Image

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു (സിജി വൈലോപ്പിള്ളി)

Published on 30 November, 2024
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു (സിജി വൈലോപ്പിള്ളി)

ഏകദേശം 24 കൊല്ലങ്ങൾക്ക് അപ്പുറമുള്ള കഥയാണ്. ഞാൻ അന്ന് നവ വധുവായിരുന്നു . വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ ആയിട്ടുള്ളൂ. പുതിയ രാജ്യത്ത് വന്നതിൻ്റെ അങ്കലാപ്പ് ഉണ്ട്. ഭാഷ , വേഷം സംസ്കാരം ഒക്കെ പുതിയത് . ഒരുപാട് മഞ്ഞ് വീഴുന്ന സ്ഥലം. ആദ്യ മഞ്ഞ് ഒരു കുളിരായിരുന്നു പീന്നീട് ഉള്ളവ കനലായി. ഭർത്താവ് ജോലിക്ക് പോയാൽ വല്ലാത്ത ഏകാന്തത. കുറേ നേരം എന്തെങ്കിലും വായിക്കും. സോഷ്യൽ മീഡിയകൾ ഇല്ല. ഫോൺ ചെയ്ത് കുറേ സൊള്ളയടിക്കാൻ free calls ഇല്ല. വായന, പാട്ടു കേൾക്കൽ എന്നിങ്ങനെ കുറച്ച് നേരം പോക്കുകൾ ഉണ്ട്. ഏറ്റവും വലിയ നേരം പോക്ക് നാട്ട് ഭാഷയിൽ പറഞ്ഞാൽ വായിൽ നോട്ടം ആണ്. ചെറുപ്പം മുതൽ ആളുകളെ വീക്ഷിക്കുന്നത് എൻ്റെ ഏറ്റവും വലിയ ഹോബി ആയിരുന്നു അതിൽ ഒരു പ്രത്യേക ആനന്ദം എനിക്ക് ഉണ്ട്. അങ്ങിനെ എൻ്റെ അപ്പാർട്ട്മെൻ്റിൽ ഇരുന്ന് കൊണ്ട് അവിടെ താമസിക്കുന്ന സകലമാന ജനങ്ങളെയും ‘വീക്ഷിക്കുക ‘ എന്ന ദൗത്യം ഞാൻ ഏറ്റെടുത്തു. എല്ലാവരും ജീവിത തിരക്കിൽ ആണ്. രാവിലെ ജോലിക്ക് വേണ്ടി ഓടുന്നു വൈകീട്ട് തിരിച്ച് വരുന്നു. കുറച്ച് നേരം നടക്കുന്നു, ടി . വി കാണുന്നു ഉറങ്ങുന്നു..

ഒറ്റ മുറിയുള്ള അപ്പാർട്ട്മെൻ്റ് സമുച്ചയം ആയത് കൊണ്ട് കുട്ടികൾ ഒക്കെ ഉള്ളവർ അപൂർവ്വമായിരുന്നു. എൻ്റെ അപ്പാർട്ട്മെൻ്റിൻ്റെ തൊട്ട് ഇടത് വശത്ത് സ്വവർഗ്ഗ അനുരാഗികളായ രണ്ട് പുരുഷൻമ്മാരും വലത് ഭാഗത്ത് പ്രായം ചെന്ന ഒരു അമ്മൂമയും ആയിരുന്നു താമസി ച്ചിരുന്നത്. രണ്ട് പുരുഷന്മാരും വളരെ സൗഹൃദയരായിരുന്നു. അവരുടെ രണ്ട് പൂച്ചകളെ ഞാൻ കൊഞ്ചിക്കുകയും ഇടക്ക് എൻ്റെ അപ്പാർട്ട്മെൻ്റിലേക്ക് കൊണ്ട് വരികയും ചെയ്യും. അവർ എൻ്റെ മൃഗസ്നേഹത്തെ പ്രോത്സാഹിപ്പിച്ച്  ഒരു പൂച്ചയെ ദത്ത് എടുത്ത് സ്വന്തമാക്കണം എന്ന് ഉപദേശിക്കും. അവർക്ക് മുകൾ വശം തുറന്ന കാറുണ്ട് അതിൽ യാത്ര പോകലും ഗ്രില്ലിങ്ങും പാട്ടു കേൾക്കലുമൊക്കെയായി ഓരോ ദിവസവും അവർ അടിപൊളിയാക്കുന്നു.


വലത് ഭാഗത്തെ അമ്മൂമ്മ ഏകാകിയാണ്.. ഒറ്റക്കാണ് വരവും പോക്കും. എൺപത് വയസ്സിന് മേലേ പ്രായം വരും.  ഇടയ്ക്ക് ആരെങ്കിലും അവരുടെ വീട്ടിൽ വന്നാലായി എന്ന് മാത്രം. പൂച്ചെടികൾ വെക്കുന്നതിൽ അവർക്ക് കമ്പം ഉണ്ട്. രണ്ട് മൂന്ന് ചെടിച്ചെട്ടികളിൽ പൂച്ചെടികൾ ഉണ്ട്. പക്ഷേ ചൂടിൽ കരിഞ്ഞ് പോകുന്നു. കൃത്യമായി പരിപാലിക്കാൻ അവർക്ക് പറ്റുന്നില്ല എന്ന് ചെടികൾ കാണുമ്പോൾ അറിയാം. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവർ കരിഞ്ഞ ചെടികളെ യൊക്കെ പറിച്ചു കളഞ്ഞ് അതിൽ പ്ലാസ്റ്റിക്ക് പൂക്കൾ കുത്തി വെക്കാൻ തുടങ്ങി. എനിക്ക് ചെടി കളോട് ഇഷ്ടം ഉള്ളത് കൊണ്ട് വാതിലിന് അപ്പുറവും ഇപ്പുറവും പൂച്ചെടികളും കുറച്ച് തക്കാളി തൈകളും ഞാൻ നട്ടിരുന്നു. അതൊക്കെ ആവേശത്തോടെ വളർന്നു.. അമ്മൂമ ഇടക്ക് വന്ന് ചെടികളെ കുറിച്ച് ലോഹ്യം പറയും . അമ്മൂമ്മക്ക് ഒരു പൂച്ച കുട്ടി ‘പെറ്റ് ‘ആയിട്ടുണ്ട് പക്ഷേ പുറത്ത് ഇറക്കില്ല in door cat ആണ് എന്ന് പറഞ്ഞു. ഞാൻ in door പൂച്ചകളെ പറ്റി കേട്ടിട്ടില്ല. എൻ്റെ നാട്ടിലുള്ള പൂച്ചകൾക്ക് സ്വന്തമായി ഒരു വീട് എന്ന സങ്കൽപ്പം ഉണ്ടോ എന്നത് തന്നെ സംശയമായിരുന്നു. അയൽപക്കങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന് തിന്നുന്ന അലവലാതിത്വരം ബാധിച്ച പൂച്ചകളെ മാത്രം കണ്ട് പരിചയിച്ച എനിക്ക് അമ്മൂമ്മയുടെ പൂച്ച ഒരു അത്ഭുത ജീവിയായിരുന്നു. ഞങ്ങൾ പരസ്പരം കാണുമ്പോൾ പൂച്ചകളെ കുറിച്ചും ചെടികളെ കുറിച്ചും സംസാരിക്കും.

അപ്പാർട്ട്മെൻ്റിൽ ഞങ്ങൾക്ക് തുണി അലക്കാനൂള്ള ലോൺട്രി റൂം കോമൺ ആയിട്ടായിരുന്നു ഉണ്ടായിരുന്നത് . ഒരു quarter നാണയം ഇട്ടാൽ കഴുകി എടുക്കാം മറ്റൊന്ന് ഇട്ടാൽ ഉണക്കി എടുക്കാം. ലോണ്ട റി മുറി സഹ മനുഷ്യരെ കണ്ട് സംസാരിക്കുന്ന ഇടമാണ്. അമ്മൂമ്മയെ അവിടെ വെച്ച് ഇടക്കിടെ ഞാൻ കണ്ട് മുട്ടും. ലോണ്ടറി ബാസ്ക്കറ്റ് എടുക്കാൻ ഞാൻ സഹായിക്കുമ്പോൾ അവർ ‘നോ ‘ എന്ന് പറയും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ ചെയ്യുവാൻ പര സഹായം അവർ ആഗ്രഹിക്കുന്നില്ല. ശരാശരി മലയാളിയായ ഞാൻ അവരുടെ കുടുംബത്തെ കുറിച്ച് അറിയുവാൻ ബുദ്ധി പരമായ ശ്രമം നടത്തി. കൃസ്തുമസ്സിന് കുടുംബം വരുമോ എന്നിങ്ങനെയുള്ള അല്ലറ ചില്ലറ കൊച്ചു വർത്തമാനത്തിലൂടെ അവരുടെ കുടുംബത്തെ കുറിച്ച് ഞാൻ അറിഞ്ഞു . നാല് മക്കൾ ഉണ്ട് രണ്ട് പേര് അടുത്ത് തന്നെയുണ്ട്. മറ്റ് രണ്ട് പേര് ന്യൂയോർക്ക് നഗരത്തിലേക്ക് ചേക്കേറി. അടുത്ത് താമസിക്കുന്ന മക്കൾ ഇടക്ക് വരും. സുഖ വിവരം തിരക്കും . പിന്നെ എല്ലാ ഞായറാഴ്ചയും ചർച്ചിൽ പോകും അവിടെ ഒന്ന് രണ്ട് സുഹൃത്ത്ക്കൾ ഉണ്ട്. അങ്ങിനെ ജിവിതം നന്നായി പോകുന്നു. അവരുടെ ഏകാന്തമായ ജിവിതം എനിക്ക് അത്ഭുതമായിരുന്നു എങ്കിലും അവർ അതിൽ സന്തോഷിക്കുന്നു എന്ന് തോന്നി

.  “ പറ്റുന്നത് വരെ കാർ ഓടിക്കണം, സ്വന്തം കാര്യങ്ങൾ ഒറ്റക്ക് ചെയ്യണം . അത്രയും അത്യാവശ്യം ഉണ്ടെങ്കിൽ മക്കളുടെ സഹായം തേടണം “  അവർ പറഞ്ഞു.

എന്നെ പൊതിഞ്ഞിരുന്ന അഗാധമായ ഗൃഹാതുരതയെ അലിയിച്ചെടുക്കുവാൻ അവരുമായുള്ള കണ്ടു മുട്ടലുകളും അവരുടെ പോസ്റ്റീവ് ആയുള്ള സംസാരവും എന്നെ സഹായിച്ചു.

ഒരു നൊസ്റ്റു ജീവിയായി ജീവിച്ചിരുന്ന ഞാൻ വെറുതെ കുത്തിയിരിക്കാതെ പുതിയതായി എന്തെങ്കിലും പഠിക്കാൻ തുടങ്ങണം എന്ന് തീരുമാനിച്ചു .

എല്ലാ ഞായറാഴ്ചകളിലും പള്ളിയിലേക്ക് നന്നായി ഒരുങ്ങി കൊച്ചു പാവാടയും ബ്ലേസറും തൊപ്പിയും ഒക്കെ വെച്ച് ഉത്സാഹത്തോടെ പോകുന്ന അവരെ നോക്കി ഞാൻ കൈ വീശുന്നത് കണ്ട് അവർ ചിരിക്കും.

“ ഈ ജീവിതത്തിന് എനിക്ക് ദൈവത്തിനോട് നന്ദിയുണ്ട് “ അവർ ഒരിക്കൽ പറഞ്ഞു.

സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുക ഒരോ നിമിഷവും സന്തോഷത്തോടെ ജീവിക്കുക. ജിവിതം ഒരു കലയാണെന്ന് അവർ ഓർമ്മിപ്പിച്ചു. സിൻസിനാറ്റിയിലെ കനത്ത മഞ്ഞിലും അവർ നടക്കാൻ ഇറങ്ങും. കനമുള്ള ഷോപ്പിംഗ് ബാഗുകൾ പിടിച്ച് വീട്ടിലേയ്ക്ക് നടക്കും.


ഞാൻ എൻ്റെ ഗൃഹാതുരതയേയും ഒറ്റപ്പെടലിനെയും നേരിടുന്നത്തിൻ്റെ മുന്നോടിയായി ലൈബ്രറിയിൽ പോകാനും, ടെന്നീസ് കളിക്കാൻ പഠിക്കാനും, ഡ്രൈവിംഗ് പഠിച്ചു സ്വയം കാര്യങ്ങൾ ചെയ്യാനും തീരുമാനിച്ചു. ഒരു വർഷത്തിന് ഞങ്ങൾ വീട് വാങ്ങി അപ്പാർട്ട്മെൻ്റിൽ നിന്നും താമസം മാറ്റി. അമ്മൂമയോട് ഞാൻ യാത്ര പറഞ്ഞു  god bless you ‘ എന്ന് പറഞ്ഞു കൊണ്ട് അവർ എന്നെ നോക്കി പുഞ്ചിരിച്ചു.


വർഷങ്ങൾ ഓടി പോയി. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായി. എൻ്റെ ഗൃഹാതുരതകളെ ഞാൻ എവിടെയോ മറന്ന് വെച്ചു. സിൻസിനാറ്റിയിൽ നിന്ന് നോർത്ത് കരോലിനയിലേക്ക് ഞങ്ങൾ താമസം മാറ്റി. ജീവിതത്തിൽ ഡിപ്രഷനുകളും ഒഴുക്കിന് എതിരെ നീങ്ങേണ്ട അവസ്ഥകളുമൊക്കെ വരുമ്പോ ഇടക്ക് അമ്മൂമ്മയെ ഞാൻ ഓർക്കാറുണ്ട്. പ്രത്യേകിച്ച് ജീവിതം മദ്ധ്യ വയസ്സ് കഴിഞ്ഞു തുടങ്ങിയ വേളയിൽ ആരോഗ്യത്തോടെ ഇരിക്കാനും നമ്മുടെ സന്തോഷം നമ്മൾ സ്വയം കണ്ടെത്തേണ്ട ഒന്നാണെന്നും ദുഖിക്കാൻ കാരണങ്ങൾ തേടി അലഞ്ഞു തിരിഞ്ഞ് ജീവിതം അലമ്പാക്കരുത് എന്നും അമ്മൂമ്മയുടെ മുഖം എന്നെ ഓർമ്മിപ്പിക്കും !


കുറച്ച് വർഷം മുമ്പ് ഞങ്ങൾ സിൻസിറ്റിയിൽ പോയിരുന്നു. ആദ്യം വന്ന സ്ഥലം, ആദ്യ വീട്, കുട്ടികൾ പിറന്ന, പിച്ച വെച്ച മണ്ണ്…ഒക്കെ മറ്റൊരു നോസ്റ്റാൾജിയയായി. ഞങ്ങളുടെ ജീവിതം ആരംഭിച്ച അപ്പാർട്ട്മെൻ്റ്  കാണുവാൻ മോഹം തോന്നി. പഴയ അപ്പാ ർട്ട്മെൻ്റിലേക്ക് പോയി.വലിയ മാറ്റങ്ങൾ ഒന്നും ഇല്ല. ചെറിയ മരങ്ങൾ വലുതായി. പഴയ പെയിൻറ് മാറി പുതിയ കളർവന്നിരിക്കുന്നു .എല്ലായിടത്തും പുതിയആളുകൾചേക്കേറിയിരിക്കുന്നു..അമ്മൂമ്മയുടെ അപ്പാർട്ട്മെൻ്റിലേക്ക് ഒന്ന് എത്തി നോക്കി പുതിയ താമസക്കാർ ഞങ്ങളെ കണ്ടപ്പോൾ കൈ വീശി.


പുറത്ത് നിന്ന് അമ്മൂമ്മയുടെ വാതിലിനെ നോക്കി ഞാൻ നന്ദി പറഞ്ഞു. നമ്മൾ പോലും അറിയാതെ നമ്മളെ സ്വാധീനിക്കുന്നവർ. ജീവിതം എന്ന തോണിയിൽ കയറി നമ്മളോട് യാത്ര പോലും പറയാതെ ഇറങ്ങി പോയവർ പേരു പോലും അറിയില്ലെങ്കിലും ജീവിതമെന്ന

പുസ്തകത്തിലെ ഒരു അദ്ധ്യായം അവർ

സ്മാരക ശിലകൾ കൊണ്ട് നിറച്ചിരിക്കു ന്നു...സ്നേഹമേ നിനക്ക് നന്ദി!


By.

സിജി വൈലോപ്പിള്ളി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക