പോണ്‍വീഡിയോ നിര്‍മിച്ച് വിതരണം ചെയ്തുവെന്ന കേസില്‍ ബിസിനസുകാരനും ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ വീടും ഓഫിസുകളും റെയ്ഡ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോണ്‍വീഡിയോ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് 15ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.
ഹോട്ട്ഷോട്ട്സ് എന്ന ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ആപ് വഴിയായിരുന്നു രാജ് കുന്ദ്ര പോണ്‍ വീഡിയോകള്‍ വിതരണം ചെയ്തു വന്നിരുന്നത്. ആപ്പിള്‍, ഗൂളില്‍ പ്ലേസ്റ്റോര്‍ പ്ലാറ്റ്ഫോമുകളില്‍ ഈ ആപ് നേരത്തേ ലഭ്യമായിരുന്നു. ആപ്പിനെതിരേ അന്വേഷണ ഏജന്‍സികള്‍ രംഗത്തുവന്നതോടെ ഇത് നീക്കം ചെയ്യുകയായിരുന്നു ആപ്പിളും ഗൂഗിള്‍ പ്ലേ സ്റ്റോറും.
യുകെയില്‍ ഇത്തരം വീഡിയോകള്‍ അപ് ലോഡ് ചെയ്യുകയും സ്ട്രീം ചെയ്യുകയും ചെയ്യുന്ന യുകെ ആസ്ഥാനമായ കെന്റിന്‍ പ്രൈവറ്റ് ലിമിറ്റഡ് രാജ് കുന്ദ്രയുടെ കമ്പനിയായ ആംസ്പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഈ ആപ്പ് വിറ്റുവെന്ന് ഇഡിയുടെ കേസില്‍ ആരോപിക്കുന്നുണ്ട്. വെബ് സീരീസിനു വേണ്ടിയുള്ള ഓഡിഷനെന്ന വ്യാജേന നടിമാരെ വിളിച്ചുവരുത്തി നഗ്‌നവും അര്‍ധനഗ്‌നവുമായ രംഗങ്ങള്‍ ചിത്രീകരിച്ച് ആപ് വഴി സ്ട്രീം ചെയ്യുകയായിരുന്നു രാജ് കുന്ദ്ര ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറയുന്നു. 119 നീലച്ചിത്രങ്ങള്‍ 12 ലക്ഷം യുഎസ് ഡോളറിന് വില്‍ക്കുന്നതിന് രാജ് കുന്ദ്ര കെന്‍ റിനുമായി ചര്‍ച്ച നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ നേരത്തേ പോലീസിനു ലഭിച്ചിരുന്നു.