നടപ്പുവര്‍ഷത്തെ രണ്ടാം പാദ ജിഡിപി കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ മുൻവർഷത്തെക്കാൾ വൻ ഇടിവ്. കഴിഞ്ഞ ജൂലൈ – സെപ്റ്റംബർ പാദത്തിൽ 8.1 ആയിരുന്ന വളർച്ച നിരക്ക് ഈ വർഷം 5.4 ശതമാനമായി കുറഞ്ഞു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഉദ്പാദന മേഖലയിലെ മോശം പ്രകടനത്തെയാണ് 2.7 ശതമാനത്തിൻ്റെ കുറവ് സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം ഏഴ് ശതമാനത്തിന് മുകളില്‍ റിസര്‍വ്വ് ബാങ്ക് അടക്കം വളര്‍ച്ച പ്രഖ്യാപിച്ച ഇടത്താണ് രണ്ടാം പാദത്തിലെ കൂപ്പുകുത്തല്‍.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ചാനിരക്ക് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉദ്പാദനം, ഉപഭോഗം, ഖനനം എന്നിവയിലെ വളർച്ചാ നിരക്ക് ഇടിഞ്ഞതാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്. 6.2 ശതമാനം മുതൽ 6.9 ശതമാനം വരെ വളർച്ച പ്രതീക്ഷിച്ച വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകൾക്കും താഴെയാണ് പുറത്തുവന്ന കണക്കുകൾ.
വളർച്ചാ നിരക്കിൽ കുറവ് ഉണ്ടായിരുന്നിട്ടും 4.6 ശതമാനം ജിഡിപി വളർച്ച റിപ്പോർട്ട് ചെയ്ത ചൈനയെ പിന്തള്ളി ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണ്. യുഎസ് 2.8 ശതമാനവും യുകെ 0.1 ശതമാനവുമാണ് ജൂലൈ – സെപ്റ്റംബർ മാസത്തിൽ ജിഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് ഇക്കാലയളവിൽ ജപ്പാൻ ശതമാനം വളർച്ചയും നേടി.