Image

ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡ്: കെ. എ ഫിലിപ്പ് മൈലപ്ര, പാസ്റ്റര്‍ മനു ഫിലിപ്പ്, പാസ്റ്റര്‍ മത്തായി സാംകുട്ടി ജേതാക്കള്‍

സാം കൊണ്ടാഴി Published on 29 November, 2024
ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡ്:   കെ. എ ഫിലിപ്പ് മൈലപ്ര, പാസ്റ്റര്‍ മനു ഫിലിപ്പ്, പാസ്റ്റര്‍ മത്തായി സാംകുട്ടി ജേതാക്കള്‍

കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ സമഗ്ര സംഭാവനക്കുള്ള വില്യംകേറി അവാര്‍ഡിന് ഇവാ.കെ.എ ഫിലിപ്പും, കെ.വി സൈമണ്‍ സാഹിത്യ അവാര്‍ഡിന് പാസ്റ്റര്‍ മനു ഫിലിപ്പും, വി. നാഗല്‍ കീര്‍ത്തന അവാര്‍ഡിന് പാസ്റ്റര്‍ മത്തായി സാംകുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട മൈലപ്ര സ്വദേശിയായ  കെ.എ ഫിലിപ്പ് ആറര പതിറ്റാണ്ടായി വേദ അദ്ധ്യാപകന്‍, നിരൂപകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. എട്ട് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ' മഹാനായ പൗലോസ' എന്ന തന്റെ പുസ്തകം ക്രൈസ്തവ സമൂഹത്തില്‍ ഏറെ ശ്രദ്ധ നേടിയ ഗ്രന്ഥമാണ്. ക്രൈസ്തവ ആനുകാലികങ്ങളില്‍ സ്ഥിരമായി രചനകള്‍ നിര്‍വ്വഹിക്കുന്ന കെ.എ ഫിലിപ്പ് അറുപതിലധികം ലഘുലേഖകള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ചിന്തിക്കേണ്ട യാഥാര്‍ത്ഥ്യങ്ങള്‍' എന്ന ലഘുലേഖ ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് ഉള്‍പ്പെടെ പതിനഞ്ച് ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലപ്ര ട്രാക്റ്റ് സൊസൈറ്റിയുടെ തുടക്കക്കാരില്‍ പ്രധാനിയായ കെ.എ ഫിലിപ്പ് കേരളത്തില്‍ ക്രൈസ്തവ ഭക്തി ഗാനങ്ങള്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. ഭാര്യ: ഗ്രേസിക്കുട്ടി, മക്കള്‍: ജെയ്‌സണ്‍, ജസ്റ്റസ്, ജസ്റ്റിന്‍

എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പാസ്റ്റര്‍ മനു ഫിലിപ്പ് എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്.  'സമുദ്രത്തില്‍ തുറക്കപ്പെട്ട വിശാല വീഥികള്‍', 'തൊട്ടറിവോ കേട്ടറിവോ', 'നിഴലും പൊരുളും ഒരു സമഗ്ര വീക്ഷണം' തുടങ്ങി ആറു ഗ്രന്ഥങ്ങളുടെ രചയിതാവാണ്. രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറായി വരുന്നു. 37 വര്‍ഷമായി അമേരിക്കയിലെ ഫ്‌ളോറിഡയില്‍ താമസിക്കുന്ന പാസ്റ്റര്‍ മനു ഫിലിപ്പ് ഐപിസി ഫാമിലി കോണ്‍ഫറന്‍സ്, പീസിനാക്ക് തുടങ്ങിയ പ്രധാന സമ്മേളനങ്ങളുടെ നോര്‍ത്ത് അമേരിക്കന്‍ റൈറ്റേഴ്‌സ് ഫോറം ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു തവണ നോര്‍ത്ത് അമേരിക്കന്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് നേടിയിട്ടുള്ള പാസ്റ്റര്‍ മനു ഫിലിപ്പിന് ഫൊക്കാന  ലിറ്റററി അവാര്‍ഡ്, ന്യൂയോര്‍ക്ക് ബിഗ് ബുക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: ജോയമ്മ . മക്കള്‍: ക്രിസ്റ്റീന, സ്റ്റീവന്‍.

ആറു പതിറ്റാണ്ടായി സുവിശേഷ രംഗത്ത് സജീവമായി നിലകൊള്ളുന്ന പാസ്റ്റര്‍ മത്തായി സാംകുട്ടി ഭക്തകവി, ഗാനരചിയിതാവ്, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. എന്റെ യേശു എനിക്ക് നല്ലവന്‍, കാല്‍വരിയില്‍ കാണും സ്‌നേഹം അത്ഭുതം, കൂരിരുള്‍ പാതയില്‍ ദീപമായ് എന്നു തുടങ്ങി 150 ല്‍ പരം ഗാനങ്ങളുടെ രചിയിതാവായ പാസ്റ്റര്‍ മത്തായി സാംകുട്ടി മലബാറിലെ ആദ്യകാല സുവിശേഷകനായ പന്തളം കൊച്ചുമത്തായിച്ചന്റെ മകനാണ്. തന്റെ ഗാനങ്ങളില്‍ അധികവും തീവ്രമായ ജീവിത അനുഭവങ്ങളില്‍ നിന്നും രചിക്കപ്പെട്ടവയാണ്. ചിക്കാഗോ പെന്തക്കോസ്ത് കമ്മ്യൂണിറ്റി മീഡിയ ഗ്രൂപ്പ്, ഹിസ് വോയ്‌സ് മ്യൂസിക് ടീം തുടങ്ങിയ നിരവധി സംഘടനകള്‍ ഈ അടുത്ത സമയത്ത് പാസ്റ്റര്‍ മത്തായി സാംകുട്ടിയെ ആദരിക്കുകയുണ്ടായി. കഴിഞ്ഞ അമ്പത് വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നു. ഭാര്യ; അക്കാമ്മ, മക്കള്‍: ജോളി, മാത്യു.

അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയ യോഗത്തില്‍ പ്രസിഡന്റ് ടോണി ഡി.ചെവ്വൂക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, രക്ഷാധികാരി ഇവാ.ജെ.സി ദേവ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു ജോര്‍ജ്ജ് പത്തനാപുരം, ട്രഷറര്‍ ലിജോ വര്‍ഗ്ഗീസ് പാലമറ്റം, മീഡിയ കണ്‍വീനര്‍ സാം കൊണ്ടാഴി എന്നിവര്‍ പ്രസംഗിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായി മാറാനാഥ വോയിസിന്റെ ചീഫ് എഡിറ്റര്‍ ഷാജി മാറാനാഥയെ തിരഞ്ഞെടുത്തു. ജനു.15 ന് പത്തനംതിട്ട സുവിശേഷാലയത്തില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

സാം കൊണ്ടാഴി
മീഡിയ കണ്‍വീനര്‍
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക