ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് യുഎസ് നേതാക്കളോട് പ്രവാസി സംഘടനയായ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ (എഫ് ഐ ഐ ഡി എസ്) ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അവർ കത്തയച്ചു.
ട്രംപിനുള്ള കത്തിൽ പ്രസിഡന്റ് ഖണ്ഡേറാവു കാൻഡ് എഴുതി: "ബംഗ്ലാദേശ് അതിവേഗത്തിൽ ഇസ്ലാമിക തീവ്രവാദ രാഷ്ട്രമായി മാറുകയാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റും യുഎന്നും ഇത് തടയാൻ നടപടി എടുക്കണം.
"ജനാധിപത്യത്തെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങയുടെ പുതിയ ഭരണകൂടവും ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കയും ചെയ്യാൻ നടപടി എടുക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു."
ബംഗ്ളാദേശിൽ ജനാധിപത്യം സംരക്ഷിക്കാനും നാടിൻറെ പുരോഗതി കാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ബൈഡനോട് അപേക്ഷിച്ചു.
ഓഗസ്റ്റ് 5നു ഷെയ്ഖ് ഹസീനയുടെ പലായനത്തിനു ശേഷം ഹിന്ദുക്കളെതിരെ ആക്രമണം ആരംഭിച്ചത് ഇസ്ലാമിക തീവ്രവാദികളാണെന്നു എഫ് ഐ ഐ ഡി എസ് ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങൾക്കു നേരെ ആക്രമണം പതിവായി.
ഹിന്ദു നേതാവ് ചിന്മയി കൃഷ്ണ ദാസിനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയതുമില്ല.
FIIDS seeks US help in Bangladesh