രക്തം ധമനികളിലൂടെ ഊര്‍ജത്തിലേയ്‌ക്കൊഴുകി ഇരമ്പിയെത്തി തലപ്പൊക്കത്തിനപ്പുറത്തേയ്ക്ക് മിന്നല്‍ പിണരായി മാറുന്ന അത്യുഗ്ര സ്മാഷുകള്‍... അടിയുടെ തടയുടെ പോരാട്ട വീര്യത്തിന്റെ മസില്‍ പവറിന്റെ കേളീമികവില്‍ ഗാലറികള്‍ ത്രസിക്കുമായിരുന്നു... കാല്‍ പെരുവിരലിലമര്‍ന്ന് ചാടിഉയര്‍ന്ന് കൈപ്പന്തിനെ തീപാറും വേഗത്തിന്റെ ഊക്കോടെയടിച്ചിട്ട് ലോകോത്തര വിജയങ്ങള്‍ വെട്ടിപ്പിടിച്ച ഇന്ത്യന്‍ വോളീബോള്‍ ഇതിഹാസവും കേരളത്തിന്റെ കായിക പുത്രനുമായ ജിമ്മി ജോര്‍ജ് വിടപറഞ്ഞിട്ട് നാളെ (നവംബര്‍ 30) 37 വര്‍ഷമാവുന്നു.
വോളീബോള്‍ പ്രേമികള്‍ സ്‌പോാര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ആരാധിക്കുന്ന ജിമ്മിയുടെ സ്മാഷുകളേറ്റ ബോള്‍ കോര്‍ട്ടിന്റെ സമതലങ്ങളില്‍ ഉഗ്രവേഗത്തിലാണ് പതിക്കുന്നത്. ഇരിപ്പിടങ്ങളില്‍ നിന്നും ആവേശം അണപൊട്ടിയൊഴുകിത്തിമിര്‍ത്ത് മേഘ മേലാപ്പില്‍ ഒരു വെള്ളിടിമിന്നലായി ആ വോളിബോള്‍ എതിരാളികളെ നിഷ്പ്രഭമാക്കും. കാലില്‍ ചിറകുകളുള്ള ഹെര്‍മീസ് ദേവനായിരുന്നു ജിമ്മി ജോര്‍ജ്. വലയ്ക്ക് മുകളില്‍ ഉയര്‍ന്നു ചാടി ശരവേഗമാര്‍ന്ന സ്മാഷുകള്‍ തൊടുക്കുന്ന ദേവന്‍. എതിരാളിയുടെ നെഞ്ച് തുളച്ചാണ് ആ ജമ്പ് സര്‍വ്വുകള്‍ മണ്ണില്‍ പതിച്ചത്.
നമ്മുടെ സ്വപ്ന വിജയത്തിന്റെ ഉയരങ്ങള്‍ ഭേദിച്ച് ട്രോഫിയില്‍ മുത്തിമിടുന്ന ഒട്ടേറെ മോഹനിമിഷങ്ങള്‍ ജിമ്മി ജോര്‍ജ് മനുക്ക് സമ്മാനിച്ചിട്ടുണ്ട്. നെറ്റിന് അഭിമുഖമായി ഒരു മഹാമേരു കണക്കെ കാവലായ് നിന്ന് പന്തടിച്ചിട്ട് മൈതാനത്ത് പ്രകമ്പനം സൃഷ്ടിച്ച് വോളിബോള്‍ പ്രേമികളുടെ ഹൃദയം കീഴടക്കിയ പ്രിയങ്കരനായ ജിമ്മി ജോര്‍ജിന്റെ ജീവസുറ്റ കായികാഭിനിവേശത്തിന്റെയും ദീപ്ത സ്മരണകളുടെയും വേലിയേറ്റമാണീ ഓര്‍മ ദിവസത്തില്‍.
രാജ്യാന്തര വോളീബോള്‍ സമക്ഷത്തിലേയ്ക്ക് കായിക കേരളം സമ്മാനിച്ച അത്യുല്യ പ്രതിഭ...അതെ, അത് നമ്മുടെ സ്വന്തം ജിമ്മി ജോര്‍ജ് മാത്രമാണ്. ഏഴടി ഉയരത്തിന്റെ ഈ അഭിമാന ഭാജനം ഇന്ത്യന്‍ വോളിബോളിന്റെ എക്കാലത്തെയും ശക്തി ദുര്‍ഗമാണ്. ഏഷ്യാ ഭൂഖണ്ഡവും താണ്ടി ലോക വോളീബോള്‍ കോര്‍ട്ടുകളില്‍ ഉശിരിന്റെ പര്യായമായി നമ്മെ രോമാഞ്ചമണിയിച്ച ഈ അതികായന് തുല്യം അദ്ദേഹം മാത്രം.
കണ്ണൂര്‍ പേരാവൂര്‍ ഗ്രാമത്തിലെ വോളിബോള്‍ കോര്‍ട്ടുകളില്‍ നിന്നും ഉതിര്‍ന്ന് തുടങ്ങിയ ജിമ്മി ജോര്‍ജിന്റെ സ്മാഷുകള്‍ യൂറോപ്പിലെ ലീഗുകളില്‍ വരെ പ്രഹരമേറ്റിറങ്ങിയതോടെയാണ് താരം ഇന്ത്യന്‍ വോളിബോളിന്റെ മുഖമായി മാറിയത്. വോളിബോളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 സ്‌പൈക്കര്‍മാരില്‍ ഒരാളായ ജിമ്മി 1955 മാര്‍ച്ച് 8-ന് കുടക്കച്ചിറ തറവാട്ടിലെ ജോര്‍ജ്ജ് ജോസഫിന്റെയും മേരി ജോര്‍ജ്ജിന്റെയും രണ്ടാമത്തെ മകനായി ജനിച്ചു.
പാരമ്പര്യമായി വോളിബോള്‍ കുടുംബമായിരുന്നു ജിമ്മിയുടേത്. ജിമ്മി ജോര്‍ജ്ജിനും സഹോദരന്മാര്‍ക്കും വോളീബോളിന്റെ ഹരീശ്രീ പഠിപ്പിച്ചു കൊടുത്തത് പിതാവായിരുന്നു. ആ ബാലപാഠങ്ങള്‍ ആധാരമാക്കിയ ജിമ്മി ഇന്ത്യന്‍ വോളിബോളിലെ ഇതിഹാസ താരങ്ങളുടെ ഗണത്തിലേക്ക് റോക്കറ്റ് വേഗത്തില്‍ സ്മാഷ് ചെയ്ത് കയറുകയായിരുന്നു. ഇന്ത്യയിലെ ഒരു സ്‌പോര്‍ട്ട്‌സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോര്‍ജ്ജിനു ലഭിച്ചു. 21-ാം വയസില്‍ അര്‍ജുന അവാര്‍ഡ് നേടിയതോടെ, ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടം ജിമ്മി സ്വന്തമാക്കി. പിന്നാലെ യൂറോപ്യന്‍ പ്രൊഫഷണല്‍ ലീഗില്‍ കളിക്കാനിറങ്ങുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം കൂടി ജിമ്മിയെ തേടിയെത്തി.
1970-ലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന ജിമ്മി പിന്നീട് പാല സെന്റ് തോമസ് കോളേജ് ടീമിലും അംഗമായി. കേരള യുണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ നാല് തവണയും യുണിവേഴ്‌സിറ്റിക്ക് അന്തര്‍ സര്‍വ്വകലാശാല കിരീടം നേടിക്കൊടുക്കാന്‍ ജിമ്മിക്ക് കഴിഞ്ഞു. 1971-ല്‍ 16-ാം വയസില്‍ കേരള ടീമിലേക്ക് എത്തിയ ജിമ്മി നീണ്ട 11 വര്‍ഷം ടീമിലെ പ്രധാന താരമായിരുന്നു. 1976-ല്‍ കേരള പോലീസിന്റെ ടീമില്‍ അംഗമായ ജിമ്മി വോളിബോള്‍ കോര്‍ട്ടിനോടും ലോകത്തോടും വിട പറയുന്നത് വരെയും പോലീസ് ടീമിലെ അംഗമായിരുന്നു.
79-ല്‍ സര്‍വീസില്‍ നിന്നും ലീവെടുത്ത് അബുദാബി സ്‌പോര്‍ട്‌സ് ക്ലബിനായി കളിക്കാന്‍ പോയതോടെയാണ് ജിമ്മി വോളിബോളിന്റെ ആഗോള മുഖമായി മാറിയത്. അബുദാബി സ്‌പോര്‍ട്‌സ് ക്ലബിനൊപ്പവും തന്റെ മികച്ച പ്രകടനം തുടര്‍ന്ന താരം അന്നാട്ടിലെ മികച്ച കളിക്കാരന്‍ എന്ന ഖ്യാതി നേടിയെടുത്തു. പിന്നീട് 1982-ല്‍ ഇറ്റലിയിലേക്ക് ചേക്കേറി. 1976-ലെ സോള്‍, 1978-ലെ ബാങ്കോക്ക്, 1986-ലെ സോള്‍ എന്നീ ഏഷ്യന്‍ ഗെയിംസുകളില്‍ ജിമ്മി ജോര്‍ജ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതില്‍ ഇന്ത്യ വെങ്കലം നേടിയ 86-ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതും ജിമ്മി ആയിരുന്നു. 10-ാം നമ്പര്‍ ജേഴ്‌സിയില്‍ തകര്‍ത്താടിയ ജിമ്മി എണ്‍പതുകളിലെ മികച്ച അറ്റാക്കര്‍മാരില്‍ പ്രമുഖനായിരുന്നു.
അകാലത്തില്‍ വേര്‍പിരിഞ്ഞെങ്കിലും മനസില്‍ തിരനാളമായി പ്രശോഭിക്കുന്ന ജിമ്മി ജോര്‍ജിന്റെ കരുത്ത് ഇറ്റലിയുടെ തെരുവുകളിലും മാറ്റൊലി കൊണ്ടു. ജിമ്മിയുടെ സ്മരണയ്ക്കായി ഇറ്റലിയില്‍ ഒരു സ്റ്റേഡിയമുണ്ട്. മോണ്ടിച്ചാരിയിലെ 'പാലാസ്‌പോര്‍ട്ട് ജിമ്മി ജോര്‍ജ്'. വോളീബോള്‍ എന്ന വികാരം അതിന്റെ തികവോടെയാണ് ജിമ്മി ജോര്‍ജ് നമുക്ക് പകര്‍ന്ന് തന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗശേഷവും ലോകമെമ്പാടും ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടക്കുന്നുണ്ട്. ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് അഭിമാനപൂര്‍വ്വം സമര്‍പ്പിക്കുന്ന 35-ാമത് ജിമ്മി ജോര്‍ജ് നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ്2025 മെയ് മാസം 24, 25 തീയതികളില്‍ നടക്കും.
ഒരു വിദേശ ക്ലബിനുവേണ്ടി കളിച്ച ഏക ഇന്ത്യന്‍ വോളീബോള്‍ കളിക്കാരനായ ജിമ്മി ജോര്‍ജ് 1987 നവംബര്‍ 30-ന് ഇറ്റലിയില്‍ ഉണ്ടായ കാറപകടത്തില്‍ അപ്രതീക്ഷിതമായാണ് വോളിബോള്‍ കോര്‍ട്ടിലെ ആരവങ്ങള്‍ക്കിടയില്‍ നിന്നും അതിരുകളില്ലാത്ത ലോകത്തേക്ക് പറന്നുപോയത്. ജിമ്മി ജോര്‍ജും സഹകളിക്കാരും സഞ്ചരിച്ച കാറിലേക്ക് ഒരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ജിമ്മി തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്നവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കരിയറില്‍ ഏറ്റവും തിളങ്ങിനില്‍ക്കുമ്പോള്‍, 32 വയസ്സ് മാത്രമുള്ളപ്പോഴാണ് ജിമ്മി വിടവാങ്ങുന്നത്. ജിമ്മി മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ലൗലി ജിമ്മി ജോര്‍ജ്ജ് ആറുമാസം ഗര്‍ഭിണിയായിരുന്നു. അദ്ദേഹത്തിന്റെ മരണം നടന്ന് രണ്ടു മാസത്തിനു ശേഷം ആയിരുന്നു പുത്രനായ ജോസഫ് ജിമ്മി ജോര്‍ജ്ജിന്റെ ജനനം.