മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ശരിവച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ.
ഫലപ്രഖ്യാപന ശേഷം ദ വയറാണ് തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ആദ്യം പുറത്തുവിട്ടിരുന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നുവെന്നും എണ്ണിയപ്പോൾ അത് 64,592,508 വർധിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്. പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദ വയര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ 76 ലക്ഷം വോട്ടുകൾ കൂടി എന്നാണ് പരകാല പ്രഭാകർ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട മഹാരാഷ്ട്രയിലെ ക്ലോസ് അപ് പോളുകളും അന്തിമ കണക്കുകളും താരതമ്യം ചെയ്താണ് പ്രഭാകർ പൊരുത്തക്കേടുകൾ തുറന്നുകാട്ടുന്നത്.
തിരഞ്ഞെടുപ്പ് നടന്ന നവംബർ 20ന് 5 മണിക്ക് 58.22 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇത് രാത്രി 11.30 ആയപ്പോഴേക്കും 65.02 ശതമാനമായി കൂടി. വോട്ടെണ്ണലിന് മുമ്പ് വീണ്ടും വർധിച്ച് 66.05 ശതമാനമായി മാറി. മൊത്തം 7.8 ശതമാനമാണ് കൂടിയിരിക്കുന്നത്.തിരഞ്ഞെടുപ്പു കമ്മിഷന്റെ ചരിത്രത്തിൽ ഇതുവരെ താൽക്കാലിക കണക്കും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം ഒരിക്കലും ഒരു ശതമാനം കവിഞ്ഞിട്ടില്ല. എന്നാൽ മഹാരാഷ്ട്രയിൽ താൽക്കാലിക കണക്കിനും അന്തിമ കണക്കിനും ഇടയിൽ വലിയ വർധനവാണ് ഉണ്ടായതെന്നു പ്രഭാകർ പറയുന്നു.
മഹാരാഷ്ട്രയ്ക്കൊപ്പം വോട്ടെടുപ്പു നടന്ന ഝാർഖണ്ഡിൽ അഞ്ച് മണിക്കും രാത്രി 11.30നുമുള്ള പോളിങ് ശതമാനത്തിലെ വ്യത്യാസം 1.79 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അട്ടിമറി നടന്നിട്ടില്ലെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പിന്റെ മുഴുവൻ പ്രക്രിയയും കമ്മിഷന് വിഡിയോഗ്രാഫ് ചെയ്യേണ്ടിവരും. വിവിപാറ്റ് സ്ലിപ്പുകളും കണക്കെടുക്കണം. എന്നാൽ വിഡിയോഗ്രാഫ് എവിടെ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമീഷന് ഉത്തരമില്ല. അതിന് വിശദീകരണം നൽകാൻ അവർക്ക് കഴിയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയപ്പോഴും മറുപടി ഉണ്ടായിരുന്നില്ലെന്ന് പരകാല പ്രഭാകർ ആരോപിക്കുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള ദി വയറിന്റെ റിപ്പോര്‍ട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.