Image

ചിരിപ്പിച്ചും പേടിപ്പിച്ചും കണ്ണു നനയിച്ചും ഈ മമ്മി ('ഹലോ മമ്മി' റിവ്യൂ)

Published on 29 November, 2024
ചിരിപ്പിച്ചും പേടിപ്പിച്ചും കണ്ണു നനയിച്ചും ഈ മമ്മി ('ഹലോ മമ്മി' റിവ്യൂ)

കോമഡിയും ഹൊററും കൂടി ഒരുമിച്ചു വന്നാല്‍ എങ്ങനെയുണ്ടാകും. അതാണ് വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത 'ഹലോ മമ്മി' . സ്‌നേഹിച്ച്മതിവരാതെ നമ്മളില്‍ നിന്നും എന്നന്നേയ്ക്കുമായി അകന്നു പോയവര്‍ നമ്മുടെ കൂടെയുള്ള ഒരു ജീവിതത്തെ കുറിച്ച് ആലോചിക്കാറുണ്ടോ. അതാണ് 'ഹലോ മമ്മി' യിലൂടെ സംവിധായകന്‍ പറയുന്നത്. മകളെ സ്‌നേഹിച്ച് കൊതി തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് ഈ ചിത്രം. സമീപകാലത്ത് കണ്ടിട്ടില്ലാത്ത വിധം പ്രേക്ഷകനെ രസിപ്പിച്ചും പേടിപ്പിച്ചും മുന്നേറുന്ന സംഭവ വികാസങ്ങള്‍ കൊണ്ട് സമ്പന്നമായ കഥ. മലയാള സിനിമയില്‍ സമീപകലത്തുണ്ടായ ത്രില്ലര്‍ ജോണര്‍ സിനിമകളുടെ പൂരത്തിനിടയിലും വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്ന ചിത്രമാണ് 'ഹലോ മമ്മി'. പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിലൂടെ തിയേറ്ററുകളില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞ ചിത്രം.

അവിവാഹിതനായ ബോണി പൊതുവേ അലസനും ഉത്തരവാദിത്വ ബോധമില്ലാത്തവനുമായ ചെറുപ്പക്കാരനാണ്. വീണ്ടുവിചാരവുമില്ല. സ്വന്തമായി ഒരു പെറ്റ്‌ഷോപ്പ് നടത്തുകയാണ് അയാള്‍. അയാളുടെ ഉഴപ്പ് സ്വഭാവം മാറാനും നന്നായി ജീവിക്കാനും അയാളെ കൊണ്ടു പെണ്ണു കെട്ടിക്കാന്‍ ശ്രമിക്കുകയാണ് അമ്മ. കൂടാതെ അയാളെ സമാസമവും ഉപദേശിക്കാന്‍ അച്ഛനും പെങ്ങളും അളിയനും കൂടെയുണ്ട്. ബോണിയുടെ അളിയന്‍ തോമാച്ചന് മാര്യേജ് ബ്യൂറോയാണ്. ബോണിയെ പെണ്ണുകെട്ടിക്കുക എന്ന ദൗത്യം ഒരു ഘട്ടത്തില്‍ തോമാച്ചനും കൂടി ഏറ്റെടുക്കേണ്ടി വരുന്നു. അതോടെ കാര്യങ്ങള്‍ വേഗത്തിലാകുന്നു. ഒടുവില്‍ ബോണിയെ ഒരു പെണ്ണുകാണല്‍ ചടങ്ങിലേക്ക് എത്തിക്കുകയാണ് പെങ്ങളും അളിയന്‍ തോമാച്ചനും കൂടി.

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെങ്കിലും പെണ്ണ് കാണാന്‍ പോയ ബോണിക്ക് ആദ്യ കാഴ്ചയില്‍ തന്നെ സ്റ്റെഫിയെ ഇഷ്ടമായി. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചു പോയ, പിന്നീട് അച്ഛന്‍ വളര്‍ത്തിയ കുട്ടിയാണ് സ്‌റ്റെഫി. അവള്‍ക്കും അച്ഛനും ഒരൊറ്റ ഡിമാന്‍ഡ് മാത്രമേയുള്ളൂ. വിവാഹശേഷം ബോണി അവര്‍ക്കൊപ്പം നില്‍ക്കണം. ബോണിക്കതില്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നും തോന്നിയില്ല. അതുകൊണ്ടു തന്നെ അയാള്‍ അതിനു സമ്മതിച്ചു. എന്നാല്‍ ഈ ഡിമാന്‍ഡ് ബോണിയുടെ മാതാപിതാക്കള്‍ക്ക് ആദ്യം അത്ര സ്വീകാര്യമാകുന്നില്ല. എന്നാല്‍ അവര്‍ പിന്നീട് മകന്റെ ഇഷ്ടത്തിന് വഴങ്ങുകയാണ്. എന്നാല്‍ സ്റ്റെഫി ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ബോണിയോട് മരിച്ചു പോയ തന്റെ അമ്മ കൂടെയുണ്ടെന്ന് പറയുന്നു. അത് സമ്മതമാണെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കാവൂ. സ്റ്റെഫി പറഞ്ഞത് അത്ര സീരിയസായി എടുക്കാതിരുന്ന ബോണി വിവാഹത്തിന് സന്തോഷപൂര്‍വം സമ്മതിച്ചു. എന്നാല്‍ വിവാഹരാത്രി തന്നെ സ്റ്റഫി പറഞ്ഞത് സത്യമാണെന്ന് ബോണിക്ക് മനസ്സിലാകുന്നു. തുടര്‍ന്നുണ്ടാകുന്ന നര്‍മ്മവും ഭയവും ത്രില്ലും നിറഞ്ഞ സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

ഇന്നോളം ചെയ്ത് കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായികോമഡിയുടെ ട്രാക്കില്‍ സഞ്ചരിച്ച് വിജയം കാണുകയാണ് സ്റ്റെഫിയായി വന്ന ഐശ്വര്യ ലക്ഷ്മി. അല്‍പ്പമൊന്നു പിഴച്ചാല്‍ പാളിപ്പോകാവുന്ന കഥാപാത്രം ഐശ്വര്യയുടെ കൈകളില്‍ ഭദ്രമായിരുന്നു. അത്ര കൈയ്യടക്കത്തോടെയാണ് അവര്‍ സ്റ്റെഫിയെ അവതരിപ്പിച്ചത്. തന്റെ മുന്‍കാല പതിവു ചിത്രങ്ങള്‍ പോലെ തന്നെ കോമഡി കലര്‍ന്ന കഥാപാത്രം ഷറഫുദ്ദീന്‍ ഗംഭീരമാക്കി. ഇരുവരുമൊത്തുള്ള കോമ്പിനേഷന്‍ സീനുകള്‍ മനോഹരമായിരുന്നു. പ്രത്യേകിച്ച് കോമഡി രംഗങ്ങളില്‍ ഇരുവരും ഒന്നിനൊന്ന് മികച്ചു നിന്നു. ജഗദീഷിന്റെ പ്രൊഫസര്‍ സാമുവല്‍, സര്‍പ്രൈസ് കഥാപാത്രമായെത്തിയ ബിന്ദു പണിക്കര്‍, വില്ലന്‍ വേഷത്തിലെത്തിയ ഹിന്ദു ടെലിവിഷന്‍ താരം സണ്ണി ഹിന്ദുജ എന്നിവരും ഗംഭീര പ്രകടനം നടത്തി. അജു വര്‍ഗ്ഗീസ്, ജോമോന്‍ ജ്യോതിര്‍, ജോണി ആന്റണി, ഗംഗാ മീര, അദ്ര ജോ, ശ്രുതി സുരേഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്ന പ്രകടനം കാഴ്ച വച്ചു.

ഫാന്റസിയും നര്മ്മവും ഒരുപോലെ കൂട്ടിയിണക്കി എടുത്ത ചിത്രത്തില്‍ ഹൊറര്‍ കോമഡി മാത്രമല്ല, ബന്ധങ്ങളുടെ ഊഷ്മളതയും പകര്‍ന്നിട്ടുണ്ട് സംവിധായകന്‍. കൂടാതെ അമ്മയും മകളുമായുളള സ്‌നേഹത്തിന്റെ ആഴവും പരപ്പും പലപ്പോഴും പ്രേക്ഷകന്റെ കണ്ണ് നനയിക്കുകയും ചെയ്യും.

സാന്‍ജോ ജോസഫ് തിരക്കഥയെഴുതിയ ചിത്രത്തെ പ്രവീണ്‍ കുമാറിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും ജോക്‌സ് ബിജോയിയുടെ സംഗീതവും കൂടുതല്‍ മനോഹരമാക്കുന്നു. കോമഡിയും ആക്ഷനും എന്റര്‍ടെയ്ന്‍മെന്റും സെന്റിമെന്റ്‌സും ഹൊററും എല്ലാം സമാസമം ചേര്‍ത്തൊരുക്കിയ ഒരുഗ്രന്‍ ഫീസ്റ്റാണ് 'ഹലോ മമ്മി'. മിസ്സാക്കല്ലേ...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക