടി പോയെങ്കിലും വീട്ടിലെ എൻ്റെ അഭാവം അമ്മയെ വേദനിപ്പിച്ചിരിക്കാം. എല്ലാം സഹികുന്ന അമ്മ എന്നെ ഓർത്തു വിഷമിച്ചിരിക്കും. ഞാൻ ഊഹിച്ചു. 

പിന്നീടുള്ള ദിനങ്ങൾ അമ്മയ്ക്ക് എന്നും കഴിക്കേണ്ട മരുന്നുകൾ, പതിവായി ചെയ്യണ്ട ചെക്ക്‌പ്പുകൾ ഒക്കെയായി അമ്മ കഴിഞ്ഞു.

ഒരു വർഷം കൂടി കഴിഞ്ഞു. അമ്മ ജോലിയിൽ നിന്നും വിരമിച്ചു. 

ഞാൻ വീടെത്തി. തളർന്നു കിടക്കുന്ന സഹോദരി. വേർപാടിൻ്റെ വേദന അവളും അനുഭവിക്കുന്നു. 

ചെത്തിപ്പുഴ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കൊണ്ടുവന്ന അമ്മയെ കയറ്റുകട്ടിലിൽ കിടത്തി ചിറ്റപ്പന്മാർ വീട്ടിൽ കൊണ്ടുവരുമ്പോൾ, അമ്മ നട്ടുനനച്ചു വളർത്തിയ നന്ത്യാർവട്ടത്തിന്നരുകിൽ നിന്നു നിശ്ചലയായ അമ്മയെ ഞാൻ കണ്ടു. 

നിശബ്ദതയുടെ താഴ്വര പോലെ അമ്മ കിടന്നു. 

ഞാൻ കരഞ്ഞില്ല. എല്ലാ ജീവിത ദുഖങ്ങളിൽ നിന്നും അമ്മയ്ക്ക് മോചനം ലഭിച്ചല്ലോ എന്ന വിചാരം ഒരുതരം ആശ്വാസം എനിക്ക് നൽകിയിരുന്നു.

രോഗാവസ്ഥയും മരുന്നുകളും അമ്മയുടെ ശരീരത്തിൽ ഒരു വരൾച്ചയും ജീർണതയുംഉണ്ടാക്കിയിരുന്നു. 

ഡൽഹിയിൽ നിന്നും ഓമന ചിറ്റ വന്നു. അമ്മയെ അവസാനമായി ഒരു നോക്ക് കാണുവാൻ  അമ്മയുടെ സഹോദരിമാർ മണിയമ്മയും , വിജയമ്മയും, ഓമനചിറ്റയും അമ്മയുടെ അരുകിൽ ഇരുന്നു. സഹോദരങ്ങൾ മറ്റാരേക്കാളും വേദനിക്കുന്നു. ഇതു പ്രകൃതിനിയമം ആവാം. ഗർഭപാത്രം പങ്കിട്ട കർമ്മ ബന്ധം. 

വളരെ നാടകീയമായി അച്ഛൻ അമ്മയെ കെട്ടിപ്പിടിക്കുകയും യാത്ര പറയുന്നതും ഞാൻ നിർവികാരതയോടെ നോക്കി നിന്നു. 

അമ്മയുടെ പഴയ സഹപ്രവർത്തകർ അന്ത്യദർശനത്തിന്നുവന്നു. സഹോദരിയുടെ ഒരുപാടു കൂട്ടുകാർ വന്നു. എൻ്റെ സഹോദരിയുടെ മുഖം താങ്ങി പിടിച്ചിരുന്നു അവളുടെ സഹപ്രവർത്തകയായ ഒരു കന്യാസ്ത്രീ. 

അച്ഛൻ്റെ  കുടുംബവീട്ടിലെ ശ്മശാനത്തിലേക്ക്അമ്മയുമായി പടിയിറങ്ങുമ്പോൾ പിന്തുടർന്ന കാറ്റിന് വാടിയ നന്ത്യാർവട്ടപ്പൂക്കളുടെ മണമായിരുന്നു.

ഒരു വധുവായി വന്ന വീടിൻ്റെ പരിസരത്ത് പതിനഞ്ചു ദിവസങ്ങൾക്കു മുൻപ് മകനെ ദഹിപ്പിച്ച ചിതക്കരികിൽ അമ്മയും എരിഞ്ഞു തീർന്നു. 

സന്ധ്യ മയങ്ങി തുടങ്ങി. സ്മശാനത്തിനപ്പുറത്തുള്ള കുറ്റിക്കാടുകളിൽ ഇരുട്ട് പടർന്നുകഴിഞ്ഞിരുന്നു. ചിതയുടെ ജ്വാലകൾ പരത്തുന്ന മഞ്ഞ വെളിച്ചം ഇരുട്ടിൽ തിളങ്ങി.

ആകാശച്ചെരുവിൽ രണ്ടു നക്ഷത്രങ്ങൾ തെളിഞ്ഞു. 

ഇനി അമ്മയും അനിയനും എൻ്റെ ഓർമ്മകളിൽ ജീവിക്കും. 

ഇന്നും .. അമ്മയെ ഓർക്കുമ്പോൾ വരണ്ടു തുടങ്ങിയ എൻ്റെ കണ്ണുകളിൽ നീരുറവകൾ പൊട്ടിയുണരും. കണ്ണുകൾ ജലാശയങ്ങളാവും. 

ഇരുപത്തിമൂന്നാം വയസ്സിൽ ഞാൻ മുംബയിൽ വന്നു കഴിഞ്ഞായിരുന്നു ജീവിതത്തിൽ ആദ്യമായി ഞാൻ അമ്മയ്ക്ക് കത്തെഴുതുന്നത്. മുംബൈ നഗരവും , നഗരത്തിലെ താമസവും, പുതുതായി കിട്ടിയ ജോലിയിലെ വിശേഷങ്ങളും നിറഞ്ഞ ഒരു കത്തായിരുന്നു അത്. പിന്നെ കത്തുകൾ എഴുതുന്നത് തുടർന്നു. എല്ലാ വിശേഷങ്ങളും ഞാൻ എഴുതി. എൻ്റെ കത്തുകൾ കഥകളാണെന്ന് അമ്മ പറഞ്ഞു. 

അമ്മയുടെ അഭാവം വല്ലാത്തൊരു ശൂന്യത എനിക്ക് ചുറ്റും പടർത്തി. നിരാശയുടെ ഇരുട്ട് എനിക്കുചുറ്റും കനത്തു. ഏകാന്തതയിൽഞാൻ വീണ്ടും അമ്മയ്ക്ക് കത്തുകൾ എഴുതി തുടങ്ങി. തപാലിൽ അയക്കാത്ത കത്തുകൾ. എല്ലാം ഞാൻ എഴുതി. എവിടെയോ എൻ്റെ കഥകൾ വായിക്കാൻ അമ്മ കാത്തിരിക്കുന്നു എന്ന് ഞാൻ വിശ്വസിച്ചു. 

ആത്മാവിൻ്റെ നോവുന്ന വിടവുകൾ നികത്താൻ അക്ഷരങ്ങൾക്ക് കഴിഞ്ഞു. മെല്ലെ മെല്ലെ പുലരിയിലെ മഞ്ഞു മായുന്നതുപോലെ നിരാശ അലിഞ്ഞു. 

മുംബൈയിലെ അഞ്ചാംനിലയിലെ എൻ്റെ ഫ്ളാറ്റിലെ ബാൽക്കണിയിൽ രാത്രിയുടെ നിശബ്ദതയിൽ ഇരിക്കുമ്പോൾ .. ആകാശത്തു നിലാവിൻ്റെ ഇതളുകൾ പൊഴിഞ്ഞു വീഴുമ്പോൾ .. അകലെനിന്ന് അലയടിക്കുന്ന തിരമാലകളുടെ ശബ്ദത്തിനായി ഞാൻ കാതോർക്കും. കാറ്റിന് ഒരു നന്ത്യാർവട്ടപൂവിൻ്റെ മണം ഉണ്ടാവും.

മരണം അതിൻ്റെ കൺകെട്ട് വിദ്യയിലൂടെ അമ്മയെ മായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് നഷ്ടപെട്ടത് നിലനിൽക്കാൻ ഒരിടമായിരുന്നു. ഒടുവിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വ്യക്തതയോടെ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി, അമ്മ ഒരാളായിരുന്നില്ല അമ്മ ഒരിടമായിരുന്നു എന്ന്. എനിക്ക് ഒടുങ്ങാനും.. വീണ്ടും തുടങ്ങാനും.. വീണ്ടും ഒടുങ്ങാനും.. വീണ്ടും തുടങ്ങാനും..  ഒരിടം.

 

ജയശങ്കർ ശങ്കരനാരായണൻ 

1968 നവംബർ 2 ന് ചങ്ങനാശേരിയിൽ ജനിച്ചു. അച്ഛൻ തൃക്കൊടിത്താനം ഇളയശ്ശേരിൽ വീട്ടിൽ ജി. ശങ്കരനാരായണൻ. അമ്മ പെരുന്ന കിഴക്ക് കൊച്ചുപറമ്പിൽ വീട്ടിൽ വി.പി. രാധമ്മ. ചങ്ങനാശേരി എസ്. എച്. സ്കൂളിലും, എസ്. ബി. കോളേജിലും, പുതുപ്പള്ളി ഐ. എച്. ആർ. ഡി. ഇ യിലും പഠിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മുംബയിൽ താമസിക്കുന്നു. ഭാര്യ - ഷീജ. മക്കൾ - ഋഷി, ഹരി.

Join WhatsApp News
Pushpamma Chandy 2024-11-30 12:07:52
Lots of memories something very similar came to my mind.. .. നല്ലെഴുത്ത് ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക