സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്. മലപ്പുറം കോട്ടക്കൽ നഗരസഭയിൽ വൻ ക്രമക്കേട് കണ്ടെത്തി. കോട്ടക്കൽ നഗരസഭയിൽ വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ് ഉത്തരവിട്ടു. ഏഴാം വാർഡിലെ പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹർ ആണെന്ന കണ്ടെത്തലിലാണ് നടപടി. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാൾ മരണപ്പെട്ടു. ബിഎംഡബ്‌ള്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്. ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി.
കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും ധന മന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി.