Image

നീന്തല്‍ താരം വില്‍സന്‍ ചെറിയാന്‍ വിരമിക്കുന്നു

സനില്‍ പി.തോമസ് Published on 29 November, 2024
 നീന്തല്‍ താരം വില്‍സന്‍ ചെറിയാന്‍ വിരമിക്കുന്നു

രാജ്യാന്തര നീന്തല്‍ താരം വില്‍സന്‍ ചെറിയാന്‍ നാളെ (30)സര്‍വീസില്‍ നിന്നു വിരമിക്കുന്നു.43 വര്‍ഷമായി റയില്‍വേസിലുള്ള വില്‍സന്‍ ചെന്നൈ ഐ.സി.എഫില്‍ സീനിയര്‍ സ്‌പോര്‍ട്‌സ് ഓഫിസര്‍ തസ്തികയില്‍ നിന്നാണു വിരമിക്കുന്നത്. ഇന്ന് ചെന്നൈ പളനിസ്വാമി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ യാത്രയയപ്പ് ചടങ്ങില്‍ ചെന്നൈയില്‍ ജോലി നോക്കുന്ന ഒട്ടേറെ മലയാളി താരങ്ങള്‍ പങ്കെടുത്തു.


ഷൈനിയും വില്‍സനും എനിക്ക്  കുടുംബ സുഹൃത്തുക്കളാണ്. അവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വന്ദന റാവുവുമൊത്താണ് അന്ന് വിവാഹത്തിനു പോയത്.വില്‍സനും ഷൈനിയും കോട്ടയത്ത് എന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.ചെന്നൈയില്‍ അവരുടെ റയില്‍വേ ക്വാര്‍ട്ടേഴ്സില്‍ പല തവണ പോയിട്ടുണ്ട്.


അംഗീകാരങ്ങള്‍ക്കു പുറകെ പോയിട്ടില്ലാത്ത, എന്നും ഒതുങ്ങി ജീവിക്കുന്ന  വില്‍സന്‍ ഒരിക്കല്‍ മാത്രം എന്നെ വിളിച്ചൊരു സങ്കടം പറഞ്ഞു.2015ല്‍ ദേശീയ ഗെയിംസ് കേരളത്തില്‍ നടന്നപ്പോഴായിരുന്നത്.ദേശീയ ഗെയിംസില്‍ 11 സ്വര്‍ണം നേടിയ തന്റെ നേട്ടം ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നായിരുന്നു പരിഭവം.  വില്‍സനും ഷൈനിക്കും ദേശീയ ഗെയിംസില്‍ തുല്യനേട്ടമാണ്. പക്ഷേ, വില്‍സന്റെ നേട്ടം സ്‌പോര്‍ട്‌സ് ലേഖകര്‍ കാണാതെ പോയി. വില്‍ 
സന്റെ പകുതി നേട്ടം കൈവരിച്ച വരെ വരെ അവതരിപ്പിച്ച റിപ്പോര്‍ട്ടര്‍മാര്‍ വില്‍സനെ മറന്നത് മനപ്പൂര്‍വമായിരിക്കില്ല. പക്ഷേ, വില്‍സനെ അത് വല്ലാതെ വിഷമിപ്പിച്ചു.തമിഴ്‌നാട്ടില്‍ ജോലി ചെയ്യുമ്പോഴും കേരളത്തിനു വേണ്ടിയാണ് വില്‍സന്‍ ദേശീയ ഗെയിംസില്‍ മത്സരിച്ചതും മെഡല്‍ നേടിയതും.1985ലും 87ലും ആയിരുന്നത്. രണ്ട് ഗെയിംസിലായി  11 സ്വര്‍ണം.


പാലാ ചക്കാലയില്‍ സി.കെ. ചെറിയാന്റെ പുത്രന്‍ വില്‍സന്‍ ചെറിയാന്‍ 1980 മുതല്‍ 91 വരെ ദേശീയ ചാംപ്യന്‍ ആയിരുന്നു. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി.


1982 ലെ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ നാലാമതും 200 മീറ്ററില്‍ അഞ്ചാമതുമെത്തി.
1986 ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററില്‍ ആറാം സ്ഥാനം.അര്‍ജുന അവാര്‍ഡ് നേടുന്ന ആദ്യ നീന്തല്‍ താരം.1990 ല്‍ റോമില്‍ ലോക റയില്‍വേ  മീറ്റില്‍ രണ്ടു സ്വര്‍ണവുമായി മികച്ച നീന്തല്‍ താരം. നാലു സാഫ് ഗെയിംസിലായി 11 സ്വര്‍ണം.എന്നാല്‍  വില്‍സന് അര്‍ഹമായ അംഗീകാരം കിട്ടിയിട്ടില്ല എന്നാണ് എന്റെ പക്ഷം.അര്‍ജുന അവാര്‍ഡ് ആശ്വാസം മാത്രം.വില്‍സന്റെ അനുഭവ സമ്പത്ത് ഭാവി താരങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തണം. പരിശീലകനായി വില്‍ സന് ശോഭിക്കാന്‍ കഴിയട്ടെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക