Image

നന്ദി...നിരന്തരം നന്ദി.... (കവിത - മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 29 November, 2024
നന്ദി...നിരന്തരം നന്ദി.... (കവിത - മാര്‍ഗരറ്റ് ജോസഫ്)

ഔങ്കാര മാരോ മുഴക്കുന്ന വേദിയില്‍,
ആത്മപ്രഭാങ്കുരമായി.
ആയുസ്സില്‍ നീളമളക്കുന്ന ശക്തിക്ക്,
ജീവസ്്പന്ദനങ്ങളാല്‍ നന്ദി,
നന്ദി..... നിരന്തരം നന്ദി....
സര്‍വചരാചര സ്വരരാഗധാര,
സംഗീതസാന്ദ്രമായ് നീളെ,
സര്‍ഗ്ഗസൗന്ദര്യത്തികവാര്‍ന്ന ഭൂമിയില്‍,
സ്‌നേഹാര്‍ദ്ര ബന്ധിനമേകി,
സൗഭഗതീരത്തണയ്ക്കുവാനായ് സദാ,
കൈപിടിച്ചാനയിക്കുന്ന,
ജീവദശകളെ യൂട്ടി വളര്‍ത്തുന്ന
രക്തബന്ധങ്ങളേ നന്ദി;
നന്ദി...നിരന്തരം നന്ദി....
വായുവും വെള്ളവും മണ്ണും വെളിച്ചവും,
സസ്യജാലങ്ങളുമൊത്ത്,
കാറ്റായ്, മഴയാ,യിടിയാ, യിടയ്ക്കിടെ-
സാഗരഗര്‍ജ്ജനമായി,
അട്ടഹാസങ്ങളും കളകൂജനങ്ങളും,
ചിരിയും കരച്ചിലുമായി,
സ്വര്‍ഗ്ഗം ചമച്ചിടുന്നോരോ ഋതുവിലും,
നന്ദി..... നിരന്തരം നന്ദി.....
ജീവിക്കുവകാശമാകുമിപ്പാരിടം,
താവളമായ് മൃതിയോളം,
പഞ്ചേന്ദ്രിയം വരദാനമാം മര്‍ത്ത്യന്, 
പാവനമായ നിയോഗം,
ചിന്തയാല്‍, വാക്കാല്‍, പ്രവൃത്തിയാലേവര്‍ക്കും,
കൈവന്ന നന്മകള്‍ക്കെല്ലാം,
നിത്യം കൃതജ്ഞത ചൊല്ലാതെങ്ങെനെ,
ജന്മം കൃതാര്‍ത്ഥമായ്ത്തീരും?
ദുഃഖസുഖമയയാത്രയിലിത്തിരി-
പ്രത്യാശ കൈവരീച്ചീടാന്‍,
എത്ര വിചിത്രമാംദൃശ്യങ്ങളെമ്പാടും,
നിത്യം ചലച്ചിത്രതുല്യം,
നാവിനാല്‍ നന്ദിയോതാന്‍-കഴിയുന്നവര്‍,
മാനവരെല്ലാതെയാര്?
നന്ദി.... നിരന്തരം നന്ദി....
നന്ദി....നിരന്തരം നന്ദി.
 

Join WhatsApp News
Jayan varghese 2024-11-29 17:35:31
നമ്മുടെ സമകാലീന മലയാള കവികളിൽ മുൻനിര സ്ഥാനം അലങ്കരിക്കുന്ന ഒരാളാണ് ശ്രീമതി മാർഗരറ്റ് ജോസഫ്. വളരെ ആഴത്തിലുള്ള അവരുടെ ചിന്തകൾ അക്ഷര രൂപം പ്രാപിക്കുന്നവയാണ് ആ കവിതകൾ. സംസ്ക്കാരങ്ങളെ രൂപപ്പെടുത്തേണ്ട ബൗദ്ധിക വ്യാപാരങ്ങളെ തള്ളിക്കളഞ്ഞ ഒരാൾക്കൂട്ടം മാത്രമായ ഒരു സമൂഹത്തിൽ അവർ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് സ്വാഭാവികം. ഒരു നാടിൻറെ ധാർമ്മിക തകർച്ചയുടെ ബലിയാടായി മൂക്കില്ലാത്തവരുടെ നാട്ടിൽ കസ്തൂരി വിൽക്കാനിറങ്ങിയ നിര്ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ അവരുമുണ്ട്. വീഴ്ചകളിൽ നിന്ന് ഊർജ്ജം സ്വീകരിക്കാനുള്ള കരുത്തു നേടി അവർ മുന്നോട്ടു കുതിക്കട്ടെ എന്നാശംസിക്കുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക