മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നു ഒരാഴ്ചയാകാറാകുമ്പോഴും മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്താതെ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പാണെന്നിരിക്കിലും നിലവിലെ മുന്നണിയുടെ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വൈകുകയാണ്.
സാധാരണ ഗതിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി വിജയിക്കുന്ന ഇടങ്ങളില്‍ കാലതാമസമില്ലാതെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കലും സത്യപ്രതിജ്ഞ ചടങ്ങ് നടത്തലുമാണ് പതിവ് .എന്നാൽ മഹാരാഷ്ട്രയിലെ സ്ഥിതി മറിച്ചാണ്.
ദേവേന്ദ്ര ഫഡ്നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നി മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതിയുടെ ബിഗ് 3 ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇടഞ്ഞുനില്‍ക്കുകയാണ്. അജിത് പവാറിന്റെ എന്‍സിപി ഫഡ്‌നാവിസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ശിവസേന ഇല്ലെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് ഇളക്കം തട്ടാനില്ല. ഈ സാഹചര്യത്തിലാണ് ഷിന്‍ഡെയുടെ പലതരത്തിലുള്ള പിണക്കവും പിന്മാറ്റവും രാഷ്ട്രീയ ചര്‍ച്ചയാവുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ വഴിമുട്ടിച്ച് ഏക്‌നാഥ് ഷിന്‍ഡേ തന്റെ ഗ്രാമത്തിലേക്ക് പോയതാണ് മുംബൈയില്‍ ഇപ്പോള്‍ ചര്‍ച്ച. വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റിവെയ്‌ക്കേണ്ട അവസ്ഥയിലേക്ക് ഷിന്‍ഡെയുടെ പോക്ക് കാര്യങ്ങള്‍ എത്തിച്ചു.